5 Friday
December 2025
2025 December 5
1447 Joumada II 14

സാമൂഹ്യ, സാമ്പത്തിക സര്‍വെ: കോടതി വിധി നടപ്പാക്കണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: സാമൂഹ്യ സാമ്പത്തിക സര്‍വെ നടത്തി പിന്നാക്ക വിഭാഗ സംവരണം പുനക്രമീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ജാതി സര്‍വെ നടത്തി സംവരണതോത് പുനക്രമീകരിക്കണമെന്ന ഹൈക്കോടതി വിധിയുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണ്. സുപ്രീം കോടതിയും മേല്‍ വിധി ശരിവെച്ച് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തത് പിന്നാക്ക ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്.
ന്യൂനപക്ഷാവകാശങ്ങളുടെ മറ പിടിച്ച് സാമൂഹ്യമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ ഉദ്യോഗ വിദ്യാഭ്യാസം മേഖലകള്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം സാധ്യമാക്കാന്‍ സാമൂഹ്യ സാമ്പത്തിക സ്ഥിതിവിവര ശേഖരം നടത്തി സംവരണ തോത് പുനക്രമീകരിക്കുക തന്നെ വേണം. സാമൂഹ്യ സാമ്പത്തിക സര്‍വെ സംസ്ഥാന സര്‍ക്കാറിന്റെ പരിധിയില്‍ പെട്ടതാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാര്‍ ഇനിയും ഒഴിഞ്ഞു മാറാവതല്ല. പിന്നാക്ക ജനവിഭാഗങ്ങള്‍ക്കായി നീതിക്കു വേണ്ടി നിയമ പോരാട്ടം നടത്തി വിധി സമ്പാദിച്ച അഡ്വ. വി കെ ബീരാനെ യോഗം അഭിനന്ദിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എഞ്ചി. അബ്ദുല്‍ജബ്ബാര്‍ മംഗലത്തയില്‍ അധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ജലീല്‍, അഡ്വ. പി മുഹമ്മദ് ഹനീഫ, എഞ്ചി. സൈദലവി, കെ പി സകരിയ്യ, പി പി ഖാലിദ്, സി മമ്മു കോട്ടക്കല്‍, എം കെ മൂസ, ഫൈസല്‍ നന്മണ്ട, ഇസ്മാഈല്‍ കരിയാട്, പി അബ്ദുല്‍അലി മദനി, കെ എം കുഞ്ഞമ്മദ് മദനി, കെ എം ഹമീദലി, പി സുഹൈല്‍ സാബിര്‍, ബി പി എ ഗഫൂര്‍, ശംസുദ്ദീന്‍ പാലക്കോട്, അബ്ദുസ്സലാം പുത്തൂര്‍, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, കെ എല്‍ പി ഹാരിസ്, അലിമദനി മൊറയൂര്‍, കെ എ സുബൈര്‍, എം അഹ്മദ് കുട്ടി മദനി, ആദില്‍ നസീഫ് മങ്കട, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.

Back to Top