10 Friday
January 2025
2025 January 10
1446 Rajab 10

പി പി ഉണ്ണിമൊയ്തീന്‍കുട്ടി മൗലവി; പാഠശാലകളുടെ ചാലകശക്തി

ഹാറൂന്‍ കക്കാട്‌


വലിയൊരു പാഠശാലയായിരുന്നു പി പി ഉണ്ണിമൊയ്തീന്‍കുട്ടി മൗലവിയുടെ ജീവിതം. അമൂല്യമായ നിരവധി മാതൃകകള്‍ ജീവിതത്തിലൂടെ സമൂഹത്തിനു പരിശീലിപ്പിച്ച പാഠശാല. എല്ലാ വിഭാഗം ആളുകളോടും മാന്യമായി ഇടപഴകുകയും സ്‌നേഹവും സൗഹൃദവും പങ്കിടുകയും ചെയ്തിരുന്ന ജീവിതരീതി അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. കേരളത്തില്‍ മദ്‌റസാ പ്രസ്ഥാനത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവര്‍ത്തന പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുള്ള യത്‌നത്തില്‍ പ്രധാന പങ്കുവഹിച്ച ത്യാഗിവര്യനായി ചരിത്രം സൃഷ്ടിച്ച ധീരനാണ് മൗലവി.
1885ല്‍ മലപ്പുറം ജില്ലയിലെ പുളിക്കല്‍ പ്രദേശത്ത് പേഴുംകാട്ടില്‍ പെരുംകുട്ടശ്ശേരി കോയക്കുട്ടി മുസ്ല്യാരുടെ മകനായാണ് ഉണ്ണിമൊയ്തീന്‍കുട്ടി മൗലവിയുടെ ജനനം. കോയക്കുട്ടി മുസ്ല്യാരുടെ പിതാവ് പേഴുംകാട്ടില്‍ വീരാന്‍ ഹാജിയാണ് പുളിക്കല്‍ മഹല്ല് ജുമുഅത്ത് പള്ളി സ്ഥാപിച്ചത്. പുളിക്കലും പരിസര പ്രദേശങ്ങളിലും നവോത്ഥാന സംരംഭങ്ങള്‍ക്കു തുടക്കമിട്ട കുടുംബമായിരുന്നു ഇവരുടേത്.
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെ പുളിക്കല്‍ പള്ളിയില്‍ ആധുനിക രീതിയിലുള്ള ദര്‍സ് പഠനം തുടങ്ങാന്‍ ക്ഷണിച്ചത് പള്ളി മുതവല്ലി ആയിരുന്ന കോയക്കുട്ടി മുസ്ല്യാരായിരുന്നു. മലബാറില്‍ കോളിളക്കം സൃഷ്ടിച്ച ഖിബ്‌ല വിവാദത്തിന് തുടക്കം കുറിച്ചത് ഇവിടെ നിന്നാണ്. പുളിക്കല്‍ പള്ളിയുടെ ഖിബ്‌ലയുടെ ദിശയില്‍ അല്‍പ്പം വ്യത്യാസമുണ്ടെന്ന് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി കണ്ടെത്തിയതിനെ തുടര്‍ന്ന് സംജാതമായ വലിയ വിവാദത്തില്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് അദ്ദേഹത്തിന്റെ കൂടെ നിലയുറപ്പിച്ചവരില്‍ കോയക്കുട്ടി മുസ്ല്യാരും മകന്‍ ഉണ്ണിമൊയ്തീന്‍കുട്ടി മൗലവിയും ഉണ്ടായിരുന്നു.
മതവിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന പിതാവിന്റെ മാതൃകകള്‍ ഉണ്ണിമൊയ്തീന്‍കുട്ടി മൗലവിയെയും ശക്തമായി സ്വാധീനിച്ചു. പുളിക്കല്‍, തിരൂരങ്ങാടി, ചാലിയം എന്നിവിടങ്ങളില്‍ മത ഭൗതിക പഠനം നടത്തിയ മൗലവി പിന്നീട് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനായി പുളിക്കല്‍ ദര്‍സില്‍ ചേര്‍ന്നു. സഹോദരന്‍ പി പി ഉബൈദുല്ല മൗലവി ദര്‍സിലെ സഹപാഠിയായിരുന്നു.
1909ല്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വാഴക്കാട് ദര്‍സ് ആരംഭിച്ചപ്പോള്‍ ഉണ്ണിമൊയ്തീന്‍കുട്ടി മൗലവിയും അതേ ദര്‍സിലേക്ക് മാറി. കെ എം മൗലവി, ഇ മൊയ്തു മൗലവി, ഇ കെ മൗലവി, ടി കെ മൗലവി, പി കെ മൂസ മൗലവി, പി എന്‍ മുഹമ്മദ് മൗലവി തുടങ്ങിയവര്‍ ദാറുല്‍ ഉലൂമില്‍ ഉണ്ണിമൊയ്തീന്‍കുട്ടി മൗലവിയുടെ പ്രധാന സതീര്‍ഥ്യരായിരുന്നു.
വാഴക്കാട്ടെ പഠനകാലത്തിനു ശേഷം ഉണ്ണിമൊയ്തീന്‍കുട്ടി മൗലവി പരിഷ്‌കരണ സദുദ്യമങ്ങളില്‍ ഊര്‍ജസ്വലതയോടെ മുന്നേറി. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി പേരെ സത്യത്തിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഖുര്‍ആന്‍, ഹദീസ്, ഫറാഇള്, കര്‍മശാസ്ത്രം, വ്യാകരണം, ചരിത്രം തുടങ്ങിയ വിഷയങ്ങളിലെല്ലാം വ്യുല്‍പത്തി നേടിയ പ്രതിഭയായി കേരളത്തിന്റെ വൈജ്ഞാനിക ഭൂപടത്തില്‍ അദ്ദേഹം നിറഞ്ഞു നിന്നു.
പുളിക്കല്‍, ചാലിയം, വടകര എന്നിവിടങ്ങളില്‍ വിവിധ നവോത്ഥാന സംരംഭങ്ങള്‍ക്ക് അദ്ദേഹം മുന്നിട്ടിറങ്ങി. വടകരയിലെ പരിഷ്‌കരണ ഉദ്യമങ്ങളില്‍ എം സി സി അബ്ദുറഹ്മാന്‍ മൗലവിയും പി എന്‍ മുഹമ്മദ് മൗലവിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു. വടകരയിലെ മദ്‌റസ പില്‍ക്കാലത്ത് എം യു എം ഹൈസ്‌കൂളായി മാറി. ചാലിയത്ത് മൗലവി സ്ഥാപിച്ച മദ്‌റസ ഉമ്പിച്ചി ഹൈസ്‌കൂളായി ഉയര്‍ന്നു. പുളിക്കല്‍ കവാകിബുന്നയ്യിറയുടെ നേതൃത്വത്തില്‍ മദ്‌റസത്തുല്‍ മുനവ്വറ ഹൈസ്‌കൂളും വൈജ്ഞാനിക മേഖലയിലെ ഗോപുരമായി ഉയര്‍ന്നു. ഇത്തരം അക്ഷര കേന്ദ്രങ്ങളുടെയെല്ലാം പ്രധാന ചാലകശക്തി മൗലവി ആയിരുന്നു. കവാകിബുന്നയ്യിറയുടെ പ്രസിഡന്റായി ദീര്‍ഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചു. കേരള മുസ്ലിം ഐക്യസംഘത്തിന്റെ നേതൃത്വത്തില്‍ 1924ല്‍ കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിത സംഘടന പിറവിയെടുത്തപ്പോള്‍ സജീവ സാന്നിധ്യമായിരുന്നു മൗലവി. സംഘടനയുടെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു.
1933 ഫെബ്രുവരി 23ന് കേരള ജംഇയ്യത്തുല്‍ ഉലമ രജിസ്റ്റര്‍ ചെയ്തപ്പോള്‍ എം സി സി അബ്ദുറഹ്മാന്‍ മൗലവി, പി പി ഉണ്ണിമൊയ്തീന്‍കുട്ടി മൗലവി, പി കെ മൂസ മൗലവി എന്നിവരായിരുന്നു ഒപ്പുവെച്ചത്. ഇസ്ലാമിക ചരിത്ര പാഠാവലിയായ ഖുലാസത്തുല്‍ താരീഖുല്‍ ഇസ്ലാമിയ്യ, കെ ജെ യു പ്രസിദ്ധീകരിച്ച മയ്യിത്ത് പരിപാലനമുറകള്‍ എന്നീ ഗ്രന്ഥങ്ങളുടെ രചനയില്‍ പ്രധാന പങ്കുവഹിച്ചത് മൗലവിയായിരുന്നു. കെ ജെ യു മുഖപത്രമായിരുന്ന അല്‍മുര്‍ശിദിന്റെ ലക്കങ്ങള്‍ മൗലവിയുടെ നിരവധി ലേഖനങ്ങളാല്‍ സമ്പന്നമായി.
1947 ജൂലായ് 11ന് സ്ഥാപിതമായ പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളേജിന്റെ തുടക്കത്തിലും വളര്‍ച്ചയിലും കഥാപുരുഷന്‍ വഹിച്ച ഭാഗധേയം വളരെ വലുതായിരുന്നു. ശമ്പളം വാങ്ങാതെ കോളേജിലെ അധ്യാപകനായി അദ്ദേഹം ജോലി ചെയ്തു. കോളേജിന്റെയും 1955ല്‍ സ്ഥാപിതമായ മദീനത്തുല്‍ ഉലൂം ഓര്‍ഫനേജിന്റെയും ത്യാഗനിബദ്ധമായ വളര്‍ച്ചയില്‍ എം സി സി അബ്ദുറഹ്മാന്‍ മൗലവിയോടൊപ്പം എല്ലാ അര്‍ഥത്തിലും അദ്ദേഹം കൂടെനിന്നു. എം സി സിയുടെ മരണശേഷം ഈ രണ്ടു സ്ഥാപനങ്ങളുടെയും കറസ്‌പോപോണ്ടന്റായി ഉണ്ണിമൊയ്തീന്‍കുട്ടി മൗലവി സേവനമനുഷ്ഠിച്ചു.
മദീനത്തുല്‍ ഉലൂം പ്രിന്‍സിപ്പലും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന പി പി അബ്ദുല്‍ഗഫൂര്‍ മൗലവി, കെ എന്‍ എം സംസ്ഥാന സെക്രട്ടറി ആയിരുന്ന പി പി ഹസന്‍ മൗലവി, പുളിക്കല്‍ മഹല്ല് മുതവല്ലി ആയിരുന്ന പി പി മുഹമ്മദ് എന്ന മാനു സാഹിബ് എന്നിവര്‍ മൗലവിയുടെ മക്കളാണ്. കേരളത്തിലെ പ്രശസ്ത അറബി കവി പി വി മുഹമ്മദ് മൗലവി എന്ന അബൂലൈല സഹോദരപുത്രനാണ്.
ആദര്‍ശരംഗത്ത് വിട്ടുവീഴ്ചകള്‍ക്ക് ഒരിക്കലും തയ്യാറാവാതിരുന്ന മൗലവി എല്ലാ വിഭാഗക്കാരാലും ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു. ഉദാരമായ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. തന്റെ നിര്‍ധനരായ ശിഷ്യര്‍ക്കും കുടുംബത്തിനും സഹായങ്ങള്‍ നല്‍കാന്‍ എന്നും മുന്നിട്ടിറങ്ങി. ലാളിത്യത്തിന്റെ മുഖമുദ്രയുമായി ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പണ്ഡിത നേതൃനിരയിലും ആദര്‍ശ പ്രബോധന മേഖലയിലും കര്‍മചൈതന്യത്തിന്റെ ആവേശകരമായ പ്രവര്‍ത്തനങ്ങള്‍ സമ്മാനിച്ചാണ് 86-ാം വയസ്സില്‍ ഉണ്ണിമൊയ്തീന്‍കുട്ടി മൗലവി എന്ന പരിഷ്‌കര്‍ത്താവ് യാത്രയായത്.
നിത്യഗന്ധികളായ നന്മയുടെ ഓര്‍മപ്പൂക്കള്‍ എമ്പാടും അവശേഷിപ്പിച്ചായിരുന്നു ദു:ഖാര്‍ദ്രമായ ആ വിയോഗം. 1971 സപ്തംബര്‍ 14ന് പുളിക്കല്‍ വെച്ച് മൗലവി നിര്യാതനായി. ഭൗതിക ശരീരം പുളിക്കല്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.

Back to Top