14 Tuesday
January 2025
2025 January 14
1446 Rajab 14

കെ സീതി മുഹമ്മദ് സാഹിബ് ; മാറ്റങ്ങളുടെ ചാലകശക്തി

ഹാറൂന്‍ കക്കാട്‌


നവോത്ഥാന മേഖലയിലെ സംഘശക്തിയുടെ പര്യായമായി ജീവിച്ച സാത്വികനായിരുന്നു നമ്പൂരിമഠത്തില്‍ കുഞ്ഞിക്കൊച്ചു ഹാജി എന്ന കോട്ടപ്പുറത്ത് സീതി മുഹമ്മദ് സാഹിബ്. ധിഷണാശേഷിയും ആരോഗ്യവും സമ്പത്തും സാമൂഹിക പരിഷ്‌കരണത്തിനു വേണ്ടി സമര്‍പ്പിച്ച ത്യാഗിയായിരുന്നു അദ്ദേഹം. സാഹിബിന്റെ മുമ്പിലെത്തുന്ന എത്രമേല്‍ ദുഷ്‌കരമായ പ്രതിസന്ധികള്‍ക്കും മാന്യമായ പ്രായോഗിക പരിഹാരങ്ങളും തൃപ്തികരമായ പരിസമാപ്തിയും തീര്‍ച്ചയായിരുന്നു.
1874ല്‍ കൊടുങ്ങല്ലൂര്‍ താലൂക്കിലെ അഴീക്കോട് വില്ലേജിലാണ് സീതി മുഹമ്മദ് സാഹിബിന്റെ ജനനം. തിരുവിതാംകൂര്‍ ശീമ കുന്നത്തുനാട് താലൂക്കിലെ മാറമ്പള്ളി മുറിയില്‍ കെ അബ്ദുല്‍ സീതിയും എറിയാട് കറുകപ്പാടത്ത് മാളിയന്‍ വീട്ടില്‍ കൊച്ചു ഖദീജയുമാണ് മാതാപിതാക്കള്‍. പ്രാഥമിക മതപഠനം പണ്ഡിതനായ പിതാവില്‍ നിന്നായിരുന്നു. പിന്നീട് പൊന്നാനി ഉള്‍പ്പെടെ വിവിധ പള്ളിദര്‍സുകളില്‍ നിന്ന് മതവിഷയങ്ങള്‍ പഠിച്ചു. അറബി വ്യാകരണം, കര്‍മശാസ്ത്രം, സൂഫിസം തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ അവഗാഹം നേടി.
പാരമ്പര്യമായി വളരെ കുറച്ച് സ്വത്താണ് സാഹിബിന് ലഭിച്ചിരുന്നത്. എന്നാല്‍ കഠിന പ്രയത്‌നം കൊണ്ട് അദ്ദേഹം ധനാഢ്യനായി. പള്ളിദര്‍സില്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ തന്നെ അദ്ദേഹം തേങ്ങാക്കച്ചവടം നടത്തിയിരുന്നു. വ്യാപാരത്തിലും കാര്‍ഷികവൃത്തിയിലും അദ്ദേഹം വിജയം വരിച്ചു. കോട്ടപ്പുറം-എറണാകുളം ജലപാതയില്‍ അദ്ദേഹം പബ്ലിക് റിലീഫ് ബോട്ട് സര്‍വീസ് നടത്തി. കല്‍ക്കത്ത പോലുള്ള വലിയ നഗരങ്ങളില്‍ അദ്ദേഹത്തിന് വ്യാപാരസ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ നിന്നെല്ലാം ലഭിക്കുന്ന വരുമാനത്തില്‍ മുഖ്യപങ്കും മതപ്രബോധന സംരംഭങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം ചെലവഴിച്ചു.
1903ല്‍ അഴീക്കോട്ടും പരിസര പ്രദേശങ്ങളിലും മാരകരോഗങ്ങള്‍ പടര്‍ന്നുപിടിച്ചപ്പോള്‍ രോഗികളെ ശുശ്രൂഷിക്കാനും ചികിത്സിക്കാനും മരണപ്പെട്ടവരെ സംസ്‌കരിക്കാനും വേണ്ടി മുമ്പില്‍ നിന്ന് നേതൃത്വം നല്‍കുകയും വലിയ തോതില്‍ സമ്പാദ്യം ചെലവഴിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം നാടിന്റെ രക്ഷകനായി. 1921ലെ മലബാര്‍ സമരകാലത്തും അദ്ദേഹത്തിന്റെ വലിയ സഹായഹസ്തങ്ങളാണ് മര്‍ദിത-പീഡിത സമൂഹത്തിന് രക്ഷയായത്.
1901ല്‍ പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയുടെ ശാഖാ കമ്മിറ്റി അഴീക്കോട്ട് സ്ഥാപിതമായപ്പോള്‍ സംഘടനയുടെ സെക്രട്ടറിയായി സാഹിബ് തിരഞ്ഞെടുക്കപ്പെട്ടു. 1909ല്‍ അദ്ദേഹം സ്ഥാപിച്ച അഴീക്കോട് പ്രൈമറി സ്‌കൂള്‍ മികച്ച വൈജ്ഞാനിക കേന്ദ്രമായി. അദ്ദേഹത്തിന്റെ മകന്‍ കെ എം സീതി സാഹിബ്, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിയവര്‍ ഈ സ്ഥാപനത്തിലെ വിദ്യാര്‍ഥികളായിരുന്നു.
1912ല്‍ അഴീക്കോട് ലജ്‌നത്തുല്‍ ഹമദാനിയ്യ സംഘം രൂപീകൃതമായത് സീതി മുഹമ്മദ് സാഹിബിന്റെ ശ്രമഫലമായാണ്. അദ്ദേഹം തന്നെയായിരുന്നു സംഘത്തിന്റെ പ്രസിഡന്റ്. ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍ ഈ നവോത്ഥാന സംരംഭത്തിന്റെ വളര്‍ച്ചയില്‍ അദ്ദേഹത്തിന് താങ്ങും തണലുമായി വര്‍ത്തിച്ചു. ഇരുവരും ചേര്‍ന്ന് ഈ സംഘത്തിനു കീഴില്‍ വിവിധ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കൊച്ചി സംസ്ഥാനത്തെ കുഴപ്പുള്ളി കേന്ദ്രീകരിച്ചും വിവിധ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് സീതി മുഹമ്മദ് സാഹിബ് മുന്നിട്ടിറങ്ങി. 1917ല്‍ സ്ഥാപിതമായ കൊച്ചി മുസ്‌ലിം വിദ്യാഭ്യാസ സംഘത്തിന്റെ പിറവിക്ക് കാരണം അദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും വിശ്രമമില്ലാത്ത പോരാട്ടമായിരുന്നു. സംഘത്തിന്റെ തുടക്കം മുതല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച സാഹിബ് മരണം വരെ ആ സേവനങ്ങള്‍ തുടര്‍ന്നു. 1920ല്‍ കൊച്ചി വിദ്യാഭ്യാസ ബോര്‍ഡ് പരിഷ്‌കരണ കമ്മിറ്റിയില്‍ കൊച്ചി മുസ്‌ലിം വിദ്യാഭ്യാസ സംഘം പ്രതിനിധിയായി അദ്ദേഹത്തെയാണ് നിയോഗിച്ചത്.
1921ല്‍ നിഷ്പക്ഷ സംഘത്തിന്റെ രൂപീകരണത്തില്‍ സീതി മുഹമ്മദ് സാഹിബ് മുഖ്യ പങ്കുവഹിച്ചു. മുസ്‌ലിം കൈരളിയുടെ മുഖച്ഛായ ശോഭനമാക്കുന്നതില്‍ നിര്‍ണായക രാസത്വരകമായി വര്‍ത്തിച്ച കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ സാക്ഷാത്കാരത്തിലും ഉജ്ജ്വലമായ പങ്കുവഹിക്കാന്‍ സാഹിബിന് നിയോഗമുണ്ടായി. 1922ല്‍ ജന്മം കൊണ്ട സംഘത്തിന്റെ പ്രഥമ പ്രസിഡന്റ് അദ്ദേഹമായിരുന്നു. പിന്നീട് പല വാര്‍ഷിക യോഗങ്ങളിലും സാഹിബ് തന്നെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സംഘത്തിന്റെ അവസാന കാലത്ത് പ്രധാന ന്യായാധിപനായി സേവനമനുഷ്ഠിച്ചതും അദ്ദേഹമായിരുന്നു. ഐക്യസംഘത്തിനു കീഴില്‍ സ്ഥാപിതമായ എറിയാട് ഇത്തിഹാദിയ്യ മദ്‌റസയുടെ ജീവനാഡിയും സാഹിബായിരുന്നു. ആലുവ അറബിക് കോളജ് സ്ഥാപിക്കുന്നതിലും അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി.
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് പത്രാധിപരായ അല്‍അമീന്‍ പത്രത്തിന്റെ പിറവിയില്‍ മുഖ്യ പങ്കുവഹിച്ച അദ്ദേഹം പ്രസ്തുത കമ്പനിയുടെ ഡയറക്ടറായിരുന്നു. മലബാര്‍ ഇസ്‌ലാം, മുസ്‌ലിം ഐക്യം, ഐക്യം, യുവലോകം, അല്‍ ഇര്‍ശാദ്, അല്‍ ഇസ്‌ലാഹ്, മുസ്‌ലിം, ദീപിക, കൊച്ചിന്‍ സ്റ്റേറ്റ് മാന്വല്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ക്കെല്ലാം വലിയ പ്രചാരണവും സാമ്പത്തിക സഹായവും അദ്ദേഹം നല്‍കി. മികച്ച വായനക്കാരനായിരുന്ന സാഹിബിന്റെ ലൈബ്രറിയില്‍ അറബി, ഉര്‍ദു ഭാഷകളിലുള്ള അമൂല്യമായ ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരം ഉണ്ടായിരുന്നു. നിരവധി വിജ്ഞാനകുതുകികള്‍ ഇവ പ്രയോജനപ്പെടുത്തി.
തികഞ്ഞ ദേശഭക്തനായിരുന്ന സീതി മുഹമ്മദ് സാഹിബ് ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളില്‍ സജീവമായ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. വിനയം, വിവേകം, ദയ, ധീരത, ഉദാരത, കൃത്യനിഷ്ഠ, കഠിനാധ്വാനം തുടങ്ങി ബഹുഗുണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേരള മുസ്‌ലിംകളുടെ നാനാമുഖമായ വളര്‍ച്ചയിലും വികാസത്തിലും മുഖ്യ പങ്കുവഹിച്ച ഘടകമാണ്. കൊച്ചി മഹാരാജാക്കന്മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അടുത്ത് വലിയ ബഹുമാനാദരവുകളായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്.
1927ല്‍ സീതി മുഹമ്മദ് സാഹിബും സതീര്‍ഥ്യരും നടത്തിയ ഹജ്ജ് യാത്ര പ്രസിദ്ധമാണ്. കെ എം മൗലവി, മണപ്പാട്ട് പി കുഞ്ഞിമുഹമ്മദ് ഹാജി, പി കൊച്ചു മൊയ്തീന്‍, പി എം സിക്കന്ദര്‍ ഹാജി തുടങ്ങിയവരായിരുന്നു സഹയാത്രികര്‍. ഹജ്ജിനെത്തിയ അവര്‍ ഹിജാസ് പ്രദേശത്തിന്റെ സ്ഥിതിഗതികള്‍ കൃത്യമായി വിലയിരുത്തി. രാജ്യപുരോഗതിക്കും തീര്‍ഥാടകരുടെ ക്ഷേമത്തിനും വേണ്ടി അനിവാര്യമായി നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പഠനാര്‍ഹമായ ഒരു നിവേദനം സുല്‍ത്താന്‍ ഇബ്‌നു സുഊദിന് അവര്‍ സമര്‍പ്പിച്ചു. അത് ഭരണാധികാരികള്‍ ഉള്‍ക്കൊള്ളുകയും പ്രയോഗവത്കരിക്കുകയും ചെയ്തത് സുഊദി അറേബ്യയുടെ ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായമാണ്.
കര്‍മനൈരന്തര്യത്തിന്റെ അനിതരസാധാരണമായ വസന്തങ്ങള്‍ വാരിവിതറിയ മഹാമനീഷി കെ സീതി മുഹമ്മദ് സാഹിബ് 55ാമത്തെ വയസ്സില്‍ നിര്യാതനായി. അദ്ദേഹത്തിന്റെ മകനും കേരള നിയമസഭാ സ്പീക്കറുമായിരുന്ന കെ എം സീതി സാഹിബിന്റെ എറണാകുളത്തെ വീട്ടില്‍ വെച്ച് പ്രമേഹരോഗത്തെ തുടര്‍ന്ന് 1929ലായിരുന്നു വേര്‍പാട് (1104 മിഥുനം 04). ഭൗതിക ശരീരം അഴീക്കോട്ട് സംസ്‌കരിച്ചു.

Back to Top