അല്ലാഹുവിന്റെ ഇടപെടല്‍
ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി

ഭൂമിയിലോ നിങ്ങളുടെ സ്വന്തത്തിലോ എന്തെങ്കിലും വിപത്ത് സംഭവിക്കുന്നുവെങ്കില്‍, അത് നാം രൂപപ്പെടുത്തുന്നതിനു മുമ്പുതന്നെ ഒരു രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അല്ലാഹുവിന് എളുപ്പമുള്ള കാര്യമാണത്. (ഹദീദ് 22)
ഈമാനിന്റെ ശക്തിയും സ്വാധീനവും മനുഷ്യനെ ബോധ്യപ്പെടുത്തുകയാണിവിടെ. ദൈവിക നിശ്ചയങ്ങളെ (ഖദാ ഖദ്ര്‍) കുറിച്ചുള്ള ഉള്‍ക്കാഴ്ച ഉണ്ടാക്കലാണ് ഈ ആയത്തിന്റെ താല്‍പര്യം. ‘നന്‍മയും തിന്‍മയുമായി എന്തെല്ലാം സംഭവിക്കുന്നുണ്ടോ അതെല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണ്’ എന്നത് വിശ്വാസത്തിന്റെ ആറാം ഭാഗമായി നാം പഠിക്കാറുണ്ടെങ്കിലും ഈമാന്‍ ഹൃദയത്തുടിപ്പായി മാറുന്നത് ഈ വചനത്തിന്റെ ആശയപ്രാധാന്യം ഉള്‍ക്കൊള്ളുമ്പോഴാണ്.
എന്തുകൊണ്ട് മനുഷ്യന് പരീക്ഷണ- പരാജയങ്ങള്‍ ഉണ്ടാകുന്നു? ബൗദ്ധികതലത്തിലെ അന്വേഷണങ്ങള്‍ ഭാഗിക പരിഹാരം മാത്രമേ ഇതിന് കാണുന്നുള്ളൂ. പരാജയത്തെ അതിജീവിക്കാന്‍ മികച്ച ആസൂത്രണം നടത്താന്‍ നമുക്ക് കഴിയും. എന്നാല്‍ അതെല്ലാം ഞൊടിയിടയില്‍ തകരുന്നത് നമ്മുടെ അനുഭവമാണ്. നമ്മുടെ ആസൂത്രണങ്ങളേക്കാള്‍ അല്ലാഹു ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് വഴങ്ങുകയെന്നതാണ് ഖദാ ഖദ്ര്‍ വിശ്വാസം ആവശ്യപ്പെടുന്നത്. ഇത് എന്തിനു വേണ്ടിയാണെന്ന് തുടര്‍ന്ന് അല്ലാഹു പറയുന്നു: ”നിങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടപ്പെട്ടെങ്കില്‍ അതില്‍ സങ്കടപ്പെടാതിരിക്കാനും എന്തെങ്കിലും നേടുന്നുവെങ്കില്‍ അതില്‍ കൂടുതലായി ആഹ്ലാദിക്കാതിരിക്കാനുമാണിത്.”
സന്തോഷവും സന്താപവും ഏതൊരു മനുഷ്യന്റെയും പ്രാഥമിക വികാരങ്ങളാണ്. നന്‍മയും നേട്ടവും കൈവരുമ്പോള്‍ സന്തോഷിക്കുന്നതും കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ സങ്കടപ്പെടുന്നതും മനുഷ്യസഹജമാണ്. മനുഷ്യ പ്രകൃതിയുടെ ഭാഗമായ ഈ സവിശേഷത വിശ്വാസവുമായി കണ്ണിചേര്‍ക്കുകയാണ് ഈ വചനത്തില്‍. സുഖ-ദുഃഖങ്ങളിലെ ആനന്ദ-ആധികളേക്കാള്‍ വലുതും അനശ്വരവും, മനസ്സിന് വസന്തം തീര്‍ക്കുന്ന ഈമാനാണ് എന്ന പാഠമാണ് അത് നമുക്ക് നല്‍കുന്നത്. നഷ്ടപ്പെട്ടതിനേക്കാള്‍ മെച്ചപ്പെട്ടത് എനിക്ക് അല്ലാഹു നല്‍കുമെന്ന് മനസ്സ് മന്ത്രിക്കണമെങ്കില്‍ ഖദാ ഖദ്‌റില്‍ സംശയമില്ലാത്ത ഈമാന്‍അനിവാര്യമാണ്.
പ്രിയപ്പെട്ടവരുടെ മരണം, ഭയം, വിശപ്പ്, സാമ്പത്തിക തകര്‍ച്ച എന്നിവയിലൂടെ മനുഷ്യനെ പരീക്ഷിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു (2:155). അല്ലാഹുവിന്റെ ഖദാ ഖദ്‌റിലുള്ള സംതൃപ്തിയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമിക്കാന്‍ ആവശ്യം. ഒന്നും ചെയ്യാതെ അലസനായി ഇരുന്നാല്‍ വിധിച്ചതൊക്കെ കിട്ടും എന്ന മൂഢധാരണയല്ല ഖദ്ര്‍ വിശ്വാസം. പരാജയങ്ങളുടെ ഉത്തരവാദിത്തം പടച്ചവനില്‍ കെട്ടിവെക്കാനുള്ള അനുമതിയുമല്ല അത്. ”ഞങ്ങള്‍ വിധിരേഖ അവലംബിച്ചിരുന്നാല്‍ പോരേ” എന്നു ചോദിച്ചപ്പോള്‍ നബി(സ) പറഞ്ഞു: ”അല്ല, നിങ്ങള്‍ പ്രവര്‍ത്തിക്കുക, അത് ലക്ഷ്യംഎളുപ്പമാക്കും.”
ഭൂമിയില്‍ സംഭവിക്കുന്ന പല കാര്യങ്ങളുടെയും കാര്യകാരണബന്ധം നിഗൂഢമായിരിക്കും. ആമസോണ്‍ കാടുകളില്‍ തീര്‍ത്തും പ്രതികൂല സാഹചര്യത്തില്‍ നാലു കുഞ്ഞുങ്ങള്‍ 40 ദിവസം അതിജീവിച്ചതിനു പിന്നില്‍ ശാസ്ത്ര സാങ്കേതിക കാര്യകാരണങ്ങള്‍ ഒന്നുമില്ല. അവിടെ ഇടപെട്ടത് അല്ലാഹു മാത്രമാണ്. അവന്റെ ഖദ്‌റും ഖദാഉമാണ് ആ കുട്ടികളില്‍ സംഭവിച്ചത്. മനുഷ്യന്‍ ഉള്‍പ്പെടെ പ്രപഞ്ച പ്രവര്‍ത്തനങ്ങളിലുളള ഭദ്രമായ നിയന്ത്രണ വ്യവസ്ഥ ഖദ്‌റിന്റെ ഭാഗമാണ്. മനുഷ്യര്‍ക്ക് ആപേക്ഷികമായുള്ള അല്ലാഹുവിന്റെ നിശ്ചയങ്ങളാണ് ഖദാ. ആര്‍ജിത വിജ്ഞാനങ്ങള്‍ക്ക് വഴങ്ങാത്ത ഇത്തരം ദൈവിക നിശ്ചയങ്ങളാണ് വിശ്വാസത്തിന് ശക്തി പകരുന്നത്. അതനുസരിച്ച് ജീവിക്കുന്നവര്‍ക്കു മാത്രമേ യഥാര്‍ഥ ലക്ഷ്യം പ്രാപിക്കാന്‍ കഴിയുകയുള്ളൂ. ദുരന്തമുഖത്ത് നില്‍ക്കുന്ന മുസ്‌ലിമിന്റെ മനസ്സ് മന്ത്രിക്കുന്നതിങ്ങനെ: ”ഞങ്ങളെല്ലാം അല്ലാഹുവിന്റെ അധീനത്തിലാണ്. അവനിലേക്കാണ്മടക്കവും.”
