12 Saturday
September 2026
2026 September 12
1448 Rabie Al-Awwal 29

ഗസ്സയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ബെന്‍സീമക്കെതിരെ ഫ്രഞ്ച് രാഷ്ട്രീയനേതൃത്വം


ഇസ്രായേല്‍ നരഹത്യക്കെതിരെ ഗസ്സക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഫ്രഞ്ച് ഫുട്ബാള്‍ സൂപ്പര്‍ താരം കരീം ബെന്‍സീമക്കെതിരെ ഫ്രാന്‍സിലെ രാഷ്ട്രീയ നേതാക്കള്‍. ഫ്രാന്‍സ് ഭീകര സംഘടനയായി കണക്കാക്കുന്ന മുസ്ലിം ബ്രദര്‍ഹുഡുമായി ബെന്‍സീമക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാര്‍ഡ് ഡാര്‍മനിന്‍ രംഗത്തെത്തിയതിന് പിന്നാലെ താരത്തിന്റെ പൗരത്വവും ബാലന്‍ ഡി ഓര്‍ പുരസ്‌കാരവും റദ്ദാക്കണമെന്ന ആവശ്യവുമായി ഫ്രഞ്ച് സെനറ്റ് അംഗം വാലേറി ബോയറും രംഗത്തെത്തി. ‘സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കാത്ത അന്യായമായ ബോംബാക്രമണത്തിന് ഒരിക്കല്‍ കൂടി ഇരയായ ഗസ്സ നിവാസികള്‍ക്ക് എല്ലാ പ്രാര്‍ഥനകളും’ എന്നാണ് ബെന്‍സീമ സമൂഹ മാധ്യമമായ ‘എക്സി’ല്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബ്രദര്‍ഹുഡ് ആരോപണവുമായി എത്തിയത്. മന്ത്രിയുടെ ആരോപണം സ്ഥിരീകരിക്കപ്പെട്ടാല്‍ പൗരത്വം റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികള്‍ വേണമെന്ന് സെനറ്റര്‍ ആവശ്യപ്പെട്ടു. അതേസമയം, ആരോപണം കള്ളമാണെന്ന് ബെന്‍സീമയുടെ അഭിഭാഷകന്‍ ഹുഗ്യൂസ് വിഗിയര്‍ വാര്‍ത്ത കുറിപ്പിലൂടെ പ്രതികരിച്ചു. ബ്രദര്‍ഹുഡുമായി കരീം ബെന്‍സീമക്ക് നേരിയ ബന്ധം പോലുമില്ല. യുദ്ധക്കുറ്റമെന്ന് ഇപ്പോള്‍ എല്ലാവരും വിശേഷിപ്പിക്കുന്ന ഗസ്സയിലെ ആക്രമണത്തില്‍ സ്വാഭാവികമായ സഹാനുഭൂതിയാണ് താരം പ്രകടിപ്പിച്ചത്.

Back to Top