14 Tuesday
January 2025
2025 January 14
1446 Rajab 14

സംരക്ഷിത മേഖല

എം ടി അബ്ദുല്‍ഗഫൂര്‍


അബ്ദുല്ലാഹിബ്‌നു നുഅ്മാനുബ്‌നു ബശീര്‍(റ) പറയുന്നു: നബി(സ) പറയുന്നതായി ഞാന്‍ കേട്ടു. നിശ്ചയമായും അനുവദനീയമായ കാര്യങ്ങള്‍ വ്യക്തമാണ്. തീര്‍ച്ചയായും നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്. എന്നാല്‍ അവ രണ്ടിനുമിടയില്‍ പരസ്പര സാദൃശ്യം മൂലം സംശയിക്കപ്പെട്ട കാര്യങ്ങളുണ്ട്. അധികമാളുകള്‍ക്കും അതിന്റെ യാഥാര്‍ഥ്യം അറിയുകയില്ല. ആരെങ്കിലും അത്തരം സംശയത്തിലകപ്പെട്ട കാര്യങ്ങളെ സൂക്ഷിച്ചാല്‍ അവന്‍ തന്റെ മതത്തെയും അഭിമാനത്തെയും സംരക്ഷിച്ചു. പരസ്പര സദൃശമായ അവ്യക്തതകളില്‍ പെടുന്നവര്‍ നിഷിദ്ധത്തില്‍ അകപ്പെടുന്നു. ഒരു സംരക്ഷിത മേഖലയ്ക്ക് ചുറ്റും കാലികളെ മേയ്ക്കുന്ന ഒരു ഇടയനെപ്പോലെയാണവന്‍. അവ ആ അതിര്‍ത്തികടന്ന് മേയാന്‍ സാധ്യതയുണ്ട്. അറിയുക, എല്ലാ ഭരണാധികാരിക്കും ഒരു സംരക്ഷിത മേഖലയുണ്ട്. അല്ലാഹുവിന്റെ സംരക്ഷിത മേഖല അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാകുന്നു. അറിയുക ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദുഷിക്കുകയും ചെയ്യും. അറിയുക, അതത്രെ ഹൃദയം (ബുഖാരി, മുസ്‌ലിം)

വളരെ പ്രവിശാലമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നബിവചനമാണിത്. നന്മയില്‍ മുന്നേറാനുള്ള പ്രേരണ ഇതിലുണ്ട്. നിഷിദ്ധമായതില്‍ പെട്ടുപോകുന്നതിനെ ഈ വചനം നിരുത്സാഹപ്പെടുത്തുന്നു. പരസ്പര സാദൃശ്യമുള്ളതില്‍ സംശയാലുവായി അനാവശ്യങ്ങളിലും അവ്യക്തതകളിലും പെട്ട് നിഷിദ്ധമായതില്‍ അകപ്പെട്ടുപോകാതിരിക്കാനുള്ള ജാഗ്രതാ മുന്നറിയിപ്പും ഈ വചനത്തിലടങ്ങിയിരിക്കുന്നു.
അനുവദനീയവും അനനുവദനീയവുമായ കാര്യങ്ങള്‍ അല്ലാഹുവും തിരുദൂതരും വ്യക്തമായി വിവരിച്ചിരിക്കുന്നു. അനുവദനീയമെന്നോ നിഷിദ്ധമെന്നോ മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങളുടെ പിന്നാലെ സഞ്ചരിച്ച് അവസാനം നിഷിദ്ധത്തില്‍ അകപ്പെട്ടു പോകുന്നവര്‍ക്കുള്ള താക്കീത് കൂടിയാണ് ഈ വചനം.
ഒരു കൃഷിയിടത്തില്‍ അതിന്റെ അതിരിനോടടുത്ത് കാലികളെ മേയ്ക്കുന്ന ഇടയന് അവയെ നിയന്ത്രിക്കാന്‍ വലിയ ശ്രമം ആവശ്യമായി വരും. കാരണം അതിരിനപ്പുറത്ത് ധാരാളം പുല്ലും വിഭവങ്ങളും കണ്ടാല്‍ കാലികള്‍ അതിരു ഭേദിക്കുക സ്വാഭാവികമാണ്. അതുപോല നല്ലതെന്ന് തോന്നുന്നതും നിഷിദ്ധമെന്ന് പെട്ടെന്ന് മനസ്സിലാകാത്തതുമായ കാര്യങ്ങളെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അകപ്പെടുന്ന അപകടത്തെക്കുറിച്ചാണ് ഈ വചനം മുന്നറിയിപ്പ് നല്‍കുന്നത്.
ഓരോന്നിനും അതിര്‍ത്തിയും പരിധിയും നിശ്ചയിക്കപ്പെടുകയും അല്ലാഹു നിശ്ചയിച്ച അതിര്‍ത്തി അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാണെന്ന് അറിയുകയും ചെയ്താല്‍ പിന്നെ പരിധി ലംഘിക്കാന്‍ നമുക്ക് കഴിയില്ല. അതിന്നാവശ്യം ഹൃദയ ശുദ്ധീകരണമാണ്. ഹൃദയ ശുദ്ധീകരണമാണ് നമ്മെ പരിശുദ്ധിയിലേക്ക് നയിക്കുന്നത്. ഹൃദയം ദുഷിക്കുന്നത് ദുര്‍നടപ്പിലേക്കാണ് എത്തിക്കുന്നത്. ആത്മാര്‍ഥമായ വിശ്വാസവും നിഷ്‌കളങ്കമായ പ്രവര്‍ത്തനവും ഹൃദയശുദ്ധിയുടെ ഭാഗമായിട്ടാണ് ഉണ്ടാവുന്നത് എന്ന് ഈ നബിവചനം പഠിപ്പിക്കുന്നു.

Back to Top