10 Friday
January 2025
2025 January 10
1446 Rajab 10

പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവി; വിജ്ഞാനത്തിന്റെ പൂമരം

ഹാറൂന്‍ കക്കാട്‌


കേരളത്തിന്റെ ധാര്‍മിക വളര്‍ച്ചയില്‍ നാട്യങ്ങളില്ലാത്ത ജീവിതത്തിലൂടെ സുവര്‍ണമുദ്രകള്‍ ചാര്‍ത്തിയ കര്‍മയോഗിയായിരുന്നു പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവി. 1903ല്‍ മലപ്പുറം ജില്ലയിലെ കോട്ടക്കലിന് അടുത്ത പറപ്പൂരില്‍ ടി അഹ്മദ് മുസ്‌ല്യാരുടെ മകനായാണ് ജനനം. വെല്ലൂര്‍ ലത്തീഫിയ്യാ കോളജില്‍ നിന്ന് ബിരുദം നേടിയ പിതാവില്‍ നിന്നു അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്നു കൊടുങ്ങല്ലൂര്‍, വടകര, മലപ്പുറം ചെമ്മങ്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ പള്ളി ദര്‍സുകളില്‍ ചേര്‍ന്ന് മതവിജ്ഞാനീയങ്ങള്‍ അഭ്യസിച്ചു.
ഉപരിപഠനം വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിലായിരുന്നു. ഫാദില്‍ ബാഖവി ബിരുദം നേടിയ ശേഷം വാഴക്കാട് ദാറുല്‍ ഉലൂമിലും പഠിച്ചു. മലപ്പുറം ഊരകം കീഴ്മുറി ജുമുഅത്ത് പള്ളിദര്‍സിലാണ് അധ്യാപന ജീവിതത്തിന് തുടക്കമിട്ടത്. ഇതേ സമയം തന്നെ ഗോളശാസ്ത്ര പഠനത്തിനും അദ്ദേഹം പ്രത്യേക സമയം കണ്ടെത്തി. കൈപ്പറ്റ വീരാന്‍കുട്ടി മുസ്‌ല്യാര്‍ ആയിരുന്നു ഗുരുനാഥന്‍. പാലക്കാട് ജില്ലയിലെ പാലക്കാഴി പള്ളിയില്‍ അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ട കാലത്താണ് പറപ്പൂര്‍ മൗലവിയുടെ ജീവിതം പൂര്‍ണമായും നവോത്ഥാന ആശയങ്ങളാല്‍ കരുത്താര്‍ജിച്ചത്. ഇക്കാലത്ത് വായിച്ച ‘അദ്ദീനുല്‍ ഖാലിസ്’ എന്ന ഗ്രന്ഥം മൗലവിയുടെ ധിഷണയെ ഏറെ സ്വാധീനിച്ചു. പിന്നീട് നവോത്ഥാനത്തിന് ശക്തി പകരാന്‍ അത്യാകര്‍ഷകമായ പ്രഭാഷണങ്ങളിലൂടെ മൗലവി രംഗത്തിറങ്ങി.
നവോത്ഥാന സംരംഭങ്ങള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണാണ് പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര. ഇവിടെ കൊമ്പന്‍കല്ലിങ്ങല്‍ എന്ന സ്ഥലം കേന്ദ്രീകരിച്ച് കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. എടവണ്ണ അലവി മൗലവിയും തൃപ്പനച്ചി മുഹമ്മദ് മൗലവിയുമായിരുന്നു പ്രഭാഷകര്‍. ഈ പരിപാടിയെ തുടര്‍ന്നു ക്ഷുഭിതരായ യാഥാസ്ഥിതികരുടെ കേന്ദ്രത്തില്‍ പിന്നീട് അസൂയാര്‍ഹമായ മുന്നേറ്റങ്ങളാണ് പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവിയുടെ നേതൃത്വത്തില്‍ നടന്നത്. എടത്തനാട്ടുകരയില്‍ മൗലവി നടത്തിയ ആദ്യ പ്രഭാഷണ പരിപാടിക്കു തന്നെ നിരവധി സത്യാന്വേഷികളെ സ്വാധീനിക്കാന്‍ കഴിഞ്ഞു.
പിന്നീട് അദ്ദേഹം വിവിധ പ്രദേശങ്ങളില്‍ നടത്തിയ പ്രഭാഷണ പരിപാടികള്‍ക്ക് പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യാഥാസ്ഥിതികര്‍ കനത്ത പ്രതിരോധം തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും അദ്ദേഹത്തെ ഒരു നിലയ്ക്കും തളര്‍ത്താന്‍ കഴിഞ്ഞില്ല. ശക്തമായ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും പല ഘട്ടങ്ങളിലായി വ്യത്യസ്ത രൂപത്തില്‍ ഉയര്‍ന്നപ്പോഴും തന്റെ ബോധ്യങ്ങളില്‍ ചങ്കുറപ്പോടെ മൗലവി ഉറച്ചുനിന്നു. അതോടെ എടത്തനാട്ടുകരയിലും പരിസര പ്രദേശങ്ങളിലും വന്‍തോതില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ മൗലവിയുടെ പ്രഭാഷണങ്ങളിലൂടെ സാധ്യമായി.
എടത്തനാട്ടുകരയില്‍ മാത്രം ഒതുങ്ങിയില്ല പറപ്പൂര്‍ മൗലവിയുടെ പരിവര്‍ത്തനോന്മുഖമായ പ്രവര്‍ത്തനങ്ങള്‍. പില്‍ക്കാലത്ത് പ്രധാന നവോത്ഥാന കേന്ദ്രങ്ങളായി മാറിയ കോഴിക്കോട് ജില്ലയിലെ നന്മണ്ട ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ സത്യത്തിന്റെ ശക്തമായ വേരോട്ടവും വളര്‍ച്ചയും സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കൊണ്ട് സാധിച്ചു. ഒരിക്കല്‍ എടത്തനാട്ടുകരയ്ക്ക് സമീപം കുളപ്പറമ്പില്‍ വെച്ച് പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിനു നേരെ ഉയര്‍ത്തിയ വാദപ്രതിവാദ വെല്ലുവിളി പ്രദേശവാസികളായ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റായിരുന്ന എന്‍ മമ്മു മൗലവി തൊടികപ്പുലം, എടവണ്ണ അലവി മൗലവി, പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവി, കരുവള്ളി മുഹമ്മദ് മൗലവി തുടങ്ങിയവരായിരുന്നു യാഥാസ്ഥിതികരെ നേരിടാന്‍ കുളപ്പറമ്പില്‍ എത്തിയത്.
വാദപ്രതിവാദത്തിനു വേണ്ടി സ്റ്റേജും അനുബന്ധ കാര്യങ്ങള്യം ഉള്‍പ്പെടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെങ്കിലും പരാജയഭീതിയെ തുടര്‍ന്നു പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ല്യാര്‍ അവസാന നിമിഷം വാദപ്രതിവാദത്തില്‍ നിന്നു പിന്മാറി. അദ്ദേഹത്തിന്റെ ഈ ഒഴിഞ്ഞുമാറ്റത്തിലെ വസ്തുതകള്‍ അറിയിക്കാനായി ‘പാങ്ങു പെട്ട പാട്’ എന്ന തലക്കെട്ടില്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ ഒരു നോട്ടീസ് പ്രസിദ്ധീകരിച്ചു വ്യാപകമായി വിതരണം ചെയ്തു. ഇതിന് മറുപടിയായി ‘പറപ്പൂരിന്റെ പുറപ്പാട്’ എന്ന തലക്കെട്ടില്‍ മറുവിഭാഗവും നോട്ടീസ് പുറത്തിറക്കി. സത്യാവസ്ഥ മനസ്സിലാക്കിയവര്‍ ‘പറപ്പൂരിന്റെ പുറപ്പാടില്‍ പാങ്ങു പെട്ട പാട്’ എന്ന നിലയിലാണ് വിഷയത്തോട് പ്രതികരിച്ചത്. യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട നിരവധി പേര്‍ ഈ സംഭവത്തെ തുടര്‍ന്ന് നവോത്ഥാന പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരായി. എടത്തനാട്ടുകരയില്‍ സ്ഥിരതാമസമാക്കിയ പറപ്പൂര്‍ മൗലവി പ്രദേശത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പിറവിക്ക് മുമ്പില്‍ നിന്നു പ്രവര്‍ത്തിച്ചു. 1950 മുതല്‍ ജീവിതാന്ത്യം വരെ എടത്തനാട്ടുകര ഓര്‍ഫനേജിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമായും പ്രവര്‍ത്തിച്ചിരുന്നു.
കേരളത്തില്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിന് എല്ലാ തലങ്ങളിലും നേതൃത്വം നല്‍കാന്‍ സിദ്ധിയാര്‍ജിച്ച പണ്ഡിതന്മാരെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞ അധ്യാപകന്‍ എന്ന നിലയില്‍ പറപ്പൂര്‍ മൗലവിക്ക് ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ട്. രണ്ടത്താണി പി സെയ്ദ് മൗലവി, ടി പി ആലു മൗലവി, ടി പി ഉണ്ണിമമ്മദ് മൗലവി, കുമരനെല്ലൂര്‍ ഫരീദുദ്ദീന്‍ മൗലവി, വെള്ളേങ്ങര അയമുട്ടി മൗലവി, ആനമങ്ങാട് മുഹ്‌യുദ്ദീന്‍കുട്ടി മൗലവി, ഊരകം മൂസ മൗലവി തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. പി സെയ്ദ് മൗലവിയെ വലിയ തോതില്‍ സ്വാധീനിച്ച പണ്ഡിതനാണ് പറപ്പൂര്‍ മൗലവി. യാഥാസ്ഥിതിക വിശ്വാസങ്ങളുടെ പ്രചാരകനായിരുന്ന സെയ്ദ് മൗലവിയെ നവോത്ഥാന ആശയങ്ങളിലേക്ക് വഴിനടത്തിയ ഗുരുനാഥനാണ് അദ്ദേഹം. ഇരുവരും തമ്മില്‍ ആദര്‍ശവിഷയങ്ങളില്‍ നിരന്തരമായ സംവാദങ്ങള്‍ നടന്നിരുന്നു. അവസാനം പറപ്പൂര്‍ മൗലവിയുടെ വലംൈകയായി മാറിയ സെയ്ദ് മൗലവി ഇസ്‌ലാഹി പ്രസ്ഥാനത്തിലെ ഉജ്ജ്വല നക്ഷത്രമായി പ്രശോഭിച്ചു.
നവോത്ഥാന ചരിത്രത്തിന് കനപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ച ഈ ഗുരുവിന്റെയും ശിഷ്യന്റെയും ആത്മവിശ്വാസം തകര്‍ക്കാന്‍ കുത്സിതമായ ശ്രമങ്ങള്‍ യാഥാസ്ഥിതികരില്‍ നിന്നുയര്‍ന്നു. ഒരിക്കല്‍ രണ്ടത്താണി ഇര്‍ശാദുല്‍ അനാം മദ്‌റസയില്‍ പി സെയ്ദ് മൗലവി ക്ലാസെടുക്കുകയായിരുന്നു. അതിനിടയില്‍ ഒരാള്‍ വന്നു മൗലവിയെ പുറത്തേക്കു വിളിച്ചുകൊണ്ടുപോയി എന്തോ സംസാരിച്ചു. തിരിച്ചുവന്ന മൗലവി ഒരക്ഷരം ഉരിയാടാതെ മേശമേല്‍ തലതാഴ്ത്തി കമഴ്ന്നുകിടന്ന് പൊട്ടിക്കരഞ്ഞു. കുട്ടികള്‍ക്കൊന്നും കാര്യം മനസ്സിലായില്ല. മദ്‌റസാ വിദ്യാര്‍ഥികളില്‍ മൗലവിയുടെ മൂത്ത പുത്രന്‍ അബ്ദുറഹ്മാന്‍ അന്‍സാരിയും ഉണ്ടായിരുന്നു. ‘എന്തു പറ്റി ഉപ്പാ, എന്താണുണ്ടായത്?’ അന്‍സാരി ചോദിച്ചു. ‘ഉപ്പാന്റെ ഉസ്താദ് മരിച്ചുപോയി’ എന്ന് മൗലവി വിതുമ്പിക്കൊണ്ട് പറഞ്ഞു.
പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവി മരിച്ചുവെന്ന വാര്‍ത്തയായിരുന്നു ആഗതന്‍ അറിയിച്ചത്. എന്നാല്‍ ആ വാര്‍ത്ത കളവായിരുന്നു. ഇങ്ങനെ മൂന്നുനാലു തവണ പറപ്പൂര്‍ മൗലവി മരിച്ചുവെന്ന വ്യാജവാര്‍ത്ത യാഥാസ്ഥിതികര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത്തരം കള്ളപ്രചാരണങ്ങള്‍ക്കു ശേഷം ഏറെക്കാലം കഴിഞ്ഞാണ് അദ്ദേഹം മരിച്ചത്.
മതമുദ്രകള്‍ മാതൃകയാക്കിയ ചിട്ടയായ ജീവിതക്രമം അവസാന നിമിഷം വരെ പുലര്‍ത്തുന്നതില്‍ മൗലവി അങ്ങേയറ്റം ശ്രദ്ധിച്ചു. പറപ്പൂര്‍ മൗലവി എന്ന വിജ്ഞാനത്തിന്റെ പൂമരം പോയ്മറഞ്ഞെങ്കിലും ആ പാദമുദ്രകളില്‍ എല്ലാ തലമുറകള്‍ക്കും അനുകരിക്കാവുന്ന മാതൃകകള്‍ വേണ്ടുവോളമുണ്ട്. 1962 ജനുവരിയില്‍ 59ാം വയസ്സില്‍ പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവി നിര്യാതനായി. ഭൗതിക ശരീരം എടത്തനാട്ടുകര പൂക്കാടഞ്ചേരി പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.

Back to Top