28 Wednesday
January 2026
2026 January 28
1447 Chabân 9

വെറുപ്പിന് നല്‍കുന്ന ദേശീയോദ്ഗ്രഥന പുരസ്‌കാരം

അബുല്‍ ഫസല്‍

രാജ്യത്ത് വീണ്ടും ദേശീയ സിനിമാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അതില്‍ ദേശീയോദ്ഗ്രഥനത്തിനു നല്‍കിയ പുരസ്‌കാരം ഏറെ വിവാദങ്ങള്‍ക്കു കാരണമായിരിക്കുകയാണ്. കശ്മീര്‍ ഫയല്‍സ് എന്ന വെറുപ്പുല്‍പാദന സിനിമയാണ് ഇപ്രാവശ്യം ദേശീയോദ്ഗ്രഥനത്തിന് പുരസ്‌കരിക്കപ്പെട്ടത് എന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്രമേല്‍ പ്രത്യക്ഷ വെറുപ്പുല്‍പാദനത്തോടു സമരസപ്പെട്ടുകഴിഞ്ഞു എന്നതിന് പ്രകടോദാഹരണമാണ്.
ചരിത്രത്തെയും യുക്തിചിന്തയെയും മനുഷ്യാവകാശ മൂല്യബോധത്തെയും ഒഴിവാക്കി സ്വയരക്ഷയ്ക്കായുള്ള യുദ്ധപ്രഖ്യാപനം കൂടിയാണ് ബിജെപി സര്‍ക്കാര്‍ ഇതിലൂടെ നടത്തിയിരിക്കുന്നത്. ആരെയാണ് അവര്‍ ഭയക്കുന്നത്, ആരെയാണ് അവര്‍ക്ക് വളര്‍ത്തേണ്ടത് എന്ന ചോദ്യം അവാര്‍ഡ് ലഭിച്ച സിനിമകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നു.
യാഥാര്‍ഥ്യങ്ങള്‍ക്കു മേല്‍ മിഥ്യാധാരണകളെ പ്രതിഷ്ഠിച്ച് സാമൂഹിക സംഘര്‍ഷങ്ങളെ കലുഷിതമാക്കാന്‍ പടച്ചുവിടുന്ന രചനകളാണിവ എന്ന വ്യക്തമാണ്. അത്തരമൊരു സിനിമ എപ്രകാരമാണ് രാജ്യത്തിന്റെ ദേശീയോദ്ഗ്രഥനത്തിനുള്ള ആവിഷ്‌കാരമായി മാറുന്നത്? മതേതര മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ഭരണഘടനയുള്ള ഒരു രാജ്യത്താണ് ഇങ്ങനെയൊരു സിനിമ ദേശീയ പുരസ്‌കാരം നേടുന്നത് എന്നതും, ഇന്നത്തെ സാഹചര്യത്തില്‍ ഗൗരവകരമായ ആലോചന അര്‍ഹിക്കുന്ന ഒന്നാണ്.

Back to Top