ടി കെ മൗലവി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സാമൂഹിക പരിഷ്‌കരണങ്ങളും
ഹാറൂന്‍ കക്കാട്
കേരളത്തില്‍ നവോത്ഥാന സംരംഭങ്ങളുടെ അടിത്തറ പണിയുന്നതില്‍ മുഖ്യ ഭാഗധേയം നിര്‍വഹിച്ചത് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ പ്രദേശമാണ്. കേരള മുസ്‌ലിം ഐക്യസംഘം ഉള്‍പ്പെടെയുള്ള ശ്രദ്ധേയമായ സംഘടനാ മുന്നേറ്റങ്ങള്‍ക്ക് ധീരമായ ഇടപെടല്‍ നടത്തിയ നാട് എന്ന നിലയില്‍ ചരിത്രത്തില്‍ ഇതിനു സുപ്രധാന സ്ഥാനമുണ്ട്. കോട്ടപ്പുറത്ത് സീതി മുഹമ്മദ് സാഹിബ്, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി, കെ എം സീതി സാഹിബ് തുടങ്ങിയ പ്രദേശത്തെ നവോത്ഥാന ശില്‍പികള്‍ക്കു പുറമെ മറ്റു ചില പരിഷ്‌കര്‍ത്താക്കളും ത്യാഗസുരഭിലമായ ഈ സാഹസിക യാത്രയില്‍ കണ്ണികളായിരുന്നു. പണ്ഡിതവര്യരായ കെ എം മൗലവി, ഇ കെ മൗലവി, ടി കെ മൗലവി എന്നീ ത്രിമൂര്‍ത്തികളായിരുന്നു ഇതില്‍ പ്രമുഖര്‍.
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ പാനൂരിന് അടുത്തുള്ള കൈവേലിക്കല്‍ സ്വദേശിയായ ടി കെ മൗലവി കൊടുങ്ങല്ലൂരിലെത്തിയത് ഇ കെ മൗലവിയുടെ ദീര്‍ഘദൃഷ്ടിയുടെ ഭാഗമായിരുന്നു. 1892ല്‍ മമ്മാലിക്കണ്ടിയില്‍ കുഞ്ഞമ്മദ് മുസ്‌ല്യാരുടെ മകനായി ജനിച്ച തോണിക്കടവന്‍ വീട്ടില്‍ മുഹമ്മദ് എന്ന ബാലനാണ് പില്‍ക്കാലത്ത് ടി കെ മൗലവി എന്ന ചുരുക്കപ്പേരില്‍ കേരളത്തില്‍ പ്രശസ്തനായ മതപണ്ഡിതനും പരിഷ്‌കര്‍ത്താവുമായി വളര്‍ന്നത്. നിരവധി പണ്ഡിതന്മാരാല്‍ പ്രസിദ്ധമായ പാനൂരിലെ പൈക്കാട്ട് തറവാട്ടിലെ അംഗമായിരുന്നു അദ്ദേഹത്തിന്റെ മാതാവ്.
മാതാപിതാക്കളില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് നാദാപുരം, വെളിയങ്കോട് എന്നിവിടങ്ങളിലെ പള്ളിദര്‍സുകളില്‍ വിദ്യാര്‍ഥിയായി. 1909ല്‍ വാഴക്കാട് ദാറുല്‍ ഉലൂമില്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനായി. മലയാളം, അറബി ഭാഷകള്‍ ഉള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ വ്യുല്‍പത്തി നേടാന്‍ ദാറുല്‍ ഉലൂമിലെ പഠനം ടി കെ മൗലവിയെ എല്ലാ അര്‍ഥത്തിലും സഹായിച്ചു. കെ എം മൗലവി, ഇ കെ മൗലവി, കെ എന്‍ ഇബ്‌റാഹീം മൗലവിയുടെ പിതാവ് പറമ്പത്ത് കുഞ്ഞഹമ്മദ് മൗലവി എന്നിവരായിരുന്നു ഈ ദര്‍സില്‍ അദ്ദേഹത്തിന്റെ പ്രധാന സഹപാഠികള്‍.
ദാറുല്‍ ഉലൂമിലെ പഠനത്തിനു ശേഷം ടി കെ മൗലവി പാനൂര്‍ ദര്‍സില്‍ കുറച്ചു കാലം പഠിതാവായിരുന്നു. ഖുതുബി മുഹമ്മദ് മുസ്‌ല്യാരായിരുന്നു ഇവിടെ ഗുരുനാഥന്‍. പഠനത്തിനു ശേഷം ചുറുചുറുക്കോടെ അദ്ദേഹം മതജാഗരണ പ്രവര്‍ത്തന ഗോദയിലേക്ക് ഇറങ്ങി.
വിദ്യാഭ്യാസ പരിഷ്‌കരണ സംരംഭങ്ങള്‍ക്ക് അനുകൂല സാഹചര്യമുണ്ടായിരുന്ന കൊടുങ്ങല്ലൂരിലേക്ക് ഇ കെ മൗലവിയുടെ കൂടെ അധ്യാപകജോലി ചെയ്യാന്‍ 1919ല്‍ ടി കെ മൗലവി ക്ക് ക്ഷണം ലഭിച്ചതോടെ നവോത്ഥാന മുന്നേറ്റങ്ങളുടെ പുതിയ ഘട്ടം പിറവിയെടുക്കുകയായിരുന്നു. ഇരുവരും ഒന്നിച്ച് വിവിധ പദ്ധതികള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടിരിക്കെ മൂന്നാമനായി കെ എം മൗലവിയും കൊടുങ്ങല്ലൂരിലേക്ക് എത്തി. 1921ലെ മലബാര്‍ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പട്ടാളം കുറ്റം ചുമത്തിയതിനെ തുടര്‍ന്നാണ് കെ എം മൗലവി എത്തിയത്.
നിഷ്പക്ഷ സംഘവും കേരള മുസ്ലിം ഐക്യസംഘവും കേരള ജംഇയ്യത്തുല്‍ ഉലമയും പിറവിയെടുക്കുന്നതിലും സംഘടനകളുടെ വിശ്വാസധാരകള്‍ വളര്‍ത്തുന്നതിലും ഈ ത്രിമൂര്‍ത്തികള്‍ വഹിച്ച ഭാഗധേയം വലുതായിരുന്നു. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രഥമ പ്രവര്‍ത്തക സമിതി അംഗമായിരുന്നു ടി കെ മൗലവി. കെ ജെ യുവിന്റെ രൂപീകരണത്തിനു വേണ്ടി കേരളത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മതപണ്ഡിതന്മാരുമായി നേരിട്ട് സംവദിച്ചതും പദ്ധതികള്‍ പ്രായോഗികമാക്കിയതും അദ്ദേഹവും മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയുമായിരുന്നു. ഇ കെ മൗലവിയും പിന്നീട് ഈ ദൗത്യസംഘത്തില്‍ ചേര്‍ന്നു.
കൊച്ചിയില്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപകനായി നിയമിതനായ ടി കെ മൗലവി വിദ്യാഭ്യാസ മേഖലയിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. 1925ല്‍ മാഹി പ്രദേശത്തുകാരുടെ നിര്‍ബന്ധപ്രകാരം അദ്ദേഹം അലവിയ്യാ മദ്‌റസയില്‍ (ഇപ്പോഴത്തെ എം എം ഹൈസ്‌കൂള്‍) അധ്യാപകനായെത്തി.
മത-ഭൗതിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിനുള്ള ഒട്ടേറെ ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മൗലവി നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ അത്യാകര്‍ഷകമായ പ്രഭാഷണ വൈഭവവും മനോഹരമായ ലേഖനമെഴുത്തും ഇതിനു വേണ്ടി ധാരാളം ഉപയോഗിച്ചു. മലപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ സാക്ഷാത്കാരത്തില്‍ കെ എം മൗലവി, കെ എം സീതി സാഹിബ്, സി ഒ ടി കുഞ്ഞിപ്പക്കി സാഹിബ് എന്നിവരോടൊപ്പം ടി കെ മൗലവിയും അഹോരാത്രം പരിശ്രമിച്ചു. മലബാറിലെ എല്ലാ പ്രദേശങ്ങളും സന്ദര്‍ശിച്ച് കുട്ടികളെ സ്‌കൂളിലേക്ക് അയക്കാന്‍ ശക്തമായ ബോധവത്കരണം നടത്തി.
പാനൂര്‍ തിരുവാല്‍ മാപ്പിള യുപി സ്‌കൂളും എളമ്പിലാട്, പയ്യോളി തുടങ്ങിയ പ്രദേശങ്ങളില്‍ ഉന്നത നിലവാരമുള്ള മദ്‌റസകളും സ്ഥാപിച്ചത് അദ്ദേഹത്തിന്റെ സാരഥ്യത്തിലായിരുന്നു. നിര്‍ധന വിദ്യാര്‍ഥികളെ സാമ്പത്തികമായി സഹായിച്ച് പഠനകാര്യങ്ങളില്‍ പ്രോത്സാഹനം നല്‍കുന്ന ശീലം മൗലവിയുടെ പ്രത്യേകതയായിരുന്നു. നിരവധി പേരെ ഈ നിലയില്‍ വളര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്-ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും ടി കെ മൗലവി സജീവ സാന്നിധ്യമായിരുന്നു.
മലബാര്‍ സമരത്തിന്റെ കെടുതികളില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ ഏറനാട് താലൂക്കിലെ എല്ലാ പ്രദേശങ്ങളിലും അദ്ദേഹം എത്തിയിരുന്നു. പില്‍ക്കാലത്ത് കോണ്‍ഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായി മാറി. മലബാര്‍ ജില്ലാ ലീഗ് കമ്മിറ്റി മെമ്പര്‍, കോട്ടയം താലൂക്ക് ലീഗ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
തിരക്കുപിടിച്ച അധ്യാപനവൃത്തിക്കിടയിലും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രഭാഷണത്തിനും എഴുത്തിനും വേണ്ടി ടി കെ മൗലവി ഒരുപാട് സമയം ചെലവഴിച്ചു. അല്‍ മുര്‍ശിദ്, അല്‍ ഇര്‍ശാദ്, അല്‍ അമീന്‍, മുസ്‌ലിം ഐക്യം, ചന്ദ്രിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെ പ്രധാന എഴുത്തുകാരനായിരുന്നു അദ്ദേഹം. അല്‍ മുര്‍ശിദിന്റെ മാനേജരായും സേവനമനുഷ്ഠിച്ചിരുന്നു. പ്രധാന ഗുരുനാഥനായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഏതാനും അറബി പാഠപുസ്തകങ്ങളും മൗലവി രചിച്ചിട്ടുണ്ട്.
1941ല്‍ ടി കെ മൗലവി ബര്‍മ സന്ദര്‍ശിച്ചു. തലസ്ഥാന നഗരമായ റങ്കൂണിലെ പള്ളിയില്‍ ഇമാമായി സേവനമനുഷ്ഠിക്കുന്ന അനുജന്‍ അഹ്മദ് മൗലവി, അവിടെ വ്യാപാരിയായിരുന്ന സഹോദരീ ഭര്‍ത്താവ് കീഴ്മടത്തില്‍ അബ്ദുല്ല മൗലവി, മറ്റു ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരെ കാണുക എന്നതായിരുന്നു യാത്രാലക്ഷ്യം. എന്നാല്‍ മൗലവി അവിടെയെത്തി അധികനാള്‍ കഴിയുംമുമ്പേ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി ബര്‍മയില്‍ വ്യാപകമായ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.
സഖ്യകക്ഷികളില്‍ ഉള്‍പ്പെട്ട ബ്രിട്ടീഷുകാരുടെ ഭരണത്തിനു കീഴിലായിരുന്നു അന്ന് ബര്‍മ. റങ്കൂണില്‍ വ്യാപകമായ തോതില്‍ ജപ്പാന്‍ സൈന്യം അക്രമങ്ങള്‍ അഴിച്ചുവിട്ടതിനെ തുടര്‍ന്ന് മിക്ക പ്രവാസികളും സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായി. അന്ന് റങ്കൂണില്‍ ഉണ്ടായിരുന്ന കെ എന്‍ ഇബ്‌റാഹീം മൗലവിയും ടി കെ മൗലവിയും ഒന്നിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. യാത്രാമധ്യേ കടുത്ത പരീക്ഷണങ്ങളും പ്രയാസങ്ങളും പട്ടിണിയും ഇവര്‍ നേരിട്ടു. വാഹനസൗകര്യം ഇല്ലാത്തിടങ്ങളില്‍ കൊടുങ്കാട്ടിലൂടെ ദീര്‍ഘദൂരം നടന്നു യാത്ര ചെയ്യേണ്ടിവന്നു. എല്ലാ നിലയ്ക്കും പ്രതികൂലമായ സാഹചര്യത്തെ അതിജീവിച്ച് മനക്കരുത്തോടെ യാത്ര തുടരുന്നതിനിടയില്‍ ടി കെ മൗലവി രോഗബാധിതനായി.
കെ എന്‍ ഇബ്‌റാഹീം മൗലവിയുടെ സഹായത്തോടെ കല്‍ക്കത്ത, മദ്രാസ് വഴി തീവണ്ടിയില്‍ സ്വദേശത്ത് തിരിച്ചെത്തി, കൂത്തുപറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ ഒരു ആഴ്ച പിന്നിട്ടപ്പോള്‍ അദ്ദേഹം തീര്‍ത്തും അവശനായി. സാമൂഹിക പരിഷ്‌കരണമേഖലയില്‍ നിറഞ്ഞുനിന്ന ടി കെ മൗലവി എന്ന അസാമാന്യ പ്രതിഭ 1942 മെയ് ആറിന്, അമ്പതാമത്തെ വയസ്സില്‍ നിര്യാതനായി.