5 Friday
December 2025
2025 December 5
1447 Joumada II 14

മുസ്‌ലിം സമുദായത്തെ കുത്തിനോവിക്കുന്നത് സി പി എം അവസാനിപ്പിക്കണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


പുളിക്കല്‍: പുരോഗമനത്തിന്റെയും ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെയും ഹിജാബിന്റെയും പേരു പറഞ്ഞ് മുസ്‌ലിം സമുദായം യാഥാസ്ഥിതികരും പിന്തിരിപ്പന്‍മാരും കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാത്തവരുമാണെന്നൊക്കെ അധിക്ഷേപിച്ച് നിരന്തരം കുത്തിനോവിക്കുന്നത് കമ്യൂണിസ്റ്റുകള്‍ അവസാനിപ്പിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമ്പൂര്‍ണ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മുഖ്യധാരയില്‍ തോളോട് തോള് ചേര്‍ന്നിരിക്കുന്ന മുസ്‌ലിം സമുദായത്തെ ക്കുറിച്ച് സി പി എമ്മിന്റെ ഉത്തരവാദപ്പെട്ടവര്‍ക്കു പോലും ഇപ്പോഴും ശരിയായ കാഴ്ചപ്പാടില്ലാതെ പോകുന്നത് രാഷ്ട്രീയ ദുരന്തമാണ്. പുരോഗമന പട്ടത്തിന്റെ പേരില്‍ ആരുടെയും അനുകമ്പ മുസ്‌ലിം സമുദായത്തിനാവശ്യമില്ല. മുസ്‌ലിം സമുദായ പ്രശ്‌നങ്ങളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഉദ്യോഗ, വിദ്യാഭ്യാസ, തൊഴില്‍, ഭരണ മേഖലയില്‍ അവര്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം വകവെച്ചു കൊടുക്കാന്‍ തയ്യാറാവുകയാണ് വേണ്ടത്. മുജാഹിദ് സമ്മേളനത്തിന്റെ മുന്നോടിയായി സംസ്ഥാത്തെ രണ്ടായിരം കേന്ദ്രങ്ങളില്‍ സൗഹൃദമുറ്റം പരിപാടി സംഘടിപ്പിക്കും. ഗൃഹസമ്പര്‍ക്കം, പൊതു പ്രഭാഷണങ്ങള്‍, സമ്മേളന സന്ദേശയാത്ര, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ വൈസ് പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ ജെ യു പ്രസിഡന്റ് പ്രൊഫ. എ അബ്ദുല്‍ ഹമീദ് മദീനി, കെ ജെ യു സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, സി എ സഈദ് ഫാറൂഖി, എം അഹ്‌മദ് കുട്ടി മദനി, കെ പി അബ്ദുറഹ്‌മാന്‍ സുല്ലമി, കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, സി മമ്മു, സി ടി ആയിശ, സി അബ്ദുല്ലത്തീഫ്, ഡോ. ഐ പി അബ്ദുസ്സലാം, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. അനസ് കടലുണ്ടി, ബി പി എ ഗഫൂര്‍, ഫൈസല്‍ നന്മണ്ട, ഡോ. അന്‍വര്‍ സാദത്ത്, ജസീം സാജിദ്, ആദില്‍ നസീഫ്, അഫ്‌നിദ പുളിക്കല്‍, അബ്ദുസ്സലാം പുത്തൂര്‍, ഫഹീം പുളിക്കല്‍, റഫീഖ് നല്ലളം പ്രസംഗിച്ചു.

Back to Top