15 Wednesday
January 2025
2025 January 15
1446 Rajab 15

കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍; സ്വാതന്ത്ര്യസമര സേനാനിയായ പരിഷ്‌കര്‍ത്താവ്‌

ഹാറൂന്‍ കക്കാട്‌


ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും കേരള മുസ്‌ലിം നവോത്ഥാന സംരംഭങ്ങളിലും സംഭവബഹുലമായ അധ്യായങ്ങള്‍ രചിച്ച സാത്വികനായിരുന്നു കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍. സ്വാതന്ത്ര്യസമര സേനാനി, ഖിലാഫത്ത് പ്രസ്ഥാന നായകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, പ്രഭാഷകന്‍, ബഹുഭാഷാ പണ്ഡിതന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, കവി തുടങ്ങിയ മേഖലകളില്‍ മായാത്ത സുവര്‍ണ മുദ്രകള്‍ ചാര്‍ത്തിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലയിലെ പഴയ വള്ളുവനാട് താലൂക്കില്‍ പെരിന്തല്‍മണ്ണയ്ക്കു സമീപം പുഴക്കാട്ടിരി പഞ്ചായത്തിലെ കരിഞ്ചാപ്പാടിയിലെ കട്ടിലശ്ശേരി മണക്കാട്ട് വാക്കതൊടി അലി മുസ്‌ലിയാരുടെയും ആയിശുമ്മ ബീവിയുടെയും പുത്രനായി 1879-ലാണ് കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ല്യാരുടെ ജനനം. ആലിയുള്ളരി എന്ന പേരില്‍ ഫത്‌വകള്‍ എഴുതിയ മതപണ്ഡിതനായിരുന്ന സ്വന്തം പിതാവായിരുന്നു അദ്ദേഹത്തിന്റെ ആദ്യ അധ്യാപകന്‍. പിന്നീട് തിരൂരങ്ങാടി, പൊന്നാനി പള്ളി ദര്‍സുകളില്‍ പഠിച്ചു. വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്തില്‍ ഉപരിപഠനം നടത്തി. അറബി, മലയാളം, ഉര്‍ദു, ഫ്രഞ്ച്, തമിഴ് തുടങ്ങിയ ഭാഷകളില്‍ വ്യുല്‍പത്തി നേടി.
ചെറുപ്രായത്തില്‍ തന്നെ മതവിഷയങ്ങളില്‍ അഗാധമായ സിദ്ധിയാര്‍ജിച്ച കട്ടിലശ്ശേരി പിതാവിനെപ്പോലെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കിക്കൊണ്ട് സാമൂഹിക പരിഷ്‌കരണരംഗത്ത് സജീവമായി. ഇതിനായി പുണര്‍പ്പയില്‍ മക്തബതുല്ലുസൂമിയ്യ എന്ന സ്‌കൂള്‍ സ്ഥാപിച്ചു. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി മദ്‌റസാ പ്രസ്ഥാനത്തിന് തുടക്കമിട്ടതുപോലെ മത-ഭൗതിക വിജ്ഞാനീയങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ സ്ഥാപനം കേരളത്തില്‍ ആദ്യമായി തുടങ്ങിയത് കട്ടിലശ്ശേരിയാണ്. ഇന്നത്തെ പുണര്‍പ്പ യു പി സ്‌കൂള്‍ ഇതാണ്. 1936-ല്‍ പുലാമന്തോളില്‍ മഅ്ദിനുല്‍ ഉലൂം മദ്‌റസ സ്ഥാപിക്കാനും അദ്ദേഹം മുന്‍കൈയെടുത്തു.
പ്രമുഖ പരിഷ്‌കര്‍ത്താവായിരുന്ന കെ എം മൗലവിയുടെ ആത്മസുഹൃത്തായിരുന്നു കട്ടിലശ്ശേരി. ഇരുവരും കൊടുങ്ങല്ലൂരില്‍ അഭയാര്‍ഥികളായി ജീവിച്ച കാലത്താണ് ഈ ബന്ധം വളര്‍ന്നത്. വെല്ലൂര്‍ കോളജില്‍ നിന്ന് ഹദീസ് വിജ്ഞാനീയത്തില്‍ ഉന്നത പാണ്ഡിത്യം നേടിയ കട്ടിലശ്ശേരിയില്‍ നിന്ന് ഇതു സംബന്ധമായ കൂടുതല്‍ അറിവ് സമ്പാദിക്കാന്‍ ഈ കാലം കെ എം മൗലവി ഉപയോഗപ്പെടുത്തിയിരുന്നു. ഇരുവരും ഖിലാഫത്ത് പ്രസ്ഥാനത്തിലെ സജീവ സാന്നിധ്യമായി മാറി. അഖിലേന്ത്യാ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മലബാര്‍ ഘടകം പ്രസിഡന്റായി കട്ടിലശ്ശേരിയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും തെരഞ്ഞെടുക്കപ്പെട്ടു.
കെ എം മൗലവിയും കട്ടിലശ്ശേരിയും ഒന്നിച്ചായിരുന്നു കേരളത്തില്‍ ഉടനീളം പര്യടനം നടത്തി സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇന്ത്യന്‍ മജ്‌ലിസുല്‍ ഉലമയിലും കെ എം മൗലവിയും കട്ടിലശ്ശേരിയും ഒന്നിച്ച് പ്രവര്‍ത്തിച്ചു. ഇ മൊയ്തു മൗലവിയുടെ നേതൃത്വത്തിലുള്ള ജില്ലാ കമ്മിറ്റിയില്‍ ഇരുവരും എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായിരുന്നു. ആനി ബസന്റ് സ്ഥാപിച്ച ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിരുന്ന കട്ടിലശ്ശേരി പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു മുന്‍നിര നായകനായി. 1916ല്‍ പാലക്കാട് ചേര്‍ന്ന ഒന്നാം മലബാര്‍ രാഷ്ട്രീയ സമ്മേളനം മുതല്‍ തുടര്‍ന്നുള്ള എല്ലാ മലബാര്‍ സമ്മേളനങ്ങളിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. മലബാറിലെ ജന്മിത്ത മേല്‍ക്കോയ്മക്കെതിരെ നാട്ടുകാരനായ എം പി നാരായണമേനോനുമായി ചേര്‍ന്ന് കൃഷിക്കാരെ സംഘടിപ്പിക്കാനും കുടിയായ്മ പരിഷ്‌കരണം അടിയന്തര പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരാനും ഇരുവരും ശക്തമായി രംഗത്തിറങ്ങി.
കേരള മുസ്‌ലിം ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമയുടെയും സജീവ പ്രചാരകനായിരുന്നു കട്ടിലശ്ശേരി. 1936 ഫെബ്രുവരി 22, 23 തിയ്യതികളില്‍ മക്കരപ്പറമ്പിനടുത്ത പുണര്‍പ്പയില്‍ നടന്ന കേരള ജംഇയ്യത്തുല്‍ ഉലമ സമ്മേളനത്തിന്റെ സ്വാഗതസംഘം പ്രസിഡന്റ് അദ്ദേഹമായിരുന്നു.
കേരളം ദര്‍ശിച്ച ഉജ്വലനായ പ്രഭാഷകനായിരുന്ന കട്ടിലശ്ശേരി രാഷ്ട്രീയഗോദയിലും മതപ്രഭാഷണവേദികളിലും വാഗ്‌ധോരണികള്‍ കൊണ്ട് ഇതിഹാസങ്ങള്‍ സൃഷ്ടിച്ചു. മലബാറില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിപാടനം ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ ചിന്തോദ്ദീപകമായ പ്രഭാഷണങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ നാദാപുരം സുന്നി-മുജാഹിദ് വാദപ്രതിവാദത്തില്‍ കട്ടിലശ്ശേരിയുടെ സാന്നിധ്യം നവോത്ഥാന പ്രസ്ഥാനത്തിന് വലിയ മുതല്‍ക്കൂട്ടായിരുന്നു. പ്രശ്‌നസങ്കീര്‍ണമായ വാദപ്രതിവാദത്തിന്റെ അവസാന ഘട്ടത്തില്‍ മുജാഹിദ് പക്ഷത്തിനു വേണ്ടി പ്രസംഗിച്ചത് കട്ടിലശ്ശേരി ആയിരുന്നു.
1920 ഏപ്രിലില്‍ മഞ്ചേരിയില്‍ നടന്ന മലബാര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ കുടിയായ്മ പരിഷ്‌കരണം ആവശ്യപ്പെട്ടുകൊണ്ട് കട്ടിലശ്ശേരി നടത്തിയ ഉജ്വല പ്രഭാഷണം ചരിത്രത്തിലെ രജതരേഖയാണ്. കട്ടിലശ്ശേരിയുടെ അതിമനോഹരമായ പ്രഭാഷണചാതുരിയെ കുറിച്ച് മാതൃഭൂമിയുടെ സ്ഥാപക ചീഫ് എഡിറ്റര്‍ കെ പി കേശവ മേനോന്‍ ‘കഴിഞ്ഞ കാലം’ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്: ”പെരിന്തല്‍മണ്ണയിലെ മുഹമ്മദ് മുസ്‌ല്യാര്‍ സമര്‍ഥനായൊരു പ്രസംഗകനായിരുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ആരംഭത്തില്‍ തന്നെ അദ്ദേഹം കോണ്‍ഗ്രസ് പ്രചാരവേലയ്ക്ക് പുറപ്പെട്ടു. പകുതി കൈയുള്ള ഒരു കുപ്പായവുമിട്ട് ഒരു തോര്‍ത്തുമുണ്ട് നിവര്‍ത്തി തലയില്‍ കൂടി ഇട്ട് മുസ്‌ല്യാര്‍ പ്രസംഗപീഠത്തില്‍ കയറിയാല്‍ പിന്നെ രണ്ടു മണിക്കൂര്‍ നേരം ശ്രോതാക്കളുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നതിന് അദ്ദേഹത്തിന് യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല.”
1921ലെ മലബാര്‍ സമരത്തിന് ചുക്കാന്‍ പിടിച്ചവെര അറസ്റ്റ് ചെയ്യാന്‍ വേണ്ടി അധികാരികള്‍ തയ്യാറാക്കിയ 24 അംഗ പട്ടികയില്‍ പത്താമന്‍ കട്ടിലശ്ശേരി ആയിരുന്നു. മലബാര്‍ സമരം സ്വന്തം താലൂക്കായ വള്ളുവനാട്ടിലേക്ക് പടരാതിരിക്കാന്‍ കട്ടിലശ്ശേരിയും എം പി നാരായണ മേനോനും അവിരാമം ശ്രമിച്ചു. അവിവേകം പ്രവര്‍ത്തിക്കരുതെന്ന പ്രസ്താവന അടങ്ങിയ ലഘുലേഖ അച്ചടിച്ച് ഇരുവരും വ്യാപകമായി പ്രചരിപ്പിച്ചു. വൈകാതെ നാരായണ മേനോനെ അറസ്റ്റ് ചെയ്തു. കട്ടിലശ്ശേരിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ അദ്ദേഹം വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ പോയി വീണ്ടും പഠനത്തില്‍ മുഴുകി. ബ്രിട്ടീഷുകാര്‍ അവിടെയും എത്തിയപ്പോള്‍ അദ്ദേഹം മദ്രാസിലെ ജമാലിയ്യ അറബിക് കോളജില്‍ അധ്യാപകനായി ചേര്‍ന്നു.
ഇതിനിടെ, കോളജില്‍ കട്ടിലശ്ശേരി ഉണ്ടെന്ന് അറിഞ്ഞ പോലീസ് സൂപ്രണ്ട് ആമുവും മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കാന്‍ കഠിനശ്രമം നടത്തി. അവിടെ നിന്നു സാഹസികമായി രക്ഷപ്പെട്ട കട്ടിലശ്ശേരി ഫ്രഞ്ച് അധീനപ്രദേശമായ കാരക്കലിലേക്ക് പോയി. തുടര്‍ന്ന് ഏഴു വര്‍ഷത്തോളം വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് അവിടങ്ങളില്‍ നേതൃത്വം നല്‍കി. അറബി, ഫ്രഞ്ച്, തമിഴ് ഭാഷകള്‍ പഠിപ്പിക്കാന്‍ അദ്ദേഹം അവിടെ സ്ഥാപിച്ച പ്രൈമറി സ്‌കൂള്‍ പിന്നീട് ഹൈസ്‌കൂളായി വളര്‍ന്നു. ഇപ്പോഴും ഈ സ്ഥാപനം മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു.
1933ല്‍ സ്വദേശത്ത് തിരിച്ചെത്തിയ കട്ടിലശ്ശേരി വീണ്ടും നിരവധി വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായി മാറി. 1938ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് വൈസ് പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. കെ കേളപ്പന്‍ ആയിരുന്നു പ്രസിഡന്റ്. ആന്തമാന്‍ സ്‌കീം, മാപ്പിള ഔട്ടറേജസ് ആക്ട് എന്നിവയ്ക്ക് എതിരെ അദ്ദേഹം വിവിധ സാഹസിക പോരാട്ടങ്ങള്‍ നടത്തി.
കവിയും ഗാനരചയിതാവുമായിരുന്ന കട്ടിലശ്ശേരി മാപ്പിള കവി ചാക്കീരി മൊയ്തീന്‍കുട്ടി സാഹിബിന്റെ ആത്മമിത്രമായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിനും സ്വാതന്ത്ര്യ സമരത്തിനും ആവേശം പകരുന്ന അദ്ദേഹത്തിന്റെ രചനകള്‍ കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ തുടര്‍ച്ചയായി അവതരിപ്പിക്കപ്പെട്ടു. കട്ടിലശ്ശേരി രചിച്ച മാപ്പിളപ്പാട്ടുകള്‍ മലബാറില്‍ നിരവധി പേരെ യഥാര്‍ഥ ആശയധാരയിലേക്ക് വഴിനടത്താന്‍ പ്രചോദനമായിട്ടുണ്ട്.
1942ല്‍ ക്വിറ്റ് ഇന്ത്യാ സമരം നടക്കുമ്പോള്‍ കട്ടിലശ്ശേരി രോഗശയ്യയിലായിരുന്നു. തന്റെ അവസാന നാളുകളിലും സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിനു പല സഹായങ്ങളും അദ്ദേഹം നല്‍കി. ഒരു ദിവസം ചക്ക കഴിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് വയറുവേദനയും അസ്വസ്ഥതകളും ബാധിച്ചു. ചികിത്സകളൊന്നും ഫലിച്ചില്ല. 1943 ആഗസ്ത് 22ന് 64-ാം വയസ്സില്‍ കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന ധീരദേശാഭിമാനി നിര്യാതനായി. കരിഞ്ചാപ്പാടി പള്ളി ശ്മശാനത്തോട് ചേര്‍ന്നുള്ള സ്വന്തം സ്ഥലത്താണ് അദ്ദേഹത്തെ ഖബറടക്കിയത്.

Back to Top