മണിപ്പൂരില്‍ യുദ്ധസമാന സ്ഥിതി; സുപ്രീം കോടതി ഇടപെടണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: മണിപ്പൂരില്‍ പരസ്പരം കൊലവിളി നടത്തി യുദ്ധസമാനമായ സാഹചര്യം നിലവിലുണ്ടായിട്ടും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുന്നതിനാല്‍ പൗരന്‍മാരുടെ ജീവന്‍ രക്ഷിക്കാന്‍ സുപ്രീം കോടതി നേരിട്ട് ഇടപെടണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ആയിരക്കണക്കായ അക്രമികള്‍ മാരക പ്രഹര ശേഷിയുള്ള ആയുധമേന്തി കൊലവിളി നടത്തുന്ന ഭീകര സാഹചര്യം കണ്ടില്ലെന്ന് നടിക്കുന്നത് ആത്മഹത്യാപരമാണ്. മണിപ്പൂരിലെ കലാപകാരികള്‍ക്ക് ആയുധമെത്തിച്ചു നല്‍കിയ ഭരണകേന്ദ്രങ്ങള്‍ തന്നെയാണ് മണിപ്പൂര്‍ കൂട്ടക്കുരുതിക്ക് ഉത്തരവാദികളെന്നിരിക്കെ മണിപ്പൂര്‍ സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പെടുത്തണം.
ആരാധനാലയ തല്‍സ്ഥിതി നിയമം നിലനില്‍ക്കെ ഗ്യാന്‍വ്യാപി മസ്ജിദ് സര്‍വേക്ക് അനുമതി നല്‍കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് യോഗം കുറ്റപ്പെടുത്തി. മസ്ജിദുകള്‍ക്ക് നേരെ വരുന്ന കയ്യേറ്റക്കേസുകളില്‍ ആരാധനാലയം തല്‍സ്ഥിതി നിയമം പരിഗണിച്ചു വേണം വിധി പറയാനെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ആവശ്യപ്പെട്ടു.
സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ പി അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. സി മമ്മു കോട്ടക്കല്‍, അഡ്വ. പി മുഹമ്മദ് ഹനീഫ, അബ്ദുല്‍ജബ്ബാര്‍ മംഗലത്തയില്‍, എന്‍ജി. സൈതലവി, കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ എല്‍ പി ഹാരിസ്, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. ജാബിര്‍ അമാനി, എം ടി മനാഫ്, കെ എ സുബൈര്‍, സുഹൈല്‍ സാബിര്‍, പി പി ഖാലിദ്, അബ്ദുസ്സലാം പുത്തൂര്‍, കെ പി അബ്ദുറഹ്മാന്‍, ഡോ. അനസ് കടലുണ്ടി, ഹമീദലി ചാലിയം, പി അബ്ദുല്‍അലി മദനി, ഡോ. അന്‍വര്‍ സാദത്ത്, ഫഹീം പുളിക്കല്‍, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.
