5 Friday
December 2025
2025 December 5
1447 Joumada II 14

എം ജി എം സ്വാതന്ത്ര്യസമര സ്മൃതിസംഗമം


മലപ്പുറം: ധീര ദേശാഭിമാനികള്‍ ജീവന്‍ വെടിഞ്ഞും ത്യാഗം ചെയ്തും നേടിയെടുത്ത സ്വാതന്ത്ര്യം കോര്‍പറേറ്റുകള്‍ക്കും വര്‍ഗീയ ഭീകര സംഘങ്ങള്‍ക്കും അടിയറ വെക്കുന്നതിനെതിരെ രാജ്യത്തെ പൗരന്‍മാര്‍ ഒന്നിക്കണമെന്ന് എം ജി എം സംസ്ഥാന സമിതി സംഘടിപ്പിച്ച സ്വാതന്ത്ര്യസമര സ്മൃതിസദസ്സ് ആഹ്വാനം ചെയ്തു. രാഷ്ട്ര ശില്പികള്‍ വിഭാവനം ചെയ്ത് അടിത്തറ പാകിയ മതേതര ജനാധിപത്യ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുന്നത് ചെറുക്കുക തന്നെ വേണം. ഹരിയാനയിലും മണിപ്പൂരിലും തുടര്‍ന്നു കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വംശീയ ഉന്മൂലനം ലോകത്തിന് മുമ്പില്‍ രാജ്യത്തിന്റെ അഭിമാനം കളങ്കപ്പെടുത്തിയിരിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ധീരമായി പോരാടിയ വനിതാ പോരാളികള്‍ക്ക് ചരിത്രത്തില്‍ അര്‍ഹമായ ഇടം കിട്ടിയിട്ടില്ല. സ്വാതന്ത്ര്യസമര സേനാനികളായ ധീരവനിതകളെ പുതിയ തലമുറക്ക് പരിചയപ്പെടുത്താന്‍ പദ്ധതികള്‍ വേണമെന്ന് എം ജി എം ആവശ്യപ്പെട്ടു.
മലപ്പുറം വ്യാപാരഭവനില്‍ എ ഐ സി സി അംഗം ഡോ. ഹരിപ്രിയ ഉദ്ഘാടനം ചെയ്തു. എം ജി എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ട്രഷറര്‍ എം അഹ്മദ്കുട്ടി മദനി, അഡ്വ. ബീന ജോസഫ്, അഡ്വ. റുമൈസ റഫീഖ്, റിഹാസ് പുലാമന്തോള്‍, സി ടി ആയിശ, റുഖ്‌സാന വാഴക്കാട്, ഡോ. യു പി യഹ്‌യാ ഖാന്‍, ജൗഹര്‍ അയനിക്കാട്, ആദില്‍ നസീഫ്, ആയിഷ ഹുദ പ്രസംഗിച്ചു.

Back to Top