21 Saturday
December 2024
2024 December 21
1446 Joumada II 19

അല്ലാഹുവിനും റസൂലിനും തുല്യസ്ഥാനമോ?

പി കെ മൊയ്തീന്‍ സുല്ലമി


ഖുര്‍ആനും ഹദീസും തമ്മില്‍ നിരവധി വ്യത്യാസങ്ങളുണ്ട്. ഖുര്‍ആനിന്റെ ആശയങ്ങളും പദങ്ങളും അല്ലാഹുവിന്റേതാണ്. അത് മഅ്സ്വൂം (പാപസുരക്ഷിതന്‍) ആയ പ്രവാചകന് മഅ്സൂമായ മലക്ക് മുഖേന അവതരിപ്പിച്ചതാണ്. അതിന് അല്ലാഹുവിന്റെ പ്രത്യേകമായ സംരക്ഷണവുമുണ്ട്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാമാണ് ആ ഉദ്ബോധനം അവതരിപ്പിച്ചത്, തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്.” (ഹിജ്റ 9)
എന്നാല്‍ ഹദീസുകളുടെ ആശയങ്ങള്‍ അല്ലാഹുവിന്റേതാണെങ്കിലും പദങ്ങള്‍ നബി(സ)യുടേതാണ്. ഹദീസുകള്‍ നമ്മുടെ കൈകളിലെത്തുന്നത് തെറ്റും ശരിയും ചെയ്യുന്ന മനുഷ്യര്‍ മുഖേനയാണ്. അതുകൊണ്ടാണ് ഹദീസ് നിദാന ശാസ്ത്രപണ്ഡിതന്മാര്‍ ഉസ്വൂലുല്‍ ഹദീസിന്റെ ഹദീസ് നിദാന ശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ചതും.
ഹദീസുകള്‍ പരിശോധനക്ക് വിധേയമാക്കുന്ന പ്രക്രിയ ആദ്യകാലം മുതല്‍ ഇന്നേവരെ നിലനില്‍ക്കുന്നുണ്ട്. നാം സ്വഹീഹായി അംഗീകരിക്കുന്ന ബുഖാരിയുടെയും മുസ്്ലിമിന്റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന പക്ഷം നമുക്കത് ബോധ്യപ്പെടും. ഇമാം ബുഖാരി ആകെ ശേഖരിച്ചത് ആറ് ലക്ഷം ഹദീസുകളാണ്. അതില്‍ ആവര്‍ത്തനത്തോടെ സ്വഹീഹായി അംഗീകരിച്ചത് 7563 ഹദീസുകള്‍ മാത്രമാണ്. തള്ളിയത് 5,90,000 ല്‍ അധികമാണ്.’ (ഫത്ഹുല്‍ബാരി, മുഖദ്ദിമ, പേജ് 9). ഇമാം മുസ്‌ലിം ശേഖരിച്ചത് മൂന്ന് ലക്ഷം ഹദീസുകളാണ്. അതില്‍ സ്വഹീഹായി അംഗീകരിച്ചത് 4000 ഹദീസുകള്‍ മാത്രമാണ്. തള്ളിയത് 2,96,000 ഹദീസുകളാണ്. (സ്വഹീഹു മുസ്‌ലിം, മുഖദ്ദിമ, പേജ് 31-40)
എന്നിട്ടും ഇന്നേവരെ ഇമാം ബുഖാരിയെയും മുസ്്ലിമിനെയും ആരും ഹദീസ് നിഷേധികളെന്ന് വിളിച്ചിട്ടില്ല. ഹദീസ് നിദാന ശാസ്ത്രം രചിക്കുന്നതിന്റെ മുമ്പാണ് ഇമാം ബുഖാരിയും മുസ്്ലിമും മേല്‍ പറഞ്ഞ ഹദീസുകള്‍ തള്ളിയത് എന്നോര്‍ക്കണം. അതേ നിദാനം വെച്ചു കൊണ്ടു തന്നെയാകണം ഹദീസ് നിദാന ശാസ്ത്രഗ്രന്ഥങ്ങള്‍ രചിച്ചതും.
ഇമാം ബുഖാരിയും മുസ്്ലിമും സ്വഹീഹാക്കിയ 110 ഹദീസുകള്‍ ഇമാം ദാറഖുത്വനിയുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അദ്ദേഹത്തെയും ഇന്നേ വരെ ആരും നിഷേധിയാക്കിയിട്ടില്ല. ഇമാം ബുഖാരിയും മുസ്‌ലിമും സ്വഹീഹാക്കിയ പല ഹദീസുകളെയും നാസ്വിറുദ്ദീന്‍ അല്‍ബാനി(റ) ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. (സില്‍സിലത്തുല്‍ അഹാദീസി ദഈഫത്തി വല്‍ മൗദ്വൂഅത്തി 3:463, മുഖദ്ദമത്തു രിയാഇസ്സാലിഹീന്‍, പേജ് 12) എന്നിവ കാണുക.
ഹദീസ് നിദാന ശാസ്ത്ര നിയമമനുസരിച്ച് ഹദീസുകള്‍ തള്ളലും കൊള്ളലും ഇസ്‌ലാം അംഗീകരിച്ച കാര്യമാണ്. ഹദീസ്‌നിഷേധം എന്ന് പറയുന്നത് ഹദീസുകളുടെ പ്രാമാണികതയെ നിഷേധിക്കലാണ്. ചേകന്നൂര്‍ മൗലവിയും അനുയായികളും ഹദീസ് നിഷേധത്തിനുവേണ്ടി ഉപയോഗിച്ച ഖുര്‍ആന്‍ വചനം ശ്രദ്ധിക്കുക: ”അല്ലാഹുവിനും അവന്റെ തെളിവുകള്‍ക്കും പുറമെ ഇനി ഏതൊരു വൃത്താന്തത്തിലാണ് അവര്‍ വിശ്വസിക്കുന്നത്” (ജാസിയ 6). ഈ വചനം വിശുദ്ധ ഖുര്‍ആനെ തള്ളിക്കളഞ്ഞ മുശ്രിക്കുകള്‍ക്കെതിരില്‍ അല്ലാഹു അവതരിപ്പിച്ചതാണ്.
ഹദീസ് നിഷേധികളായ ചേകന്നൂരികളെ ഖണ്ഡിച്ച് പ്രസംഗിക്കുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത പണ്ഡിതനായിരുന്നു അബ്ദുസ്സലാം സുല്ലമി. വിരോധാഭാസമെന്ന് പറയട്ടെ, പില്‍ക്കാലത്ത് ചിലര്‍ അദ്ദേഹത്തെ പോലും ഹദീസുനിഷേധിയാക്കി. ഇത്തരക്കാര്‍ ഇസ്വ്‌ലാഹി ആദര്‍ശം തിരസ്‌കരിച്ച് ദീനുകൊണ്ട് ഭൗതികനേട്ടം ആഗ്രഹിക്കുന്നവരാണ്. ഹദീസ്‌നിദാന ശാസ്ത്ര നിയമപ്രകാരം ഒരു ഹദീസ് സ്വീകാര്യയോഗ്യമായി തീരാന്‍ ഒരുപാട് നിബന്ധനകളുണ്ട്. അതില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ പറയാം.
ഒന്ന്: ഒരു ഹദീസ് സ്വീകാര്യയോഗ്യമായിത്തീരാന്‍ അതിന്റെ സനദ് (പരമ്പര) മാത്രം ശരിയായാല്‍ പോരാ. മറിച്ച് മത്ന് (മാറ്റര്‍) കൂടി ശരിയാകണം. ഉദാഹരണത്തിന് ഇസ്‌ലാം കാര്യങ്ങള്‍ അഞ്ചാണ്. എന്നാല്‍ അത് ആറാണ് എന്ന് പഠിപ്പിക്കുന്ന വിധം സ്വഹീഹായ പരമ്പരയോടെ ഒരു ഹദീസ് വന്നാല്‍ അത് സ്വീകാര്യയോഗ്യമല്ല. കാരണം പ്രസ്തുത ഹദീസിന്റെ മത്ന് (മാറ്റര്‍) അബദ്ധമാണ്.
ഒരു ഹദീസിന്റെ തല (പ്രധാന ഭാഗം) അതിന്റെ മാറ്ററാണ്. സനദ് എന്നത് മാറ്റര്‍ സ്ഥാപിക്കാനുള്ള ഒരു വാലാണ്. സ്വഹീഹുല്‍ ബുഖാരിയില്‍ തന്നെ അതിനുദാഹരണം കാണാം. ബുഖാരിയിലെ 3655-ാം നമ്പര്‍ ഹദീസ് ശ്രദ്ധിക്കുക: ഖുലഫാഉര്‍റാശിദീങ്ങളില്‍ മൂന്നു പേര്‍ക്ക് ശ്രേഷ്ഠ പദവി നല്‍കി അലി(റ)യുടെ ശ്രേഷ്ഠതയെ നിഷേധിക്കുന്ന ഒരു ഹദീസാണത്. അതിനെക്കുറിച്ച് ഇബ്നു അബ്ദുല്‍ബര്‍റ്(റ) പറയുന്നത് ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തിയിട്ടുണ്ട്: ”ഇബ്നു ഉമറില്‍(റ) നിന്നു ഉദ്ധരിക്കുന്ന ഈ ഹദീസ് തെറ്റാണെന്ന് ഇജ്മാഅ് ഉണ്ട്. അതിന്റെ സനദ് (പരമ്പര) ശരിയാണെങ്കിലും” (ഫത്ഹുല്‍ബാരി 8:577)
ഒരു ഹദീസിന്റെ പരമ്പര മാത്രം ശരിയായാല്‍ പോരാ എന്ന് ഇമാം ശത്വാഹിയും (അല്‍ ഇഅ്തിസ്വാം 1:290) ജലാലുദ്ദീനുസ്സുയൂഥിയും (അല്‍ ഹാവീലില്‍ ഫതാവ 12:124) ഇമാം ഇബ്‌നുകസീറും (അല്‍ബാഇസ്, പേജ് 4) ഇമാം സഹസ്‌വാനിയും (സ്വിയാനത്തുല്‍ ഇന്‍സാന്‍, പേജ് 393) രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു ഹദീസ് സ്വീകരിക്കാന്‍ പ്രധാനപ്പെട്ട ചില നിബന്ധനകളുണ്ട്. ഒന്ന്, ഇബ്നു ഹജര്‍ (റ) പറയുന്നു: വിശുദ്ധ ഖുര്‍ആനിന്റെ വ്യക്തമായ കല്‍പനക്ക് വിരുദ്ധമായ ഹദീസുകള്‍ നിര്‍മിതങ്ങളില്‍ പെട്ടതാണ്. മുതവാതിറായി വന്ന ഹദീസുകള്‍ക്കോ ഖണ്ഡിതമായ ഇജ്മാഇനോ തെളിഞ്ഞ ബുദ്ധിക്കോ വിരുദ്ധമായ ഹദീസുകളും നിര്‍മിതങ്ങളാണ്. (നുഖ്ബത്തുല്‍ ഫിക്ര്‍, പേജ് 113).
ജലാലുദ്ദീനുസ്സുയൂതിയും (തദ്‌രീബുര്‍റാവി 1:327) ഇമാം സഖാവി ഇബ്നു ജൗസിയില്‍ നിന്നും (ഫത്ഹുല്‍ മുഗീസ് 1:290) ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം സഖാവി ഇത്രയും കൂടി പറഞ്ഞു: ”ഇത്തരം ഹദീസുകള്‍ ആരാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് പരിഗണിക്കേണ്ടതില്ല. അഥവാ റാവിമാരുടെ വലുപ്പം പരിഗണിക്കേണ്ടതില്ല.”
നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്ന ഹദീസ് പല നിലയ്ക്കും ഖുര്‍ആനിന് വിരുദ്ധമാണ്. സൂറത്ത് യൂനസ് 77, ത്വാഹാ 69, യൂനുസ് 81, അന്നിസാഅ് 51, 52 എന്നീ വചനങ്ങള്‍ക്ക് വിരുദ്ധമാണ്. ഇമാം ബുഖാരി തന്നെ അത് വിശ്വാസപരമായ കാര്യങ്ങള്‍ സ്ഥാപിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടുണ്ട്. (ഫത്ഹുല്‍ ബാരി 17:27, ശറഹു മുസ്‌ലിം 1:39 കാണുക)
ഇമാം ഇബ്നു കസീര്‍ നബി(സ)ക്ക് സിഹ്ര്‍ ബാധിച്ച ഹദീസ് അംഗീകാര യോഗ്യമല്ല എന്ന്് പറഞ്ഞിട്ടുണ്ട്. (ഇബ്നു കസീര്‍ 4:574) നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്ന ഹദീസ് ഖുര്‍ആന്‍ വിരുദ്ധമാണെന്ന് ശിഹാബില്‍(റ) നിന്നു ഇമാം നവവി ഉദ്ധരിച്ചിട്ടുണ്ട്. (മജ്മൂഅ് ശറഹില്‍ മുഹദ്ദബ് 19:243). നബിക്ക് സിഹ്ര്‍ ബാധിച്ചു എന്ന ഹദീസ് മുശ്രിക്കുകളുടെ വാദം ശരിവെക്കുന്നതാണെന്ന് അഹ്മദ് മുസ്തഫല്‍ മറാഗീ (റ) പറഞ്ഞിട്ടുണ്ട് (തഫ്സീറുല്‍ ഫലഖ്).
പണ്ഡിതന്മാര്‍ നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്ന ഹദീസിന്റെ സ്വിഹ്ഹത്തിനെ എതിര്‍ത്തിരിക്കുന്നു. (റശീദുരിളാ- ഫാത്തിഹയുടേയും അവസാനത്തെ ആറ് സൂറത്തുകളുടേയും വ്യാഖ്യാനം). പ്രവാചകന് സിഹ്ര്‍ ബാധിച്ചു എന്ന ഹദീസ് ചില നിര്‍മിത വാദികള്‍ പടച്ചതാണ്. (ഹനഫീ പണ്ഡിതന്‍ അബൂബക്കറുല്‍ ജസ്സ്വാസ്, അഹ്കാമുല്‍ ഖുര്‍ആന്‍ 1:149)
പ്രധാനമായും മൂന്ന് തരം ഹദീസുകളുണ്ട്. അതില്‍ ഒന്നാണ് ശാദ്ദ്. ഇബ്നു ഹജര്‍ (റ) പറയുന്നു: ഏറ്റവും സ്വഹീഹായ ഹദീസുകള്‍ക്കു വിരുദ്ധമായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന, സ്വഹീഹായ ഹദീസുകള്‍ (നുഖ്ബ: പേജ് 85). ഉദാഹരണത്തിന് വീടാണ് സ്ത്രീകള്‍ക്ക് നമസ്‌കരിക്കാന്‍ ഉത്തമം എന്ന ഹദീസ് സ്വഹീഹാണെങ്കില്‍ തന്നെ തെളിവാക്കാന്‍ പാടില്ല. കാരണം അത് ബുഖാരിയുടേയും മുസ്്ലിമിന്റെയും ഹദീസുകള്‍ക്ക് എതിരാണ്.
രണ്ട്, മുദല്ലസായ ഹദീസുകള്‍ സ്വീകാര്യമല്ല. ഇബ്നു ഹജര്‍(റ) യഅ്ഖൂബ്ബ്നു ശൈബയില്‍ നിന്നു സിഹ്്റിന്റെ ഹദീസുദ്ധരിച്ച ഹിശാമുബ്നു ഉര്‍വയെ സംബന്ധിച്ച് രേഖപ്പെടുത്തി: അദ്ദേഹം ഇറാഖില്‍ എത്തിയപ്പോള്‍ ഹദീസിന്റെ വിഷയത്തില്‍ അദ്ദേഹം വീഴ്ചവരുത്തി. പിതാവ് പറയാത്ത കാര്യങ്ങള്‍ പിതാവിന്റെ പേരില്‍ പ്രചരിപ്പിച്ചു. അതിനാല്‍ അന്നാട്ടുകാര്‍ അദ്ദേഹത്തെ വെറുത്തു. ഇതാണ് തദ്‌ലീസ്’ (ഫത്ഹുബാരി, മുഖദ്ദിമ, പേ. 702)
ഇമാം നവവി പറയുന്നു: ‘മുദല്ലിസിന്റെ ഹദീസ് ഒരിക്കലും സ്വീകാര്യയോഗ്യമല്ലെന്ന് ഒരു വിഭാഗം പണ്ഡിതന്മാര്‍ പ്രസ്താവിച്ചിരിക്കുന്നു’ (ശറഹു മുസ്‌ലിം 1:58).
മൂന്ന്, മുള്ത്വരിബ് (ആശയക്കുഴപ്പമുള്ളത്). ഹദീസുകള്‍ നിദാന ശാസ്ത്രമനുസരിച്ച് സ്വീകാര്യമല്ല. ഇമാം സഖാവി പറയുന്നു: ”ഒരു ഹദീസിന്റെ പരമ്പരയിലോ മാറ്ററിലോ ആശയക്കുഴപ്പം ഉണ്ടാകുന്ന പക്ഷം നിര്‍ബന്ധമായും ആ ഹദീസ് ദുര്‍ബലപ്പെടും” (ഫത്ഹുല്‍ മുഗീസ് 1:225) നബി(സ)ക്ക് ബുഖാരിയുടെ റിപ്പോര്‍ട്ട് പ്രകാരം 40 ദിവസവും ഇമാം അഹ്്മദിന്റെ റിപ്പോര്‍ട്ട് പ്രകാരം ആറ് മാസവും സിഹ്റു ബാധിച്ചു എന്ന ഹദീസ് അതില്‍ പെട്ടതാണ്.
ഹദീസുകള്‍ പ്രവാചകവചനമാണെന്നറിഞ്ഞിട്ടും തള്ളിക്കളയുന്നവര്‍ യഥാര്‍ഥ മുസ്ലിംകളല്ല. കാരണം ഹദീസുകള്‍ ഖുര്‍ആനിന്റെ വിശദീകരണവും കൂടിയാണ്. ഇസ്ലാമിന്റെ ബഹുഭൂരിപക്ഷം കര്‍മങ്ങളും ഹദീസുകളിലാണ് ഉള്ളത്. ഖുര്‍ആനില്‍ ചില കാര്യങ്ങളുടെ സൂചനകള്‍ മാത്രമേയുള്ളൂ. അതിന്റെ വിശദരൂപം ഹദീസുകളിലാണ്. ഖുര്‍ആനിലില്ലാത്ത നിരവധി കാര്യങ്ങള്‍ ഹദീസുകളിലുണ്ട്.
ഹദീസുകള്‍ക്ക് ഇസ്‌ലാമില്‍ രണ്ടാം സ്ഥാനമേയുള്ളൂ. ഒന്നാം സ്ഥാനം ഖുര്‍ആനിന് തന്നെയാണ്. ഖുര്‍ആനിന്റെ സംബോധനാ രീതിയും ഖുര്‍ആനിന് ഒന്നാം സ്ഥാനം നല്‍കിക്കൊണ്ടാണ്. കാരണം ഖുര്‍ആനില്‍ വ്യാപിച്ചു കിടക്കുന്ന അല്ലാഹുവിന്റെ കല്‍പനയാണ് ‘നിങ്ങള്‍ അല്ലാഹുവിനേയും റസൂലിനേയും അനുസരിക്കണം’ എന്നത്. അല്ലാഹുവെ അനുസരിക്കുക എന്നാല്‍ ഖുര്‍ആനിനെ അനുസരിക്കലാണ്. റസൂലിനെ അനുസരിക്കലിന്റെ ഉദ്ദേശ്യം നബിചര്യയെ പിന്തുടരലാണ്.
ഹദീസുകള്‍ പരിശോധിച്ചാലും നബിചര്യക്ക് രണ്ടാം സ്ഥാനമാണ്. നബി(സ) പറയുന്നു: ”രണ്ടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ അവശേഷിപ്പിച്ചിരിക്കുന്നു. അത് രണ്ടും മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ ഒരിക്കലും വഴിപിഴച്ചു പോകുന്നതല്ല. അല്ലാഹുവിന്റെ കിതാബും നബിയുടെ ചര്യയുമാണത്.” (മാലിക് മുവത്വ)
ഖുര്‍ആനിനും സുന്നത്തിനും ഒരേ സ്ഥാനം നല്‍കല്‍ അല്ലാഹുവിനും റസൂലിനും തുല്യ സ്ഥാനം നല്‍കുന്നതു പോലെയാണ്. അത് ഈ അടുത്ത കാലത്ത് ചിലര്‍ നിര്‍മിച്ച പുതിയ വാദമാണ്. അഹ്്ലുസ്സുന്നയുടെവാദമല്ല.

Back to Top