26 Thursday
December 2024
2024 December 26
1446 Joumada II 24

ജാതി സെന്‍സസും രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടും

ടി റിയാസ് മോന്‍


ഇന്ത്യയില്‍ സെന്‍സസ് എടുക്കുമ്പോള്‍ വ്യക്തിയുടെ ജാതി ചോദിക്കുന്നില്ല. ജാതിയുടെ അടിസ്ഥാനത്തില്‍ സംവരണം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് സെന്‍സസില്‍ ജാതി ചോദിക്കാത്തത് വ്യക്തിയെ ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചുകാണാന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണെന്ന് സമാധാനിക്കാന്‍ വരട്ടെ. ഒരാളുടെ ജാതി അയാളുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ നിലവാരത്തെ വലിയ തോതില്‍ സ്വാധീനിക്കുന്ന വ്യവസ്ഥിതിയാണ് രാജ്യത്തുള്ളത്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 20 ശതമാനത്തോളം മുസ്‌ലിംകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സര്‍വീസില്‍ രണ്ടു ശതമാനത്തിനടുത്താണ് മുസ്‌ലിം പ്രാതിനിധ്യം. ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് അവിടത്തെ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സര്‍ക്കാര്‍ അതിനോട് പ്രതികരിച്ചിട്ടില്ല.
അവസര സമത്വത്തിനുള്ള അവകാശം ഉറപ്പുനല്‍കുന്ന ഇന്ത്യയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പുറന്തള്ളുന്ന അദൃശ്യമായ ഒരു അരിപ്പ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യം തീര്‍ച്ചയാണ്. അതിനാല്‍ തന്നെ രാജ്യത്ത് സാമൂഹിക ശാക്തീകരണത്തിന് കരുത്തു പകരാന്‍ ജാതി സെന്‍സസ് അനിവാര്യമായ ഘടകമാണ്. രാജ്യത്ത് സെന്‍സസ് നടത്താനുള്ള അവകാശം സെന്‍സസ് ആക്ട് അനുസരിച്ച് കേന്ദ്ര സര്‍ക്കാരിനാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസിന് എതിരാണ്.
ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമ്പൂര്‍ണമായ ജാതി സെന്‍സസ് 2023 ആഗസ്തില്‍ പൂര്‍ത്തീകരിച്ചു. സമൂഹത്തിലെ എല്ലാ ദുര്‍ബല വിഭാഗങ്ങള്‍ക്കും സാമൂഹിക നീതി ഉറപ്പാക്കുന്നതാണ് ജാതി സെന്‍സസ് എന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അഭിപ്രായം. 2011ലാണ് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യത്തെ ജാതി സെന്‍സസ് നടന്നത്. എന്നാല്‍ 2011ലെ ജാതി സെന്‍സസ് വിവരങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
ഗ്രാമീണ ഇന്ത്യയിലെ പിന്നാക്കവിഭാഗങ്ങളുടെ കണക്കെടുപ്പ് 2021ലെ സെന്‍സസില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവണ്‍മെന്റ് സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അത് ഭരണപരമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന തടസ്സവാദമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. കോവിഡ് കാരണം 2021ലെ സെന്‍സസ് രാജ്യത്ത് നടന്നിട്ടില്ല.
2011ലെ ജാതി സെന്‍സസ് ഡാറ്റ കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കൈവശം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. 130 കോടി ഇന്ത്യക്കാരുടെ ജാതി തിരിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈവശം ഇപ്പോള്‍ പ്രസിദ്ധീകരിക്കാതെ ഇരിക്കുന്നുണ്ട് എന്നര്‍ഥം. 2011നു മുമ്പ് സ്വതന്ത്ര ഇന്ത്യയില്‍ ജാതി സെന്‍സസ് നടന്നിട്ടില്ലാത്തതിനാല്‍ ജാതികളുടെ പേരിന് ഐകരൂപ്യം നല്‍കാന്‍ 2011ലെ സെന്‍സസിനു സാധിച്ചിട്ടില്ല.
1931ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 4147 ജാതികളാണ് ഉള്ളത്. എന്നാല്‍ ഒരേ ജാതിയുടെ പേര് വിവിധ രീതിയില്‍ എഴുതുന്നതിനാല്‍ ജാതികളുടെ എണ്ണം അനേകം മടങ്ങായി മാറിയെന്നതാണ് 2011ലെ സെന്‍സസ് ഡാറ്റയുടെ പരിമിതി. ഇതോടെ ജാതി സെന്‍സസ് ഡാറ്റ പ്രസിദ്ധീകരിക്കുന്നത് പ്രതിസന്ധിയിലായി. ജാതികളുടെ എണ്ണത്തെക്കുറിച്ചു പോലും കൃത്യമായ ധാരണ സര്‍ക്കാരിനില്ല. കേന്ദ്ര ഗവണ്‍മെന്റ് ലിസ്റ്റ് പ്രകാരം രാജ്യത്ത് ഒബിസി വിഭാഗത്തില്‍ പെട്ട 2479 ജാതികളുണ്ട്. എന്നാല്‍ സംസ്ഥാനങ്ങളുടെ കൈവശമുള്ള ലിസ്റ്റ് പ്രകാരം ഒബിസി വിഭാഗത്തില്‍ 3150 ജാതികള്‍ ഉള്‍പ്പെടുന്നു (ദ ഹിന്ദു). 2011ലെ സെന്‍സസില്‍ ജാതികളുടെ പേര് രേഖപ്പെടുത്തുന്നതില്‍ പാളിച്ചകള്‍ ഉണ്ടായെന്ന ആക്ഷേപത്തെ സെന്‍സസ് രജിസ്ട്രാര്‍ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.
രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനുള്ള ശ്രദ്ധേയമായ ചുവടുവെപ്പാണ് ജാതി സെന്‍സസ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനു ശേഷം രാജ്യം കാണുന്ന മികച്ച പിന്നാക്ക രാഷ്ട്രീയ മുന്നേറ്റമാണ് അത്. മണ്ഡല്‍ അനന്തര ഇന്ത്യയില്‍ പിന്നാക്ക-ദലിത് ബഹുജനങ്ങളുടെ ശാക്തീകരണത്തിന്റെയും വളര്‍ച്ചയുടെയും സാഹചര്യം ഉണ്ടായിരുന്നു. മണ്ഡല്‍ അനന്തര രാഷ്ട്രീയത്തെ ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലൂടെ മറികടക്കാനും ഹിന്ദുത്വ അജണ്ടയെ പ്രൊജക്ട് ചെയ്യാനും സംഘ്പരിവാറിനു സാധിച്ചു.

വിവിധ ജനവിഭാഗങ്ങളുടെ സാമൂഹികമായ ഉണര്‍വിനെ അപ്രസക്തമാക്കി ഹിന്ദുത്വ അജണ്ട ഉയര്‍ത്തിക്കാണിച്ച് രാജ്യത്തിന്റെ ഭരണം കൈവെള്ളയില്‍ നിലനിര്‍ത്താന്‍ സംഘ്പരിവാര്‍ ശ്രമിക്കുമ്പോള്‍ ഏറ്റവും ശക്തമായ പ്രതിരോധമാണ് ജാതി സെന്‍സസിലൂടെ മതേതര കക്ഷികള്‍ മുന്നോട്ടുവെക്കുന്നത്. ജാതി സെന്‍സസ് എടുക്കുന്നതിലൂടെ ഓരോ ജാതിയുടെയും രാജ്യത്തെ ജനസംഖ്യ വേര്‍തിരിച്ച് അറിയാന്‍ സാധിക്കുന്നു. ഓരോ ജാതിക്കും സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള പ്രാതിനിധ്യം തിരിച്ചറിയാന്‍ സാധിക്കുന്നു. ദേശീയതലത്തിലും വിവിധ സംസ്ഥാനങ്ങളിലും അനുവദിച്ചിരിക്കുന്ന ഒബിസി സംവരണം പിന്നാക്കവിഭാഗങ്ങളുടെ ജനസംഖ്യയുമായി തുലനം ചെയ്യാന്‍ സാധിക്കുന്നു. വിവിധ പിന്നാക്കവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളിലൂടെ നീക്കിവെക്കുന്ന ഫണ്ട് ജനസംഖ്യാപരമായി മതിയായതാണോ എന്നു പരിശോധിക്കാനും ജാതി സെന്‍സസിലൂടെ സാധിക്കുന്നു. രാജ്യത്തിന്റെ ബജറ്റ് വിഹിതം, അധികാര പങ്കാളിത്തം, സംവരണം തുടങ്ങിയ വിഷയങ്ങളില്‍ വലിയ സംവാദങ്ങള്‍ക്ക് വഴിതെളിയിക്കാന്‍ ജാതി സെന്‍സസിന് സാധിക്കുമെന്നര്‍ഥം.
രാജ്യം സ്വതന്ത്രമായി മുക്കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും ജനാധിപത്യ ഇന്ത്യയില്‍ അധികാരത്തിന്റെ ജനാധിപത്യവത്കരണം പൂര്‍ത്തിയായിട്ടില്ല. സാമൂഹികമായി ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്നവര്‍ രാഷ്ട്രീയാധികാരത്തിന്റെ സിംഹഭാഗവും കൈയാളുന്നു. സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക മണ്ഡലങ്ങളെല്ലാം ഉയര്‍ന്ന ശ്രേണിയില്‍ പെട്ടവര്‍ തന്നെയാണ് കൈയാളുന്നത്. സാമൂഹികമായും ചരിത്രപരമായും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ അധികാരത്തിന്റെ ഇടനാഴികളില്‍ നിന്ന് പുറന്തള്ളപ്പെടുകയും അവഗണനയോടെ അതിജീവിക്കുകയും സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി ക്ലേശിച്ചു ജീവിക്കുകയും ചെയ്യുന്നു.
ശൂദ്രവര്‍ണരായ ഒബിസിക്കാര്‍ രാജ്യത്തെ ഭൂരിപക്ഷമാണ്. 1931ലെ സെന്‍സസ് പ്രകാരം അവര്‍ രാജ്യത്തിന്റെ 53% വരും. കാര്‍ഷിക ജോലികളും കൈത്തൊഴിലുകളും കരകൗശല പ്രവൃത്തികളും കൂലിവേലയുമായി അവര്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുകയാണ്. പട്ടികജാതി-പട്ടികവര്‍ഗങ്ങളുടെ ജനസംഖ്യാ ഡാറ്റ സര്‍ക്കാരുകളുടെ കൈവശം ലഭ്യമാണ്. എന്നാല്‍ ഒബിസിയുടെ ജനസംഖ്യാ ഡാറ്റ രാജ്യത്ത് ലഭ്യമല്ല. മുസ്‌ലിം, യാദവ, മറാത്ത എന്നിവരുടെ ജനസംഖ്യയെ കുറിച്ച് അനുമാനങ്ങള്‍ മാത്രമാണുള്ളത്. ആ അനുമാനക്കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന നാമമാത്രമായ ഒബിസി സംവരണം. ആ സംവരണം തന്നെ മണ്ഡല്‍കാല സമരങ്ങളുടെ വിജയമാണ്.
അപ്പോഴും സംവരണം 50%ല്‍ കൂടാന്‍ പാടില്ല എന്ന നിയമം സാമൂഹിക നീതിക്കു മുന്നില്‍ പല്ലിളിച്ചു നില്‍ക്കുകയാണ്. തെലങ്കാനയില്‍ എസ്‌സി, എസ്ടി, ഒബിസി ജനവിഭാഗങ്ങള്‍ ജനസംഖ്യയുടെ 90% വരും. അവിടെ 90% വരുന്ന ജനവിഭാഗങ്ങള്‍ക്കുള്ള സംവരണം 50%ല്‍ കൂടാന്‍ പാടില്ല എന്നാണ് പറയുന്നത്. സംവരണത്തിലെ 50% പരിധി എടുത്തുകളയേണ്ടി വരുമെന്നാണ് പ്രാഥമികമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അക്കാര്യം തെലങ്കാന സംസ്ഥാനം ഉന്നയിച്ചുകഴിഞ്ഞു. തമിഴ്‌നാട്ടില്‍ സംവരണം 69% ആണ്. സാമൂഹിക സംവരണത്തില്‍ രാജ്യത്തെ മികച്ച മാതൃകയാണ് തമിഴ്‌നാട്.
ഹിന്ദുത്വ പ്രചാരവേലകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭാഗികമായി മാത്രമേ വിജയിക്കുകയുള്ളൂ. താഴ്ന്ന ജാതിക്കാരുടെ പിന്തുണയില്ലാതെ ബിജെപിക്ക് തിരഞ്ഞെടുപ്പുവിജയം അസാധ്യമാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ തന്ത്രപരമായ രാഷ്ട്രീയനീക്കങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഒബിസി വിഭാഗത്തിന്റെ ശക്തമായ യാദവ രാഷ്ട്രീയത്തെ അതിനെക്കാള്‍ പിന്നാക്കമായ ഒബിസി വിഭാഗങ്ങളെ ഉപയോഗിച്ചാണ് ബിജെപി പരാജയപ്പെടുത്തുന്നത്. അതിനു വേണ്ടിയാണ് ‘ഒബിസി മഹാകുംഭും’ വിശ്വകര്‍മ ജയന്തിയും ബിജെപി നടത്തുന്നത്.

അതിനായി അത്തരം സമുദായങ്ങളുടെ പ്രതിനിധികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കുന്നു. പിന്നാക്ക സമുദായങ്ങളുടെ സാംസ്‌കാരിക ചിഹ്നങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കാനും അവര്‍ ശ്രമിക്കുന്നുണ്ട്. ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ പിന്നാക്ക ഹിന്ദുവിന്റെ തദ്ദേശീയ സാംസ്‌കാരിക ചിഹ്നങ്ങള്‍ ഉയര്‍ത്തിയുള്ള ബിജെപിയുടെ തന്ത്രം വിജയം കണ്ടിട്ടുണ്ട്. ബിജെപി ഉയര്‍ത്തിയ സാംസ്‌കാരിക രാഷ്ട്രീയം പിന്നാക്ക രാഷ്ട്രീയത്തെ ഭിന്നിപ്പിക്കുകയും പരസ്പരം ശത്രുക്കളാക്കുകയും ചെയ്തു. ഏറ്റവും താഴേത്തട്ടിലുള്ള ജാതികള്‍ യാദവ രാഷ്ട്രീയത്തിനെതിരെ ബിജെപിക്കൊപ്പം നില്‍ക്കുന്നതായാണ് ഉത്തരേന്ത്യയിലെ രാഷ്ട്രീയ അനുഭവം.
ഇങ്ങനെ ബിജെപിയോടൊപ്പം നില്‍ക്കുന്ന ദുര്‍ബല പിന്നാക്കവിഭാഗങ്ങളുടെ സാമൂഹിക പദവിയിലോ ഉദ്യോഗരംഗങ്ങളിലെ പ്രാതിനിധ്യത്തിലോ യാതൊരു പുരോഗതിയും ദൃശ്യമായിട്ടില്ല. സാമൂഹിക പിന്നാക്കാവസ്ഥ അതുപോലെ തുടരുകയും, സാമൂഹിക ശാക്തീകരണത്തിന്റെ സാധ്യതകളെ തുരങ്കം വെക്കുകയും ചെയ്യുന്നതാണ് ബിജെപിയുടെ വിഭജന രാഷ്ട്രീയം. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സാമൂഹിക നീതിക്കു വേണ്ടിയുള്ള ശബ്ദങ്ങള്‍ മുഴങ്ങിക്കേള്‍ക്കുന്നില്ല. പിന്നാക്കക്കാരന്റെയും പാര്‍ശ്വവത്കരിക്കപ്പെട്ടവന്റെയും രാഷ്ട്രീയം ഉയരുന്നില്ല. ഹിന്ദുത്വ അജണ്ടകള്‍ മുന്നില്‍ വെച്ച് എല്ലാ ശബ്ദങ്ങളെയും അപ്രസക്തമാക്കുന്ന ഫാസിസ്റ്റ് അജണ്ടക്കെതിരായ മുന്നേറ്റമാണ് ജാതി സെന്‍സസ് ആവശ്യത്തിലൂടെ ഉയരുന്നത്.
ഇന്ത്യയില്‍ സാമുദായിക സംവരണം എന്ന ആശയത്തെ എതിര്‍ക്കുന്നത് ബിജെപിയും സിപിഎമ്മുമാണ്. സാമുദായിക സംവരണമല്ല, സാമ്പത്തിക സംവരണമാണ് ആവശ്യമെന്ന സിപിഎം നയം സംഘ്പരിവാറിന് അനുപല്ലവി പാടുന്നതായിരുന്നു. സാമ്പത്തിക സംവരണം എന്ന ആശയം ഫാസിസ്റ്റ് അജണ്ടയാണ്.
ജാതി-സമുദായ സംവരണത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നതാണ് ജാതി സെന്‍സസ്. ജാതി സെന്‍സസ് എന്ന ആവശ്യത്തിനു വേണ്ടി ദിനംപ്രതി രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവരുന്നു എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനം. സംവരണം 50%ല്‍ കൂടരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. എന്നാല്‍ മഹാരാഷ്ട്ര, ഛത്തീസ്ഗഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങള്‍ ഈ പരിധി ഒഴിവാക്കണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. കാരണം വിവിധ പിന്നാക്കവിഭാഗങ്ങളെ സംവരണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സംവരണം 60, 70 ശതമാനം വരെയെത്തുന്നുണ്ട്. സംവരണ പരിധി 50 ശതമാനം എന്നത് നീക്കണമെന്നും രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കണമെന്നും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയും ഉയര്‍ത്തിയിട്ടുണ്ട്.
രാജ്യത്തെ മതേതര ശക്തികളുടെ നേതൃസ്ഥാനത്ത് നില്‍ക്കുന്ന തമിഴ്‌നാട് വരാനിരിക്കുന്ന സെന്‍സസിനൊപ്പം ജാതി സെന്‍സസ് കൂടി നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ പിന്നാക്ക രാഷ്ട്രീയത്തിന്റെ പ്രതീക്ഷയാണ് എം കെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന തമിഴ്‌നാട്ടിലെ ഡിഎംകെ. ബിഹാറില്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡി, നിതീഷ് കുമാറിന്റെ ജെഡിയു, ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി എന്നിവ ജാതി സംവരണത്തിനായി നിലകൊള്ളുന്നു. മഹാരാഷ്ട്രയില്‍ എന്‍സിപി, ശിവസേന (ഉദ്ദവ് താക്കറെ) എന്നീ പാര്‍ട്ടികള്‍ ജാതി സെന്‍സസിനും സംവരണത്തിനും വേണ്ടി നിലകൊള്ളുന്നു.
ജാതി സെന്‍സസും
മുസ്‌ലിംകളും

കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ സംവരണത്തിന് അര്‍ഹരാണ്. തെലങ്കാനയിലും ആന്ധ്രയിലും മുസ്‌ലിം സംവരണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ ഇതര മേഖലകളിലും കേന്ദ്ര സര്‍വീസിലും മുസ്‌ലിം സംവരണം നിലവിലില്ല. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പിന്നാക്കക്കാര്‍ക്ക് 27 ശതമാനം സംവരണം ഉണ്ട്. രാജ്യത്തെ വലിയൊരു പങ്ക് മുസ്‌ലിംകളും ഒബിസി സംവരണത്തിന്റെ പരിധിയില്‍ വരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും മുസ്‌ലിംകള്‍ ഒബിസി വിഭാഗത്തില്‍ വരുന്നു. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മുസ്‌ലിം വിഭാഗങ്ങള്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കമായിട്ടും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് ഗൗരവതരമാണ്.
2005ലെ നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പഠനം അനുസരിച്ച് 41% മുസ്‌ലിംകള്‍ മാത്രമാണ് ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. രാജ്യത്തെ ഭൂരിപക്ഷം വരുന്ന മുസ്‌ലിംകള്‍ യാതൊരു തരത്തിലുള്ള സംവരണത്തിനും അര്‍ഹരാകുന്നില്ലെന്ന യാഥാര്‍ഥ്യം ഗൗരവമുള്ളതാണ്. ബിഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ ഒബിസി സംവരണത്തിന്റെ ഗുണഭോക്താക്കളാണ് മുസ്‌ലിംകള്‍. മുസ്‌ലിം സംവരണത്തെ എതിര്‍ക്കുന്നതിന് ബിജെപി ഉന്നയിക്കുന്ന പ്രധാന ന്യായം മുസ്‌ലിം ഒരു മതമാണ് എന്നതാണ്. മതത്തിന്റെ അടിസ്ഥാനത്തിലല്ല, ജാതിയുടെ അടിസ്ഥാനത്തിലാണ് സംവരണം നല്‍കുന്നതെന്ന വാദം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉയര്‍ത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ മുസ്ലിം എന്നത് ജാതി കൂടിയാണ്. രാജ്യത്തെ മുഴുവന്‍ മുസ്‌ലിം വിഭാഗങ്ങളെയും ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സമുദായ സംഘടനകളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണം.
ഇന്ത്യയില്‍ എത്ര മുസ്‌ലിംകള്‍ ഉെണ്ടന്ന ചോദ്യത്തിന് നിലവില്‍ ആര്‍ക്കും കൃത്യമായ ഉത്തരമില്ല. ഒരു സംസ്ഥാനത്തും വ്യക്തമായ ഉത്തരമില്ല. മുസ്‌ലിംകളുടെ ഉദ്യോഗ-തൊഴില്‍ മേഖലയിലെ പ്രാതിനിധ്യത്തെ കുറിച്ച് കൃത്യമായ ഉത്തരങ്ങളില്ല. മുസ്‌ലിംകളുടെ എന്നല്ല, ഒരു പിന്നാക്ക വിഭാഗത്തിന്റെയും സ്ഥിതിവിവരക്കണക്കുകള്‍ രാജ്യത്ത് ലഭ്യമല്ല.
ഇത് പിന്നാക്ക-അവശവിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടിയുള്ള സര്‍ക്കാര്‍ പരിപാടികള്‍ നടപ്പാക്കുന്നതിനുള്ള പ്രധാന വെല്ലുവിളിയാണ്. ജാതിയും പിന്നാക്കാവസ്ഥയും യാഥാര്‍ഥ്യമായ ഇന്ത്യയില്‍ ജാതിയുടെയും പിന്നാക്കാവസ്ഥയുടെയും അടിസ്ഥാനത്തില്‍ ഓരോ സമുദായത്തെയും പ്രത്യേകം ശ്രദ്ധിക്കേണ്ടത് രാജ്യത്തിന്റെ പുരോഗതിക്കും വളര്‍ച്ചയ്ക്കും അനിവാര്യമാണ്. അതിലേക്കുള്ള ശക്തമായ ചവിട്ടുപടിയാണ്ജാതിസെന്‍സസ്.

Back to Top