21 Saturday
December 2024
2024 December 21
1446 Joumada II 19

തൗഹീദിലുള്ള വഞ്ചനയാണ് ഏറ്റവും വലിയ പാപം

ഡോ. സുഹൈര്‍ അബ്ദുറഹ്മാന്‍ / വിവ: റാഫിദ് ചെറവന്നൂര്‍


ശിര്‍ക്കിന്റെയും അതിന്റെ തിന്മയുടെയും അടിസ്ഥാനം വഞ്ചനയാണ്. ജീവിതലക്ഷ്യത്തോടും ജീവദാതാവിനോടുമുള്ള ആത്യന്തികമായ വഞ്ചനയാണത്. അനുഗ്രഹങ്ങളുടെ ഒരു ജീവിതം നമുക്ക് സമ്മാനിച്ച സ്‌നേഹനാഥനോടുള്ള നന്ദികേടാണത്. അതുകൊണ്ടുതന്നെ ഇസ്‌ലാമിലെ അവിശ്വാസം (കുഫ്ര്‍) എന്ന പദം നന്ദികേടിനെ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്.
വിശ്വാസവഞ്ചന കൊടിയ പാപമാണ്. ഉദാഹരണത്തിന്, ഒരു രാഷ്ട്രത്തിനെതിരായ ഗൂഢാലോചനയാണ് ഭരണകൂടത്തിന്റെ ദൃഷ്ടിയില്‍ ഏറ്റവും മോശമായ കുറ്റകൃത്യം. വിശ്വസ്തതയ്ക്ക് പകരമായി ഭരണകൂടം പൗരന് സംരക്ഷണവും പൊതുവിഭവങ്ങളും പാര്‍പ്പിടവും നല്‍കുന്നു. എന്നാല്‍ ഭരണകൂടത്തിനെതിരെ ഗൂഢാലോചന നടത്താന്‍ തീരുമാനിക്കുന്നതിലൂടെ ഒരാള്‍ വലിയ വഞ്ചനയാണ് ചെയ്യുന്നത്.
ആളുകള്‍ വലിയ വലിയ പാപങ്ങളായും കുറ്റകൃത്യങ്ങളായുമൊക്കെ കാണുന്ന കാര്യങ്ങളുടെ അടിസ്ഥാനവും വഞ്ചനയാണെന്നു കാണാം. ഉദാഹരണത്തിന് വ്യഭിചാരം ഒരു വിവാഹബന്ധത്തിലെ ഏറ്റവും മോശമായ കുറ്റകൃത്യമാവുന്നത് അത് വൈവാഹിക ജീവിതത്തിലുണ്ടാവേണ്ട വിശ്വാസത്തിന്റെ വഞ്ചനയാണ് എന്നതുകൊണ്ടാണ്. അതുപോലെ കൊലപാതകവും മോഷണവും എല്ലാം സമൂഹത്തില്‍ ഉണ്ടാകേണ്ട പരസ്പര വിശ്വാസത്തിന്റെ വഞ്ചനയാണ്.
ഏറ്റവും വലിയ തിന്മകളെ കുറിച്ചുള്ള പ്രവാചക വചനങ്ങളും ഈ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായി കാണാം. അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറഞ്ഞു: ”അല്ലാഹുവിന്റെ വിധികളില്‍ വലിയ കുറ്റകൃത്യം ഏതാണ്? നബി(സ)പറഞ്ഞു: ‘അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കുക. അവനാണല്ലോ നിന്നെ സൃഷ്ടിച്ചത്.’ തീര്‍ച്ചയായും അത് വലിയ പാപമാണെന്ന് ഞാന്‍ പറഞ്ഞു. പിന്നെ എന്താണ് അടുത്തത് എന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘നിങ്ങളുടെ സ്വന്തം കുട്ടി നിങ്ങളോടൊപ്പം ഭക്ഷണം പങ്കിടുമെന്ന് ഭയന്ന് നിങ്ങള്‍ അവനെ കൊല്ലുന്നു.’ ഞാന്‍ ചോദിച്ചു: അടുത്തത് എന്താണ്? അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ അയല്‍ക്കാരന്റെ ഭാര്യയുമായി വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്നത്.”
ഈ ഹദീസില്‍ പരാമര്‍ശിക്കുന്ന ഓരോ കുറ്റകൃത്യവും ഏറ്റവും അധമമമാവുന്നത് അതില്‍ അടങ്ങിയ വഞ്ചന മൂലമാണ്. ശിര്‍ക്ക് നമ്മെ സൃഷ്ടിച്ചവനോടുള്ള വഞ്ചനയാണ്. ശിശുഹത്യ എന്നത് മാതാപിതാക്കള്‍ക്ക് മക്കളോടുള്ള കടമയുടെ ആത്യന്തികമായ വഞ്ചനയാണ്. വ്യഭിചാരത്തിന്റെ ഏറ്റവും മോശമായ രൂപം സ്വന്തം അയല്‍ക്കാരന്റെ വിശ്വാസത്തെ വഞ്ചിക്കുന്നതാണ്. ശിര്‍ക്ക് ഏറ്റവും വലിയ തിന്മയാകുന്നത് എന്തുകൊണ്ടാണെന്ന ഇബ്‌നുല്‍ ഖയ്യിമിന്റെ വിശദീകരണത്തിലും വഞ്ചനയെക്കുറിച്ച് പറയുന്നുണ്ട്: ‘ശിര്‍ക്ക് അല്ലാഹുവിനോടുള്ള നമ്മുടെ സ്‌നേഹം കുറയ്ക്കുകയും അവനിലേക്ക് പങ്കുചേര്‍ക്കുന്നവരിലേക്ക് ഈ സ്‌നേഹത്തെ വഴിതിരിച്ചുവിടുകയും ചെയ്യുന്നു. സ്‌നേഹനാഥനായ തന്റെ രക്ഷിതാവിനോട് ചെയ്യുന്ന വലിയ വഞ്ചനയാണിത്.
നമ്മുടെ മുഴുവന്‍ ജീവിതവും നമ്മുടെ സ്രഷ്ടാവുമായി നമുക്കുള്ള ഈ ഒരു ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാവുമ്പോള്‍ ആ ബന്ധത്തിന് കോട്ടം തട്ടിക്കുന്ന പ്രവൃത്തികള്‍ എങ്ങനെയാണ് നമുക്ക് ചെയ്യാനാവുക. ഒരാള്‍ക്ക് തന്റെ ഭാര്യയോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ അപരാധം ഒരു രഹസ്യ കാമുകിയുമായുള്ള ബന്ധമാണ്. ഒരു വിവാഹ ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്ന ചെറുതും വലുതുമായ ഒട്ടനേകം കാര്യങ്ങളുണ്ടെങ്കിലും, അവയില്‍ ഏറ്റവും വിനാശകരമായത് വഞ്ചനയാണല്ലോ. തൗഹീദിലുള്ള വഞ്ചനയാണ് പടച്ചവന്റെ സ്ഥാനത്തേക്ക് ഒരു വിഗ്രഹത്തെയോ മറ്റ് ആരാധ്യരെയോ കയറ്റിവെക്കുന്നത്. നാം ഒരാളോട് ചെയ്യുന്ന വഞ്ചനയുടെ അളവ് നിര്‍ണയിക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്: അയാള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ അളവ്, അയാള്‍ എനിക്ക് ഉപകാരമായോ സഹായമായോ ചെയ്തുതന്ന കാര്യങ്ങള്‍.
ഉപകാരങ്ങളും
വഞ്ചനയും

ഒരു വ്യക്തിക്ക് കൂടുതല്‍ സഹായങ്ങളും ഉപകാരങ്ങളും നല്‍കുമ്പോള്‍, കൂടുതല്‍ വിശ്വസ്തതയാണ് പൊതുവെ നാം തിരിച്ച് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കില്‍ അല്ലാഹുവിനോടുള്ള വഞ്ചനയാണ് കൂടുതല്‍ ഗുരുതരമായത്. ജീവന്‍ ഉള്‍പ്പെടെ എല്ലാ അനുഗ്രഹങ്ങളും നമുക്ക് ലഭിച്ചത് പരമകാരുണികനും കരുണാമയനുമായ അല്ലാഹുവില്‍ നിന്നാണ്. അങ്ങനെയാവുമ്പോള്‍ ശിര്‍ക്ക് ഏറ്റവും വലിയ വഞ്ചനയും ഏതൊരു കുറ്റകൃത്യത്തേക്കാളും മോശവുമാകുന്നു. ഖുര്‍ആനിലും സുന്നത്തിലും ഉള്ള ശിര്‍ക്കിനെ കുറിച്ച വിവരണങ്ങള്‍ ഈ ആശയവുമായി പൊരുത്തപ്പെടുന്നതായി നമുക്ക് കാണാം:
”ഹേ മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്? നിന്നെ സൃഷ്ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രേ അവന്‍. താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍” (82:68).
”നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് ഒരു ഓഹരി, അവര്‍ക്കു തന്നെ ശരിയായ അറിവില്ലാത്ത ചിലതിന് (വ്യാജ ദൈവങ്ങള്‍ക്ക്) അവര്‍ നിശ്ചയിച്ചുവെക്കുന്നു. അല്ലാഹുവെ തന്നെയാണെ, നിങ്ങള്‍ കെട്ടിച്ചമയ്ക്കുന്നതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാണ്” (16:56). നേരത്തേ പറഞ്ഞതുപോലെ, ഏറ്റവും വലിയ പാപം ഏതെന്ന് ചോദിച്ചപ്പോള്‍ അത് ശിര്‍ക്കാണ് എന്ന് പ്രവാചകന്‍ പറഞ്ഞതായി ഹദീസില്‍ കാണാം. നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്നത് അല്ലാഹുവാണെന്നിരിക്കെ അവനില്‍ പങ്കുചേര്‍ക്കുന്നത് എത്ര വലിയ നിന്ദയാണ്!
നമ്മള്‍ പടച്ചവനുമായുള്ള തൗഹീദിന്റെ ഉടമ്പടി തെറ്റിക്കുന്നത് പല തരത്തിലാവാം. മറ്റ് ഇടയാളന്മാരെയോ പങ്കാളികളെയോ വിളിച്ചു തേടുന്നില്ലെങ്കില്‍ പോലും, അല്ലാഹുവുമായുള്ള ബന്ധത്തെ നിരാകരിക്കുകയോ അവഗണിക്കുകയോ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യുന്നത് ഒരുതരം വഞ്ചനയാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍, ഈ ഉടമ്പടിയെ നിങ്ങള്‍ക്ക് അവഗണിക്കാനാകുമെന്നും അതിനോടുള്ള നിങ്ങളുടെ പ്രതിബദ്ധത നിസ്സാരമായ കാര്യമാണെന്നും നിങ്ങള്‍ക്ക് തോന്നുമ്പോള്‍ നിങ്ങള്‍ അധര്‍മത്തിലേക്കുള്ള വഴി തുറക്കുകയാണ്.
നിങ്ങളുടെ ജീവിതത്തില്‍ എന്തിനെ ആരാധിക്കണം, എന്താണ് വിലമതിക്കേണ്ടത്, എന്താണ് പ്രധാനം, നിങ്ങളുടെ ജീവിതം എന്തിനു വേണ്ടി സമര്‍പ്പിക്കണം എന്നതിനെ കുറിച്ച് തീരുമാനിക്കാന്‍ നിങ്ങളുടെ അഹംബോധമുണ്ടെന്ന നിങ്ങളുടെ വിശ്വാസം നിങ്ങളുടെ പ്രവൃത്തികളിലൂടെ നിങ്ങള്‍ തെളിയിക്കുന്നു. അല്ലാഹു പറയുന്നതുപോലെ ”എന്നാല്‍ തന്റെ തന്നിഷ്ടത്തെ തന്റെ ദൈവമാക്കിയവനെ നീ കണ്ടുവോ?” (45:23).
വിശ്വാസത്തിന്റെ
അളവും വഞ്ചനയും

വഞ്ചനയുടെ വ്യാപ്തി മറ്റൊരാള്‍ നിങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ അളവിനെ കൂടി അടിസ്ഥാനമാക്കിയുള്ളതാണ്. പൊതുവില്‍ വിവിധ സാമൂഹിക സാഹചര്യങ്ങളില്‍ നാം മറ്റുള്ളവരില്‍ വിശ്വാസമര്‍പ്പിക്കാറുണ്ട്. ഉദാഹരണത്തിന്, ഭര്‍ത്താവോ ഭാര്യയോ ഇണയെ വീട്ടില്‍ തനിച്ചാക്കി പോകുന്നത് അയല്‍ക്കാരിലുള്ള അവരുടെ വലിയ വിശ്വാസത്തെ സൂചിപ്പിക്കുന്നുണ്ടല്ലോ. ഒരു കുട്ടി തന്റെ മാതാപിതാക്കളില്‍ പരിപൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നു എന്നതാണ് ശിശുഹത്യയെ ഭീകരമായ ഒരു കൊലപാതകമാക്കി മാറ്റുന്നത്. അല്ലാഹു നമ്മെ തീരെ ആശ്രയിക്കുന്നില്ലെങ്കിലും മനുഷ്യനെ അമാനത്തായി വിശ്വസിച്ചേല്പിച്ച കാര്യങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്: ”തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൗത്യം (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു” (33:72).

ഇവിടെ പറയുന്ന വിശ്വാസം (അമാനത്ത്) വളരെ വിശാലമായ തലങ്ങളുള്ള, അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയിരിക്കുന്ന ഉത്തരവാദിത്തമാണ്. നമ്മള്‍ മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകേണ്ട പരസ്പര വിശ്വാസവും ഇതില്‍ ഉള്‍പ്പെടുന്നു. പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ത്വബ്‌രിയുടെ അല്‍ ബയാന്‍ ഫീ തഫ്‌സീറില്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തില്‍ അമാനത്തിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അമാനത്തിന്റെ പരിധിയില്‍ പെടുന്നവയാണ് ഇപ്പറയുന്ന കാര്യങ്ങള്‍: ഈ ജീവിതത്തില്‍ നമുക്ക് അല്ലാഹുവിനോടുള്ള ബാധ്യതകള്‍, ഹുദൂദ് (നിയമം), ദീന്‍ (മതം), വദാഇ (വിശ്വസിച്ച് ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍), കാഴ്ചയും സംസാരവും ഉള്‍പ്പെടെ പടച്ചവന്‍ നമുക്ക് നല്‍കിയ കഴിവുകള്‍.
ഇതില്‍ നിന്ന് നാം മനസ്സിലാക്കുന്നത്, മനുഷ്യര്‍ തമ്മിലുള്ള വിശ്വാസവഞ്ചനകള്‍ യഥാര്‍ഥത്തില്‍ മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ പരമമായ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. അതുകൊണ്ട് മനുഷ്യര്‍ തമ്മിലുള്ള വഞ്ചന ആത്യന്തികമായി ദൈവം മനുഷ്യരാശിക്ക് നല്‍കിയ ചിന്തിക്കാനും നന്മ തിരഞ്ഞെടുക്കാനുമുള്ള കഴിവുകളോടുമുള്ള വഞ്ചനയാണ്. മനുഷ്യാസ്തിത്വത്തിന്റെ തന്നെ ഉദ്ദേശ്യം ലംഘിക്കാന്‍ പടച്ചവന്‍ നമുക്ക് നല്‍കിയ അനുഗ്രഹങ്ങളായ ചിന്തയും സംസാരവുമൊക്കെ ഉപയോഗിക്കുന്നതാണ് ഇത്തരത്തിലുള്ള വഞ്ചനയുടെ ഏറ്റവും മോശമായ രൂപം.
അവനവനോടുള്ള
ആരാധനയും
താന്‍പോരിമയും

ഒരു വ്യക്തി അല്ലാഹുവിന്റെ ആരാധനയില്‍ നിന്ന് പിന്തിരിയുമ്പോള്‍, അവന്‍ ആത്യന്തികമായി ആരാധിക്കുന്നത് അവനവന്റെ ഇച്ഛകളെയോ അവയുടെ വ്യത്യസ്ത പ്രതിഫലനങ്ങളെയോ ആണ്. അത്തരത്തിലുള്ള ഒരാളെ ഖുര്‍ആന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: ”എന്നാല്‍ തന്റെ തന്നിഷ്ടത്തെ തന്റെ ദൈവമാക്കിയവനെ നീ കണ്ടുവോ? അപ്പോള്‍ അല്ലാഹുവിനു പുറമേ ആരാണ് അവനെ നേര്‍വഴിയിലാക്കാനുള്ളത്?” (45:23).
വാസ്തവത്തില്‍, മനുഷ്യന്‍ എന്തുകൊണ്ടാവണം തന്റെ രക്ഷിതാവിന്ന് കീഴ്‌പെടുന്നതിനു പകരം തന്റെ ഭാവനയില്‍ നിന്ന് നിര്‍മിച്ചതിനെ ആരാധിക്കാന്‍ ഇഷ്ടപ്പെടുന്നത്. അല്ലാഹു പറയുന്നു: ”നിങ്ങളും നിങ്ങളുടെ പിതാക്കന്‍മാരും പേരിട്ടുവെച്ചിട്ടുള്ളതും, അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ ചില (ദൈവ)നാമങ്ങളുടെ പേരിലാണോ നിങ്ങള്‍ എന്നോട് തര്‍ക്കിക്കുന്നത്?” (7:71). അഹംഭാവത്തില്‍ നിന്നാണ് താന്‍ സ്വന്തമായി ഒരു മതം സൃഷ്ടിക്കാന്‍ യോഗ്യനാണെന്ന ചിന്ത പോലും ഉദ്ഭവിക്കുന്നത്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ അല്ലാഹുവിനു പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്” (29:17).
വിഗ്രഹാരാധന ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ആചാരമാണെന്ന് നമുക്ക് തോന്നുമെങ്കിലും, 21-ാം നൂറ്റാണ്ടിലെ ശരാശരി പാശ്ചാത്യരും പ്രത്യേക ആരാധനാ രൂപങ്ങള്‍ പിന്തുടരുന്നതായി കാണാം. ‘മൊറാലിസ്റ്റിക് തെറാപ്യൂട്ടിക് ഡേയിസം’ എന്നാണ് ഞാന്‍ അതിനെ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ചുരുക്കത്തില്‍, ഈ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകര്‍, തങ്ങളുടെ ഇഷ്ടത്തിന് അനുയോജ്യമായ കാര്യങ്ങള്‍ മാത്രം ഓരോ മതങ്ങളിലും നിന്ന് തെരഞ്ഞെടുക്കുകയാണ് ചെയ്യുക. അതേസമയം മതങ്ങള്‍ മുന്നോട്ടുവെക്കുന്ന ധാര്‍മിക നിയമങ്ങളോ മാര്‍ഗനിര്‍ദേശങ്ങളോ അവര്‍ പാലിക്കുന്നുമില്ല. അതിനു പകരം, സ്വന്തം ആഗ്രഹങ്ങളെ അടിസ്ഥാനമാക്കി ഒരു ജീവിതരീതി സൃഷ്ടിക്കുന്നു. ഇവിടെയും അവരവരുടെ ഇഷ്ടങ്ങളെയാണ് ആരാധ്യവസ്തുക്കളാക്കുന്നത് എന്നു കാണാം.
കൂടാതെ, സോഷ്യല്‍ മീഡിയയില്‍ സജീവമാവുന്ന ‘കാന്‍സല്‍ കള്‍ച്ചര്‍’ (റദ്ദാക്കല്‍ സംസ്‌കാരം) സങ്കീര്‍ണമായ ധാര്‍മിക പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന വിനയമില്ലായ്മയെ പ്രതിഫലിപ്പിക്കുന്നു. ആത്യന്തികമായി മറ്റുള്ളവരെ വിലയിരുത്താനും വിധി പറയാനുമുള്ള ദൈവിക അവകാശം തങ്ങള്‍ കൈവശം വെച്ചിരിക്കുന്നതുപോലെയാണ് പലപ്പോഴും ചര്‍ച്ചകള്‍. സ്വന്തത്തിലേക്ക് നോക്കാതെ മറ്റുള്ളവരുടെ തെറ്റുകളിലേക്കു മാത്രം തിരിച്ചുവെച്ച സ്‌കാനറുകളായി നമ്മള്‍ മാറി. നമ്മളില്‍ അടിഞ്ഞുകൂടുന്ന നാര്‍സിസത്തിലേക്കാണ് ഈ ചര്‍ച്ചകള്‍ വിരല്‍ ചൂണ്ടുന്നത്. പുതിയ ആദര്‍ശങ്ങള്‍, മാനദണ്ഡങ്ങള്‍, അതിരുകള്‍, അവകാശങ്ങള്‍ എന്നിങ്ങനെ എല്ലാം അവനവന്റെ ഇച്ഛക്കനുസരിച്ച് നിര്‍മിക്കുന്ന പ്രവണതയെയും ഖുര്‍ആന്‍ പടച്ചവനോടുള്ള വഞ്ചനയായാണ് വിശേഷിപ്പിക്കുന്നത്. ”നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് അനുവദനീയമാണ്, ഇത് നിഷിദ്ധമാണ് എന്നിങ്ങനെ കള്ളം പറയരുത്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രേ (അതിന്റെ ഫലം)” (16:116).

Back to Top