ഇനിയെങ്കിലും ഐക്യനിര ഫലവത്താകുമോ?
അബ്ദുല്‍വാസില്‍
ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. പ്രതിപക്ഷ ഐക്യനിരയെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍, അത്ര സുഗമമാണോ കാര്യങ്ങള്‍? ബിജെപി പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഹിന്ദി ഹൃദയഭൂമിയിലാണ് അവരുടെ പ്രതീക്ഷ. ഈ ഭൂമികയില്‍ പ്രതിപക്ഷ കക്ഷിനിര എന്തു മാജിക് കാണിക്കും എന്നു കണ്ടറിയേണ്ടതുണ്ട്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിന് കാരണം ശിഥിലമായ പ്രതിപക്ഷമായിരുന്നു. വിഘടിച്ചു നില്‍ക്കുന്ന എതിരാളികള്‍ തങ്ങളെ തുണയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് ‘ഇന്‍ഡ്യ’യുടെ രൂപീകരണത്തിനു ശേഷവും ബിജെപി. ഇപ്പോഴും അവര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. മത്സരരംഗത്തേക്ക് വരുമ്പോള്‍ ‘ഇന്‍ഡ്യ’ ഒറ്റക്കെട്ടാവില്ല, പലതായി പിരിഞ്ഞാവും എതിരാളികള്‍ കളത്തിലിറങ്ങുക എന്നുതന്നെയാണ് അവര്‍ കരുതുന്നത്.
എല്ലാം ആസൂത്രണം ചെയ്തപോലെ നടപ്പാകുമോയെന്നത് രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പുഫലവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. കര്‍ണാടകയാണ് കോണ്‍ഗ്രസിന്റെയും ‘ഇന്‍ഡ്യ’യുടെയും പ്രധാന ആത്മവിശ്വാസം. അവിടെ വിജയിച്ച തന്ത്രങ്ങള്‍ ബിജെപിക്കെതിരേ പൊതുതിരഞ്ഞെടുപ്പിലും പ്രയോഗിക്കാമെന്ന വിശ്വാസം അവര്‍ക്കുണ്ട്. ‘ചൗക്കിദാര്‍ ചോര്‍ ഹേ’ പോലുള്ള മുദ്രാവാക്യങ്ങള്‍ കൊണ്ട് മാത്രം കാര്യമില്ല. ഓരോ സ്ഥലത്തും അവിടത്തെ പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചയാക്കണം. കര്‍ണാടകയില്‍ അങ്ങനെ ചെയ്തു, ഫലം കിട്ടി. തെക്കേ ഇന്ത്യയിലെ പരമാവധി സീറ്റുകള്‍ ഏതു വിധേനയായാലും കൈക്കലാക്കാമെന്ന വിശ്വാസം പ്രതിപക്ഷ സഖ്യത്തിനുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലുങ്കാന എന്നിവിടങ്ങളിലൊന്നും ബിജെപി വലിയ നേട്ടമുണ്ടാക്കില്ല.
എന്നിരുന്നാലും കോണ്‍ഗ്രസും ‘ഇന്‍ഡ്യ’യും നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ പലതുണ്ട്. തെക്കേ ഇന്ത്യ, പശ്ചിമ ബംഗാള്‍ തുടങ്ങി ഏതാനും സംസ്ഥാനങ്ങള്‍ ബിജെപിയെ പ്രതിരോധിച്ചു നില്‍ക്കുന്നുണ്ടെങ്കിലും ഉത്തരേന്ത്യയിലെ സ്ഥിതി അങ്ങനെയല്ല. അവിടെ ബിജെപി അജയ്യരായി തന്നെ നില്‍ക്കുകയാണ്.
പ്രതിപക്ഷ ഐക്യം പറയുമ്പോഴും, നേതാക്കന്മാര്‍ക്ക് അപ്പുറത്തേക്ക് അണികള്‍ക്കിടയില്‍ ഐക്യം ഉണ്ടായിട്ടുണ്ടെന്നോ ഉണ്ടാകുമെന്നോ പറയാന്‍ കഴിയില്ല. പശ്ചിമ ബംഗാള്‍ ബിജെപി വലിയ പ്രതീക്ഷ വയ്ക്കാത്ത സംസ്ഥാനമാണ്. എന്നാല്‍, അവിടെ പ്രതിപക്ഷ സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിച്ചേക്കാം. തൃണമൂലിനും സിപിഎമ്മിനും ഒരിക്കലും ബംഗാളില്‍ ഐക്യപ്പെടാന്‍ സാധിക്കില്ല. നേതാക്കള്‍ ഒരുമിച്ച് ചായ കുടിക്കുന്നുണ്ടാകാം, എന്നാല്‍ അണികള്‍ ശത്രുക്കളാണ്.
ഇതേ അവസ്ഥ തന്നെയാണ് കേരളത്തിലും. ദേശീയതലത്തില്‍ ഒരുമിച്ചു നില്‍ക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും താല്‍പര്യമെങ്കിലും, കേരളത്തില്‍ അവര്‍ക്കിടയില്‍ കടുത്ത മത്സരം തന്നെയുണ്ടാകും. യോജിപ്പിന്റെ രാഷ്ട്രീയം അവര്‍ക്കിടയില്‍ ഉണ്ടാകില്ല. ലോക്‌സഭയിലേക്കാണെങ്കിലും സിപിഎമ്മിനെ തറപറ്റിക്കുക കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ നിലനില്‍പിന് അത്യാവശ്യമാണ്. മറുവശത്താകട്ടെ, തങ്ങളുടെ പ്രധാന്യം ദേശീയതലത്തില്‍ നിലനിര്‍ത്തണമെങ്കില്‍ കേരളത്തില്‍ നിന്നു കിട്ടുന്ന സീറ്റുകള്‍ മാത്രമേ (നിലവില്‍ അതിനുള്ള ശക്തിയേയുള്ളൂ) സഹായിക്കൂ എന്ന് സിപിഎമ്മിനും അറിയാം. അതുകൊണ്ടുതന്നെ ത്രികോണമത്സരത്തിനുള്ള കളം തന്നെ കേരളത്തിലൊരുങ്ങും. സിപിഎം-കോണ്‍ഗ്രസ് ശത്രുത തന്നെയാണ് ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നതും.