11 Saturday
January 2025
2025 January 11
1446 Rajab 11

വിവരങ്ങള്‍ വെളിപ്പെടുന്നതിനെ ഭയപ്പെടുന്നതാരാണ്?

എ പി അന്‍ഷിദ്‌


സംവരണത്തിലൂടെ സാമൂഹിക നീതിയും അതുവഴി രാജ്യത്തിന്റെ സമഗ്ര പുരോഗതിയും എന്ന വിശാല കാഴ്ചപ്പാടോടെ ഭരണഘടനാ ശില്‍പികള്‍ നെയ്‌തെടുത്ത സ്വപ്‌നങ്ങള്‍ രാജ്യത്ത് ഒരിക്കല്‍ കൂടി സജീവ ചര്‍ച്ചാവിഷയമായി ക്കൊണ്ടിരിക്കുകയാണ്. കര്‍ണാടകയില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ഉണ്ടായിരുന്ന നാലു ശതമാനം സാമുദായിക സംവരണം പുനഃസ്ഥാപിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം, ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ തുടക്കമിട്ട ജാതി സെന്‍സസ്, മഹാരാഷ്ട്രയിലെ മറാത്താ സംവരണ പ്രക്ഷോഭം, രാജ്യമൊട്ടുക്കും ജാതി സെന്‍സസ് ആവശ്യപ്പെടാനുള്ള ഇന്‍ഡ്യാ സഖ്യ കോ-ഓഡിനേഷന്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാനം എന്നിവയെല്ലാം ഈ വിഷയത്തെ സജീവ ചര്‍ച്ചയിലേക്ക് എത്തിക്കുന്നുണ്ട്.
മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള സംവരണം അനാവശ്യമാണെന്നും റദ്ദു ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള സംഘ്പരിവാര്‍ ഒളിയാക്രമണങ്ങള്‍ക്ക്, സംവരണം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണഘടനാ അസംബ്ലിയില്‍ നടന്ന ചര്‍ച്ചകളോളം തന്നെ പഴക്കമുണ്ട്. ഇന്ന് അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ ആ സ്വാധീനം ഉപയോഗിച്ചുകൊണ്ട് ദലിത്-ന്യൂനപക്ഷ സംവരണം പ്രത്യക്ഷമായോ പരോക്ഷമായോ ബിജെപിയും സംഘ്പരിവാറും അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കര്‍ണാടകയിലെ ബസവരാജ ബൊമ്മെ സര്‍ക്കാരിന്റെ നടപടി.
അധികാരത്തില്‍ നിന്ന് താഴെയിറങ്ങാന്‍ ദിവസങ്ങള്‍ എണ്ണപ്പെട്ട് കാത്തുനില്‍ക്കുന്ന ഒരു സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട്, പതിറ്റാണ്ടുകളായി സാമൂഹിക കാരണങ്ങളാല്‍ പിന്നാക്കമായിപ്പോയ ഒരു ജനതയെ സംബന്ധിച്ചിടത്തോളം എത്രത്തോളം ദ്രോഹപരമായിരുന്നുവെന്നത് നമുക്ക് അറിയാം. മറാത്താ പ്രക്ഷോഭത്തിന്റെ മറവില്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളും ഇതേ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്. മറാത്താ സംവരണ പ്രക്ഷോഭം അടുത്തിടെ മഹാരാഷ്ട്രയിലെ ജല്‍നയില്‍ വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. 57 പൊലീസുകാര്‍ക്കും 25 പ്രക്ഷോഭകര്‍ക്കുമാണ് ഏറ്റുമുട്ടലില്‍ പരിക്കേറ്റത്. ഇതിന്റെ ചുവടുപിടിച്ചാണ് മറാത്താ സംവരണ നടപടികള്‍ വേഗത്തിലാക്കുമെന്ന പ്രഖ്യാപനവുമായി ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രംഗത്തെത്തിയത്.
മറാത്താ സംവരണം എന്നത് സാമുദായിക സംവരണം അട്ടിമറിക്കാനുള്ള സംഘ്പരിവാറിന്റെ ചട്ടുകമാണ്. ദലിതരും പട്ടികജാതിക്കാരും ന്യൂനപക്ഷങ്ങളും എല്ലാ കാലത്തും പിന്നാക്കമായി തുടരുക എന്ന സംഘ്പരിവാറിന്റെ കുത്സിത അജണ്ടയാണ് ഇതിലൂടെ ഒളിച്ചുകടത്തുന്നത്. സാമ്പത്തിക സംവരണം എന്ന ഒട്ടും പ്രായോഗികമല്ലാത്ത ഏകകം ഉപയോഗിച്ചുകൊണ്ട് സാമുദായിക സംവരണത്തെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ മറ്റൊരു വശത്തുണ്ട്. കേരളത്തിലെ ഇടതു സര്‍ക്കാര്‍ പോലും ഈ ചട്ടുകം തങ്ങള്‍ക്കാകുംവിധം എടുത്തുപയോഗിക്കുന്നു എന്നത് ഖേദകരമാണ്.
ഒരു രാജ്യത്തിന്റെ പുരോഗതി എന്നത് ആ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതിയാണ്. ഏതെങ്കിലും ഒരു വിഭാഗം സാമൂഹികമായി പിന്തള്ളപ്പെട്ടുപോയാല്‍, അത് ആ വിഭാഗത്തിന്റെ മാത്രം പരാജയമല്ലെന്നും പുരോഗമന കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന ഒരു രാജ്യത്തിന്റെ മൊത്തത്തിലുള്ള അപചയമാണെന്നും തിരിച്ചറിയാനുള്ള പ്രാപ്യത സംഘ്പരിവാറിനോ ബിജെപിക്കോ ഇല്ലാഞ്ഞിട്ടല്ല. മറിച്ച്, അത്രമേല്‍ നിഷ്‌കളങ്കമല്ല അവരുടെ രാഷ്ട്രീയ നിലപാടുകള്‍ എന്നതാണ് സത്യം. രാഷ്ട്രതാല്‍പര്യത്തിനും മീതെ സങ്കുചിതമായ വര്‍ഗീയ താല്‍പര്യങ്ങളെ പ്രതിഷ്ഠിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം.
ഒരു സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തിന്റെ താല്‍പര്യങ്ങളെ ഹനിക്കാതെ, എല്ലാ വിഭാഗത്തിലുമുള്ള ആളുകളെയും ഉള്‍ക്കൊണ്ടുകൊണ്ട്, അവരുടെ വിവിധ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് ഒരു സര്‍ക്കാരിന്റെ ഭരണവൈദഗ്ധ്യം. അതില്‍ നിന്നു മാറി നിക്ഷിപ്ത താല്‍പര്യങ്ങള്‍ അടങ്ങിയ ഇടുങ്ങിയ ചിന്താഗതി പ്രയോഗവത്കരിക്കാന്‍ നടത്തുന്നിടത്താണ് പ്രശ്‌നം.
മറ്റ് പിന്നാക്കവിഭാഗങ്ങളുടെ (ഒബിസി) പട്ടികയില്‍ മുസ്‌ലിംകള്‍ക്ക് ഉണ്ടായിരുന്ന നാലു ശതമാനം സംവരണം ഒഴിവാക്കുക മാത്രമല്ല ബിജെപി സര്‍ക്കാര്‍ ചെയ്തത്. അത് പ്രബലരായ വൊക്കലിഗ, വീരശൈവ ലിംഗായത്ത് സമുദായങ്ങള്‍ക്ക് രണ്ടു ശതമാനം വീതിച്ചുനല്‍കുക കൂടി ചെയ്തു. ഇതോടെ ഈ രണ്ടു വിഭാഗങ്ങള്‍ക്കും യഥാക്രമം സംവരണം ആറും ഏഴും ശതമാനമായി ഉയര്‍ന്നു. അതേസമയം മുസ്‌ലിം ന്യൂനപക്ഷങ്ങളോ, സാമ്പത്തികമായി പിന്നാക്കം നല്‍കുന്നവര്‍ക്ക് അനുവദിച്ചിട്ടുള്ള 10 ശതമാനം സംവരണപ്പട്ടികയില്‍ മത്സരിക്കേണ്ട ഗതികേടിലേക്ക് എടുത്തെറിയപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വൊക്കലിഗ, ലിംഗായത്ത് വിഭാഗക്കാരുടെ പിന്തുണ ഉറപ്പാക്കാനായിരുന്നു ഈ നാടകം. എന്നാല്‍ വലിയൊരു കുരുക്കാണ് ഇതിലൂടെ ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ ഒരുക്കിയത്. നാലു ശതമാനം മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കണമെങ്കില്‍ വൊക്കലിഗ, വീരശൈവ ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് അധികം നല്‍കിയ രണ്ടു ശതമാനം വീതമുള്ള സംവരണം തിരിച്ചുപിടിക്കണം. ഇത്തരമൊരു നടപടി ഉണ്ടായാല്‍ അതിനെ വലിയ സാമൂഹിക പ്രശ്‌നമാക്കി മാറ്റാനുള്ള ആയുധം കൂടി ഒരുക്കിവെക്കുകയായിരുന്നു ബിജെപി.

മഹാരാഷ്ട്രയില്‍ മുസ്‌ലിംകള്‍ക്ക് ഉണ്ടായിരുന്ന അഞ്ചു ശതമാനം സംവരണം 2015ല്‍ റദ്ദാക്കിയതും ഇതേ രീതിയിലായിരുന്നു. മുസ്‌ലിം സമുദായത്തിന് നല്‍കുന്ന സംവരണം മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും വോട്ടുബാങ്ക് പ്രീണനത്തിനു വേണ്ടിയാണ് എന്നും ചിത്രീകരിക്കാന്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ കൊണ്ടുപിടിച്ച് നടത്തിയ ശ്രമങ്ങളുടെ അനന്തര ഫലമാണിത്. സാമുദായികമായിത്തന്നെ പിന്നാക്കമായിപ്പോയ ഒരു ജനതയെ മറ്റേത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കിയാണ് സാമൂഹിക പുരോഗതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക എന്ന മറുചോദ്യം സംഘ്പരിവാര്‍ വിരുദ്ധ കേന്ദ്രങ്ങളില്‍ നിന്നുപോലും കൃത്യമായി ഉയരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും തൊഴില്‍പരമായും മുസ്‌ലിം ന്യൂനപക്ഷം എവിടെ നില്‍ക്കുന്നുവെന്നതു സംബന്ധിച്ച കൃത്യമായ പഠനങ്ങളുടെ അഭാവം ഇക്കാര്യത്തില്‍ വലിയ പ്രതിബന്ധമാണ്. രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളാണ് ഈ ദിശയില്‍ പരിമിതമായെങ്കിലും നടന്ന ചില ശ്രമങ്ങള്‍. സച്ചാര്‍ റിപ്പോര്‍ട്ടില്‍ പറയുന്ന മുസ്‌ലിം പിന്നാക്കാവസ്ഥ രണ്ടു പതിറ്റാണ്ടായിട്ടും അതേപടി തുടരുന്നുവെന്നതാണ് യാഥാര്‍ഥ്യം.
ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളുടെ കാലത്ത് ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ നടത്തിയ ചില നിര്‍ണായക നീക്കങ്ങള്‍ ശുഭസൂചകമായിരുന്നുവെങ്കിലും അതും പിന്നീട് വന്ന ബിജെപി സര്‍ക്കാര്‍ അട്ടിമറിച്ചു. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ പോലും അട്ടിമറിച്ചു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കുന്നതിനു വേണ്ടി അന്നത്തെ അച്യുതാനനന്ദന്‍ സര്‍ക്കാര്‍ കണ്ടെത്തിയ ഉപായമായിരുന്നു പാലോളി കമ്മിറ്റി. പൂര്‍ണമായും മുസ്‌ലിം വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ പോലും ഇതുവഴി ഇതര സമുദായങ്ങള്‍ക്കായി പങ്കുവെക്കപ്പെടുകയും പിന്നീട് ആ വിട്ടുവീഴ്ചയുടെ പേരില്‍ മുസ്‌ലിം സമുദായത്തിന് വലിയ നഷ്ടം സഹിക്കേണ്ടിയും വന്നു. ഇത്തരം പരിതഃസ്ഥിതിയില്‍ നിന്നുകൊണ്ടു വേണം ജാതി സെന്‍സസിനായി ബിഹാര്‍ സര്‍ക്കാര്‍ തുടക്കമിട്ട നടപടികളെയും രാജ്യമൊട്ടുക്കും ജാതി സെന്‍സസ് നടപ്പാക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെയും കാണാന്‍.
ജാതി സെന്‍സസിന്റെ പ്രാധാന്യം
സാമുദായിക സംവരണം സംബന്ധിച്ച് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ നിലവില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന പുകമറ നീക്കുക എന്നതാണ് ഏറ്റവും അടിയന്തരമായി കൈക്കൊള്ളേണ്ട നടപടി. ആ ദിശയില്‍ ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ തുടക്കമിട്ട ജാതി സെന്‍സസ് സംബന്ധിച്ച നീക്കങ്ങള്‍ നിര്‍ണായകമാണ്. സംവരണീയരും അല്ലാത്തവരുമായ മത-ജാതി വിഭാഗങ്ങള്‍ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും എവിടെ നില്‍ക്കുന്നു, ഉന്നത വിദ്യാഭ്യാസരംഗത്ത് അവരുടെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എത്രത്തോളം, സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യം എവിടെ നില്‍ക്കുന്നു എന്നതു സംബന്ധിച്ച ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഇതിലൂടെ ഉത്തരം കണ്ടെത്താന്‍ കഴിയും. അതിന്റെ അടിസ്ഥാനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിരക്ഷയും പ്രാതിനിധ്യവും ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കാനാകും.
ബിഹാര്‍ സര്‍ക്കാരിന്റെ നീക്കം ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജി നേരത്തേ പട്‌ന ഹൈക്കോടതി തള്ളുകയും ജാതി സെന്‍സസുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതേസമയം ജാതി സെന്‍സസ് നടപടികള്‍ അന്തിമഘട്ടത്തിലാണെന്നാണ് ബിഹാര്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
ഇതിന്റെ ചുവടുപിടിച്ചാണ് ഇന്‍ഡ്യാ സഖ്യത്തിന്റെയും നീക്കം. രാജ്യത്തൊട്ടാകെ ജാതി സെന്‍സസ് ആവശ്യപ്പെടാനാണ് സഖ്യത്തിന്റെ തീരുമാനം. മുംബൈയില്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ വസതിയില്‍ ചേര്‍ന്ന ഇന്‍ഡ്യാ സഖ്യത്തിലെ 14 കക്ഷികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് ഇത്തരമൊരു തീരുമാനം എടുത്തത്. 14 കക്ഷികള്‍ക്കും ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണെന്നാണ് യോഗ ശേഷം കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം ജാതി സെന്‍സസിനെ എതിര്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും ഇന്‍ഡ്യാ കോ-ഓഡിനേഷനിലുണ്ട്. പവാറിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ തൃണമൂല്‍ പങ്കെടുത്തിരുന്നില്ല. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കോഴക്കേസില്‍ ഇഡി ചോദ്യം ചെയ്യലിനു വിളിപ്പിച്ചതാണ് തൃണമൂല്‍ പ്രതിനിധി അഭിഷേക് ബാനര്‍ജി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണം. അതുകൊണ്ടുതന്നെ തൃണമൂല്‍ എന്തു നിലപാട് സ്വീകരിക്കും എന്നത് കാത്തിരുന്നു കാണണം. അതേസമയം കോ-ഓഡിനേഷനിലെ മറ്റു കക്ഷികള്‍ക്കെല്ലാം ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണ്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രധാന ചര്‍ച്ചാവിഷയങ്ങളില്‍ ഒന്ന് സംവരണം ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല, നിലവിലെ സംവരണം അപര്യാപ്തമാണെന്ന ബോധ്യവും ഇന്‍ഡ്യാ സഖ്യകക്ഷികള്‍ക്കുണ്ട്.
മുംബൈയില്‍ നടന്ന ഇന്‍ഡ്യാ സഖ്യത്തിന്റെ യോഗത്തില്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ഈ വിഷയം ഉന്നയിച്ചിരുന്നു.

സംവരണത്തിന് സുപ്രീംകോടതി ഏര്‍പ്പെടുത്തിയിരിക്കുന്ന പരമാവധി 50 ശതമാനം എന്ന വ്യവസ്ഥ മറികടക്കാന്‍ നിയമനിര്‍മാണം നടത്തുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണം എന്നതായിരുന്നു പവാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം. രാജ്യമൊട്ടുക്കും ജാതി സെന്‍സസ് എന്ന ആവശ്യവും പവാറിന്റെ നിര്‍ദേശവും ചേര്‍ത്തുവെക്കുമ്പോള്‍ സംവരണ വിഷയത്തില്‍ കുറേക്കൂടി പുരോഗമനപരമായ കാഴ്ചപ്പാടാണ് പ്രതിപക്ഷ ചേരിയില്‍ രൂപപ്പെട്ടുവരുന്നത്. എന്നാല്‍ ഇതിന്റെയെല്ലാം അനന്തര ഫലങ്ങള്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പുഫലത്തെ ആശ്രയിച്ചിരിക്കും എന്നത് മറ്റൊരു യാഥാര്‍ഥ്യമാണ്.
അതേസമയം സംവരണ വിഷയത്തില്‍ ഇന്‍ഡ്യാ സഖ്യം കൈക്കൊള്ളുന്ന നിലപാട്, സഖ്യത്തിലെ കക്ഷികള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായാല്‍ അത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. നിലവില്‍ ഒമ്പതിലധികം സംസ്ഥാനങ്ങളില്‍ ഇന്‍ഡ്യാ സഖ്യം അധികാരത്തിലുണ്ട്. ബിഹാര്‍ സര്‍ക്കാര്‍ ഇതിനകം തന്നെ ഈ ദിശയില്‍ സഞ്ചാരം തുടങ്ങിയിട്ടുണ്ട്. പരമ്പരാഗത ദലിത്-മുസ്‌ലിം ന്യൂനപക്ഷ വോട്ടുബാങ്കുകളില്‍ കണ്ണുനട്ടാണ് നിതീഷ് കുമാറിന്റെ കരുനീക്കങ്ങള്‍ എന്ന് റിപ്പോര്‍ട്ടുണ്ട്. അത് പൂര്‍ണമായും നിഷേധിക്കാനാവില്ല.
എന്നാല്‍ ജാതി സെന്‍സസ് എന്നത് അതിനപ്പുറത്ത് സാമൂഹികാവസ്ഥ സംബന്ധിച്ച കൂടുതല്‍ വ്യക്തവും സുതാര്യവുമായ ചിത്രം പുറത്തേക്കുകൊണ്ടുവരാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. സമഗ്ര സാമൂഹിക പുരോഗതി ഉന്നംവെച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനും പ്രാവര്‍ത്തികമാക്കാനും ഇത് ഭരണകൂടത്തെ സഹായിക്കും എന്നതും വസ്തുതയാണ്. ദലിതരും ന്യൂനപക്ഷങ്ങളും നിലവില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമുദായിക സംവരണം കേവലം മതത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഉള്ളതല്ലെന്നും സാമൂഹികമായ അനിവാര്യതയാണെന്നും സ്ഥാപിക്കാനും ഈ ചിത്രങ്ങള്‍ പുറത്തുവരുന്നതിലൂടെ കഴിയും.
സംവരണം സംബന്ധിച്ച കാഴ്ചപ്പാടുകളെ തന്നെ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിട്ടുണ്ട്. സംവരണം എന്നത് ചില വിഭാഗങ്ങള്‍ക്ക് അധികമായി നല്‍കപ്പെടുന്ന അനര്‍ഹമായ ആനുകൂല്യം എന്ന നിലയിലേക്ക് പൊതുബോധത്തെ മാറ്റിപ്പണിയാന്‍ സംവരണവിരുദ്ധ വിഭാഗങ്ങള്‍ക്കും അതിന് കുടപിടിക്കുന്ന വര്‍ഗീയ-രാഷ്ട്രീയ ശക്തികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഇത് മറികടക്കാന്‍, രാജ്യത്തിന്റെ സമഗ്രമായ പുരോഗതിക്ക് അനിവാര്യമായ ഒന്നാണ് സംവരണം എന്ന യാഥാര്‍ഥ്യത്തെ ആണയിട്ട് ഉറപ്പിക്കേണ്ടിയിരിക്കുന്നു. സാമൂഹികമായും സാമ്പത്തികമായും നൂറ്റാണ്ടുകളായി പിന്തള്ളപ്പെട്ടുപോയ ഒരു ജനതയെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഇതല്ലാതെ മറ്റു വഴിയില്ലെന്ന യാഥാര്‍ഥ്യം അംഗീകരിച്ചെങ്കില്‍ മാത്രമേ, സംവരണം തുറന്നിടുന്ന സാധ്യതകളെ രാഷ്ട്രനിര്‍മിതിക്കായി പ്രയോജനപ്പെടുത്താന്‍കഴിയൂ.

Back to Top