2 Wednesday
July 2025
2025 July 2
1447 Mouharrem 6

റുഖിയ്യ മദാരി


വണ്ടൂര്‍: വണ്ടൂര്‍ ഏരിയയില്‍ എം ജി എമ്മിന് തുടക്കം കുറിച്ച റുഖിയ്യ മദാരി നിര്യാതയായി. എം ഇ എസ് സ്ഥാപക നേതാവും സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്ററുമായിരുന്ന മദാരി അബ്ദുല്ല സാഹിബിന്റെ സഹധര്‍മിണിയായിരുന്നു. 69 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് പട്ടാളപ്പള്ളിയില്‍ വെച്ചായിരുന്നു ഇവരുടെ നികാഹ്. 1990 കാലഘട്ടത്തില്‍ അന്ധവിശ്വാസ അനാചാരങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തോടൊപ്പം സാമൂഹിക സേവന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് റുഖിയ്യ നേതൃത്വം നല്‍കിയത്. വണ്ടൂര്‍ കോക്കാടന്‍കുന്നില്‍ നിര്‍മിച്ച എം ജി എം വീടുകള്‍ ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത് വിപ്ലവം തന്നെയായിരുന്നു. കോഴിക്കോടിന്റെ ഹൃദയഭാഗത്ത് തികച്ചും യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് തൗഹീദിന്റെ പൊന്‍പ്രഭ പുല്‍കാന്‍ റുഖിയ്യ അനുഭവിച്ച പ്രതിസന്ധികളും പ്രയാസങ്ങളും പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. ഉപ്പയുടെ വിടവാങ്ങലിന് ശേഷം ഒന്‍പത് മക്കളെ വളര്‍ത്തിയെടുക്കാന്‍ അവര്‍ അനുഭവിച്ച ത്യാഗങ്ങള്‍ വലുതാണ്. എല്ലാവരെയും ആദര്‍ശത്തിന്റെ അച്ചില്‍ വാര്‍ത്തെടുക്കുകയായിരുന്നു ഈ സ്‌നേഹനിധിയായ ഉമ്മ. ഉമ്മ അവശതയനുഭവിക്കുന്നവര്‍ക്കും അശരണര്‍ക്കും അത്താണിയായി നിലകൊള്ളുന്നതു കൊണ്ട് തന്നെ തങ്ങളുടെ വീട്ടിലെ ദാരിദ്ര്യം പലര്‍ക്കും ബോധ്യമായിട്ടില്ലായിരുന്നുവെന്ന് മക്കള്‍ ഓര്‍ത്തെടുക്കുന്നു. പുതുതലമുറയിലെ പ്രബോധകര്‍ക്കും സംഘാടകര്‍ക്കും ഒരു പാഠപുസ്തമാണ് റുഖിയ്യയുടെ ജീവിതം. അല്ലാഹു പരേതക്ക് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
സാദത്ത് വണ്ടൂര്‍

Back to Top