5 Friday
December 2025
2025 December 5
1447 Joumada II 14

വിസ്മരിക്കപ്പെട്ടവരെ വെളിച്ചത്തിലേക്ക് എത്തിക്കുകയെന്നതാണ് പുതിയകാലത്തെ പ്രസാധകധര്‍മം – ഉര്‍വശി ബൂട്ടാലിയ


ഫാറൂഖ് കോളജ്: ചരിത്ര സംഭവങ്ങളിലെ അനുഭവങ്ങളുടെ സൂക്ഷ്മതയെ അടയാളപ്പെടുത്തുന്നതില്‍ ഭാഷയുടെ നിര്‍ണായകതയെ കുറിച്ച് എഴുത്തുകാര്‍ ശ്രദ്ധയുള്ളവരാവണമെന്നും 1921ല്‍ മലബാറില്‍ നടന്നതിനെ ‘സമരം’ എന്ന് വിളിക്കുന്നതിലൂടെ അതാണ് ഈ പുസ്തകപരമ്പരയുടെ എഴുത്തുകാര്‍ കാണിച്ച കരുതലെന്നും പ്രമുഖ ചരിത്രകാരി പത്മശ്രീ ഉര്‍വശി ബൂട്ടാലിയ പ്രസ്താവിച്ചു. യുവത ബുക്‌സ് പ്രസിദ്ധീകരിച്ച ‘1921 മലബാര്‍ സമരം ആറ് വാല്യങ്ങളില്‍’ ഗ്രന്ഥപരമ്പരയിലെ അവസാന വാല്യമായ ‘ഓര്‍മ അനുഭവം ചരിത്രം’ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
വാമൊഴികളായും കഥകളായും തലമുറകളിലൂടെ കൈമാറ്റം ചെയ്തുവന്ന ഓര്‍മകളെ ചരിത്രമായി പരിഗണിക്കുന്നതില്‍ ഈ പരമ്പരയുടെ എഡിറ്റര്‍മാര്‍ കാണിച്ച ധിഷണാബോധത്തെ അവര്‍ പ്രശംസിച്ചു. ഒരു പ്രസാധക എന്ന നിലയില്‍ തന്റെ അനുഭവങ്ങളുമായി വലിയ രീതിയില്‍ സമാനതകള്‍ കാണിക്കുന്ന ഒരു മേഖലയാണ് മലബാര്‍ സമരത്തെ കുറിച്ചുള്ള പഠനങ്ങളുടെ പ്രസാധനവും എന്ന് മനസ്സിലാക്കാന്‍ സാധിച്ചു. ഇത്തരം വിവിധ മണ്ഡലങ്ങളില്‍ മാറ്റിനിര്‍ത്തപ്പെട്ടവരെയും പരിഗണിക്കപ്പെടാതെ പോയവരെയും കുറിച്ചുള്ള പഠനങ്ങളുടെ പ്രസിദ്ധീകരണങ്ങളിലൂടെ മാത്രമേ അത്തരം വിഭാഗങ്ങളെ സ്മൃതിയിലേക്കും മുഖ്യധാരയിലേക്കും കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. നമ്മുടെ ചരിത്രം നമ്മുടേത് അല്ലാതായി മാറുന്നതിനെ ചെറുക്കാനുള്ള ഏകമാര്‍ഗം അതാണ്.

ചരിത്രത്തിലെ നിര്‍ണായകമായ സംഭവങ്ങളുടെയെല്ലാം രേഖകളില്‍ ചില വിഭാഗങ്ങളുടെ അനുഭവങ്ങളെകുറിച്ച് അവഗണനാത്മകമായ മൗനം കാണാന്‍ സാധിക്കും. ഈ മൗനത്തിന്റെ മറുവശം ഒരു വലിയ വാചാലതയുണ്ട്, അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ചെവികൊടുത്താല്‍ മാത്രം അറിയാന്‍ കഴിയുന്ന മറ്റൊരു അനുഭവചിത്രം, ചരിത്രം. സ്ത്രീകളുടെ അനുഭവങ്ങള്‍ ഇത്തരത്തില്‍ വിസ്മരിക്കപ്പെട്ട ഒരു മേഖലയാണ്. മലബാര്‍ സമരം പോലെയുള്ള ഇത്തരം സംഭവങ്ങള്‍ എങ്ങനെയാണ് സ്ത്രീകളെയും മറ്റു ദുര്‍ബലവിഭാഗങ്ങളെയും ബാധിച്ചത് എന്നതിനെകുറിച്ചുള്ള വിശദമായ പഠനങ്ങളുംകൂടെ വരുമ്പോള്‍ മാത്രമാണ് നമ്മുടെ ചരിത്ര രചനകള്‍ പുര്‍ണമാവുന്നത് എന്നും പത്മശ്രീ ഉര്‍വശി ബൂട്ടാലിയ അഭിപ്രായപ്പെട്ടു.
ഫാറൂഖ് കോളജ് ചരിത്ര വിഭാഗവുമായി സഹകരിച്ചാണ് യുവത ബുക്‌സ് പരിപാടി സംഘടിപ്പിച്ചത്. ഡോ. കെ കെ എന്‍ കുറുപ്പ് എഴുതിയ ‘1921 അ ജീലശേര ഞലരീഹഹലരശേീി’ എന്ന ഇംഗ്ലീഷ് കൃതി കെ ജെ യു പ്രസിഡന്റ് പ്രൊഫ. എ അബ്ദുല്‍ഹമീദ് മദീനി പ്രകാശനം ചെയ്തു. ഫാറൂഖ് കോളജ് യൂസുഫ് സഖര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ കെ എന്‍ കുറുപ്പ്, സി പി ഉമര്‍ സുല്ലമി, പ്രൊഫ. ഇ ഇസ്മായീല്‍, ഡോ. പി പി അബ്ദുറസാഖ്, ഡോ. ഉമര്‍ തറമേല്‍, ഡോ. ഐഷ സ്വപ്‌ന, അബ്ദുറഹ്മാന്‍ മങ്ങാട്, പ്രൊഫ. എം പി മുജീബുറഹ്മാന്‍, ഡോ. ടി മുഹമ്മദലി, ഡോ. മുസ്തഫ ഫാറൂഖി, കെ പി സകരിയ്യ, ജാഫര്‍ ഈരാറ്റുപേട്ട, ഡോ. സി എ ഫുക്കാര്‍ അലി, ഡോ. കെ ടി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു.
എ വി ടി ഹാളില്‍ നടന്ന ഘഛഞഋ ഘകഎഋ അചഉ ഠഒഋ ഘഛഏ സെഷനില്‍ പത്മശ്രീ ഉര്‍വശി ബൂട്ടാലിയ ചരിത്ര ഗവേഷകരുമായി സംവദിച്ചു. ഡോ. പി ടി നൗഫല്‍, ഡോ. എം നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. ‘1921 മലബാര്‍ സമരം: പഠനം, അനുഭവം’ സെഷനില്‍ പ്രമുഖ എഴുത്തുകാരന്‍ എ എം ഷിനാസ് മോഡറേറ്ററായിരുന്നു. ഡോ. കെ ഗോപാലന്‍കുട്ടി, പ്രൊഫ. ഇ ഇസ്മായീല്‍, ഡോ. പി പി അബ്ദുറസാഖ്, ഡോ. ഉമര്‍ തറമേല്‍, ഡോ. എം വിജയലക്ഷ്മി, ഡോ. അജ്മല്‍ മുഈന്‍, ഡോ. അനീസുദ്ദീന്‍, ഇബ്‌റാഹീം കോട്ടക്കല്‍, ഡോ. അബ്ദുറഷീദ്, അബ്ദുറഹ്മാന്‍ മങ്ങാട്, ടി വി അബ്ദുറഹ്മാന്‍കുട്ടി, ഹാറൂന്‍ കക്കാട്, ഡോ. യൂനുസ് ചെങ്ങര പ്രസംഗിച്ചു. ഫാത്തിമ ഹിബ, ഹസ്‌ന എന്നിവരായിരുന്നു പ്രകാശന പരിപാടിയുടെ അവതാരകര്‍. കേരളത്തിലെ പ്രമുഖ ചരിത്ര പണ്ഡിതന്മാരുടെയും വിവിധ യൂണിവേഴ്‌സിറ്റികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ചരിത്ര വിദ്യാര്‍ത്ഥികളുടെയും നിറഞ്ഞ സാന്നിധ്യം പരിപാടിയുടെ വിവിധ സെഷനുകള്‍ക്ക് ധന്യത പകര്‍ന്നു.

Back to Top