നിയമപോരാട്ടത്തിന്റെ പര്യായം
അഡ്വ. മുഹമ്മദ് ദാനിഷ് കെ എസ്
ആഗസ്റ്റ് 20ന് നിര്യാതനായ ജംഇയ്യത്തുല്‍ ഉലമ മഹാരാഷ്ട്രയുടെ നിയമസഹായ സെല്ലിന്റെ സെക്രട്ടറിയായിരുന്ന മൗലാനാ ഗുല്‍സാര്‍ അസ്മി സാഹിബിന്റെ വിയോഗം രാജ്യത്തെ മുസ്‌ലിം സമൂഹത്തിന് ഏറെ ആഘാതം ഏല്‍പ്പിക്കുന്നതാണ്. ഭീകരവാദ കേസുകളില്‍ വ്യാജക്കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലാകുന്ന നിരപരാധികള്‍ക്കു വേണ്ടി ജംഇയ്യത്ത് നിയമപോരാട്ടം നടത്തിയിരുന്നത് മൗലാനാ അസ്മിയുടെ നേതൃത്വത്തിലായിരുന്നു. മഹാരാഷ്ട്ര സ്റ്റേറ്റ് ന്യൂനപക്ഷ കമ്മീഷന്‍ അംഗം കൂടിയായിരുന്ന മൗലാനാ അസ്മി, ജീവിതകാലത്ത് നിര്‍ഭയമായി നടത്തിയ നിയമവ്യവഹാരങ്ങളിലൂടെ, രാജ്യത്തെ വിവിധ ജയിലുകളില്‍ തീര്‍ന്നു പോകുമായിരുന്ന എത്രയോ നിരപരാധികളുടെ ജീവിതമാണ് തിരികെ വാങ്ങിക്കൊടുത്തത്.
1950-കളിലാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദുമായി മൗലാനാ അസ്മി അടുക്കുന്നത്. 1970-ലെ ഭിവണ്ടി, ജല്‍ഗാവ് കലാപങ്ങളുടെ അനന്തരഫലങ്ങള്‍ക്ക് മൗലാനാ അസ്മി സാക്ഷിയായി. മുന്നൂറോളം മുസ്‌ലിംകള്‍ അറസ്റ്റിലായപ്പോള്‍ ഉറ്റവരെ മോചിപ്പിക്കാന്‍ പരിശ്രമിക്കുന്ന കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് നിയമസഹായ വാഗ്ദാനവുമായി ജംഇയ്യത്ത് ആദ്യമായി രംഗത്ത് വന്നു. ഇതിനായി രൂപീകരിച്ച സമിതിയിലെ അംഗങ്ങളില്‍ ഒരാളായിരുന്നു മൗലാന അസ്മി. 1993-ലെ മുംബൈ സ്‌ഫോടനങ്ങളില്‍ ശ്രീ കൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ അസ്മി സാഹിബ് കമ്മീഷനോട് സഹകരിച്ചിരുന്നു. ഇത് സംബന്ധമായ ജംഇയ്യത്തിനെയും അദ്ദേഹത്തെയും റിപ്പോര്‍ട്ടില്‍ നല്ല രീതിയില്‍ കമ്മീഷന്‍ പരമാര്‍ശിച്ചത് കാണാം.
2007-ലാണ് മഹാരാഷ്ട്രയില്‍ എ ടി എസ് ബലിയാടാക്കിയ ‘വ്യാജ ഭീകരകേസു’കളില്‍ പ്രതികളാക്കപ്പെട്ടവരുടെ നിരപരാധിത്വം തെളിയിക്കുന്നതിന് അവരുടെ കുടുംബങ്ങളെ അണിനിരത്തിയുള്ള നിയമപോരാട്ടത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. ഡല്‍ഹി, അഹമ്മദാബാദ് സ്‌ഫോടനക്കേസുകള്‍, ഹിരണ്‍ പാണ്ഡ്യ വധക്കേസ്, മുംബൈ സ്‌ഫോടന പരമ്പര കേസുകള്‍ പോലെ പ്രമാദമായ വിവിധ കേസുകളും, സിമി, ഇന്ത്യന്‍ മുജാഹിദീന്‍ മുദ്രയടിച്ച് ജയിലിലടക്കപ്പെട്ടവരുടെ വ്യത്യസ്ത കേസുകളും ഉള്‍പ്പെടെ, ഡഅജഅ, ങഇഛഇഅ, ദേശദ്രോഹം ചുമത്തി ജയിലിലടക്കപ്പെട്ട എണ്ണമറ്റ നിരപരാധികളുടെ ജീവിതങ്ങള്‍ക്ക് പ്രതീക്ഷ പകര്‍ന്നത് മൗലാനാ അസ്മിയും ജംഇയ്യത്ത് ലീഗല്‍ സെല്ലുമാണ്. 2011ല്‍ മാലെഗാവ് സ്‌ഫോടനക്കേസിലെ 11 പേരെ കുറ്റവിമുക്തരാക്കിയ നിയമപോരാട്ടം ആ വഴിയിലെ അവിസ്മരണീയമായ ഏടാണ്. അക്ഷര്‍ധാം ആക്രമണക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മുഫ്തി അബ്ദുല്‍ഖയ്യൂം ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നീണ്ട നിയമ പോരാട്ടം നയിച്ചതും മൗലാന ഗുല്‍സാര്‍ അസ്മിയാണ്.
ഉത്തര്‍പ്രദേശ് ജയിലിലടക്കപ്പെട്ട മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ അഭിഭാഷകന്‍ എന്ന നിലയിലാണ് അസ്മി സാഹിബിനെ ഞാന്‍ പരിചയപ്പെടുന്നത്. പിന്നീട് ‘കേരള സ്റ്റോറി’ എന്ന സിനിമ പരമത വിദ്വേഷം പടര്‍ത്തുന്നു എന്ന കാരണത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജംഇയ്യത്ത് സുപ്രീം കോടതിയെ സമീപിച്ചു. പശ്ചാത്തലം കേരളമായതുകൊണ്ടും അപ്പോള്‍ സിനിമ പുറത്തിറങ്ങിയിട്ടില്ലെന്നതിനാലും സുപ്രീം കോടതി കേരള ഹൈക്കോടതിയുടെ പരിഗണനയിലേക്ക് ഹരജി വിട്ടു. കേരള ഹൈക്കോടതിക്ക് മുന്‍പില്‍ പ്രസ്തുത സിനിമ നിരോധിക്കണമെന്ന് ആവശ്യം മുന്‍നിര്‍ത്തി മറ്റു ഹരജികള്‍ വന്നിരുന്നെങ്കിലും സുപ്രീം കോടതി നിര്‍ദേശപ്രകാരം പ്രഥമ പരിഗണന ജംഇയ്യത്തിന്റെ ഹരജിക്കായി മാറി. ആ അവസരത്തില്‍ അസ്മി സാഹിബ് ബന്ധപ്പെടുകയും കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുമുണ്ടായി.
ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജയിലില്‍ അന്യായമായി തടവിലാക്കപ്പെട്ട അഡ്വ. മസൂദ് റാസയുടെ കേസ് ഞാന്‍ അസ്മി സാഹിബിന്റെ ശ്രദ്ധയിപ്പെടുത്തി. വിശദാംശങ്ങള്‍ മുഴുവനായി കേട്ട മൗലാനാ എന്നോട് കാത്തിരിക്കാന്‍ പറഞ്ഞു ഫോണ്‍ വെച്ചു. ബല്‍റാംപൂര്‍ ജില്ലയിലെ ജംഇയ്യത്തിന്റെ ചുമതലക്കാരനെ ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കി എന്നെ തിരിച്ചു വിളിച്ചു.
ഭീകരവാദമുദ്ര ചാര്‍ത്തപ്പെട്ട കേസുകള്‍ ഏറ്റെടുത്ത് നടത്തുമ്പോഴുള്ള ഭീഷണികള്‍ മൗലാനാ അസ്മി കാര്യമാക്കിയിരുന്നില്ല. എന്റെ മരണം നേരത്തെ നിശ്ചയിക്കപ്പെട്ടതാണെന്നും ഒരിക്കല്‍ അത് എന്നെ തേടിയെത്തുമെന്നും ഈ സമൂഹത്തില്‍ ഇരയാക്കപ്പെടുന്ന മനുഷ്യര്‍ക്ക് വേണ്ടി നിലകൊള്ളാന്‍ ഞാനെന്തിന് ഭയക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. മൗലാനയുടെ നിയമ പോരാട്ടങ്ങളുടെ ഭാഗമായിരുന്ന അഡ്വ. ഷാഹിദ് അസ്മി 2010 ല്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. തൊണ്ണൂറാം വയസ്സില്‍ അല്ലാഹുവിലേക്ക് മടങ്ങുമ്പോള്‍, ബോധം മറയുന്നത് വരെ കര്‍മനിരതനായി മൗലാനാ അസ്മി നിത്യസ്മരണയായി മാറുന്നു. സ്വര്‍ഗത്തില്‍ ഉന്നതസ്ഥാനം നല്‍കി അല്ലാഹു അനുഗ്രഹിക്കട്ടെ,