28 Wednesday
January 2026
2026 January 28
1447 Chabân 9

കുഫ്ര്‍ ഫത്‌വ പുതുമയുള്ളതല്ല

ടി കെ മൊയ്തീന്‍ മുത്തന്നൂര്‍

കാന്തപുരത്തിന്റെ കുഫ്ര്‍ ഫത്‌വയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്ന അവസരത്തില്‍ ചില ഓര്‍മകള്‍ പങ്കുവെക്കുകയാണ്. 1950-കളില്‍ മുജാഹിദുകള്‍ക്കെതിരില്‍ അന്നത്തെ സുന്നീ പണ്ഡിതന്മാര്‍ ഇറക്കിയ ഫത്‌വകള്‍ കേരളത്തിലുണ്ടാക്കിയ ഫിത്‌നകള്‍ കുറച്ചൊന്നുമല്ല. മുജാഹിദുകളെപ്പറ്റി അവരും ഞമ്മളും രണ്ട് ജാതിയാണെന്നും വഹാബികളുമായി വിവാഹ ബന്ധത്തിലേര്‍പ്പെടുകയോ അവരുടെ കല്യാണ സല്‍കാരാദി പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്നും ഫത്‌വകളിറക്കി. ഇതിന്റെ പേരില്‍ വിവാഹബന്ധം വേര്‍പെടുത്തിയതും കൊലപാതകം വരെ നടന്നതുമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. മകന്‍ മുജാഹിദായതു കാരണം സുന്നിയായ പിതാവ് മരണപ്പെട്ടപ്പോള്‍ മഹല്ല് ജമാഅത്ത് ഖബര്‍സ്ഥാനില്‍ മറവുചെയ്യാന്‍ സമ്മതിക്കാതെ ദിവസങ്ങളോളം തടഞ്ഞു. പിന്നീട് ഗവണ്‍മെന്റ് നിര്‍ദേശപ്രകാരം പോലീസിന്റെ സാന്നിധ്യത്തിലാണ് ജീര്‍ണിച്ച മയ്യിത്ത് അതേ ഖബര്‍സ്ഥാനില്‍ തന്നെ മറവുചെയ്തത്. പിന്നീട് ഇതുമായി ബന്ധപ്പെട്ടു നടന്ന പ്രമാദമായ മുത്തന്നൂര്‍ പള്ളികേസ് അഞ്ചുവര്‍ഷം നീണ്ടുനിന്നു. പിന്നീട് ഇസ്‌ലാഹീ പ്രസ്ഥാനത്തിനാകമാനം അനുകൂലമായി വിധി വരികയും ചെയ്തു. (1954-59, കേസ് നമ്പര്‍ 252/54, മഞ്ചേരി കോടതി).
ഗ്രാന്റ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യത്തെ ഫത്‌വയായിരിക്കും ഇപ്പോള്‍ മുജാഹിദുകള്‍ക്കെതിരെ ഇറക്കിയ കുഫ്ര്‍ ഫത്‌വ. കൊട്ടപ്പുറം സംവാദത്തില്‍ കാന്തപുരത്തിന്നിറങ്ങിയ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാമെന്ന വഹ്‌യാണ് കാന്തപുരത്തിന്റെ മുമ്പത്തെ ഗീബല്‍സിയന്‍ ഫത്‌വ. ഇത്തരം കുഫ്ര്‍ ഫത്‌വകള്‍ ഇറക്കിക്കൊണ്ടിരിക്കുമ്പോഴും സ്വന്തം ശിഷ്യഗണങ്ങള്‍ ഇസ്‌ലാഹീ പ്രസ്ഥാനത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നുവെന്നത് പ്രതീക്ഷാര്‍ഹമാണ്. സത്യം വിജയിക്കും. അസത്യം പരാജയപ്പെടും.

Back to Top