21 Saturday
December 2024
2024 December 21
1446 Joumada II 19

യുദ്ധകാലത്തെ മലയാളി

അഹമ്മദ് മുസ്ഫര്‍

ഫലസ്തീനു നേരെയുള്ള ഇസ്‌റായേല്‍ കടന്നു കയറ്റം സകല അതിരുകളും ലംഘിച്ചിരിക്കുകയാണ്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റില്‍ പറത്തി സിവിലിയന്മാര്‍ക്കു നേരെ ഇസ്രായേലിന്റെ കിരാത നടപടി തുടരുന്നു. അത് സംബന്ധിച്ച ദാരുണമായ വാര്‍ത്തകളും ചിത്രങ്ങളും സകലരുടെയും കരളലിയിക്കുന്ന തരത്തിലുമാണ്. എന്നാല്‍, കേരളത്തിലത് ട്രോള്‍ ഉത്പന്നമാണ്. മലയാളിയുടെ ഉള്ളിലുള്ള ഇസ്ലാംവിരുദ്ധത മുഴുവന്‍ അത്തരം ട്രോളുകളിലൂടെ പുറത്തേക്കൊഴുകുന്നുണ്ട്.
ദുരന്തമുഖത്തെ മനുഷ്യരെ വായിക്കാന്‍ അവരുടെ ചരിത്രം അറിയുകയോ പഠിക്കുകയോ വേണ്ട. അവരുടെ മതം, ജാതി, രാഷ്ട്രം, ഭാഷ, സംസ്‌കാരം, ഭക്ഷണം തുടങ്ങിയവയൊന്നും അവിടെ മനുഷ്യത്വത്തിന്റെ അടയാളമല്ല. കാരണം, യുദ്ധഭൂമിയില്‍ വിലയുള്ളത് ജീവനുമാത്രമാണ്. എന്നാല്‍ യുദ്ധത്തെ വായിച്ചറിയുക മാത്രം ചെയ്ത മലയാളിക്ക് യുദ്ധമുഖത്തെ ജീവന്റെ വില അറിയില്ല. പടക്കോപ്പിന്റെ മുകളിലിരുന്ന് യുദ്ധത്തെക്കുറിച്ച് വാര്‍ത്ത പറയുന്ന മാധ്യമ പ്രവര്‍ത്തകര്‍ പോലും യുദ്ധദേശത്തെ മനുഷ്യാവസ്ഥയെ മറക്കുന്നു. അതിന്റെ കാരണം, യുദ്ധത്തിന്റെ ഇരകളല്ല ഞങ്ങള്‍ എന്ന അഹങ്കാരമാണ്.
അത് അല്പമെങ്കിലും അറിഞ്ഞത് കുടിയേറ്റ മലയാളിയാണ്. ഇറാഖ്- കുവൈത്ത് യുദ്ധകാലം മുതല്‍ പശ്ചിമേഷ്യയിലെ പ്രവാസികളായ മലയാളിക്ക് യുദ്ധത്തിന്റെ ആധി അറിയാം. അവിടെ കുടുങ്ങിയവരെ ഭരണകൂട സംവിധാനങ്ങള്‍ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. അവരെ കുടുംബവും നാടും സ്വീകരിക്കുന്നു. അപ്പോഴും നാം മറന്നുപോകുന്നുണ്ട്, നമ്മളെ പോലെയുള്ളവര്‍ തന്നെയാണ് യുദ്ധഭൂമിയിലെ തദ്ദേശീയര്‍ എന്ന്. അവരെ ഓര്‍ത്ത് വേദനിക്കേണ്ടതിനു പകരം അവര്‍ ഇരകളാകേണ്ടവര്‍ തന്നെ എന്ന മാനസികാവസ്ഥ എത്ര ഭീകരമാണ്. ആ ഭീകരത സോഷ്യല്‍ മീഡിയ വഴിയും അന്തിച്ചര്‍ച്ച വഴിയും മലയാളി രേഖപ്പെടുത്തിക്കഴിഞ്ഞു.
യുദ്ധത്തിന് കാരണമായ വിഷയത്തിന്റെ ചരിത്രമോ രാഷ്ട്രീയമോ അല്ല ഇവിടെ വിവക്ഷ. മനുഷ്യന്റെ ജീവനാണ്. ലോകത്ത് ഒരു കാലത്തും ഒരിടത്തും യുദ്ധം സമാധാനപൂര്‍ണമായി അവസാനിച്ചിട്ടില്ല. യുദ്ധം സമാധാനത്തിനു വേണ്ടിയല്ല. ആ ബോധ്യമുണ്ടാകുമ്പോള്‍ വേട്ടക്കാരിലും ഇരകളിലും അകപ്പെടുന്നത് മനുഷ്യരാണെന്ന് തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്.
വീടുവിട്ടിറങ്ങുന്ന മക്കളെ മണിക്കൂറില്‍ മൂന്ന് പ്രാവശ്യമെങ്കിലും ഫോണ്‍ ചെയ്ത് അവരുടെ സുരക്ഷ ഉറപ്പുവരുത്തും നമ്മള്‍. ഇതേ മനുഷ്യരാണ് ഫലസ്തീനിലുള്ളതെന്ന് എന്തുകൊണ്ടാണ് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നത്. 2018- ല്‍ പ്രളയം സംഭവിച്ചപ്പോള്‍ എന്തുമാത്രം ഐക്യത്തോടെയാണ് നമ്മള്‍ ഓരോ ജീവനെയും ചേര്‍ത്തുപിടിച്ചത്. ഇതേ മാനസികാവസ്ഥ എന്തുകൊണ്ടാണ് യുദ്ധമുഖത്തെ മനുഷ്യരോട് ‘ചില’ മലയാളിക്ക് തോന്നാത്തത്.

Back to Top