ഫറോവ കാലത്തെ ചിത്രലിപി സാക്ഷ്യപ്പെടുത്തുന്നത്
ടി പി എം റാഫി
ഈജിപ്ഷ്യന്‍ ചിത്രലിപി (Hieroglyphs) എന്നത് പൗരാണിക ഈജിപ്തുകാര്‍ അവരുടെ ഭാഷയെ പ്രതിനിധാനം ചെയ്യാന്‍ സ്വീകരിച്ച രചനാ സമ്പ്രദായങ്ങളിലൊന്നാണ്. ചിത്രമെഴുത്തിന്റെ ചാരുത കാരണം ഹെറോഡോട്ടസും മറ്റു പ്രമുഖ ഗ്രീക്ക് ചിന്തകന്മാരും ഈജിപ്ഷ്യന്‍ ചിത്രലിപി വിസ്മയകരവും ദൈവദത്തവുമായ ഒന്നാണെന്നു വിശ്വസിച്ചു, അവയെ ‘വിശുദ്ധ എഴുത്തെ’ന്നു വിശേഷിപ്പിച്ചു. ‘വിശുദ്ധ’ എന്നര്‍ഥം വരുന്ന Hiero, ‘എഴുത്ത്’ എന്നര്‍ഥം വരുന്ന glypho എന്നീ ഗ്രീക്ക് പദങ്ങള്‍ ചേര്‍ന്നാണ് ഒശലൃീഴഹ്യുവ െഎന്ന പദമുണ്ടായത്.
അഞ്ചാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ ബഹുദൈവാരാധനയുടെ പ്രതീകങ്ങളായ പുറംജാതീയ ക്ഷേത്രങ്ങള്‍ (Pagan temples) അസ്തമിച്ചതോടെ ഈജിപ്ഷ്യന്‍ ചിത്രലിപിയെക്കുറിച്ചുള്ള അറിവ് ലോകത്തിനു നഷ്ടപ്പെട്ടതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ഇതു വീണ്ടും മനസ്സിലാക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടന്നെങ്കിലും, മധ്യ കാലഘട്ടത്തിലും ആധുനിക കാലഘട്ടത്തിന്റെ തുടക്കത്തിലും ചിത്രലിപിയുടെ പൊരുള്‍ അജ്ഞാതമായിത്തന്നെ കിടന്നു. 3500ഓളം വര്‍ഷം പഴക്കമുള്ള പുരാതന ഈജിപ്തിലെ റോസറ്റ ശിലാലിഖിതങ്ങള്‍ പ്രയോജനപ്പെടുത്തി ജീന്‍ ഫ്രാങ്കോയിസ് ചാംപോളിയന്‍ എന്ന ഫ്രഞ്ച് ഗവേഷകന്‍ ഈ മേഖലയില്‍ ഒട്ടേറെ ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തി. 1820കളില്‍ ചിത്രലിപി അപഗ്രഥനത്തില്‍ അദ്ദേഹം വന്‍നേട്ടങ്ങള്‍ കൈവരിച്ചു. ഈജിപ്ഷ്യന്‍ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിന് ചാംപോളിയന്റെ ഗവേഷണഫലങ്ങള്‍ പ്രയോജനപ്പെട്ടു. ‘ഈജിപ്‌തോളജിയുടെ പിതാവ്’ എന്ന പേര് അദ്ദേഹത്തിനു കിട്ടാന്‍ സഹായിച്ചത് ഈ പഠനമായിരുന്നു.
ഈജിപ്ഷ്യന്‍ ഗ്രന്ഥങ്ങള്‍ മനസ്സിലാക്കാനുള്ള ചാംപോളിയന്റെ അടങ്ങാത്ത അഭിനിവേശം മനസ്സിലാക്കിയ ഫ്രഞ്ച് ഭരണകൂടം അദ്ദേഹത്തിന് ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചു. പാരീസില്‍ ഈജിപ്ഷ്യന്‍ ചരിത്രവും പുരാവസ്തുശാസ്ത്രവും പഠിപ്പിക്കാനുള്ള പ്രത്യേക ചെയര്‍ അദ്ദേഹത്തിനു വേണ്ടി സൃഷ്ടിച്ചു.
അവസാന കാലങ്ങളില്‍ ഈജിപ്ഷ്യന്‍ വ്യാകരണത്തെക്കുറിച്ച് ഒരു പുസ്തകമെഴുതാനും ആ ഭാഷയ്‌ക്കൊരു ബൃഹദ് നിഘണ്ടു രചിക്കാനുമായി അദ്ദേഹം സമയം ചെലവിട്ടു. പക്ഷേ, അതു പൂര്‍ത്തിയാക്കുന്നതിനു മുമ്പ്, ആ സങ്കടങ്ങള്‍ മാറോടണച്ചുകൊണ്ട് അദ്ദേഹം മരണപ്പെടുകയാണുണ്ടായത്. അദ്ദേഹത്തിന്റെ സഹോദരനാണ് പിന്നീടത് പ്രസിദ്ധീകരിച്ചത്.
1820കളില്‍ ചാംപോളിയന്‍ ചിത്രലിപി അപഗ്രഥിച്ചപ്പോള്‍ പിരമിഡുകളില്‍ കുറിച്ചിട്ട ആശയങ്ങള്‍, വലിയൊരു ഇടവേളയ്ക്കു ശേഷം ലോകത്തിനു വീണ്ടും മനസ്സിലാക്കാനായി. യശഃശരീരരാകുന്ന ഫറോവമാരുടെ സ്വര്‍ഗത്തിലെ ആധിപത്യത്തിനായുള്ള പോരാട്ടം ചിത്രീകരിക്കുന്ന ഒരു പിരമിഡിലെ ചിത്രലിപി ‘വാചക’ങ്ങള്‍ ഇങ്ങനെയാണ്: ”ആകാശം കരയുന്നു. നക്ഷത്രങ്ങള്‍ പ്രകമ്പനം കൊള്ളുന്നു. ദേവന്മാരുടെ കാവല്‍ക്കാര്‍ വിറകൊള്ളുന്നു. രാജാവ് ആത്മാവായി എഴുന്നേല്‍ക്കുന്നതു കണ്ട് അവരുടെ സേവകര്‍ പേടിച്ചോടുന്നു.”
ഖുര്‍ആന്‍ അവതീര്‍ണമായ കാലഘട്ടത്തിലും അതിനു മുമ്പും ശേഷവുമായി അനേകം നൂറ്റാണ്ടുകളായി ചിത്രലിപി വായിച്ചെടുക്കുന്നത് എങ്ങനെയെന്ന വിദ്യ ലോകത്ത് വിസ്മൃതമായിരുന്നു. എന്നാല്‍, പിരമിഡുകളില്‍ നേരത്തെ കൊത്തിവെച്ച ഫറോവമാരെക്കുറിച്ചുള്ള അതിശയോക്തി കലര്‍ന്ന വീരവാദങ്ങളെ പരിഹസിക്കാനെന്നോണം ”ആകാശവും ഭൂമിയും അവര്‍ക്കു വേണ്ടി കരഞ്ഞില്ല” (44:29) എന്നു ഖുര്‍ആന്‍ കുറിക്കുകൊള്ളുന്ന തരത്തില്‍ പ്രയോഗിച്ചത്, പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ ശ്രദ്ധേയമായിത്തീരുകയാണ്.
ഹാമാന്‍ ആരുടെ
കാലത്ത്?
ഹാമാന്റെ കഥ ബൈബിളില്‍ പഴയ നിയമത്തിലെ എസ്‌തേറിന്റെ പുസ്തകത്തിലാണ് പരാമര്‍ശിക്കുന്നത്. പേര്‍ഷ്യന്‍ രാജാവായ അഹസ്വേറോസിന്റെ (സെര്‍ക്‌സസ്-1) മുഖ്യമന്ത്രിയായാണ് ഹാമാനെ ബൈബിള്‍ ചിത്രീകരിക്കുന്നത്. യഹൂദനും എസ്‌തേര്‍ രാജ്ഞിയുടെ ബന്ധുവുമായ മൊര്‍ദെകായ് ഹാമാനെ വണങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ രോഷാകുലനാകുന്നുണ്ട് അയാള്‍. അഹങ്കാരവും അതിമോഹവുമുള്ള ഒരു മനുഷ്യനായാണ് ബൈബിള്‍ അയാളെ അവതരിപ്പിക്കുന്നത്. യഹൂദരെ കൊന്നൊടുക്കാനുള്ള മോഹവുമായി നടക്കുന്ന ഹാമാന്റെ ഗൂഢാലോചന തുറന്നുകാട്ടിയത് മൊര്‍ദെകായ് ആയിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ ക്രിസ്തുവിനു മുമ്പ് 465ല്‍ ഹാമാന്‍ സ്വയം തൂക്കിലേറിയെന്നാണ് ഐതീഹ്യം.
എന്നാല്‍, ഖുര്‍ആനില്‍ ഹാമാന്റെ കഥ പരാമര്‍ശിക്കുന്നത് മൂസാ നബിയുടെയും ഫിര്‍ഔന്റെയും ചരിത്രപശ്ചാത്തലത്തിലാണ്. ഖുര്‍ആന്റെ വിവരണത്തില്‍, ഹാമാനെ ഫറോവയുടെ പ്രധാനമന്ത്രിയായി വിശേഷിപ്പിക്കുന്നില്ല, മറിച്ച്, ഫറോവയുടെ കൊട്ടാരത്തിലെ പ്രധാന കാര്യനിര്‍വാഹകനും നിര്‍മാണത്തലവനുമായാണ് പരിചയപ്പെടുത്തുന്നത്.
ഇസ്രാഈല്യരെ അടിച്ചമര്‍ത്തുന്നവരില്‍ മുമ്പനാണ് ബൈബിളിലെയും ഖുര്‍ആനിലെയും ഹാമാന്‍. അക്കാര്യത്തില്‍ മാത്രമേ രണ്ടു ഗ്രന്ഥങ്ങളും ഈ കഥയില്‍ സാദൃശ്യമുള്ളൂ. ബൈബിളില്‍, എസ്‌തേറിന്റെ കഥയിലെ ഒരു കേന്ദ്ര കഥാപാത്രമായെത്തുന്ന ഹാമാന്‍, ഖുര്‍ആനില്‍ ഫിര്‍ഔനിന്റെ കഥയിലെ കീഴാളനായ ആജ്ഞാനുവര്‍ത്തിയായി മാറുന്നു. രണ്ടു കഥകളുടെയും കാലഘട്ടം തമ്മില്‍ ഏഴെട്ടു നൂറ്റാണ്ടിന്റെ അന്തരവുമുണ്ട്. ഖുര്‍ആനിലെ വിവരണം നിരീക്ഷിച്ചാല്‍, കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട ചുമതലയാണ് ഹാമാന് ഫിര്‍ഔന്‍ നല്‍കിയതെന്നു മനസ്സിലാവും.
പൗരാണിക ഈജിപ്തുകാര്‍ സാംസ്‌കാരികമായും വൈജ്ഞാനികമായും വളര്‍ന്ന സമൂഹമായിരുന്നു. ശാസ്ത്ര-സാങ്കേതിക മേഖലകളിലും അവര്‍ മികവു പുലര്‍ത്തിയിരുന്നു. രസതന്ത്രം, ആര്‍ക്കിടെക്ചറല്‍ വൈദഗ്ധ്യം, ജ്യോതിഷം, ജ്യോതിശാസ്ത്രം, മമ്മിഫിക്കേഷന്‍, സെറാമിക് ടെക്‌നോളജി, പിരമിഡുകള്‍ പോലുള്ള കൂറ്റന്‍ സൗധങ്ങളുടെയും രമ്യഹര്‍മ്യങ്ങളുടെയും നിര്‍മാണചാതുരി തുടങ്ങിയ മേഖലകളിലെല്ലാം പൗരാണിക ഈജിപ്ത് മുന്നേറിയിരുന്നുവെന്നതിന് ചരിത്രത്തില്‍ ഒട്ടേറെ തെളിവുകളുണ്ട്.
ഫറോവ സാമ്രാജ്യത്തെക്കുറിച്ചും അംബരചുംബികളായ അവരുടെ സൗധങ്ങളുടെ നിര്‍മാണ രഹസ്യത്തെക്കുറിച്ചും ആര്‍ഭാടപൂര്‍ണമായ അവരുടെ ജീവിതത്തെക്കുറിച്ചും അനുഗൃഹീതവും ഹരിതാഭവുമായ അവരുടെ ഭൂപ്രകൃതിയെക്കുറിച്ചും ഖുര്‍ആന്‍ നിരവധി വചനങ്ങളില്‍ ചേതോഹരങ്ങളായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. ദൈവിക വചനത്തില്‍, ഖുര്‍ആന്‍ എടുത്തുകാട്ടുന്ന, മൂസാ നബിയെ കളിയാക്കിക്കൊണ്ടും ദൈവത്തെ പുച്ഛിച്ചുകൊണ്ടും ഫിര്‍ഔന്‍ നടത്തുന്ന സംഭാഷണശകലത്തില്‍ നിന്ന് നിര്‍മാണരംഗത്തെ ഹാമാന്റെ ചുമതലയെക്കുറിച്ചും മനസ്സിലാക്കാം.
”ഫിര്‍ഔന്‍ പറഞ്ഞു: ഞാനല്ലാതെ വല്ല ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഹാമാനേ, എനിക്കു വേണ്ടി കളിമണ്ണില്‍ ചുട്ടെടുക്കുക. എന്നിട്ട് എനിക്കു നീ ഒരു ഉന്നത സൗധം പണിതുതരുക. മൂസയുടെ പടച്ചോനെ എനിക്കൊന്ന് എത്തിനോക്കാമല്ലോ. അവന്‍ നുണ പറയുന്നവരില്‍ പെട്ടവനാണെന്നാണ് ഞാന്‍ ഉറപ്പായും കരുതുന്നത്” (ഖസസ് 38).
ഖുര്‍ആന്റെ പരാമര്‍ശങ്ങളില്‍ നിന്ന് ഈജിപ്തായിരുന്നു ഹാമാന്റെ വാസസ്ഥലമെന്നു മനസ്സിലാക്കാം. ഈജിപ്‌തോളജിസ്റ്റുകള്‍ പുരാതന ചിത്രലിപി വീണ്ടും അനാവരണം ചെയ്തപ്പോള്‍, അവര്‍ക്ക് ‘ഹാമാന്‍’ എന്ന ചരിത്രപുരുഷന്റെ പേരു മാത്രമല്ല, അയാളുടെ ‘ശിലാ-ഖനിത്തൊഴിലാളികളുടെ തലവന്‍’ (Chief of the stone-quarry workers) എന്ന പദവിയും വായിച്ചെടുക്കാന്‍ കഴിഞ്ഞു.
‘അമുന്‍, ശിലാസമുച്ചയങ്ങളുടെ മേല്‍നോട്ടക്കാരനായ ഹാമാനെ’ അനുഗ്രഹിക്കാന്‍ ദൈവത്തോട് അഭ്യര്‍ഥിക്കുന്ന രണ്ടു പ്രാര്‍ഥനകള്‍ ചിത്രലിപിയില്‍ നിന്ന് ഗവേഷകര്‍ വിവര്‍ത്തനം ചെയ്‌തെടുത്തു. ഈജിപ്തില്‍ എല്ലായിടത്തും ശിലാപ്രതിമകളുള്ള അവരുടെ ദേവന്മാരിലൊളാരാണ് അമുന്‍. ഹാമാന്‍ ഈജിപ്തിലായിരുന്നുവെന്നും അന്നത്തെ ഫറോവയുടെ വലംകൈയായിരുന്നുവെന്നും അയാള്‍ നിര്‍മാണമേഖലയില്‍ പ്രമുഖ പങ്ക് വഹിച്ചിരുന്നുവെന്നും പുരാതന ചിത്രലിപി സാക്ഷ്യപ്പെടുത്തുന്നു.
ചാംപോളിയന്‍ ഇതു കണ്ടെത്തിയിട്ട് രണ്ടു നൂറ്റാണ്ട് പിന്നിടുമ്പോഴാണ് ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍ ചിത്രലിപിയില്‍ ഒളിഞ്ഞുകിടക്കുന്ന വസ്തുതകളുമായി യോജിച്ചുനില്‍ക്കുന്നുണ്ടെന്ന് ലോകം മനസ്സിലാക്കുന്നത്. ഖുര്‍ആനിലെ ‘കഥാകഥനം’ ചരിത്രപരമായും വസ്തുതാപരമായും എത്രമാത്രം കുറ്റമറ്റതാണെന്ന് ചാംപോളിയന്റെ കണ്ടെത്തലുകള്‍ ബോധ്യപ്പെടുത്തുന്നു.
വിശുദ്ധ ഖുര്‍ആനിന്റെ കണിശമായ ചരിത്രബോധത്തിനു നിദര്‍ശനങ്ങളായി ഈ കഥയില്‍ നിന്നുതന്നെ വേറെയും വചനങ്ങള്‍ ഉദ്ധരിക്കാനാവും. ബൈബിളില്‍ അബ്രഹാമിന്റെയും ജോസഫിന്റെയും കാലഘട്ടങ്ങളിലെ ഭരണാധികാരികളെയും മോശയുടെ കാലഘട്ടത്തിലെയെന്നപോലെ ‘ഫറോവ’ എന്നുതന്നെയാണ് അഭിസംബോധന ചെയ്യുന്നത്. എന്നാല്‍ മൂസാ നബിയുടെ ചരിത്ര കാലഘട്ടം പരാമര്‍ശിക്കുമ്പോള്‍ മാത്രമാണ് ഖുര്‍ആന്‍ ‘ഫിര്‍ഔന്‍’ എന്ന പദപ്രയോഗം നടത്തിയത്. ബാക്കിയെല്ലാം ‘രാജാവ്’ (മാലിക്) എന്നാണ് പരാമര്‍ശിക്കുന്നത്.
‘ഞാനാണ് ഉന്നതനായ രക്ഷിതാവ്’ എന്ന് ഫിര്‍ഔന്‍ അഹങ്കാരത്തോടെ പറയുന്നത് ഖുര്‍ആനില്‍ ഇടയ്ക്കിടെ ഉദ്ധരിച്ചിട്ടുണ്ട്. ഇതും ചരിത്ര ഗവേഷകരുടെ നിഗമനത്തിന് പിന്‍ബലമേകുന്നുണ്ട്. ഫറോവ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതില്‍ ഫറോവ ക്ഷേത്രങ്ങളുടെ ധാരാളം അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.
‘അവരുടെ ആത്മീയാചാര്യനും ഭരണാധികാരിയും അവര്‍ക്കൊന്നായിരുന്നു. ഫറോവമാര്‍ക്ക് അവര്‍ ദൈവത്തിന്റെ പരിവേഷം ചാര്‍ത്തുകയായിരുന്നു’- ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.