22 Sunday
December 2024
2024 December 22
1446 Joumada II 20

വംശീയമായ ലോകക്രമത്തിന് ഇസ്‌ലാമിന്റെ തിരുത്ത്

ഡോ. സുഹൈര്‍ അബ്ദുറഹ്മാന്‍ / വിവ. റാഫിദ് ചെറവന്നൂര്‍


പ്രകൃതമായ പേഗന്‍ പ്രത്യയശാസ്ത്രങ്ങള്‍, ശകുനങ്ങള്‍, ഭാഗ്യം, ജ്യോതിഷം എന്നിങ്ങനെയുള്ള അന്ധവിശ്വാസങ്ങളിലും, ആളുകളുടെയും സമൂഹത്തിന്റെയും സമാധാനത്തെ സാരമായി ബാധിക്കുന്ന ആചാരമുറകളിലും അധിഷ്ഠിതമാണ്. എന്നാല്‍ യുക്തിരഹിതമായ അന്ധവിശ്വാസങ്ങളുടെ ഉപയോഗം പ്രവാചകന്‍ വ്യക്തമായി നിരസിക്കുകയും ഭൗതികലോകവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള പ്രധാന ഉപകരണമായി യുക്തിബോധത്തെ സ്ഥാപിക്കുകയും ചെയ്തു. അബ്ദുല്ലാഹിബ്‌നു മസ്ഊദ് റിപ്പോര്‍ട്ട് ചെയ്യുന്നു: ”അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞിരിക്കുന്നു: മന്ത്രങ്ങള്‍, ഏലസ്സ് എന്നിവ തീര്‍ച്ചയായും ശിര്‍ക്കില്‍ പെട്ടതാണ്” (സുനനു അബൂദാവൂദ് 3883).
ഉഖ്ബതുബ്‌നു ആമിര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: ”ദൈവദൂതന്‍ പറഞ്ഞു: ആര് കഴുത്തില്‍ ഉറുക്കണിഞ്ഞിരിക്കുന്നുവോ അവന്റെ ആഗ്രഹങ്ങള്‍ അല്ലാഹു പൂര്‍ത്തീകരിക്കുന്നതല്ല. ചരടായി വല്ലവനും ചിപ്പി തൂക്കിയാല്‍ അവന് അല്ലാഹു നിര്‍ഭയത്വം നല്‍കുകയില്ല” (മുസ്‌നദ് അഹ്മദ് 16951). യുക്തിപരമോ അനുഭവപരമോ ആയ തെളിവുകളില്ലാതെ അന്ധവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതികളും ഇങ്ങനെ വരുന്നതാണ്. തോളിലെ അസുഖത്തില്‍ നിന്നുള്ള സംരക്ഷണമായി പിച്ചള മോതിരം ധരിച്ച ഒരാളോട് പ്രവാചകന്‍ അതഴിച്ച് ഒഴിവാക്കാന്‍ പറഞ്ഞ ഹദീസ് പ്രസിദ്ധമാണ്. ആ മോതിരം ധരിച്ച് മരിക്കുകയാണെങ്കില്‍ അയാള്‍ക്ക് ഒരിക്കലും വിജയിക്കാനാവില്ല എന്നാണ് പ്രവാചകന്‍ പറഞ്ഞത്.
നേട്ടത്തിനോ ദ്രോഹത്തിനോ വേണ്ടി അഭൗതികമായി സംഭവങ്ങളെ സ്വാധീനിക്കാന്‍ പ്രവാചകനു പോലും അമാനുഷിക ശക്തി ഉണ്ടായിരുന്നില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ”(നബിയേ) പറയുക: എനിക്ക് തന്നെ ഉപകാരമോ ഉപദ്രവമോ ഉണ്ടാക്കുക എന്നത് എന്റെ അധീനത്തിലല്ല, അല്ലാഹു ഉദ്ദേശിച്ചതല്ലാതെ” (10:49). ഏതൊരാള്‍ക്കും എത്താവുന്ന ബുദ്ധിപരമായ ഒരു നിഗമനമാണ് പ്രപഞ്ചത്തിലെ പ്രകൃതിക്രമത്തിനും സന്തുലിതാവസ്ഥക്കും വിരുദ്ധമാണ് ശിര്‍ക്ക് എന്നുള്ളത്. യുക്തിപരമായ ഒരു വീക്ഷണത്തില്‍ ശിര്‍ക്കിന്റെ അനന്തര ഫലം എങ്ങനെയാണ് കുഴപ്പങ്ങളുടെ ലോകമാകുന്നത് എന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു: ”ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളും ഉണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു!” (21:22).
തൗഹീദ് നമുക്കു ചുറ്റും നാം കാണുന്ന സന്തുലിതമായ ഒരു ലോകക്രമത്തിന്റെ ഏറ്റവും യുക്തിസഹമായ വ്യാഖ്യാനമാണ്. ഏകനായ ദൈവത്തിന്റെ ഇടപെടലിലാണ് സൃഷ്ടിയും സ്ഥിതിയും സൗന്ദര്യത്തിന്റെയും സന്തുലനാവസ്ഥയുടെയും ആവിഷ്‌കാരമാവുന്നത്. ഒരുപാട് ദൈവങ്ങളുള്ള ലോകവും സ്രഷ്ടാവേ ഇല്ലാത്ത ലോകവും ഒരുപോലെ ക്രമരഹിതമായിരിക്കും. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും ആകാശങ്ങളിലും ഭൂമിയിലും വിശ്വാസികള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിങ്ങളുടെ സൃഷ്ടിപ്പിലും ജന്തുജാലങ്ങളെ അവന്‍ വിന്യസിക്കുന്നതിലുമുണ്ട് ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളും” (45: 3,4). ബഹുദൈവാരാധന ഒരു ബുദ്ധിപരമായ പ്രപഞ്ച വ്യാഖ്യാനത്തിന്റെ അടിത്തറയെ വെല്ലുവിളിക്കുന്നു.
സാമൂഹികമായ
അനന്തര ഫലങ്ങള്‍
ബഹുദൈവാരാധകരായ സമൂഹങ്ങള്‍ അധികവും ജാതീയ സമൂഹങ്ങള്‍ കൂടിയാണെന്നു കാണാം. കാരണം, ഒരു സമൂഹത്തിന്റെ ഘടന അതിന്റെ വിശ്വാസങ്ങളെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതായിരിക്കുമല്ലോ. ദൈവങ്ങളുടെ ഒരു ശ്രേണിയില്‍ വിശ്വസിക്കുന്ന ഒരു സമൂഹം സ്വയം ജാതികളായി സംഘടിക്കാന്‍ അധികം സമയമെടുക്കില്ല. ഉയര്‍ന്ന അധികാര പദവിയുള്ള ദൈവങ്ങളെ ആരാധിക്കുന്നവര്‍ ഉയര്‍ന്ന ജാതിക്കാരും മറ്റുള്ളവര്‍ കീഴ്ജാതിക്കാരുമായി മാറും. ഇനി സോഷ്യല്‍ ഡാര്‍വിനിസം ഒരു പ്രത്യയശാസ്ത്രമായി സ്വീകരിക്കുന്ന നിരീശ്വരവാദികളുടെ കാര്യമോ? അവര്‍ക്കിടയിലും ജാതിയുടെ ആധുനിക രൂപങ്ങള്‍ കാണാവുന്നതാണ്.
മനുഷ്യരെ അവരുടെ തൊഴിലും അതിജീവനത്തിനുള്ള കഴിവുമനുസരിച്ച് തരം തിരിക്കുകയും മറ്റുള്ളവരേക്കാള്‍ ചിലര്‍ക്ക് വിശേഷാധികാരം നല്‍കുകയും ചെയ്യുന്നതും ഇത്തരം സമൂഹങ്ങളില്‍ സാധാരണമാണ്. സോഷ്യല്‍ ഡാര്‍വിനിസത്തില്‍ അധിഷ്ഠിതമായ ഈ പ്രത്യയശാസ്ത്രത്തിലേക്ക് വംശീയത കൂടി ചേരുവയായി എത്തിയപ്പോഴാണ് നാസി ജര്‍മനിയിലെ കൊടും ഭീകരത സൃഷ്ടിക്കപ്പെട്ടത്.
21-ാം നൂറ്റാണ്ടിലെ ദേശീയതയും വംശീയതയും കമ്മ്യൂണിസ്റ്റ് ഭീകരതയുമെല്ലാം മനുഷ്യരെ തരം തിരിച്ച് അവര്‍ക്കു മേല്‍ അധികാരപരമായ മേല്‍ക്കോയ്മകള്‍ അടിച്ചേല്‍പിക്കുന്നതിലൂടെ രൂപപ്പെട്ടതാണ്. എന്നാല്‍ യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് പോലുള്ള ലിബറല്‍ ഡെമോക്രസികളിലെ മാനുഷിക ‘സമത്വം’ എന്ന ആശയം വ്യക്തമായും ഏകദൈവം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അവിടെ ‘എല്ലാ മനുഷ്യരും ദൈവത്തിനു കീഴില്‍ തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’ എന്ന് ഭരണഘടന പ്രസ്താവിക്കുന്നു.
മനുഷ്യരാശിയുടെ സമത്വത്തിന്റെ അടിസ്ഥാന ശിലയാണ് തൗഹീദ്. കാരണം അവരെല്ലാവരും ഒരേ ദൈവത്തിന്റെ സൃഷ്ടികളാണ്. മാത്രമല്ല, ഒരേ മാതാപിതാക്കളില്‍ നിന്നു രൂപപ്പെട്ട മനുഷ്യവംശത്തിലെ അംഗങ്ങളാണ്. ഈ കാഴ്ചപ്പാട് വംശങ്ങള്‍ക്കും ദേശങ്ങള്‍ക്കും ജാതിക്കും ക്ലാസുകള്‍ക്കും അതീതമായി മനുഷ്യരെ ചേര്‍ത്തുപിടിക്കാന്‍ നമ്മെ സന്നദ്ധരാക്കുന്നു: അബൂനദ്‌റ റിപ്പോര്‍ട്ട് ചെയ്യുന്നു: ”പ്രവാചകന്‍ പറഞ്ഞു: ഓ ജനങ്ങളേ, നിങ്ങളുടെ ദൈവം ഒന്നാണ്. നിങ്ങളുടെ പിതാവ് ആദമും ഒന്നാണ്. അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ കറുത്തവന് വെളുത്തവനേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല, ധര്‍മാനുസരണത്തിന്റെ കാര്യത്തിലല്ലാതെ” (മുസ്‌നദ് അഹ്മദ് 23489).
ഡോ. ക്രെയ്ഗ് കോണ്‍സിഡൈന്റെ അഭിപ്രായത്തില്‍ പ്രവാചകന്റെ ഈ പ്രഖ്യാപനം മനുഷ്യ ചരിത്രത്തിലെ വംശീയ സമത്വത്തിനു വേണ്ടി വ്യക്തമായി വാദിക്കുന്ന ആദ്യ രേഖയാണ്. ഓരോ മനുഷ്യനും അവരുടെ ആത്മീയ പൂര്‍ണിമ ഇടനിലക്കാരില്ലാതെ കുലത്തിന്റെയോ വംശത്തിന്റെയോ ഒരു പരിധിയും സ്ഥാപിക്കാതെ നല്‍കുകയാണ് തൗഹീദെന്ന ആശയം. ഇസ്‌ലാം ഇന്നും ഏകദൈവ വിശ്വാസത്തിന്റെ ഏറ്റവും ശുദ്ധമായ ആവിഷ്‌കാരമായി നിലനില്‍ക്കുന്നതും ഇതുകൊണ്ടാണ്. അതുകൊണ്ടാണ് ഇസ്‌ലാമിക സമൂഹങ്ങള്‍ അവരുടെ തുടക്ക കാലഘട്ടങ്ങളിലെങ്കിലും, അനന്യമായ സമത്വ മനോഭാവത്തിന്റെ ഉടമകളായിരുന്നെന്ന് നാം കാണുന്നത്.

സ്ത്രീകളും സ്വതന്ത്രരായ അടിമകളും ഇസ്ലാമിക പാണ്ഡിത്യത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചു. ആഫ്രിക്കക്കാരനായ ബിലാല്‍ ഇബ്‌നു റബാഹ് ഔദ്യോഗിക മുഅദ്ദിന്‍ ആയി- മദീനയിലെ മുസ്‌ലിംകള്‍ക്കു വേണ്ടി. മോചിപ്പിക്കപ്പെട്ട അടിമയായിരുന്ന സാലിം മുഹമ്മദ് നബി(സ)യുടെ കൂട്ടാളികളില്‍ ഏറ്റവും വലിയ ഖുര്‍ആന്‍ പണ്ഡിതരില്‍ ഒരാളായി മാറി. മഹതി ആഇശ(റ), ഹദീസ് ആഖ്യാനത്തില്‍ തുല്യതയില്ലാത്ത പദവി അലങ്കരിച്ചു. പുരുഷന്മാര്‍ ഉള്‍പ്പെടെ ധാരാളം സഹാബിമാര്‍ വിജ്ഞാനം കരസ്ഥമാക്കിയത് അവരില്‍ നിന്നായിരുന്നു. മസ്‌റൂഖ് റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ആഇശക്ക് അനന്തരാവകാശ നിയമങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നോ?’ മസ്‌റൂഖ് പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ കൈയിലാണോ, മുഹമ്മദിന്റെ അനുചരന്മാരിലെ പണ്ഡിതരായ മുതിര്‍ന്നവര്‍ അവളോട് അനന്തരാവകാശ നിയമങ്ങളെക്കുറിച്ച് ചോദിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.’
തുടര്‍ന്നുള്ള തലമുറകളില്‍, സ്വതന്ത്രരായ അടിമകള്‍ ഏറ്റവും പ്രധാനപ്പെട്ട പണ്ഡിതന്മാരായി മാറുന്നതും സ്ത്രീ പാണ്ഡിത്യത്തിന്റെ തുടര്‍ച്ചയും കാണുന്നു. ആദ്യകാല മുസ്‌ലിം സമൂഹങ്ങള്‍ എത്രത്തോളം തുല്യത പുലര്‍ത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു ഐതിഹാസിക ഉദാഹരണമാണ് ആഫ്രിക്കന്‍ വംശജനായ അന്ധനായ അതാഉബ്‌നു അബീറബാഹ്. ജന്മനാ വൈകല്യങ്ങളോടെ ജനിച്ച അദ്ദേഹമാണ് പിന്നീട് ഏറ്റവും പവിത്രമായ മക്കാ നഗരത്തിലെ പ്രധാന ന്യായാധിപനും പണ്ഡിതനുമായി മാറിയത്.
വ്യക്തമായ വിവേചനത്തിന്റെയോ വംശീയതയുടെയോ ചരിത്രപരമായ നിരവധി സംഭവങ്ങള്‍ ഉള്ളതിനാല്‍ ലോകത്ത് നിലനിന്ന എല്ലാ മുസ്‌ലിം സമൂഹങ്ങളും സമത്വത്തില്‍ അധിഷ്ഠിതമായിരുന്നു എന്നു പറയാനാവില്ല. എന്നാല്‍ തൗഹീദിന്റെ സന്ദേശങ്ങളില്‍ നിന്നുള്ള വ്യതിയാനമാണ് ഈ സമൂഹങ്ങളില്‍ അനീതിയും വിവേചനവും പടരാനുള്ള അടിസ്ഥാന കാരണമെന്ന് കാണാനാവും. പ്രവാചകനു ശേഷമുള്ള ആദ്യകാല തലമുറകളില്‍ ഇസ്‌ലാമിലും തൗഹീദിലും അധിഷ്ഠിതമായ കാഴ്ചപ്പാടുകളിലൂടെ സമാധാനവും സമത്വവും സാധ്യമാക്കിയപ്പോള്‍, അവയില്‍ നിന്നൊക്കെ അകന്നുപോയ പില്‍ക്കാല സമൂഹങ്ങളില്‍ വിവേചനവും അസമത്വവും സാധാരണമായി. മുസ്‌ലിം സമൂഹങ്ങള്‍ ഈ സമത്വ ധാര്‍മികതയില്‍ നിന്ന് വ്യതിചലിച്ചപ്പോഴെല്ലാം അത് ഇസ്‌ലാമിക തത്വങ്ങള്‍ക്ക് വിരുദ്ധമായിരുന്നു.
ഉദാഹരണത്തിന്, മുസ്‌ലിം ചരിത്രത്തിലെ ഗ്രീക്ക് തത്വചിന്തകളാല്‍ വളരെയധികം സ്വാധീനിക്കപ്പെട്ട ബൗദ്ധിക വിദ്യാലയങ്ങളായ മുഅ്തസില വിഭാഗം പണ്ഡിതരായി സ്ത്രീകളെ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് ഡോ. അക്‌റം നദ്‌വി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗ്രീക്ക് തത്വചിന്ത ചരിത്രപരമായി സ്ത്രീകളെ പുരുഷന്മാരേക്കാള്‍ താഴ്ന്നവരായാണ് വീക്ഷിച്ചതെന്ന് അദ്ദേഹം വാദിക്കുന്നു. തൗഹീദില്‍ നിന്നകലുമ്പോള്‍ പിന്നെ അതത് കാലഘട്ടങ്ങളിലെ വികലമായ ധാര്‍മിക നിയമങ്ങള്‍ മാത്രമാണ് ബാക്കിയാവുന്നത്. അദ്ദേഹത്തിന്റെ 52 വാല്യങ്ങളുള്ള എന്‍സൈക്ലോപീഡിയയില്‍ ഇസ്‌ലാമിലെ സ്ത്രീപണ്ഡിതരുടെ പേരുകളും ഹ്രസ്വ ജീവചരിത്രങ്ങളും രേഖപ്പെടുത്തുന്ന ഡോ. നദ്‌വി, മുഅ്തസിലകളില്‍ സ്ത്രീകളായ പണ്ഡിതരെയാരെയും കണ്ടെത്തിയില്ല; എന്നാല്‍ ഇസ്ലാമിക ലോകത്തെ ഹദീസ് പണ്ഡിതരില്‍ ആയിരക്കണക്കിന് പേരെ കണ്ടെത്തി. പ്രവാചകന്റെയും ആദ്യ തലമുറകളുടെയും സംസ്‌കാരത്തെ കൂടുതല്‍ ശക്തമായി സന്നിവേശിക്കപ്പെട്ട ഒരു മേഖലയായതിനാലാവണം ഹദീസ് മേഖല സ്ത്രീകളെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നുവെന്ന് അദ്ദേഹം പറയുന്നുണ്ട്.
ഹജ്ജ് തീര്‍ഥാടനത്തില്‍ നിന്ന് മടങ്ങിയെത്തിയ മാല്‍ക്കം എക്‌സ് 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിലുള്ള യുഎസിനെ അപേക്ഷിച്ച് മുസ്‌ലിംകള്‍ക്കിടയിലുള്ള സമത്വ സംസ്‌കാരത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ”ഞാന്‍ മക്കയില്‍ തീര്‍ഥാടനം നടത്തുമ്പോള്‍, അവിടെ ഒത്തുകൂടിയ മനുഷ്യര്‍ക്കിടയിലുള്ള സാഹോദര്യം എന്നെ അദ്ഭുതപ്പെടുത്തി. വംശത്തിന്റെയും നിറത്തിന്റെയും വ്യത്യാസങ്ങള്‍ക്കിടയിലും മനുഷ്യരെ ഒരുമിപ്പിച്ച ഇസ്‌ലാം പകരുന്ന പാഠങ്ങള്‍ അമേരിക്കയെ നന്നായി സഹായിക്കും. ഒരുപക്ഷേ മുസ്‌ലിം സമൂഹങ്ങളില്‍ നിന്ന് വംശീയതയെ ഇല്ലാതാക്കിയപോലെ ആധുനിക അമേരിക്കന്‍ സമൂഹത്തിലെ വംശീയതക്കും അറുതിവരുത്താന്‍ ഇസ്‌ലാം സഹായിച്ചേക്കാം.”
ഈ ലേഖനത്തിലുടനീളം നമ്മള്‍ ശിര്‍ക്കിന്റെ വിവിധങ്ങളായ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രതിപാദിച്ചു. വിഗ്രഹാരാധന അധാര്‍മികമാണെന്നു മാത്രമല്ല, യുക്തിവാദവും ബഹുദൈവ സങ്കല്‍പവുമെല്ലാം ഉണ്ടാക്കുന്ന സാമൂഹികവും ഭൗതികവും പാരത്രികവുമായ നഷ്ടങ്ങളും നമ്മള്‍ മനസ്സിലാക്കി. നമ്മുടെ വികാരങ്ങളോ തോന്നലുകളോ അല്ല സത്യത്തിന്റെ മാനദണ്ഡമെന്ന തിരിച്ചറിവോടെ, നമ്മുടെത്തന്നെ പക്ഷപാതങ്ങളെ വിമര്‍ശനവിധേയമാക്കി പടച്ചവനാകുന്ന ആത്യന്തിക സത്യത്തിലേക്കെത്താനും തൗഹീദിന്റെ പാതയില്‍ തുടരാനും നമുക്ക് സാധിക്കണം്. ”നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പ്പെട്ടവരാരോ അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു”(29:69).

Back to Top