2 Thursday
January 2025
2025 January 2
1446 Rajab 2

തറാവീഹ് ജമാഅത്ത് ബിദ്അത്തോ?

പി കെ മൊയ്തീന്‍ സുല്ലമി


രാത്രിയിലെ നമസ്‌കാരം അറിയപ്പെടുന്നത് മൂന്നു പേരുകളിലാണ്. ഖിയാമുല്ലൈല്‍, തഹജ്ജുദ്, ഖിയാമുറമദാന്‍. ഒന്ന്: ഖിയാമുല്ലൈല്‍ (രാത്രിയിലെ നമസ്‌കാരം). ഇശാ നമസ്‌കാരത്തിന്റെയും സുബ്ഹി നമസ്‌കാരത്തിന്റെയും ഇടയില്‍ നിര്‍വഹിക്കുന്ന നമസ്‌കാരമാണ് ഖിയാമുല്ലൈല്‍. അത് ഒരാള്‍ ഇശാ നമസ്‌കാരത്തിനു ശേഷം നിര്‍വഹിക്കുന്നപക്ഷം ബിദ്അത്തൊന്നുമല്ല. അല്ലാഹു അരുളി: ‘ഹേ വസ്ത്രം കൊണ്ട് മൂടിയവനേ, രാത്രി അല്‍പസമയം ഒഴിച്ച് എഴുന്നേറ്റുനിന്ന് നമസ്‌കരിക്കുക, അല്ലെങ്കില്‍ അതില്‍ നിന്ന് അല്‍പം കുറച്ചുകൊള്ളുക, അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ധിപ്പിച്ചുകൊള്ളുക’ (മുസ്സമ്മില്‍ 1-4).
രണ്ട്: തഹജ്ജുദ്: ഒന്ന് ഉറങ്ങിയതിനു ശേഷം എഴുന്നേറ്റു നിന്ന് നമസ്‌കരിക്കുന്നതിനാണ് തഹജ്ജുദ് എന്നു പറയുന്നത്. അല്ലാഹു അരുളി: ‘രാത്രിയില്‍ അല്‍പസമയം താങ്കള്‍ ഉറക്കമുണര്‍ന്ന് നമസ്‌കരിക്കുക. അത് താങ്കള്‍ക്ക് അധികരിച്ചുള്ള ഒരു പുണ്യകര്‍മമാകുന്നു’ (ഇസ്‌റാഅ് 79).
മൂന്ന്: ഖിയാമു റമദാന്‍ (റമദാനിലെ രാത്രി നമസ്‌കാരം). നബി(സ) പ്രസ്താവിച്ചു: ‘സത്യവിശ്വാസത്തോടുകൂടിയും അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ടും വല്ലവനും റമദാനിലെ രാത്രി നിന്ന് നമസ്‌കരിക്കുന്നപക്ഷം അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടും’ (ബുഖാരി).
സാധാരണയായി നിര്‍വഹിച്ചുപോരുന്ന (നമസ്‌കരിച്ചുപോരുന്ന) രാത്രി നമസ്‌കാരത്തേക്കാള്‍ റമദാനിലെ രാത്രിയില്‍ നിര്‍വഹിക്കുന്ന (തറാവീഹ്) നമസ്‌കാരത്തിന് പുണ്യവും ശ്രേഷ്ഠതയുമുണ്ട്. നബിക്ക് രാത്രി നമസ്‌കാരം നിര്‍ബന്ധമാകുന്നു എന്നാണ് സൂറത്ത് ഇസ്‌റാഅ് 79ാം വചനത്തിന്റെ തഫ്‌സീറില്‍ ഇമാം ഇബ്‌നു കസീര്‍ അടക്കമുള്ള പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും രേഖപ്പെടുത്തിയത്. തഫ്‌സീറു ഇബ്‌നു കസീര്‍ 3:54 നോക്കുക. അതേ വസ്തുത ഇബ്‌നു ഹജര്‍ തന്റെ ഫത്ഹുല്‍ബാരി 4:22ലും രേഖപ്പെടുത്തിയിട്ടുണ്ട്.
നബി ഒഴിച്ചുള്ളവര്‍ക്ക് രാത്രി നമസ്‌കാരം പ്രബലമായ സുന്നത്താണ്. തറാവീഹ് നമസ്‌കാരം പള്ളിയില്‍ ജമാഅത്തായി നിര്‍വഹിക്കല്‍ ബിദ്അത്താണ് (അനാചാരം) എന്നതിന് ചിലര്‍ ഉദ്ധരിക്കാറുള്ള തെളിവ് ‘സുന്നത്ത് നമസ്‌കാരങ്ങള്‍ വീട്ടില്‍ വെച്ച് നിര്‍വഹിക്കലാണ് ഉത്തമം’ എന്ന ആശയത്തില്‍ വന്നിട്ടുള്ള ഹദീസുകളാണ്. അതിന്റെ അര്‍ഥം പള്ളിയില്‍ വെച്ച് ഒരു സുന്നത്ത് നമസ്‌കാരവും പാടില്ല എന്ന നിലയിലല്ല.
കാരണം റവാത്തിബ് സുന്നത്തു നമസ്‌കാരങ്ങളില്‍ പോലും പള്ളിയില്‍ വെച്ച് നിര്‍വഹിക്കാവുന്നവയും അല്ലാത്തവയുമുണ്ട്. താഴെ വരുന്ന ഹദീസ് സ്വിഹാഹുസ്സിത്തയിലെ എല്ലാവരും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്: ‘ഇബ്‌നു ഉമര്‍(റ) പ്രസ്താവിച്ചു: പത്ത് റക്അത്ത് നമസ്‌കാരങ്ങള്‍ ഞാന്‍ നബി(സ)യില്‍ നിന്നു മനഃപാഠമാക്കുകയുണ്ടായി. ളുഹ്‌റിനു മുമ്പും പിമ്പും ഈരണ്ട് റക്അത്തുകള്‍, മഗ്‌രിബിനു ശേഷം വീട്ടില്‍ വെച്ച് രണ്ട് റക്അത്തു വീതം, ഇശാ നമസ്‌കാരത്തിനു ശേഷം വീട്ടില്‍ വെച്ച് ഈരണ്ട് റക്അത്തുകള്‍, സുബ്ഹിക്കു മുമ്പ് ഈരണ്ട് റക്അത്തുകള്‍ വീതം എന്നിവയാണവ’ (സ്വിഹാഹുസ്സിത്ത).
ഈ ഹദീസില്‍ നിന്നു നമുക്ക് മനസ്സിലാകുന്ന കാര്യം, മഗ്‌രിബിന്റെയും ഇശാഇന്റെയും ശേഷമുള്ള സുന്നത്തു നമസ്‌കാരങ്ങള്‍ വീട്ടില്‍ വെച്ച് നിര്‍വഹിക്കലാണ് സുന്നത്ത് എന്നാണ്. മറ്റുള്ള സുന്നത്ത് നമസ്‌കാരങ്ങള്‍ പള്ളിയില്‍ വെച്ച് നിര്‍വഹിക്കാം എന്നുമാണ്. പെരുന്നാള്‍ നമസ്‌കാരത്തെ സംബന്ധിച്ച് സയ്യിദ് സാബിഖിന്റെ പ്രസ്താവന: ”രണ്ട് പെരുന്നാള്‍ നമസ്‌കാരങ്ങള്‍, ഗ്രഹണ നമസ്‌കാരങ്ങള്‍, മഴ ലഭിക്കാന്‍ വേണ്ടിയുള്ള നമസ്‌കാരങ്ങള്‍ എന്നിവ സുന്നത്തും പള്ളികളുമായി ബന്ധപ്പെടുന്നവയുമാണ്. അതില്‍ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ പ്രബലമായ സുന്നത്തില്‍ പെട്ടതുമാണ്” (ഫിഖ്ഹുസ്സുന്ന 1:217).
പള്ളിയില്‍ വെച്ചു നിര്‍വഹിക്കാവുന്ന ഒരു സുന്നത്ത് നമസ്‌കാരമാണ് തറാവീഹ്. അതിന് നബിയുടെ മാതൃകയുണ്ട്. അഥവാ നബി അത് പള്ളിയില്‍ നിര്‍വഹിച്ചുതന്നെ മാതൃക കാണിച്ചുകൊടുത്തിട്ടുണ്ട്. ഒരു കാര്യം നബിയുടെ മാതൃകയില്ലെങ്കിലേ അത് ബിദ്അത്താവുകയുള്ളൂ. ‘ആഇശ പ്രസ്താവിച്ചു: നബി ഒരു രാത്രിയില്‍ ജനങ്ങളുമായി പള്ളിയില്‍ നമസ്‌കരിക്കുകയുണ്ടായി. ജനങ്ങളും അദ്ദേഹത്തെ പിന്തുടര്‍ന്ന് നമസ്‌കരിച്ചു. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ അതിനെ സംബന്ധിച്ച് പരസ്പരം സംസാരിച്ചു.
അങ്ങനെ രണ്ടാം ദിവസം ആദ്യദിനത്തേക്കാള്‍ ആളുകള്‍ വര്‍ധിച്ചു. എന്നാല്‍ മൂന്നാം ദിവസം അതിനെക്കാള്‍ ജനങ്ങളും നബിയോടൊപ്പം നമസ്‌കരിക്കുകയുണ്ടായി. എന്നാല്‍ നാലാം ദിവസം പള്ളി ജനങ്ങളെക്കൊണ്ട് അശക്തമായി (തിങ്ങിനിറഞ്ഞു). എന്നാല്‍ സുബ്ഹി നമസ്‌കാരം കഴിഞ്ഞപ്പോള്‍ നബി അവരോട് ഇപ്രകാരം പറഞ്ഞു: രാത്രി നമസ്‌കാരം (തറാവീഹ്) നിങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെട്ടു (അതുകൊണ്ടാണ് വരാതിരുന്നത്). നിര്‍ബന്ധമാക്കുന്നപക്ഷം അത് നിര്‍വഹിക്കുന്ന വിഷയത്തില്‍ നിങ്ങള്‍ വിഷമിക്കും’ (ബുഖാരി 2012).
മറ്റൊരു റിപ്പോര്‍ട്ട് ഇപ്രകാരം കാണാം: ഉര്‍വ ആഇശയില്‍ നിന്ന് ഉദ്ധരിക്കുന്നു: നബി ഒരു രാത്രിയില്‍ പള്ളിയില്‍ നമസ്‌കരിക്കുകയുണ്ടായി. ജനങ്ങളും നബിയെ പിന്തുടര്‍ന്ന് നമസ്‌കരിക്കുകയുണ്ടായി. പിന്നെ അടുത്ത ദിവസവും നബി പള്ളിയില്‍ നമസ്‌കരിക്കുകയുണ്ടായി. അപ്പോള്‍ ജനങ്ങള്‍ അധികരിച്ചു. പിന്നെ മൂന്നാമത്തെയോ നാലാമത്തെയോ ദിവസം ജനങ്ങള്‍ പള്ളിയില്‍ ഒരുമിച്ചുകൂടി. എന്നാല്‍ നബി അവരിലേക്ക് വന്നില്ല. നേരം പുലര്‍ന്നപ്പോള്‍ നബി അവരോട് ഇപ്രകാരം പറഞ്ഞു: ‘നിങ്ങള്‍ ചെയ്തത് ഞാന്‍ കാണായ്കയല്ല. രാത്രി നമസ്‌കാരം നിര്‍ബന്ധമാക്കപ്പെടുമോ എന്ന ഭയം മാത്രമല്ലാതെ നിങ്ങളിലേക്ക് വരുന്നത് എന്നെ തടഞ്ഞില്ല.’ റിപ്പോര്‍ട്ടര്‍ പ്രസ്താവിച്ചു. ഇത് സംഭവിച്ചത് റമദാനിലായിരുന്നു (മുസ്‌ലിം 3:296).
അപ്പോള്‍ ഖിയാമു റമദാന്‍ (തറാവീഹ്) പള്ളിയില്‍ വെച്ച് നിര്‍വഹിക്കല്‍ സുന്നത്താണെന്ന് ബുഖാരിയും മുസ്‌ലിമും സംയുക്തമായി ഉദ്ധരിച്ച ഹദീസുകളിലൂടെ ബോധ്യപ്പെട്ടു. ഈ വിഷയത്തില്‍ ഇമാം ശാത്വിബിന്റെ പ്രസ്താവന ശ്രദ്ധിക്കുക: ‘തീര്‍ച്ചയായും ഖിയാമു റമദാന്‍ ജമാഅത്തായി (പള്ളിയില്‍ വെച്ച്) നിര്‍വഹിക്കല്‍ സുന്നത്താണ്. നബി അത് ഉപേക്ഷിച്ചത് നിര്‍ബന്ധമാക്കപ്പെടുമോ എന്ന ഭയം കാരണത്താല്‍ മാത്രമാണ്. (നബിയുടെ മരണത്തോടെ) നിര്‍ബന്ധമാക്കപ്പെടുന്ന വഹ്‌യ് നിലച്ചുപോയതിനാല്‍ നിര്‍ബന്ധമാക്കപ്പെടും എന്ന ഭയം ഇല്ലാതാവുകയും നബി കാണിച്ചുതന്ന അടിസ്ഥാനത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്യേണ്ടതാണ്’ (അല്‍ഇഅ്തിസാം 1:375).
ഇമാം ശൗക്കാനി രേഖപ്പെടുത്തി: ‘നബി രാത്രി നമസ്‌കാരം നിര്‍വഹിച്ചത് പള്ളിയില്‍ വെച്ചായിരുന്നു. നബിയെ തുടര്‍ന്ന് സഹാബിമാരും നമസ്‌കരിക്കുകയുണ്ടായി. ഇത് ആരും തന്നെ നിഷേധിക്കുന്നുമില്ല. അത് സംഭവിച്ചത് റമദാനിലുമാണ്. രാത്രി നമസ്‌കാരം നിര്‍ബന്ധമാക്കപ്പെടുമെന്ന ഭയം കാരണമല്ലാതെ നബി അത് ഉപേക്ഷിച്ചിട്ടുമില്ല’ (നൈലുല്‍ ഔത്വാര്‍ 3:59).
ഈ വിഷയത്തില്‍ ഇബ്‌നു ഹജറിന്റെ പ്രസ്താവന ഇപ്രകാരമാണ്: ‘ഇമാം ത്വഹാവി ഇപ്രകാരവും കൂടി പ്രസ്താവിച്ചിരിക്കുന്നു: തറാവീഹ് നമസ്‌കാരം ജമാഅത്തായി നിര്‍വഹിക്കല്‍ ഫര്‍ളു കിഫായയില്‍ (സാമൂഹികമായ നിര്‍ബന്ധ കര്‍മം) പെട്ടതാണ്. ഇബ്‌നു ബത്വാന്‍ പ്രസ്താവിച്ചു: തറാവീഹ് നമസ്‌കാരം (ജമാഅത്തായി) നിര്‍വഹിക്കല്‍ നബിചര്യയില്‍ പെട്ടതാണ്. ഉമര്‍ ജമാഅത്ത് സംഘടിപ്പിച്ചത് നബിയുടെ ചര്യയില്‍ നിന്നാണ്. നിര്‍ബന്ധമാക്കപ്പെടുമോ എന്ന ഭയം കാരണത്താലാണ് നബി അത് (ജമാഅത്തായി നിര്‍വഹിക്കല്‍) ഉപേക്ഷിച്ചത്” (ഫത്ഹുല്‍ബാരി 6:9,10).
ഈ വിഷയകമായി ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (മുഹ്‌യുദ്ദീന്‍ ശൈഖ്)ന്റെ പ്രസ്താവന കാണുക: ‘തറാവീഹ് നമസ്‌കാരം ജമാഅത്തായി നിര്‍വഹിക്കല്‍ സുന്നത്താണ്. പ്രസ്തുത നമസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണം ഉച്ചത്തില്‍ നിര്‍വഹിക്കേണ്ടതാണ്. നബി ഏതാനും രാത്രികളില്‍ അപ്രകാരമാണ് നിര്‍വഹിച്ചിരുന്നത്’ (അല്‍ഗുന്‍യ 1:15).
ഇമാം നവവിയുടെ ഗുരുനാഥനും പ്രശസ്ത പണ്ഡിതനുമായിരുന്ന അബൂശാമയുടെ പ്രസ്താവന ഇപ്രകാരമാണ്: ‘തീര്‍ച്ചയായും നബി ഖിയാമു റമദാന്‍ (തറാവീഹ്) നമസ്‌കാരം കൊണ്ട് കല്‍പിക്കുകയും അത് പള്ളിയില്‍ വെച്ച് നിര്‍വഹിക്കുകയും ചെയ്തു. ഒരു രാവിനു പിറകെ മറ്റൊരു രാവ് എന്ന നിലയില്‍ നബിയെ ചില സഹാബികള്‍ പിന്തുടരുകയും ചെയ്തു. പിന്നീട് നബി പള്ളിയില്‍ വെച്ച് ജമാഅത്തായി നിര്‍വഹിക്കല്‍ ഉപേക്ഷിക്കുകയുണ്ടായി. അതിന്റെ കാരണം രാത്രി നമസ്‌കാരം നിര്‍ബന്ധമാക്കപ്പെടുമോ എന്ന ഭയമായിരുന്നു. എന്നാല്‍ നബിയുടെ മരണത്തോടെ (നിര്‍ബന്ധമാക്കപ്പെടും) എന്ന ഭയം ഇല്ലാതായി. അതിനാല്‍ ഖിയാമു റമദാന്‍ (തറാവീഹ്) എന്ന നമസ്‌കാരം പള്ളിയില്‍ ജമാഅത്തായി നടത്തുന്ന വിഷയത്തില്‍ സഹാബിമാര്‍ ഏകോപിച്ചു. അതില്‍ നബിയുടെ സുന്നത്തിനെ ജീവിപ്പിക്കുക എന്ന അല്ലാഹുവിന്റെ കല്‍പനയുണ്ട്’ (കിതാബുല്‍ ബാഇസ്, പേജ് 94, 95).
അബൂശാമയുടെ പ്രസ്താവനയില്‍ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്: ഉമര്‍(റ) തറാവീഹ് ജമാഅത്തായി വീണ്ടും സംഘടിപ്പിച്ചതില്‍ സഹാബിമാരുടെ ഏകോപനമുണ്ട്. ഒരു സഹാബിയും അതിനെ എതിര്‍ത്തില്ല. രണ്ട്: നബിയുടെ സുന്നത്തിനെ ജീവിപ്പിക്കുക എന്ന നിലപാടിലായിരുന്നു ഉമറിന്റെ നിലപാടിനെ സഹാബിമാര്‍ മനസ്സിലാക്കിയത്. പ്രവാചകന്റെ സുന്നത്തിനെ ജീവിപ്പിക്കുന്നതിനെ സംബന്ധിച്ച് നിരവധി ഹദീസുകള്‍ വന്നിട്ടുണ്ട്. അപ്പോള്‍ തറാവീഹ് നമസ്‌കാരം പള്ളിയില്‍ വെച്ചു ജമാഅത്തായി നിര്‍വഹിക്കല്‍ ബിദ്അത്താണ് എന്ന് പറയാന്‍ നിര്‍വാഹമില്ല.
ഒന്നാമതായി ഹദീസ് നിഷേധമാണ്. രണ്ടാമതായി സഹാബത്തിന്റെ ഇജ്മാഇനെ നിഷേധിക്കലുമാണ്. ഖുറാഫാത്തു പോലെ അപകടം പിടിച്ചതാണ് മോഡേണിസവും. മൂന്നാമതായി, തറാവീഹ് നമസ്‌കാരം പള്ളിയില്‍ വെച്ച് നിര്‍വഹിക്കല്‍ ബിദ്്അത്താണെന്ന് ലോകത്ത് ഒരു മുസ്‌ലിം വിഭാഗത്തിനും അഭിപ്രായമില്ല. എല്ലാ മുസ്‌ലിം വിഭാഗങ്ങളും പള്ളിയില്‍ ജമാഅത്തായി നിര്‍വഹിക്കുന്നവരുമാണ്. നബി പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹു സമുദായത്തെ മുഴുവന്‍ വഴികേടില്‍ ഒരുമിച്ചുകൂട്ടുന്നതല്ല’ (തിര്‍മിദി, ഹാകിം, ഇബ്‌നുമാജ).
മറ്റൊരു വാദം, ഉമര്‍(റ) സംഘടിപ്പിച്ച ജമാഅത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല എന്നതാണ്. അദ്ദേഹം തീരെ പങ്കെടുത്തില്ലെങ്കില്‍ അദ്ദേഹം മുനാഫിഖ് ആയി മാറും എന്നതില്‍ സംശയമില്ല. സുന്നത്ത് എന്ന നിലയില്‍ വല്ല കാരണത്താലും ചിലപ്പോള്‍ പങ്കെടുത്തിട്ടുണ്ടായിരിക്കില്ല. എങ്കിലും അദ്ദേഹം തീരെ പങ്കെടുത്തിരുന്നില്ല എന്ന വാദം ശരിയല്ല. ഇബ്‌നു ഹജര്‍ പ്രസ്താവിച്ചു: ‘ഇബ്‌നു അബ്ബാസ് പറഞ്ഞു: ‘ഞാന്‍ പള്ളിയില്‍ (തറാവീഹിന്) നിന്നിരുന്നത് ഉമറിന്റെ അടുത്തായിരുന്നു. അദ്ദേഹം (ഉമര്‍) (നമസ്‌കാരം കഴിഞ്ഞ് മടങ്ങുന്ന) കോലാഹലം കേട്ടപ്പോള്‍ ചോദിച്ചു: ഈ ശബ്ദകോലാഹലം എന്താണ്? ജനങ്ങള്‍ പറഞ്ഞു: നമസ്‌കാരം കഴിഞ്ഞു മടങ്ങുന്ന ശബ്ദമാണ്. ഈ സംഭവം റമദാനിലായിരുന്നു’ (ഫത്ഹുല്‍ബാരി 6:10, കിതാബുസ്സ്വലാത്തിത്തറാവീഹ്).

Back to Top