29 Sunday
June 2025
2025 June 29
1447 Mouharrem 3

നിരാലംബരുടെ തോഴന്‍

ഡോ. ലബീദ് അരീക്കോട്‌


കുനിയില്‍: ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് വേറിട്ട വ്യക്തി മുദ്ര പതിപ്പിച്ച പി അബ്ദുല്‍ഹമീദ് കുനിയില്‍(64) നിര്യാതനായി. അഗതികളുടെയും അശരണരുടെയും നിരാലംബരുടെയും അത്താണിയായിരുന്നു അദ്ദേഹം. പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും നികത്താനാവാത്ത നഷ്ടമാകും അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുകയെന്നത് തീര്‍ച്ചയാണ്.
ട്രൂത്തിന്റെ ആദ്യകാല സജീവ പ്രവര്‍ത്തകന്‍, നിച്ച് ഓഫ് ട്രൂത്തിന്റെ തുടക്കം മുതലുള്ള പ്രവര്‍ത്തകന്‍, റിഹാബിലിറ്റേഷന്‍ മേഖലയില്‍ കെ വി മൂസ സുല്ലമിയുടെ കൂടെനിന്ന്പ്രവര്‍ത്തിച്ച വ്യക്തി എന്നിങ്ങനെ ഒരുപാട് വിശേഷണങ്ങളുണ്ട് അദ്ദേഹത്തെക്കുറിച്ച് സൂചിപ്പിക്കാന്‍. ഐ എസ് എം ഫാമിലി സെല്‍ പ്രവര്‍ത്തനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും ധാരാളം വിധവകള്‍ക്കും സഹോദരികള്‍ക്കും താങ്ങും തണലുമായി പ്രവര്‍ത്തിച്ചു, സമ്മേളനത്തിലും മറ്റു ഇടങ്ങളിലും സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങളില്‍ വളണ്ടിയര്‍ സംവിധാനത്തിന്റെ മുന്നണി പോരാളിയായിരുന്നു. വര്‍ത്തമാനം ദിനപത്രം നെഞ്ചിലേറ്റുകയും അതിനുവേണ്ടി എല്ലാ ഘട്ടങ്ങളിലും കൂടെ നിന്ന് മാനേജ്‌മെന്റിന് ശക്തി പകരുകയും ചെയ്തു.
കീഴുപറമ്പ് അന്ധ ബധിര പുനരധിവാസ കേന്ദ്രത്തിന്റേയും കുനിയില്‍ അല്‍അന്‍വാര്‍ സ്‌കൂളിന്റേയും സ്ഥാപകനാണ്. സംസ്ഥാനത്ത് വ്യവസ്ഥാപിത സംഘടിത സകാത്ത് സംവിധാനമുള്ള പ്രദേശത്തിന്റെ നെടും തൂണുമായിരുന്നു. പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റ് ജീവനക്കാരന്‍, സര്‍ ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍, ക്ലര്‍ക്ക്, മുനിസിപ്പാലിറ്റി ജീവ നക്കാരന്‍, മദ്രസാ അധ്യാപകന്‍ തുടങ്ങി വിവിധ മേഖലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍ ജില്ലാ ഭാരവാഹി, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം, കെ എന്‍ എം ജില്ലാ ഭാരവാഹി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, കുനിയില്‍ ഹുമാത്തുല്‍ ഇസ്‌ലാം സംഘം ഭരണ സമിതി അംഗം, അരീക്കോട് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ പ്രഥമ ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചു.
എപ്പോഴും ജനങ്ങള്‍ക്കിടയില്‍ കഴിയാ നായിരുന്നു അദ്ദേഹം ഏറെ ആഗ്രഹിച്ചിരു ന്നത്. രോഗാവസ്ഥയാല്‍ പ്രായസപ്പെടുന്നതുവരെ അദ്ദേഹം തന്റെ പ്രവര്‍ത്തനമേഖലകളില്‍ നിറസാന്നിധ്യമായിരുന്നു. കീഴുപറമ്പിലെ അഗതിമന്ദിരത്തിലെ അഡ്മിനിസ്‌ട്രേറ്റര്‍ മാത്രമായിരുന്നില്ല, അവരുടെ ആത്മബന്ധു തന്നെയായിരുന്നു. കാഴ്ചയില്ലാത്തവരുടെ കാഴ്ചയും ഒറ്റപ്പെട്ടവരുടെ കൂട്ടുകാരനും, അശരണരുടെ അത്താണിയുമായിരുന്നു. അഗതിമന്ദിരത്തിലെ പ്രശ്‌നങ്ങളും വിശേഷങ്ങളും കഥകളുമാണ് അദ്ദേഹത്തിന് കൂടുതലായും പറയാനുണ്ടാവുക. സംഘടനാ രംഗത്തും, കാരുണ്യ പ്രവര്‍ത്തനങ്ങളിലും ഒരു പോലെ സാന്നിധ്യമായിരുന്ന അദ്ദേഹം പകരം വെക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു.
ഇനി ഞാന്‍ എന്തിനും റെഡി എന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സമാധാനപൂര്‍ണവും, സന്തോഷകരവും ആക്കുമാറാകട്ടെ. അവന്റെ സ്വര്‍ഗീയ ആരാമങ്ങള്‍ നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. (ആമീന്‍)

Back to Top