14 Tuesday
January 2025
2025 January 14
1446 Rajab 14

നാട്ടു മുറിപ്പ്‌

ഫായിസ് അബ്ദുല്ല തരിയേരി


എന്റോടം മുറിച്ചു
രണ്ടോരി വെച്ചാല്‍
തെക്കോരം സുബൈദക്കും
വടക്കേമ്പ്രം കദിയാക്കും
കൊടുക്കണമെന്നാവും നടപ്പ്.

എഴുപത് കുടില് മാത്രം
കെട്ടിയാടുന്നൊരു
പച്ചക്കതിരുകള്‍ക്കും കുറുകെ,
നീങ്ങുന്ന നിഴലിന്റെ പുതുസ്സളവുകളില്‍
അവരിങ്ങനൊന്ന് നിലമെറിയും
‘എണേ… നീയറിഞ്ഞിനാ..’

പെറ്റോടത്ത്,
ആറെണ്ണം കുലച്ചു നിന്നിട്ടും
ആരാന്റെ പേറിലെ
ചേറ് കാണാന്‍
ബുര്‍ഖയണിഞ്ഞ്
ഹാജിയാപ്ലന്റെ കണ്ടി കീഞ്ഞു
വരുന്നൊരു വരവേയ്…

നാലു പെണ്ണുങ്ങളിരിക്കുന്ന
കിണറ്റിന്‍വക്കത്ത്
സുബൈദയും കദിയയും നിവര്‍ത്തുന്ന
ആവലാതിപ്പൊതികളില്‍
ഇശാക്ക് പോകുന്ന കുട്ടി
കണ്ടെന്നു പറയുന്ന
പ്രേതക്കഥകള്‍ ഉള്ളതേയ്‌നെന്നു തോന്നിക്കും.

ഇമ്മച്ചിയെ…
ചോന്ന തസ്ബീഹും കല്ലുകള്‍ കൂട്ടിക്കെട്ടി,
മുള്ളേറ്റു കീറിയ
കറുത്ത കോന്തയിട്ട്,
കാടിനു നടുവില്‍
കണ്ണുന്തി നില്‍ക്കുന്ന ആയിരം നാക്കുള്ള
രണ്ടു പെണ്‍കുട്ടിയമ്മകള്‍
എന്റെ വഴിയടക്കുന്നു.

ആണ്ടിലൊരിക്കല്‍,
പള്ളിക്കലെ
നരകക്കഥയില്‍ മാത്രം
അവരുടെ കണ്ണ് ചുവക്കും.
അപ്പോഴൊക്കെ
കദിയാന്റെ മധുരം കൂട്ടിയുള്ള
നെടുവീര്‍പ്പുകള്‍
തൂണു പിടിച്ചു
‘ഹഖ് പറഞ്ഞില്ലേല്‍ നാട്
കുട്ടിച്ചോറായിപ്പോകൂലെ’യെന്നാക്കഥ
വൃഥാവിലിരുത്തും.

ഇഷ്ടപ്പെട്ടു കഴിയുന്നോരുടെ
ഇടയിലേക്ക്
അവിഹിതമായൊരു കട്ടുറുമ്പിനെ വിട്ട്,
സല്‍മീക്കാന്റെ ഗള്‍ഫ് ചാക്കില്‍
ഒറ്റക്കുത്തിറക്കി, ചിരി കമിത്തി,
അതിര് കൂട്ടി കാഫ് വരക്കുന്നത്
നിരീക്കുമ്പോള്‍
പടച്ചോന്‍ പൊറുക്കൂലിതൊന്നും
പറഞ്ഞുമ്മ കരയും
പുര മടുത്ത എല്ലാ പെണ്ണുങ്ങളും കരയും.

ഊടുവക്കിലും നീല രാവിലും
സുബൈദ കുറ്റൊന്നും പറയലില്ലെന്ന്
പായാരം പറഞ്ഞ്
പ്രാണനെ പച്ചയില്‍ കീറിയ
കനലില്‍
കമ്യുണിസ്റ്റ് പച്ച തേച്ചു പിടിപ്പിച്ചു
ഒന്നും പറയാതെ,
കുന്നുമ്പുറം വരെ
കൂട്ട് വരുമോന്ന്
ചോദിക്കുന്നേരം മാത്രം,
ഭൂമിയിലെ എല്ലാ ഫെമിനിച്ചിമാരും
ജീവിക്കാനൊരു കൂട്ട് വേണമെന്നൊരു
ഒറ്റ നേര് പറയുന്നുണ്ടെന്ന് തോന്നും.

ജൈഹൂന്റെ അയലക്കത്തൊന്നും
ഇങ്ങനെയൊന്നില്ലെന്ന് എഴുതിയ
ഒറ്റ നുണയിലാണ്
പെണ്ണൊരു നാട് ഭരിക്കുന്നതും
ഭാഗിക്കുന്നതുമെന്ന് കുറി വെച്ചപ്പോള്‍
അതാ..
ഒറ്റ നേരു വള്ളി പടര്‍ന്നു നാട്ടിലാര്‍ക്കും
ഗതിയില്ലാത്തൊരു വിധി വരുന്നു..

നാട് മുറിച്ചു പപ്പാതി വെച്ചു
നമ്മളൊക്കെയും
നെറി കെട്ട് ജീവിപ്പിച്ചു നിര്‍ത്തുന്ന
വല്ലാത്ത മുറിപ്പ്.

Back to Top