രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള വലിയ സുരക്ഷാ ഭീഷണിയെന്ന് ജപ്പാന്‍
ചൈനീസ് സൈന്യത്തിന്റെ വര്‍ധിച്ച സ്വാധീനം, റഷ്യയുമായുള്ള ബന്ധം, തായ്‌വാന്‍ സംഘര്‍ഷം എന്നിവയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്നറിയിപ്പുമായി ജപ്പാന്‍. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സുരക്ഷാ ഭീഷണിയാണ് രാജ്യം ഇപ്പോള്‍ നേരിടുന്നതെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ വിവാദപരമായ പുതിയ ദേശീയ സുരക്ഷാ നയം സര്‍ക്കാര്‍ അംഗീകരിച്ചതിനു ശേഷം സുരക്ഷ സംബന്ധിച്ചുള്ള ആദ്യത്തെ റിപ്പോര്‍ട്ടാണിത്. സൈനിക ശക്തി സ്വയം പ്രതിരോധത്തിനു മാത്രമുള്ളതാക്കുന്ന യുദ്ധാനന്തര നയം മാറ്റിയെഴുതുന്നതായിരുന്നു ഡിസംബറില്‍ പ്രഖ്യാപിച്ച നയം. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഗുരുതരമായ സുരക്ഷാ സാഹചര്യം ഉണ്ടാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത് ചൈനയും റഷ്യയും ഉത്തര കൊറിയയുമാണെന്ന് 510 പേജുള്ള റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ചൈനയുടെ വിദേശ നയവും സൈനിക നടപടികളും ജപ്പാനും അന്താരാഷ്ട്ര സമൂഹത്തിനും ഭീഷണിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ദിവസം ഉത്തര കൊറിയന്‍ തലസ്ഥാനത്തു നടന്ന സൈനിക പരേഡില്‍ ഭരണാധികാരി കിം ജോങ് ഉന്നിനൊപ്പം റഷ്യയുടെയും ചൈനയുടെയും പ്രതിനിധികളും പങ്കെടുത്തത് പ്രകോപനമായാണ് ജപ്പാന്‍ കാണുന്നത്. രാജ്യത്തിന്റെ പുതിയ ഡ്രോണുകളും ദീര്‍ഘദൂര ആണവശേഷിയുള്ള മിസൈലുകളും പരേഡില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.