15 Tuesday
September 2026
2026 September 15
1448 Rabie Al-Âkher 2

റാഷിദ് ഗനൂഷിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അറബ് ലോക നേതാക്കള്‍ രംഗത്ത്‌


തുനീഷ്യന്‍ മുന്‍ സ്പീക്കറും അന്നഹ്ദ പാര്‍ട്ടി പ്രസിഡന്റുമായ റാഷിദുല്‍ ഗനൂഷിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അറബ്-മുസ്‌ലിം ലോക നേതാക്കള്‍ രംഗത്ത്. അദ്ദേഹത്തെ തുനീഷ്യന്‍ അധികൃതര്‍ ജയിലില്‍ അടച്ചിട്ട് 100 ദിവസം പൂര്‍ത്തിയാകുന്ന വേളയിലാണ് സംയുക്ത കത്തിലൂടെ ലോക നേതാക്കള്‍ പ്രതിഷേധം അറിയിച്ചത്. തുനീഷ്യയില്‍ ജഡ്ജിമാര്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, ബിസിനസുകാര്‍ എന്നിവര്‍ ഉള്‍പ്പെടെ ഒരു ഡസനിലധികം പ്രതിപക്ഷ നേതാക്കള്‍ അറസ്റ്റിലായിട്ടുണ്ട്. അല്‍ജീരിയന്‍ പാര്‍ലമെന്റ് അംഗം അബ്ദുറഹ്മാന്‍ ബിന്‍ ഫര്‍ഹത്, മൊറോക്കോയിലെ യൂണിറ്റി ആന്റ് റെവല്യൂഷന്‍ മുന്‍ പ്രസിഡന്റ് അബ്ദുറഹീം ശൈഖി, ഇറാഖി ഫിഖ്ഹ് കൗണ്‍സില്‍ അംഗം ഹുസൈന്‍ ഗാസി അടക്കമുള്ള ആഗോള മുസ്‌ലിം നേതാക്കളും അക്കാദമിക് വിദഗ്ധരും മറ്റ് ഉന്നത വ്യക്തികളും കത്തില്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു. തുനീഷ്യയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ അന്നഹ്ദയുടെ നേതാവ് ഗനൂഷിയെ കഴിഞ്ഞ ഏപ്രില്‍ 17നാണ് തുനീഷ്യന്‍ ജഡ്ജിയുടെ ഉത്തരവനുസരിച്ച് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍ എന്നീ വ്യാജ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു അറസ്റ്റ്. കുറ്റം ഗനൂഷി നിഷേധിക്കുകയും രാഷ്ട്രീയപ്രേരിതമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Back to Top