5 Wednesday
February 2025
2025 February 5
1446 Chabân 6

സൂക്ഷ്മതയുടെ വഴി

എം ടി അബ്ദുല്‍ഗഫൂര്‍


നബി(സ)യുടെ പൗത്രനും അവിടുത്തെ സ്‌നേഹനിധിയുമായ അബൂ മുഹമ്മദ് ഹസന്‍ ബിന്‍ അലിയ്യുബ്‌നു അബീത്വാലിബ് പറയുന്നു. നിനക്ക് സംശയമുണ്ടാക്കുന്ന കാര്യങ്ങള്‍ നീ ഉപേക്ഷിക്കുകയും സംശയത്തിന്നിടയില്ലാത്തവ നീ പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്ന് നബിതിരുമേനിയില്‍ നിന്ന് ഞാന്‍ മനപ്പാഠമാക്കിയിരിക്കുന്നു. (തിര്‍മിദി, നസാഈ)

മതനിയമങ്ങള്‍ സ്വീകരിക്കുന്നതിലെ വ്യക്തതയും സൂക്ഷ്മതയും വിവരിക്കുന്ന വളരെ പ്രധാനപ്പെട്ട തിരുവചനമാണിത്. മനസ്സിന് സ്വസ്ഥതയും സമാധാനവും ലഭിക്കുന്നതിനുള്ള മാര്‍ഗം കൂടിയാണിത്. ഹലാല്‍ ഹറാമുകള്‍ വ്യക്തമാണെങ്കിലും ചില കാര്യങ്ങള്‍ സംശയാസ്പദമായി തോന്നിയേക്കാം. ഒരു കാര്യം നിഷിദ്ധമാണോ നിഷിദ്ധമല്ലയോ എന്ന് സംശയമുണ്ടാവുന്ന സന്ദര്‍ഭങ്ങളില്‍ ഉറപ്പുള്ളതിനെ സ്വീകരിക്കുകയും ഉറപ്പില്ലാത്തത് വെടിയുകയും ചെയ്യുന്നത് സൂക്ഷ്മതയുടെ ഭാഗമാണെന്ന് ഈ തിരുവചനം പഠിപ്പിക്കുന്നു.
ആചാരാനുഷ്ഠാനങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, വിവാഹ ബന്ധങ്ങള്‍ തുടങ്ങി പല കാര്യങ്ങളിലും അനുവദനീയമോ നിഷിദ്ധമോ എന്ന കാര്യത്തില്‍ സംശയത്തിലായാല്‍ സംശയമില്ലാത്തതും നിരുപദ്രവകരമായതും സ്വീകരിക്കുകയാണ് സൂക്ഷ്മതയിലേക്കുള്ള വഴിയെന്ന പാഠമാണ് ഈ തിരുവചനം നല്‍കുന്നത്. നമസ്‌കരിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തി റക്അത്തുകളുടെ എണ്ണത്തില്‍ ചിലപ്പോള്‍ സംശയത്തിലകപ്പെടാം. അപ്പോള്‍ കൃത്യമായ ധാരണയുള്ളതിനെ സ്വീകരിക്കാനാണ് മതം പഠിപ്പിക്കുന്നത്.
നിഷിദ്ധമായ മാര്‍ഗത്തിലൂടെയുള്ള സമ്പാദ്യം അനുവദനീയമല്ല എന്നത് അവിതര്‍ക്കിതമാണ്. എന്നാല്‍ നിഷിദ്ധമായവ കൂടിക്കലര്‍ന്നിട്ടുണ്ടോ എന്ന് സംശയത്തിലായാല്‍ അത് സ്വീകരിക്കാതിരിക്കലാണ് ഉത്തമമായ മാര്‍ഗം. കാരണം നിഷിദ്ധവും സംശയാസ്പദവുമായവ വെടിയുന്നതിലൂടെയാണ് മനസ്സമാധാനം ലഭിക്കുന്നത്.
വിവാഹം നിഷിദ്ധമാക്കപ്പെട്ടവരാണ് മുലകുടി ബന്ധത്തിലൂടെയുള്ള സഹോദരങ്ങള്‍. വിവാഹമാലോചിക്കുന്ന വധൂവരന്മാര്‍ മുലകുടി ബന്ധത്തിലൂടെയുള്ള സഹോദരന്മാരാണെന്ന് കണ്ടാല്‍ ആ വിവാഹം അനുവദനീയമല്ല. അക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ സംശയമുള്ളതിനെ ഒഴിവാക്കുകയും ഇല്ലാത്തതിനെ സ്വീകരിക്കുകയും ചെയ്യാന്‍ ഈ നബിവചനം നിര്‍ദേശിക്കുന്നു.
ഉറപ്പുള്ളതും സംശയമുള്ളതും എതിരായി വന്നാല്‍ ഉറപ്പുള്ളതിനെ സ്വീകരിക്കുകയും സംശയമുള്ളതിനെ ഒഴിവാക്കുകയും ചെയ്യുകയെന്നത് സൂക്ഷ്മതയ്ക്ക് ഏറ്റവും അനുയോജ്യമത്രെ. മനസ്സിന് സമാധാനവും ആശ്വാസവും ലഭിക്കുന്നത് അപ്പോഴാണ്. ഇസ്‌ലാമിക നിയമങ്ങളുടെ സുതാര്യതയും തെളിമയുമാണ് ഈ വചനത്തിലൂടെ തിരുനബി(സ) പഠിപ്പിക്കുന്നത്.

Back to Top