31 Friday
January 2025
2025 January 31
1446 Chabân 1

സുന്നത്ത് ജമാഅത്തിന്റെ യഥാര്‍ഥ ആളുകള്‍ ആരാണ്?

മുസ്തഫ നിലമ്പൂര്‍


അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് എന്ന പദം കേള്‍ക്കാത്തവരായി മുസ്‌ലിംകളില്‍ ആരുമുണ്ടാവാന്‍ സാധ്യതയില്ല. അത്രയധികം ചര്‍ച്ച ചെയ്യപ്പെടുന്ന പദമാണിത്. എല്ലാ വിഭാഗങ്ങളും തങ്ങളാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് എന്ന് സ്വയം അവകാശപ്പെടാറുണ്ട്. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് എന്നാല്‍ എന്താണ്? അതിന്റെ അര്‍ഥവും ആശയവും എന്താണ്? ആരാണ് ഈ വിശേഷണത്തിന് അര്‍ഹര്‍ എന്ന് കൃത്യമായി മനസ്സിലാക്കിയവര്‍ വളരെ വിരളമാണ്. കേരളത്തില്‍ സങ്കുചിതവും യാഥാര്‍ഥ്യവിരുദ്ധവുമായ അര്‍ഥത്തില്‍ ഈ പദം പ്രയോഗിക്കാറുണ്ട്. സകലവിധ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുകയും ആചരിക്കുകയും പരിരക്ഷിക്കുകയും പ്രമാണങ്ങളെ കൊഞ്ഞനം കുത്തുകയും ചെയ്യുന്ന വിഭാഗങ്ങള്‍ ഈ പേരിന് അവകാശവാദം ഉന്നയിക്കാറുണ്ട്.
അവ്യയങ്ങള്‍ ഒഴിവാക്കിയാല്‍ ഇതില്‍ മൂന്നു പദങ്ങളാണുള്ളത്. അഹ്‌ല്, സുന്നത്ത്, ജമാഅത്ത്. അഹ്‌ല് എന്ന പദത്തിന് ആളുകള്‍, അര്‍ഹതപ്പെട്ടവര്‍, അവകാശികള്‍ എന്നെല്ലാം അര്‍ഥമുണ്ട്. സുന്നത്ത് എന്നാല്‍ ഭാഷാപരമായി ചര്യ, മാര്‍ഗം, വിവരണം എന്നും ജമാഅത്ത് എന്നാല്‍ സംഘം എന്നുമാണ് അര്‍ഥം. മതപരമായി സുന്നത്ത് എന്നു പറയുന്നത് നബി(സ)യുടെ ചര്യക്കാണ്. ഖുര്‍ആന്‍ ഇതിനെ ഹിക്മത്ത് എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. നബിയുടെ വാക്കും പ്രവൃത്തിയും അംഗീകാരവും ഉദ്യമവും സുന്നത്തില്‍ പെട്ടതാണ്. ഇബ്‌നു ഹജറുല്‍ അസ്ഖലാനി പറയുന്നു: ”നബിയുടെ വാക്കും പ്രവൃത്തിയും അംഗീകാരവും അദ്ദേഹം ചെയ്യാന്‍ ഉദ്ദേശിച്ചതുമാണ് സുന്നത്ത്” (ഫത്ഹുല്‍ബാരി, കിതാബു ഇഅ്തിസാം ബില്‍ കിതാബി വസ്സുന്നഃ).
അല്‍ ജമാഅത്ത് എന്നതിന്റെ മതപരമായ വിവക്ഷ ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ഖാദിര്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: ”റസൂല്‍ നടപ്പില്‍ വരുത്തിയ കാര്യങ്ങളാണ് സുന്നത്ത്. സച്ചരിതരായ ഖലീഫമാരുടെ ഖിലാഫത്ത് കാലത്ത് സ്വഹാബത്ത് കൈക്കൊണ്ട അഭിപ്രായമാണ് അല്‍ ജമാഅത്ത്” (ഗുന്‍യത്). അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് എന്നതുകൊണ്ടുള്ള വിവക്ഷ നബി ജീവിതത്തില്‍ നടപ്പാക്കിയതും നിര്‍ദേശിച്ചതും ഏകകണ്ഠമായി സഹാബികള്‍ അംഗീകരിച്ചതിനെയും അവലംബിക്കുന്നവരാണ് എന്ന് വ്യക്തം.
നബിയോ അവിടത്തെ സച്ചരിതരായ സഹാബിമാരോ ചെയ്യാത്ത ഒരു കാര്യവും ദീനില്‍ അനുവദനീയമല്ല. നബി പറഞ്ഞു: ”ജനങ്ങളേ, നിങ്ങളെ സ്വര്‍ഗവുമായി അടുപ്പിക്കുന്നതും നരകത്തില്‍ നിന്ന് അകറ്റുന്നതുമായ ഒരു കാര്യവും ഞാന്‍ നിങ്ങളോട് കല്‍പിക്കാതിരുന്നിട്ടില്ല. നിങ്ങളെ നരകത്തിലേക്ക് അടുപ്പിക്കുകയും സ്വര്‍ഗത്തില്‍ നിന്ന് അകറ്റുകയും ചെയ്യുന്ന ഒരു കാര്യവും ഞാന്‍ നിങ്ങളോട് വിരോധിക്കാതിരുന്നിട്ടുമില്ല” (ബൈഹഖി, ശുഅബുല്‍ ഈമാന്‍).
നബി പഠിപ്പിച്ച ചര്യ അനുസരിച്ച് ജീവിച്ച് സ്വര്‍ഗപ്രവേശം നേടുകയാണ് നാം ചെയ്യേണ്ടത്. ”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്” (വി.ഖു. 33:21).
ദീനില്‍ ഇല്ലാത്തവ പുതുതായി നിര്‍മിച്ചാല്‍ അവന്റെ മടക്കസ്ഥാനം നരകമാണ്. അവര്‍ കാഫിറുകളാണ്. അല്ലാഹു പറഞ്ഞു: ”പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്നപക്ഷം അല്ലാഹു സത്യനിഷേധികളെ സ്‌നേഹിക്കുന്നതല്ല, തീര്‍ച്ച” (3:32).
നബി പറഞ്ഞു: ”നമ്മുടെ ഈ കാര്യത്തില്‍ അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളിക്കളയേണ്ടതാകുന്നു” (ബുഖാരി, മുസ്‌ലിം). അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കാത്തവര്‍ സത്യനിഷേധികളാണ് എന്നു മേല്‍വചനം ബോധ്യപ്പെടുത്തുന്നു.
”തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കു വേണ്ടി ജ്വലിക്കുന്ന നരകാഗ്‌നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ ശാശ്വതവാസികളായിരിക്കും. യാതൊരു രക്ഷാധികാരിയെയും സഹായിയെയും അവര്‍ കണ്ടെത്തുകയില്ല. അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്‌മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!” (33:64-66).
അല്ലാഹു പറഞ്ഞു: ”ആകയാല്‍ അദ്ദേഹത്തിന്റെ കല്‍പനയ്ക്ക് എതിരു പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചുകൊള്ളട്ടെ” (24:63).
നബി കല്‍പിച്ചത് പിന്‍പറ്റുന്നതോടൊപ്പം നബി വിരോധിച്ചതും കല്‍പിക്കാത്തത് മതത്തില്‍ പുതുതായി ഉണ്ടാക്കുന്നതും വെടിയുകയും വേണം. അതാണ് സുന്നത്ത് ജമാഅത്തിന്റെ മാതൃക. ഒരാള്‍ ഇബ്‌നു ഉമറി(റ)ന്റെ സമീപത്തു വെച്ച് തുമ്മുകയും ശേഷം അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചതോടൊപ്പം പ്രവാചകന്റെ മേല്‍ സലാം പറയുകയും ചെയ്തു. ഇതു കേട്ട ഇബ്‌നു ഉമര്‍ അദ്ദേഹത്തോട് പറഞ്ഞു: ‘നബി ഇപ്രകാരം നമ്മെ പഠിപ്പിച്ചിട്ടില്ല.’ (അതിനാല്‍ അതോടൊപ്പം ഒരു സ്വലാത്ത് അധികമായി ചൊല്ലാന്‍ പാടില്ല). (സംഗ്രഹം, തിര്‍മിദി 2738).
തുമ്മിയാല്‍ പ്രവാചകന്റെ മേല്‍ സലാം പറയരുത് എന്ന് നബി പ്രത്യേകം വിരോധിച്ചിട്ടില്ല. പ്രത്യേകപ്പെടുത്താതെ നബിക്ക് സലാത്തും സലാമും പുണ്യമായിട്ടും തുമ്മിയാല്‍ അത് നിര്‍വഹിക്കല്‍ നബിയുടെ മാതൃക ഇല്ലാത്തതിനാല്‍ ഇബ്‌നു ഉമര്‍ അദ്ദേഹത്തെ അതില്‍ നിന്നു വിലക്കുന്നു.
നബി പറഞ്ഞു: ”എന്റെ മേല്‍ കളവു പറയുന്നത് മറ്റുള്ളവരുടെ മേല്‍ കളവ് പറയുന്നതുപോലെയല്ല. ആരെങ്കിലും ബോധപൂര്‍വം എന്റെ മേല്‍ കള്ളം പറഞ്ഞാല്‍ അവന്‍ അവന്റെ ഇരിപ്പിടം നരകത്തില്‍ ഒരുക്കിക്കൊള്ളട്ടെ” (ബുഖാരി).
പള്ളിയില്‍ എണ്ണം പിടിച്ചു ദിക്‌റില്‍ മുഴുകിയവരെ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), അബൂമൂസല്‍ അശ്അരി(റ) തുടങ്ങിയ സഹാബിമാര്‍ താക്കീത് നല്‍കിയത് ഇതേ കാരണത്താലാണ് (സംഗ്രഹം, സുനനു ദാരിമി 204).
ഇബ്‌നു മസ്ഊദ്(റ) നിവേദനം: നബി പറഞ്ഞു: ”എനിക്കു മുമ്പ് ഏതൊരു സമൂഹത്തിലേക്ക് പ്രവാചകന്മാരെ നിയോഗിച്ചപ്പോഴും, ആ സമൂഹത്തില്‍ അദ്ദേഹത്തിന്റെ ചര്യ സ്വീകരിക്കുകയും കല്‍പന പിന്തുടരുകയും ചെയ്യുന്ന സഹായികളും സഹചാരികളും ഉണ്ടായിരുന്നു. പിന്നീട് അവര്‍ക്കു ശേഷം ദുഷിച്ച പിന്‍ഗാമികള്‍ വരുകയായി. അവര്‍ പ്രവര്‍ത്തിക്കാത്തത് പറയുകയും കല്‍പിക്കാത്തത് പ്രവര്‍ത്തിക്കുകയും ചെയ്യും. അപ്പോള്‍ അവരോട് കൈ കൊണ്ട് ജിഹാദ് ചെയ്യുന്നവന്‍ വിശ്വാസിയാണ്. അവരോട് നാവുകൊണ്ട് ജിഹാദ് ചെയ്യുന്നവനും വിശ്വാസിയാണ്. അവരോട് മനസ്സുകൊണ്ട് ജിഹാദ് ചെയ്യുന്നവനും വിശ്വാസിയാണ്. അതിനപ്പുറം കടുകുമണിയോളം വിശ്വാസമില്ല” (മുസ്ലിം).
നബിയുടെ അവസാന സമയങ്ങളില്‍ ഒരു ദിനം അദ്ദേഹം പ്രഭാത നമസ്‌കാരം നിര്‍വഹിച്ച ശേഷം, സഹാബിമാര്‍ക്ക് അഭിമുഖമായി അര്‍ഥസമ്പുഷ്ടമായ ഉപദേശം നല്‍കി. അത് കേട്ട് കണ്ണുകള്‍ നിറഞ്ഞൊഴുകി, ഹൃദയങ്ങള്‍ കിടിലം കൊണ്ടു. ഒരാള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, യാത്ര ചോദിക്കുന്ന പോലെയുണ്ടല്ലോ! അതുകൊണ്ട് ഇനിയും ഉപദേശിച്ചാലും.’ നബി പറഞ്ഞു: ‘ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്ന ഉപദേശം ഇതാണ്: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങളുടെ നായകന്‍ ഒരു നീഗ്രോ അടിമയാണെങ്കില്‍ പോലും അദ്ദേഹത്തെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക. എനിക്കു ശേഷം നിങ്ങളില്‍ ആരെങ്കിലും ജീവിച്ചിരിക്കുമെങ്കില്‍ അയാള്‍ ധാരാളം ഭിന്നതകള്‍ കാണേണ്ടിവരും. അതിനാല്‍ നിങ്ങള്‍ എന്റെ ചര്യയും സച്ചരിതരും സന്മാര്‍ഗചാരികളുമായ ഖലീഫമാരുടെ ചര്യയും മുറുകെ പിടിക്കുകയും (ആ മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കാന്‍) നിങ്ങളുടെ അണപ്പല്ലുകള്‍ കൊണ്ട് നിങ്ങളത് കടിച്ചുപിടിക്കുകയും ചെയ്യുവിന്‍. പുതിയ കാര്യങ്ങള്‍ വെടിയുവിന്‍. ഏതൊരു പുതിയ കാര്യവും ദുരാചാരമാണ്. ഏതൊരു ദുരാചാരവും ദുര്‍മാര്‍ഗവുമാണ് (സുനനു ഇബ്‌നുമാജ).
മറ്റൊരു വചനത്തില്‍ ‘ഇസ്രാഈല്യര്‍ 72 വിഭാഗമായി ചേരിതിരിഞ്ഞു. എന്റെ സമൂഹം 73 വിഭാഗമായി ചേരിതിരിയും. അവരില്‍ ഒരു വിഭാഗം ഒഴികെ എല്ലാവരും നരകത്തില്‍ ആയിരിക്കും.’ ഒരാള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ആ ഒരു വിഭാഗം ഏതാണ്?’ നബി പറഞ്ഞു: ‘ഞാനും എന്റെ സ്വഹാബിമാരും നിലകൊണ്ട മാര്‍ഗം’ (തിര്‍മിദി). അബൂദാവൂദിന്റെ റിപ്പോര്‍ട്ടില്‍ ‘ആ വിഭാഗമാണ് അല്‍ ജമാഅത്ത്’ എന്നും ഉണ്ട്.

Back to Top