20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

നബിയുടെ ജന്മദിനാഘോഷവും സംഭവങ്ങളും

എം ഖാലിദ് നിലമ്പൂര്‍

ഞാന്‍ കുറെ മുമ്പ് ഒരു ചെറിയ ടെക്‌സ്‌റ്റൈല്‍ ഷോപ്പ് നടത്തിയിരുന്നു. ഒരു ദിവസം രാവിലെ വെള്ളവസ്ത്രം ധരിച്ച രണ്ടുമൂന്ന് മുസ്‌ലിയാര്‍ കുട്ടികള്‍ കയറിവന്നു. ”നബി തങ്ങളുടെ ജന്മദിനം അല്ലേ ഈ മാസത്തില്‍, ഞങ്ങള്‍ക്ക് നബിയുടെ ഒരു ‘മദ്ഹ്പാട്ട്’ അച്ചടിക്കാന്‍ ഉദ്ദേശമുണ്ട്, കടയുടെ പരസ്യം കിട്ടാന്‍ വന്നതാണ്”.
എനിക്കഭിപ്രായമുള്ളൊരു കാര്യമൊന്നുമല്ല. എന്നാലും കുട്ടികളല്ലേ, ഞാന്‍ പറഞ്ഞു: ‘പരസ്യത്തിനൊക്കെ ഒരുപാട് കാശാവില്ലേ, ഞാന്‍ സംഭാവനയായി അഞ്ചോ പത്തോ തരാം’
”ദൂരസ്ഥലത്തേക്കൊക്കെ കോപ്പികളെത്തുന്നതാണ്, പരസ്യം കണ്ട് പലയിടങ്ങളില്‍ നിന്നും തുണിസാധനത്തിന് ആളുകളിവിടെ എത്തില്ലേ?’. ഇതുകേട്ട് ഞാന്‍ ചെറുതായി ചിരിച്ചു. അവര്‍ അടവ് മാറ്റി: ‘ഏതായാലും, നബിദിനത്തിന്റെ പേരിലല്ലേ, നല്ല കാര്യമല്ലേ?’ ‘അങ്ങനാണെങ്കിലെന്റെ അഭിപ്രായം ഞാനും പറയട്ടെ: ഒരു കുട്ടി ജനിക്കുന്നു. നബിയാവും ഭാവിയിലെന്ന് ആര്‍ക്കും അറിയില്ല. ഇപ്പോള്‍ പറയുന്ന ജന്മദിനം ശരിയോ തെറ്റോ ആവാം. ചരമദിനം ശരിയാവും, കാരണം, അപ്പോഴേക്കും അദ്ദേഹത്തെ ലോകമറിഞ്ഞ് കഴിഞ്ഞല്ലോ’.
ഇത് കേട്ടപ്പോഴേക്കും അവര്‍ അതിശയത്തില്‍: ‘എന്താ നിങ്ങള്‍ പറയണത്, നബി ജനിച്ച സമയത്ത് കഅ്ബയിലെ പ്രതിമകള്‍ എല്ലാം മറിഞ്ഞ് വീണില്ലേ?’. ‘ശരിയാവും. യാദൃച്ഛികമായി അത് മക്കയിലുണ്ടായി കാണും, ബിംബങ്ങള്‍ മറിഞ്ഞ് വീണും കാണും. മഹാന്‍മാരുടേത് മാത്രമേ യാദൃച്ഛിക സംഭവം ആയാലും നാം ഗൗരവമായി എടുക്കൂ. ഉദാഹരണത്തിന്, ഞാന്‍ ജനിച്ച കൊല്ലമാണ് ആറു കൊല്ലം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധമവസാനിച്ചത്. ഞാനൊരു സാധാരണക്കാരനായതു കൊണ്ട് ആരുമത് ശ്രദ്ധിക്കുന്നില്ല. മറിച്ച്, ഞാന്‍ അറിയപ്പെടുന്ന ഒരാളായിരുന്നെങ്കില്‍, കുട്ടികളുടെ പാഠപുസ്തകത്തിലവര്‍ പഠിക്കേണ്ടി വരുമായിരുന്നില്ലേ. അവര്‍ സ്ഥലം വിട്ടു.
അവര്‍ വല്യ ഉസ്താദിനോട് സംഭവം പറഞ്ഞ് കാണണം, അന്നത്തെ നബിദിനയോഗത്തില്‍ പ്രസംഗിച്ച മുഖ്യ പണ്ഡിതന്‍ പ്രത്യേകമെടുത്ത് പറഞ്ഞുവത്രെ: ‘അവിടണ്ടൊരു തുണികടക്കാരന്‍, നബിയെ പറ്റി ഇങ്ങനെ പറഞ്ഞു, അങ്ങനെ പറഞ്ഞു….’ എല്ലാര്‍ക്കും മനസ്സിലായി തുണികടക്കാരനാരെന്ന്, പണമുടക്കില്ലാതെ തന്നെ വന്‍പരസ്യം എന്റെ കടക്കുംകിട്ടി.

Back to Top