11 Saturday
January 2025
2025 January 11
1446 Rajab 11

കപട പ്രതാപങ്ങളെ പരിഹസിക്കുന്ന ബഷീറിയന്‍ മാജിക്‌

ജമാല്‍ അത്തോളി


മനസ്സ് നിറഞ്ഞ ഒരു വിഷയം എഴുതി പ്രതിഫലിപ്പിക്കാനാവാതെ വിഷമം പെരുക്കുകയാണ്. ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു’ എന്ന കൃതിയില്‍ ബഷീറൊളിപ്പിച്ച സമുദായ സംസ്‌കരണ-ഇസ്‌ലാഹീ വരികളെ കുറിച്ചിടാനായുമ്പോള്‍ ആ കൃതിയേക്കാള്‍ വലുതായിപ്പോവുന്ന അവസ്ഥ! ഓരോ അനുവാചകനും ബഷീര്‍ കൃതികളിലൂടെ സഞ്ചരിച്ചുള്‍ക്കൊള്ളുക തന്നെ ഏറ്റം കരണീയം. അടിസ്ഥാനമില്ലാത്ത പാരമ്പര്യങ്ങളിലും ആഢ്യത്വത്തിന്റെ മെതിയടിപ്പുറത്തും മേനി നടിക്കുന്ന യാഥാസ്ഥിതികതയുടെ ദുരവസ്ഥ ബഷീറിന്റെ വരികളിലത്ര പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. എഴുതാപ്പുറങ്ങളുടെ അഗാധ വിചാരത്തിലും അതിന്റെ മുഴക്കം വമ്പിച്ചതാണ്.
രസശ്രുതിക്കൊട്ടും ഭംഗമേല്‍ക്കാതെ കഥ പുരോഗമിക്കുന്നതിനൊപ്പം ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളിലേക്കും ജനസാമാന്യത്തിന്റെ വികലധാരണകളിലേക്കും നാം നയിക്കപ്പെടുന്നു. നമസ്‌കാരവും വക്തും കാതുകുത്തും നോമ്പും ഹജ്ജും ഇബ്‌ലീസും പരലോകവും ഖുര്‍ആനും സൃഷ്ടിയും എല്ലാം വിഷയമാകുന്നു. വെറുതെ കഥ പറയുകയല്ല; കഥ വെറുതെ പറയുകയല്ല, പ്രത്യുത, കണിശമായ ഉദ്ദേശ്യത്തോടെ കൃത്യമായ ചില ലക്ഷ്യങ്ങളില്‍ അദ്ദേഹം സൂക്ഷ്മദൃഷ്ടി ഉറപ്പിച്ചിട്ടുണ്ടെന്ന് വ്യക്തം. എന്നാല്‍ ആശയമായല്ല ആകാംക്ഷ നിറഞ്ഞ കഥയായി ഇത് അനുവാചകന്റെ മനോവൃത്തിയില്‍ ലയിക്കുകയും ചെയ്യുന്നു. ധ്വന്യാത്മകമായി ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഈ സംയോജനം (കഥയും വിമര്‍ശനവും) ഒരു വരി പോലും മുന്നോട്ടു നീങ്ങാന്‍ അതിപ്രയാസകരമാക്കുന്ന സങ്കീര്‍ണ രൂപഘടനയോടെ ബഷീര്‍ അനായാസം നിര്‍വഹിച്ചിരിക്കുന്നു.
ആമ്പല്‍ കുളത്തിലെ തന്റെ തുടയില്‍ കടിച്ച അട്ടയെയും പിന്നീടതിനെ വിഴുങ്ങിയ വരാലിനെയും അതിന്റെ കെട്ട്യോളെയും പുള്ളേരെയും നീര്‍ക്കോലിയെയും അതിന് ഭക്ഷണമാകുന്ന പരല്‍മീനിനെയും തവളയെയും (എന്തെന്തെല്ലാം ജീവികള്‍) കുഞ്ഞുപാത്തുമ്മ കാണുന്നത് ബഷീറിന്റെ കണ്ണിലൂടെ തന്നെയാണ്. അവയെല്ലാം അല്ലാഹുവിന്റെ സൃഷ്ടികളും ഭൂമിയുടെ അവകാശികളുമാണെന്ന് ബഷീര്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ.
ചിരിക്കുന്ന ആമ്പല്‍പൂക്കളെയും മുല്ലപ്പൂക്കളെയും കൊത്തുകൂടുന്ന കുരുവികളെയും പാത്തുമ്മ കാണുന്നതും കുറെ വയസ്സാകുമ്പോള്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ കണ്ടുകൂടാതെ വരുന്നതെന്തുകൊണ്ടാണ് എന്ന് ചിന്തിക്കുന്നതും സവിശേഷമായ ചേതനയുണര്‍ത്തിക്കൊണ്ടാണ്. ചില ചുറ്റിത്തിരിയലുകളില്‍ നിന്ന് മുസ്‌ലിം ചിന്താ ചക്രവാളം വികസിപ്പിക്കുകയാണ് അതിന്റെ അടിസ്ഥാന ചോദനയെന്ന് ഞാന്‍ പറയും. ‘ഷ്ഷൂ!’, ‘ഭൂ’, ‘ധുര്‍ര്‍!’ എന്നൊച്ചയുണ്ടാക്കി കുരുവിയെ പറപ്പിക്കുന്ന ലാഘവത്തോടെ പറിച്ചെടുക്കാനാവാതെ, സമുദായ ഗാത്രത്തില്‍ വേരുറച്ചുപോയ ദുരാചാരങ്ങളെ പിഴുതെറിഞ്ഞ് ഒരു പുതിയ അധ്യായം തുറക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ആനയെക്കാള്‍ വലിയ ജീവിയായി തിമിംഗലമുണ്ടെന്നു മനസ്സിലാക്കാന്‍ സമുദായം കടല്‍ കാണണമെന്നദ്ദേഹം അഭിലഷിച്ചു.
നിസാര്‍ അഹമ്മദിന്റെ പെങ്ങളുമായി കുഞ്ഞുപാത്തുമ്മ പരിചയപ്പെടുന്ന ആദ്യരംഗത്തു തന്നെ ബഷീര്‍ ചിലത് വ്യക്തമാക്കുന്നു. അവള്‍ ചോദിച്ചു ”പേരെന്താ?”
”കുഞ്ഞുപാത്തുമ്മ”
”മനോഹരമായ പേര്! മുഹമ്മദ് നബി(സ) അവര്‍കളുടെ മകള്‍ ഫാതിമയുടെ..” കാതു രണ്ടും കുത്തി അലിക്കത്തിട്ടിട്ടില്ലാത്ത, സാരിയും ബ്ലൗസും ധരിക്കുന്ന ആയിഷയെ മുസ്‌ലിമായി സങ്കല്‍പിക്കാന്‍ കുഞ്ഞുപാത്തുമ്മക്കാവുന്നില്ല. ‘ന്നെന്തിനാ ബുനൂസേന്ന് ബിളിച്ചണെ’ന്ന് ചോദിക്കുമ്പോള്‍ ‘എന്നെ എന്തിനാ ബുദ്ദൂസേ എന്ന് വിളിക്കുന്നത്’ എന്ന് ചോദിക്കണമെന്ന് പറഞ്ഞ് തിരുത്തലുകള്‍ക്ക് തുടക്കം കുറിക്കുന്ന ആയിശ. പാത്തുമ്മയുടെ ഉമ്മയുടെ ഉപ്പയും ഉറക്കെ വഴക്കടിക്കുന്നതിനെപ്പറ്റി, ‘അയല്‍പക്കക്കാര്‍ക്ക് കിടന്നുറങ്ങാന്‍ സാധിക്കുന്നില്ലല്ലോ!. മുസ്‌ലിം സ്ത്രീകള്‍ അടക്കവും ഒതുക്കവും ഇല്ലാതെ പൊതുശല്യക്കാരാകുന്നത് ശരിയാണോ’ എന്ന ചോദ്യവും, വെള്ളമില്ലാത്ത ചെറിയ തോട്ടിയും നാട്ടുവഴിയിലും വെളിക്കിരിക്കുന്നതിനെ ചോദ്യം ചെയ്യുന്നതും സമൂഹത്തിന്റെ നല്ല നടപ്പിനു തന്നെ. ‘വീടുകളില്‍ കക്കൂസുണ്ടാക്കിയാലെന്താ?’, ചോദ്യം വഴി വൃത്തികേടാക്കുന്ന വഷളന്മാരോടോല്ലാമാണ്.
ഈ കുഞ്ഞുപ്പാത്തുമ്മ പിന്നീട് നിസാറിന്റെ വരവ് പ്രമാണിച്ച് ചിലതെല്ലാം ചെയ്യുന്നത് നാം കാണുന്നു. പറമ്പിലുള്ള ചപ്പുചവറെല്ലാം അടിച്ചുകൂട്ടി തീ ഇട്ടു. അടുക്കള വാതിലിലില്‍ കിടന്ന മീനിന്റെ ചെതമ്പുലെല്ലാം അടിച്ചുവാരിക്കളഞ്ഞു. പുരയ്ക്കകമെല്ലാം അടിച്ചുവാരി വൃത്തിയാക്കി. വീടിന്റെ മുന്‍വശത്ത് കൂട്ടിയിട്ടിരുന്ന കീറപ്പഴന്തുണികളെല്ലാം എടുത്തുകത്തിച്ചു. ഇതിനൊക്കെ പുറമെ അവളെത്തന്നെ അവള്‍ ഭംഗിയാക്കി. ഈ ഭംഗിയും മെനയും വെടിപ്പുമാണ് കഥാകാരന്‍ സ്വന്തം സമുദായത്തിനും കാംക്ഷിക്കുന്നത്.
‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്’ എന്ന് ജയിക്കാന്‍ വേണ്ടി കുഞ്ഞുപാത്തുമ്മ വീമ്പു പറഞ്ഞപ്പോള്‍ ‘എന്റെ ഉപ്പൂപ്പായ്ക്ക് ഒരു കാളവണ്ടിയുണ്ടായിരുന്നു. അതിലദ്ദേഹം സാമാനങ്ങള്‍ കൂലിക്കുകയറ്റി കൊണ്ടുപോയി കടകളിലും വീടുകളിലും കൊടുക്കുമായിരുന്നു. ആ വണ്ടി കൊണ്ട് എന്റെ ബാപ്പയെ അദ്ദേഹം എം എ വരെ പഠിപ്പിച്ചു. എന്നാണ് ആയിശയുടെ ടിറ്റ് ഫോര്‍ ടാറ്റ്.
പക്ഷെ കുഞ്ഞുപാത്തുമ്മയുടെ നിഷ്‌കളങ്കതയുടെ തിളക്കത്തില്‍ നിന്നും കഥ നടക്കുന്ന തട്ടകത്തില്‍ നിന്നും ഈ തിരുത്തൊട്ടും വഴുതി മാറുന്നില്ല. ”ആ കൊമ്പനാന എവിടെ” ആയിഷ ചോദിച്ചു. അത് മരിച്ചുപോയി’. ഇസ്‌ലാമിന്റെ ആനയായതുകൊണ്ട് മരിച്ചു എന്നോ മൗത്തായി എന്നോ പറയണം. കാഫിര്‍ മരിക്കുമ്പോള്‍ ചത്തു എന്നുവേണം പറയാന്‍.
ഈ വരികളുടെയെല്ലാം വേരുകള്‍ നവോത്ഥാന ഭൂമികയിലേക്കാണുയിര്‍ക്കൊള്ളുന്നത്. സത്യത്തില്‍ സമുദായം അഭിമാനിക്കേണ്ടത് നഷ്ട പാരമ്പര്യങ്ങളുടെ പേരിലല്ല. തുടര്‍ന്നുള്ള ചിത്രീകരണത്തില്‍ അതുണ്ട്. രംഗത്ത് ആയിശയും കുഞ്ഞുപാത്തുമ്മയും.
ആയിഷ: എന്റെ ബാപ്പ കോളേജ് പ്രഫസറാണ്. പേര് സൈനുല്‍ ആബിദീന്‍. ഉമ്മായുടെ പേര് ഹാജറ ബീവി. ഇക്കാക്കയുടെ പേര് നിസാര്‍ അഹ്മദ്, അദ്ദേഹം കവിയാണ്….
ഈ വിവരണത്തില്‍ കുഞ്ഞുപാത്തുമ്മയ്ക്ക് വലിയ രസം തോന്നിയില്ല. സൈനുല്‍ ആബിദീന്‍, നിസാര്‍ അഹ്മദ്…. അത്തരം പേരുകളൊന്നും ഇസ്‌ലാമിന്റെതായി അവള്‍ കേട്ടിട്ടില്ല. മക്കാര്, അടിമ, അന്തു, കൊച്ച് പരേം, കുട്ടി, കൊച്ചുണ്ണി, കുട്ടിയാലി, ബാവാ, കുഞ്ഞാലു, പക്കറ്കുഞ്ഞ്, മൈതീന്‍, അവറാന്‍, പരീത്, പരീക്കുട്ടി, ബാവക്കണ്ണ്, സൈദാലി, ചേക്കു, മയിതു, ബീരാന്‍, കുഞ്ഞിക്കൊച്ച്, അദ്ദില് എന്നെല്ലാം അവള്‍ കേട്ടിട്ടുണ്ട്.

വാക്കുകള്‍ക്ക് ഏറെ പിശുക്കുന്ന ബഷീര്‍ ഒന്നോ രണ്ടോ പ്രാകൃത മുസ്‌ലിം പേരുകള്‍ പറഞ്ഞവസാനിപ്പിച്ചില്ല. മനസ്സിലോര്‍മ വന്ന മാറ്റേണ്ട നാമങ്ങളെല്ലാം കുറിച്ചിട്ടു. എന്നിട്ടും സമുദായം ഒന്നും വായിച്ചെടുത്തില്ലല്ലോ എന്ന് പരിതപിക്കുകയല്ലാതെ എന്തു ചെയ്യാന്‍.
”എന്റെ വിവാഹം കഴിഞ്ഞിട്ടില്ല. ബി എ പാസായിട്ടു കഴിക്കും.” എന്ന് ആയിശയും മുസ്‌ലിം എന്നാല് വൃത്തിയുള്ളവന്‍ എന്നുകൂടി അര്‍ഥമുണ്ട്. ”ഒരു ഗ്ലാസ് വെള്ളം കൊടുക്കുമ്പോള്‍ ഗ്ലാസിന് മീന്‍നാറ്റം പാടില്ല” എന്ന് നിസാര്‍ അഹ്മദും പറയുന്നത് കഥാകൃത്ത് പറയിച്ചതുകൊണ്ടാണ്. കെട്ടുന്ന പെണ്ണിന് പാചകവും ശിശുപരിചരണവും മാത്രമല്ല കിള, വേലികെട്ട്, മണ്ണുചുമക്കല്‍, ചെടികള്‍ക്ക് വളം പാകപ്പെടുത്തല്‍ എന്നിവ അറിഞ്ഞിരിക്കണമെന്നാണ് മൂപ്പരുടെ നിബന്ധന. ‘താത്തായെ എന്താ എഴുത്തും വായനയും പഠിപ്പിക്കാഞ്ഞത്, ഒരുപാട് സ്വത്തുണ്ടായിരുന്നല്ലോ’ എന്ന ആയി ഷയുടെ ചോദ്യത്തിനുള്ള നായികയുടെ ആത്മഗതം മറുപടി നൊമ്പരപ്പെടുത്തുന്നതാണ്. ശരിയാണ്, ഒരുപാട് സ്വത്തുണ്ടായിരുന്നു. മുസ്‌ലിം എഴുത്തും വായനയും പഠിക്കേണ്ടതുമാണ്. പഠിച്ചു തുടങ്ങിയിരുന്നെങ്കില്‍ ഇന്ന് ആയിഷയേക്കാള്‍ അറിവുണ്ടാകുമായിരുന്നു. എല്ലാറ്റിനും ഇന്നത്തേക്കാള്‍ മാറ്റം ഉണ്ടാകുമായിരുന്നു. ബാപ്പായും ഉമ്മായും എന്തുകൊണ്ട് പഠിപ്പിച്ചില്ല? അവരെന്തുകൊണ്ട് പഠിച്ചില്ല? കൊമ്പനാനയുണ്ടായിരുന്ന ആനമക്കാര്‍ എഴുത്തും വായനയും പഠിച്ചിരുന്നോ? പാമരരായ തലമുറകള്‍! (മാതാപിതാക്കള്‍ തന്നെ വിദ്യാഭ്യാസം ചെയ്യിച്ചത് വലിയ ഭാഗ്യമായി ബഷീര്‍ പലേടത്തും പറഞ്ഞിട്ടുണ്ട്)
കിടക്കപ്പായയില്‍ കിടന്നുകൊണ്ട് ഇരുളിലൂടെ കുഞ്ഞുപാത്തുമ്മ ബാപ്പയോട് ചോദിച്ചു. ”ന്താ ബാപ്പാ…. ന്നെ… എയിത്ത് പഠിപ്പിക്കാഞ്ഞത്?” (അതില്‍ വീണ്ടുവിചാരത്തിന്റെ വിങ്ങലിന്റെ തുടിപ്പുണ്ട്) ബാപ്പ ദീര്‍ഘനിശ്വാസം മാത്രം ചെയ്തു. ഉമ്മ പറഞ്ഞു: ”എയ്ത്ത് പഠിപ്പിച്ചു നിന്നെ കാഫിറാക്കാത്തത് എന്താണെന്നാണോ നീ ശോയിക്കണത്?” എഴുത്തും വായനയും പഠിച്ചാല്‍… അറിവുണ്ടായാല്‍… ഇസ്‌ലാമായി ജീവിക്കാന്‍ സാധ്യമല്ല. ശരിയാണോ ഇത്? വായിക്കുക ഈ വാക്കത്രെ ഖുര്‍ആനില്‍ ആദ്യമായി വന്നത് (സ്വരം കുഞ്ഞുപാത്തുമ്മയുടേതല്ല)
ആയിഷ പറഞ്ഞു: നോക്ക്, ഇസ്‌ലാമിന് അറിവുണ്ടായിരിക്കണം. അറിവില്ലാത്തവര്‍ ഹമ്ക്കീങ്ങളാണ്…. ഇസ്‌ലാം ഹമുക്കാണോ….. ഇസ്‌ലാം മണ്ടക്കഴുതയാണോ? അല്ലെന്ന് കുഞ്ഞുപാത്തുമ്മയ്ക്ക് നല്ലവണ്ണം അറിയാം. കാഫ്‌രീങ്ങളോട് മാറ് (എതിര്) കാണിക്കണ്ടേ എന്ന സംശയമാണവള്‍ക്ക്. അതവള്‍ ചോദിക്കുകയും ചെയ്തു. ആയിഷയുടെ മറുപടി പരിഹാസത്തോടെയാണ്. ‘നേരാണ്, കാഫിര്‍ കാലുകള്‍കൊണ്ട് നടക്കുമ്പോള്‍ ഇസ്‌ലാമ് തലകൊണ്ടു നടക്കണം. കാഫിര്‍ കുളിക്കുകയും പല്ലുതേക്കുകയും ചെയ്യുന്നതുകൊണ്ട്, ഇസ്‌ലാമ് കുളിക്കരുത്, പല്ലുതേക്കരുത്, കാഫിര്‍ വായകൊണ്ട് തിന്നുന്നതുകൊണ്ട് ഇസ്‌ലാമ്…. ഈ അര്‍ധോക്തിയില്‍ അറിവുകേടിന് നേരെയുള്ള അമര്‍ഷം അപ്പാടെയുണ്ട്.
അവരുടെ സംഭാഷണം വഴിയെ മറ്റൊന്നിലേക്ക് തിരിയുന്നു. ”ആദി മുന്നം അല്ലാഹ് പടച്ചതാരേണ്?” കുഞ്ഞുപാത്തുമ്മ ചോദിച്ചു. ”അറിഞ്ഞുകൂടാ, മനുഷ്യരാണെങ്കില്‍ ആദം നബിയെയും ഹവ്വാ ബിവിയെയും” ആയിഷ പറഞ്ഞു.
”മുത്തു നബീനെ അല്ലേ”
”ഇതാരു പറഞ്ഞു? ഖുര്‍ആനില്‍ പറയുന്നത്, ആദം നബിയെ ആണെന്നാണ്. അതാണ് നമ്മള്‍ വിശ്വസിക്കേണ്ടത്. കേട്ടുകേള്‍വിയിലും കെട്ടുകഥകളിലും വിശ്വസിക്കരുത്. മുസ്‌ലിമായി ജീവിക്കണം, നല്ല മനുഷ്യരായിരിക്കണം. വൃത്തിയുള്ളവരായിരിക്കണം. ആരോഗ്യമുള്ളവരായിരിക്കണം. ജീവിതത്തില്‍ സൗന്ദര്യം പാലിക്കണം. മറ്റുള്ളവരെ വേദനിപ്പിക്കരുത്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിലും അല്ലാഹുവിന്റെ ദൂതരായ മുഹമ്മദ് നബിയിലും വിശ്വാസം വേണം. മരണാനന്തരം ജീവിതമുണ്ടെന്നും…. ഇങ്ങനെ കുറെ കാര്യങ്ങളുണ്ട്. തിന്മയോടാണ് മാറുകാണിക്കേണ്ടത്…. കാരുണ്യത്തിന്റെ മതമാണ് ഇസ്‌ലാം. ഇനിയും കള്ള ബുദ്ദൂസിന് സംശയം വല്ലതുമുണ്ടോ?” രണ്ട് നാടന്‍ ചെറുപ്പക്കാരികളുടെ സംഭാഷണത്തനിമയോടെ ബഷീറിലെ നവോത്ഥാനനായകന്‍ വയളു പറയുന്നു.
താമസിക്കുന്നിടത്തെല്ലാം ചെടികളും തോട്ടവും വെച്ചുപിടിപ്പിക്കുന്ന ബഷീറിന്റെ റൂഹ് നല്‍കി ഉയിര്‍പ്പിച്ച കഥാപാത്രം നിസാര്‍ അഹ്മദ് ഒരു വനവുമായിട്ടാണ് വന്നത്. പഴ വൃക്ഷങ്ങളും തെങ്ങുതൈകളും വെച്ചുപിടിപ്പിക്കാന്‍ വെയിലത്ത് വേല ചെയ്യുന്ന അദ്ദേഹവും ബാപ്പയും ഉമ്മയും പെങ്ങളും കുഞ്ഞുപാത്തുമ്മയെ അത്ഭുതപ്പെടുത്തി. വരിയൊപ്പിച്ച് ഒരേ അകലത്തില്‍ ഭംഗിയോടെ അവ നടുന്നതിലും ഒരു മെന! ആ സല്‍പ്രവൃത്തിക്കും കുഞ്ഞുതാച്ചുമ്മയുടെ വായിലുടെ യാഥാസ്ഥിതികത്വത്തിന്റെ റിമാര്‍ക്ക് ‘വരിക്ക് പിരാന്ത്!’ എന്ന്. ഭൂമിയില്‍ പണിയെടുക്കുന്ന മുസ്‌ലിംകളെ പാത്തുമ്മ കണ്ടിട്ടില്ല. ഇസ്‌ലാമിന് പറഞ്ഞിട്ടുള്ളത് കച്ചവടമാണെന്നാണ് അവളുടെ വിചാരം. പിന്നെ അത്യാവശ്യത്തിന് വെട്ടലും കിളക്കലും. അതൊക്കെ വേലക്കാര്‍ ചെയ്യും. അല്ലാതെ സ്വന്തമായി മുസ്‌ലിം ചെയ്യുക. അതാദ്യമായി അവള്‍ കാണുകയാണ്. സമൂലമായ പരിവര്‍ത്തനമാണ് സമുദായത്തില്‍ ബഷീര്‍ വിഭാവനം ചെയ്യുന്നത്.
കുഞ്ഞുപാത്തുമ്മയുടെ വീട്ടില്‍ ഒരു കക്കൂസ് ഉണ്ടാക്കുന്നതോടെ ആ കുടുംബവുമായുള്ള നിസാര്‍ അഹ്മദിന്റെ അകലം നേര്‍ത്തു. അവളുടെ ബാപ്പ ഇസ്‌ലാമികമായ സംശയങ്ങള്‍ അയാളോടാരായാന്‍ തുടങ്ങി. ഉമ്മായ്ക്കും ഐത്തം മാറിയെന്ന് തോന്നുന്നു. ഒരിക്കലവര്‍ ചോദിച്ചു. അയമ്മതേ, ആ കാടൊക്കെ എന്തിനാ വെച്ചുപിടിപ്പിച്ചത്. അപ്പോള്‍ കുഞ്ഞുപാത്തുമ്മ മനസ്സില്‍ പറഞ്ഞു. അയമ്മതെന്നല്ല. നിസാര്‍ അഹ്മദ് എന്നാ പേര്. ഒരിക്കല്‍ ഉമ്മ അവളോട് ചോദിച്ചു. നിനക്ക് ആയിഷാന്റെ ഉമ്മ മുടികെട്ടണ പോലെ കെട്ടണോ? ആ ചോദ്യത്തില്‍ മാതൃത്വത്തിന്റെ തുലാസില്‍ തൂക്കി പഴയ നിലപാടുകള്‍ പറിച്ചെടുത്ത ഒരു നവചേതനയുണ്ട്. ഉമ്മ പെട്ടെന്ന് നിസ്‌കാരവും തുടങ്ങി.
നിസാര്‍ അഹമ്മദിനോട് കുഞ്ഞുപാത്തുമ്മയ്ക്ക് മനസ്സില്‍ തോന്നിയ മുഹബ്ബത്തിനെ അതിസുന്ദര ലളിത വാക്യങ്ങളില്‍ കഥാകാരന്‍ ആവിഷ്‌കരിച്ചിരിക്കുന്നു. അങ്ങനെയിരിക്കെ അവളോട് ചോദിക്കാതെ, മാതാപിതാക്കള്‍ കല്യാണം നിശ്ചയിച്ചതറിഞ്ഞ് കുഞ്ഞുപാത്തുമ്മ മോഹാലസ്യപ്പെട്ടു. ചികിത്സ അപ്പോഴും ശൈതാന്‍ കൂടിയതിനു തന്നെ. താന്‍ മരിക്കാന്‍ പോകുന്നതായി അവള്‍ക്ക് തോന്നുന്നു. ലോകം അവസാനിക്കുകയാണ്. പാത്തുമ്മ ദീനമായി കിടക്കുന്ന മുറിയില്‍ നിര്‍ത്തിക്കൊണ്ടുതന്നെ ഒടുവുനാളിന്റെ(അന്ത്യദിനം) ഇസ്‌ലാമിക കാഴ്ചപ്പാടിനെ ബഷീര്‍ നമ്മുടെ പരിസരത്ത് സൃഷ്ടിക്കുന്നു.
ഒടുക്കം അവര്‍ തമ്മിലുള്ള വിവാഹം നടന്നു. സദ്യവട്ടങ്ങളോ ആഘോഷമോ ഒന്നുമില്ലാതെ. ഒന്നും വേണ്ടെന്നാണ് നിസാര്‍ അഹ്മദിന്റെ ബാപ്പ ഉപ്പമാര്‍ പറഞ്ഞത്. വാശിയില്‍ വലിയ സദ്യകള്‍ നടത്തി ധനം പാഴാക്കി പാപ്പരായ മുസ്‌ലിം കുടുംബങ്ങള്‍ ധാരാളമായി എവിടെയുമുണ്ട്. അതോര്‍ക്കുന്നത് നന്ന്. ഈ കല്യാണം വിവരിക്കുന്ന അധ്യായത്തിന് വൈക്കം മുഹമ്മദ് ബഷീര്‍ നല്‍കിയിരിക്കുന്ന പേര് ‘പുതിയ തലമുറ സംസാരിക്കുന്നു’ എന്നാണ്. (ലളിത വിവാഹത്തെക്കുറിച്ച് പറയുമ്പോള്‍ പുരോഗമനവാദികളില്‍ തന്നെ ഇന്നും മുറുമുറുപ്പവസാനിച്ചിട്ടില്ല എന്നും ഓര്‍ക്കുക)
കഥ അവസാനിക്കുകയാണ്. പുതിയ ഉടുപ്പുകള്‍ അണിഞ്ഞ് പുറത്തെത്തിയ കുഞ്ഞുപാത്തുമ്മയോട് നിസാര്‍ അഹ്മദ് പറയുന്നു: ‘കുനിയരുത്, ശരിക്ക് നിവര്‍ന്ന് ധീരതയോടെ നടന്നുപോകൂ’ തന്റെ സമുദായത്തോടുള്ള കഥാകാരന്റെ ആഹ്വാനവുമതു തന്നെ. പുതിയ തലമുറ കപട പ്രതാപങ്ങളെ കളിയാക്കുന്നത് ബഷീര്‍ പ്രതീകവല്‍ക്കരിക്കുന്നു. കുഞ്ഞുതാച്ചുമ്മയുടെ മഹാ പ്രതാപത്തിന്റെ ചിഹ്നം, സാക്ഷാല്‍ ആനമക്കാര്‍ സാഹിബിന്റെ ഉഗ്രനും നാലു കാഫ്‌രീങ്ങളെ കൊന്നവനുമായ കൊമ്പനാന, കുയ്യാനയായിരുന്നെന്ന് പിള്ളേര്‍ ആര്‍ക്കുന്നു. ഉമ്മായ്ക്കും ആ തിരിച്ചറിവുണ്ടാകുന്നു, നാം വായിക്കുന്നു.
ഓരോ കഥാപാത്രങ്ങളുടെയും സൃഷ്ടിയിലൂടെ ആര്‍ക്കും കടന്നു ചെല്ലാവുന്നവിധം ഒരു സാധാരണ മുസ്‌ലിം തറവാടിന്റെ ചുറ്റുവട്ടത്ത് നടന്നുവരുന്നതും നടക്കേണ്ടതുമായ കാര്യങ്ങളെ ഒരു വാക്കും മുഴച്ചുനില്‍ക്കാത്ത വിധം അനുഭവിപ്പിച്ചിരിക്കുന്നു. ഏറെ വലുപ്പത്തില്‍ എഴുതിയിട്ടും ന്റുപ്പുപ്പായിലെ നവോത്ഥാന വാചികവും വംഗ്യവുമായ സംക്ഷേപങ്ങള്‍ ഇനിയും ബാക്കിയാണ്.

Back to Top