കേരളത്തില്‍ ഇത്രയധികം വിവാഹമോചനങ്ങളോ?
അബ്ദുല്‍അസീസ്
ലോകത്തെ തന്നെ കുറഞ്ഞ വിവാഹമോചന നിരക്കുള്ള രാജ്യമാണ് ഇന്ത്യ. കുടുംബം എന്ന സങ്കല്‍പത്തെ അതീവ പവിത്രമായി കരുതിപ്പോരുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ അടുത്തിടെയായി കേരളത്തില്‍ വിവാഹമോചനങ്ങള്‍ കൂടുന്നു എന്ന രീതിയിലാണ് കണക്കുകളാണ് പുറത്തുവരുന്നത്.
കേരളത്തിലെ 28 കുടുംബ കോടതികളില്‍ നിന്ന് 2019ല്‍ ലഭ്യമായ കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ വിവാഹമോചനം നടക്കുന്നത് ഹിന്ദു മാര്യേജ് ആക്ടിനു കീഴിലാണ് (15,701). ക്രിസ്ത്യന്‍ മാര്യേജ് ആക്ടിനു കീഴില്‍ 5281, മുസ്‌ലിം മാര്യേജ് ആക്ടിനു കീഴില്‍ 2282, സ്‌പെഷ്യല്‍ മാര്യേജ് ആക്ടിനു കീഴില്‍ 1506 വിവാഹമോചന പെറ്റീഷനുകളാണ് ഫയല്‍ ചെയ്തത്. 2018ലെ കണക്ക് പരിശോധിച്ചാല്‍ ഹിന്ദു മാര്യേജ് ആക്ടിനു കീഴില്‍ 14,857, ക്രിസ്ത്യന്‍ മാര്യേജ് ആക്ടിനു കീഴില്‍ 5272, മുസ്‌ലിം മാര്യേജ് ആക്ടിനു കീഴില്‍ 1948, സ്‌പെഷ്യല്‍ മാര്യേജ് ആക്ടിനു കീഴില്‍ 1311 വിവാഹമോചന പെറ്റീഷനുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഈ കണക്കുകള്‍ പ്രകാരവും വിവിധ വ്യക്തിനിയമങ്ങളില്‍ വിവാഹമോചന നിരക്കുകള്‍ വര്‍ധിക്കുന്നതായി കാണാം. കുടുംബ കോടതികളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള മലപ്പുറം അടക്കമുള്ള മലബാര്‍ ജില്ലകളില്‍ മുസ്‌ലിം മാര്യേജ് ആക്ടിനു കീഴില്‍ ഫയല്‍ ചെയ്ത വിവാഹമോചന പെറ്റീഷനുകള്‍ താരതമ്യേന കുറവാണ്.
കേരളത്തില്‍ ഇത്രയധികം വിവാഹമോചനങ്ങള്‍ നടക്കുമ്പോഴും അതില്‍ എത്ര പേര്‍ പുനര്‍വിവാഹിതരാവുന്നു എന്നതിന് സര്‍ക്കാര്‍തലത്തില്‍ കൃത്യമായ കണക്കില്ല. അത്തരം കണക്കുകളുടെ വെളിച്ചത്തില്‍ മാത്രമേ വിവാഹമോചനം എന്ന സാമൂഹിക സ്ഥിതിയെ പൂര്‍ണ രീതിയില്‍ വിശകലനം ചെയ്യാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല, ത്വലാഖ് മുഖേന നടക്കുന്ന വിവാഹമോചനത്തിന്റെയും അവരുടെ പുനര്‍വിവാഹത്തിന്റെയും കൃത്യമായ കണക്കുകള്‍ മുസ്‌ലിം ജമാഅത്ത് പള്ളികളിലോ ഇതര മുസ്‌ലിം മതസംഘടനകളിലോ കൃത്യമായ രീതിയില്‍ ഏകീകൃത സ്വഭാവത്തോടുകൂടി സൂക്ഷിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ മാത്രമേ മുസ്‌ലിം വിവാഹമോചനത്തിന്റെ യഥാര്‍ഥ ചിത്രം ലഭിക്കുകയുള്ളൂ. എന്നിരുന്നാലും നിലവിലെ കേരളീയ സാഹചര്യത്തില്‍, ലഭ്യമായ കണക്കുകളില്‍ നിന്ന് വിവാഹമോചനം വര്‍ധിച്ചുവരുന്നു എന്നു വ്യക്തമായി മനസ്സിലാക്കാം.
വിവാഹജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും എങ്ങനെ എപ്രകാരം വര്‍ത്തിക്കണം എന്നതു സംബന്ധിച്ച് യുവതലമുറയില്‍ രൂപപ്പെടുന്ന ഒരു ആശയക്കുഴപ്പമാണ് ഈ പ്രശ്‌നങ്ങളുടെ മൂലകാരണം എന്നു മനസ്സിലാക്കാം. കൃത്യമായ ധാര്‍മിക ബോധമുള്ള തലമുറകളെ വളര്‍ത്തിക്കൊണ്ടുവരുകയും പരസ്പരം പൊരുത്തപ്പെട്ടു മുന്നോട്ടുപോകാനുള്ള വഴികള്‍ സാധ്യമാക്കുകയും വേണ്ടതുണ്ട്. കുടുംബം എന്നത് കൂടുതല്‍ കെട്ടുറപ്പു വേണ്ട ഒന്നായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.