26 Thursday
December 2024
2024 December 26
1446 Joumada II 24

ഖൈറു ഉമ്മ; സാമുദായിക ഭാവനയുടെ ഖുര്‍ആനിക മാതൃക

ഹാസില്‍ മുട്ടില്‍


ഈപ്രപഞ്ചത്തിലെ മുഖ്യ ഘടകവും നിര്‍ണായക അസ്തിത്വവുമാണ് മനുഷ്യന്‍. ലോകത്തുള്ള മതസംഹിതകളും ദര്‍ശനങ്ങളും മനുഷ്യന്റെ മഹത്വവും ആദരണീയതയും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. നൈതികതയിലും മൂല്യങ്ങളിലും അധിഷ്ഠിതമായ സമൂഹം വളര്‍ന്നുവരേണ്ടത് സുരക്ഷിതമായ ലോകക്രമത്തിന് അനിവാര്യമാണ്. ക്രമവും സമാധാനവും സുരക്ഷിതത്വവുമുള്ള സമൂഹ സൃഷ്ടിക്കായി വിവിധ കാലഘട്ടങ്ങളില്‍ ലോകത്തേക്ക് അനേകം പ്രവാചകന്മാര്‍ നിയോഗിതരായിട്ടുണ്ട്. നന്മ കല്‍പ്പിച്ചും തിന്മ വിരോധിച്ചും മാതൃകാ ജീവിതം നയിച്ചും നന്മയിലൂന്നിയ സമൂഹത്തെ രൂപപ്പെടുത്തിയും പ്രവാചകന്മാര്‍ അവരുടെ ദൗത്യം നിര്‍വഹിച്ചു.
ചരിത്രത്തില്‍ കഴിഞ്ഞുപോയ പല സമുദായങ്ങളെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. സമൃദ്ധമായ ദൈവികാനുഗ്രഹങ്ങള്‍ ലഭിച്ചവര്‍, അനുഗ്രഹങ്ങളില്‍ മതിമറന്ന് അഹങ്കാരികളും നിഷേധികളുമായവര്‍, ദൈവ നിഷേധവും പ്രവാചക പരിഹാസവും അലങ്കാരമായിക്കണ്ടവര്‍, പ്രവാചകന്മാരെയും അനുയായികളെയും ഉപദ്രവിക്കാനും ഉന്മൂലനം ചെയ്യാനും ശ്രമിച്ചവര്‍, സത്യനിഷേധത്തിന്റെ ഫലമായി കടുത്ത ദൈവിക ശിക്ഷക്ക് വിധേയമായവര്‍, അചഞ്ചലമായ വിശ്വാസവും തെളിമയാര്‍ന്ന ജീവിതം കൊണ്ടും രക്ഷനേടിയവര്‍ തുടങ്ങി നിരവധി സമൂഹങ്ങളുടെ ചരിത്രം ഖുര്‍ആന്‍ അവതരിപ്പിക്കുന്നുണ്ട്.
ഇത്തരം ചരിത്രങ്ങളെല്ലാം പ്രതിപാദിച്ചിട്ടും ഒരേയൊരു സമൂഹത്തെയാണ് വിശുദ്ധ ഖുര്‍ആന്‍ ഖൈറു ഉമ്മ (ഉത്തമ സമുദായം) എന്ന് വിശേഷിപ്പിച്ചത്. ലോക ചരിത്രത്തില്‍ ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിനും സാധിക്കാത്ത ഉദാത്തമായ സമൂഹത്തെ സൃഷ്ടിക്കാന്‍ മുഹമ്മദ് നബി(സ)ക്ക് സാധിച്ചു. ആ സമൂഹത്തെ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ”നന്മ കല്‍പ്പിക്കാനും തിന്മ വിരോധിക്കാനും വേണ്ടി മാനവര്‍ക്കായി നിയോഗിക്കപ്പെട്ട ഉത്തമ സമുദായമത്രെ നിങ്ങള്‍” (വി.ഖു 3:110). അതുല്യമായ ജീവിത മാതൃകയിലൂടെയും ഉന്നതമായ ബോധന ശിക്ഷണ രീതിയിലൂടെയുമാണ് പ്രവാചകന്‍(സ) ഉത്തമ സമൂഹത്തെ വളര്‍ത്തിയെടുത്തത്. കറകളഞ്ഞ ആദര്‍ശത്തിന്റെ അടിത്തറയിലൂടെ നല്ല ഉമ്മത്തിനെയും ഭദ്രമായ സംഘശക്തിയെയും രൂപപ്പെടുത്തിയെടുക്കാന്‍ വിശുദ്ധ ഖുര്‍ആനും പ്രവാചകനും(സ) മുന്നോട്ട് വെക്കുന്ന അധ്യാപനങ്ങള്‍ക്ക് നാം ജീവിക്കുന്ന പുതിയ കാലത്ത് ഏറെ പ്രസക്തിയുണ്ട്.
സാഹോദര്യം
ഒരേ ആദര്‍ശത്തില്‍ നിലയുറപ്പിച്ച് ഒരേ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വാസികള്‍ പരസ്പരം മാനസിക പൊരുത്തമുള്ളവരായിരിക്കണമെന്ന് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്. ”സത്യവിശ്വാസികള്‍ സഹോദരങ്ങളാകുന്നു” (വി.ഖു 49:10). ”സത്യവിശ്വാസികളും വിശ്വാസിനികളും അന്യോന്യം ആത്മമിത്രങ്ങളാകുന്നു” (വി.ഖു 9:71) തുടങ്ങിയ വചനങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ പരസ്പരമുണ്ടാവേണ്ട സ്‌നേഹബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും പ്രാധാന്യവും പ്രസക്തിയും വിളിച്ചോതുന്നുണ്ട്.
വിശ്വാസികള്‍ക്കിടയില്‍ സുശക്തമായ ആത്മബന്ധം നിലനിര്‍ത്താനായി നിരവധി മൂല്യങ്ങള്‍ പ്രവാചകന്‍(സ) പഠിപ്പിച്ചു. അടിസ്ഥാനപരമായി ഓരോ വ്യക്തിയും നന്മ നിറഞ്ഞവനാണെന്ന ധാരണയും സങ്കല്‍പവും അനുചരന്മാര്‍ക്കിടയില്‍ വളര്‍ത്താനാണ് റസൂല്‍(സ) ശ്രമിച്ചത്. സഹപ്രവര്‍ത്തകരുടെ നന്മകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അത് സമൂഹത്തിന് ഗുണകരമാവുംവിധം വളര്‍ത്താനുമുള്ള ശിക്ഷണങ്ങളായിരുന്നു നബി(സ) സഹചാരികള്‍ക്ക് നല്‍കിയിരുന്നത്. വ്യക്തികളിലെ ന്യൂനതയും പോരായ്മയും കണ്ടെത്തി നിശിതമായി വിമര്‍ശിക്കുന്നതിന് പകരം അവരിലെ നന്മകള്‍ കാണാനും അംഗീകരിക്കാനും അഭിനന്ദിക്കാനുമുള്ള രചനാത്മക ശൈലിക്കാണ് പ്രവാചകന്‍ അധ്യാപനങ്ങളിലും ഇടപെടലുകളിലും ഊന്നല്‍ നല്‍കിയത്.
തമാശ പറഞ്ഞ് പ്രവാചകനെ ചിരിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന അബ്ദുല്ല എന്ന വ്യക്തിയുണ്ടായിരുന്നു. മദ്യപാനം ശീലമാക്കിയ അയാള്‍ക്ക് പ്രവാചകന്‍ ശിക്ഷ വിധിക്കും, അയാളത് ഏറ്റുവാങ്ങും. ഒരിക്കല്‍ അയാള്‍ക്ക് അടി കിട്ടിയപ്പോള്‍ കൂട്ടത്തിലുള്ളൊരു സ്വഹാബി പറഞ്ഞു: ‘അല്ലാഹുവേ നീ ഇയാളെ ശപിക്കേണമേ! എത്ര തവണയായി ഇയാള്‍ ഈ കുറ്റത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്നു!’ ഇതു കേട്ട പ്രവാചകന്‍ പ്രതികരിച്ചതിങ്ങനെ: ‘നിങ്ങള്‍ അയാളെ ശപിക്കരുത്. അദ്ദേഹത്തെ എനിക്കറിയാം. അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുന്നവനാണയാള്‍’. മദ്യപാനിയിലെയും നല്ല മനുഷ്യനെ കാണുന്ന പ്രവാചകനെ ഈ സംഭവത്തില്‍ നമുക്ക് ദര്‍ശിക്കാനാകും.
വ്യക്തികള്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന് ഭംഗം വരുത്തുകയും ശൈഥില്യമുണ്ടാക്കുകയും ചെയ്യുന്ന സകല തിന്മകളെയും വിശുദ്ധ ഖുര്‍ആനും പ്രവാചകനും വിലക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വ്യക്തികള്‍ക്കിടയില്‍ പരസ്പര വിശ്വാസവും ആദരവും നഷ്ടപ്പെടുത്തുന്ന കളവ്, വഞ്ചന, പക, വെറുപ്പ്, ഏഷണി, പരദൂഷണം, ചാരവൃത്തി, പരിഹാസം, കുത്തുവാക്ക് തുടങ്ങിയ ദുഃസ്വഭാവങ്ങളില്‍ നിന്ന് വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്ന് ഇസ്ലാം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്.
വ്യക്തി ബന്ധങ്ങളില്‍ വിള്ളലുകളുണ്ടാവാന്‍ ഇടയായേക്കാവുന്ന ചെറിയ കാര്യങ്ങളെപ്പോലും അതീവ ഗൗരവത്തോടെയായിരുന്നു പ്രവാചകന്‍ കൈകാര്യം ചെയ്തിരുന്നത്. ‘കറുത്ത പെണ്ണിന്റെ മകനേ എന്ന് ബിലാലിനെ(റ) അഭിസംബോധന ചെയ്ത അബൂദര്‍റിനോട് പ്രവാചകന്‍ പ്രതികരിച്ചത് ‘നിങ്ങളിലിപ്പോഴും ജാഹിലിയ്യത്ത് കുടികൊള്ളുന്നുണ്ട്’ എന്നായിരുന്നു. നിസാരമായ വാക്കുകള്‍ കൊണ്ട് പോലും സഹപ്രവര്‍ത്തകരുടെ മനസ്സുകള്‍ അകലാതിരിക്കാന്‍ പ്രവാചകന്‍(സ) ശ്രദ്ധിച്ചിരുന്നു.
വ്യക്തികളുടെ പോരായ്മകളും വീഴ്ചകളും പ്രചരിപ്പിക്കുകയും അതില്‍ ആനന്ദിക്കുകയും ചെയ്യുന്ന രീതി ഒരിക്കലും വിശ്വാസികള്‍ക്ക് ഭൂഷണമല്ല. എതിര്‍ ചേരിയില്‍ നില്‍ക്കുന്നവനില്‍ നിന്നുണ്ടാകുന്ന സ്ഖലിതങ്ങളെ പരിഹസിക്കുകയും അയാളെ ജനമധ്യത്തിലും സാമൂഹിക മാധ്യമങ്ങളിലും അവഹേളിക്കുകയും ചെയ്യുന്ന ജീര്‍ണത മതസംഘടനാ പ്രവര്‍ത്തകരെപ്പോലും ബാധിച്ചിരിക്കുന്ന ഇക്കാലത്തെ പ്രവാചകന്റെ ഈ മാതൃക അനുധാവനം ചെയ്യാനാണ് വിശ്വാസി ശ്രമിക്കേണ്ടത്.
നേതൃത്വവും
അനുയായികളും

നേതൃത്വവും അനുയായികളും പരസ്പര സ്‌നേഹത്തിലും ബഹുമാനത്തിലും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു പ്രസ്ഥാനത്തിന്റെ ലക്ഷ്യസാക്ഷാല്‍കാരത്തിലേക്കുള്ള പ്രയാണം എളുപ്പമാവുക. നേതൃത്വം അലങ്കാരമല്ലെന്നും മറിച്ച് വലിയ ഉത്തരവാദിത്തമാണെന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ആദര്‍ശനിഷ്ഠ, ജീവിത വിശുദ്ധി, ഗുണകാംക്ഷ, എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള മാനസിക വിശാലത തുടങ്ങിയ മൂല്യങ്ങള്‍ നേതാവിലുണ്ടാവണം. യൂഫ്രട്ടീസിന്റെ തീരത്ത് ഒരാട്ടിന്‍ കുട്ടി ചത്തുകിടന്നാല്‍ അതിന്റെ പേരില്‍ അല്ലാഹുവിന്റെ മുമ്പില്‍ മറുപടി പറയേണ്ടി വരുമെന്ന് ഞാന്‍ ഭയപ്പെടുന്നു എന്നു പറഞ്ഞ ഉമറിന്റെ(റ) ഉത്തരവാദിത്തബോധം നേതൃത്വം കയ്യാളുന്ന ആളുകള്‍ക്ക് ഉത്തമമായ മാതൃകയാണ്.
ജനങ്ങളുടെ കാര്യങ്ങളില്‍ ശ്രദ്ധയില്ലാതെ സ്വന്തം താല്പര്യങ്ങള്‍ക്കും അഭീഷ്ടങ്ങള്‍ക്കുമനുസരിച്ച് ഭരണം നടത്തുകയും സമൂഹത്തെ നയിക്കുകയും ചെയ്യുന്ന രീതി ഇസ്ലാമിക സംസ്‌കാരത്തിന് അന്യമാണ്. സഹപ്രവര്‍ത്തകരെ വിലമതിക്കുകയും വിശ്വാസത്തിലെടുക്കുകയും അവരെ അടുത്തറിയുകയും ചെയ്യേണ്ടത് ഒരു നേതാവിലുണ്ടാവേണ്ട അനിവാര്യമായ ഗുണമാണ്.
നേതൃത്വത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് വിശ്വാസികളുടെ ബാധ്യതയാണെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. ”വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. പ്രവാചകനെയും അനുസരിക്കുക. നിങ്ങളിലെ കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക” (വി.ഖു 4:59). ഇസ്ലാമിക ചരിത്രത്തിലെ പ്രസിദ്ധ സംഭവങ്ങളായ അഖബ ഉടമ്പടി, റിദ്‌വാന്‍ ഉടമ്പടി സന്ദര്‍ഭങ്ങളിലെല്ലാം പ്രവാചകന്‍(സ) സ്വഹാബിമാരില്‍ നിന്ന് ബൈഅത്ത് (അനുസരണ പ്രതിജ്ഞ) സ്വീകരിച്ചിരുന്നു.
ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അബൂബക്കര്‍(റ) നടത്തിയ നയപ്രഖ്യാപന പ്രസംഗം വളരെ പ്രസിദ്ധമാണ്: ”ജനങ്ങളേ, ഞാന്‍ നിങ്ങളുടെ ഭരണാധികാരം ഏറ്റെടുത്തിരിക്കുന്നു. ഞാന്‍ നിങ്ങളിലെ ഏറ്റവും ഉത്തമനൊന്നുമല്ല. ഞാന്‍ നല്ലതു പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ എന്നെ സഹായിക്കുക. ഞാന്‍ തെറ്റു ചെയ്താല്‍ എന്നെ നേരെയാക്കുക.”
അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ അവസാനം ഏറെ ശ്രദ്ധേയമാണ്: ”ഞാന്‍ അല്ലാഹുവിനെ അനുസരിച്ച് പ്രവര്‍ത്തിക്കുന്നേടത്തോളം കാലം നിങ്ങള്‍ എന്നെ അനുസരിക്കുക. ഞാന്‍ അല്ലാഹുവിന്റെ കല്പന ധിക്കരിച്ചാല്‍ നിങ്ങള്‍ എന്നെ അനുസരിക്കേണ്ടതില്ല.” അല്ലാഹുവിന്റെയും റസൂലിന്റെയും അധ്യാപനങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന നേതൃത്വത്തെ വിശ്വാസികള്‍ അനുസരിക്കേണ്ടതാണ്. ഈ മൂല്യങ്ങള്‍ മാത്രമാണ് നേതൃത്വത്തെ അനുസരിക്കാന്‍ പരിഗണിക്കേണ്ടതെന്ന് പ്രവാചകന്‍(സ) നമ്മെ അറിയിക്കുന്നുണ്ട്. ”പാപം ചെയ്യാന്‍ കല്‍പിക്കാത്തിടത്തോളം താന്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നേതൃത്വത്തെ അനുസരിക്കല്‍ മുസ്ലിമിന്റെ ബാധ്യതയാണ്. തിന്മ ചെയ്യുവാന്‍ കല്‍പിക്കപ്പെടുകയാണെങ്കില്‍ പിന്നെ കേള്‍ക്കലുമില്ല; അനുസരണവുമില്ല” (ബുഖാരി)
നേതാക്കളുടെ സാമൂഹിക -സാമ്പത്തിക -കുടുംബ സ്റ്റാറ്റസുകള്‍ അവരെ അനുസരിക്കുന്നതില്‍ സ്വാധീനിക്കരുതെന്നും നബി(സ) ഉണര്‍ത്തുന്നുണ്ട്. ”നിങ്ങളുടെ നേതാവായി എത്യോപ്യക്കാരനായ ഒരു അടിമയാണ് നിയോഗിക്കപ്പെടുന്നതെങ്കില്‍ പോലും നിങ്ങള്‍ അദ്ദേഹത്തെ കേള്‍ക്കുകയും അനുസരിക്കുകയും വേണം” (ബുഖാരി)
കൂടിയാലോചനയുടെ പ്രസക്തി
നേതൃത്വത്തില്‍ നിന്നുണ്ടാകുന്ന ഏകപക്ഷീയമായ നയങ്ങളും അടിച്ചേല്‍പിക്കുന്ന തീരുമാനങ്ങളും അണികളില്‍ അതൃപ്തിയും അവമതിപ്പുമുണ്ടാക്കും. വ്യക്തികള്‍ ഏകാധിപതികളായി ചമയുന്നത് ഒരു സംഘത്തിന്റെ കെട്ടുറപ്പിനെ സാരമായി ബാധിക്കും. ശൂറ ഒരു സംസ്‌കാരമായാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. ”കാര്യങ്ങളില്‍ നീ അവരുമായി കൂടിയാലോചിക്കുക.” (വി.ഖു 3:159)
വഹ്‌യ് ലഭിക്കുന്ന പ്രവാചകനായിട്ടും പല സന്ദര്‍ഭങ്ങളിലും പ്രവാചകന്‍(സ) അനുയായികളുമായി കൂടിയാലോചന നടത്തി പല ചുവടുവെപ്പുകളും നടത്തിയതായി ചരിത്രത്തില്‍ നമുക്ക് കാണാം. ബദര്‍ യുദ്ധവേളയില്‍, ഖന്‍ദഖ് യുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍, ഹുദൈബിയ സന്ധിയുടെ വേളയില്‍, ആഇശ(റ)യെക്കുറിച്ചുള്ള അപവാദ പ്രചരണ പശ്ചാത്തലത്തില്‍ തുടങ്ങിയ ഘട്ടങ്ങളില്‍ പ്രവാചകന്‍(സ) അനുചരന്മാരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു.
വൈയക്തികവും സാമൂഹികവുമായ കാര്യങ്ങളില്‍ സ്വഹാബിമാരുമായി കൂടിയാലോചിച്ചു അവരുടെ അഭിപ്രായങ്ങള്‍ മാനിച്ച് തീരുമാനമെടുത്തിരുന്ന നബി(സ)യുടെ മാതൃക സത്യവിശ്വാസികളുടെ പൊതു സ്വഭാവമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: ”തങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുകയും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരുമാണവര്‍ (വിശ്വാസികള്‍)” (വി.ഖു 42:38)
വിശുദ്ധ ഖുര്‍ആനും പ്രവാചകനും മുന്നോട്ടുവെക്കുന്ന മൂല്യങ്ങളും സംസ്‌കാരങ്ങളും സമീപനങ്ങളും മുറുകെപ്പിടിച്ച് മുന്നോട്ട് പോയാല്‍ മുസ്ലീം സമുദായത്തിന് പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ സമകാലിക സാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ട്ഗമിക്കാം.

Back to Top