20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

കര്‍മങ്ങളുടെ പര്യവസാനം

എം ടി അബ്ദുല്‍ഗഫൂര്‍


അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: ‘നബി(സ)-അദ്ദേഹം സത്യസന്ധനും സത്യപ്പെടുത്തുന്നവനുമാകു ന്നു- ഞങ്ങളോട് പറഞ്ഞിരിക്കുന്നു. നിങ്ങളുടെ സൃഷ്ടിപ്പ് അവന്റെ മാതാവിന്റെ വയറ്റില്‍ 40 ദിവസം ഇന്ദ്രിയത്തുള്ളിയായി ശേഖരിക്കുന്നു. പിന്നീട് അത്രയും കാലം ഒരു ഭ്രൂണമായി, പിന്നെ അത്രയും കാലം ഒരു മാംസക്കഷ്ണമായി, പിന്നെ അവങ്കലേക്ക് ഒരു മലക്കിനെ നിയോഗിക്കും. മലക്ക് അവന് ആത്മാവി നെ ഊതും. തുടര്‍ന്ന് അവനെക്കുറിച്ച് നാല് കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ കല്പിക്കും. അപ്പോള്‍ മലക്ക് അവന്റെ ഉപജീവനം, അവന്റെ ആയുസ്സ്, അവന്റെ പ്രവര്‍ത്തനങ്ങള്‍, അവന്‍ പരലോകത്ത് സൗഭാഗ്യവാനോ ദൗര്‍ഭാഗ്യവാനോ എന്നീ കാര്യങ്ങള്‍ രേഖപ്പെടുത്തും. ഏക ഇലാഹാണെ സത്യം. നിങ്ങളിലൊരാള്‍ സ്വര്‍ഗാവകാശിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കും. അങ്ങിനെ അവനും സ്വര്‍ഗത്തിനുമിടയില്‍ ഒരു മുഴം അകലമേ ഉള്ളൂ എന്ന അവസ്ഥ വരും. അപ്പോള്‍ വിധി അവനെ മുന്‍കടക്കും. പിന്നെ അവന്‍ നരകാവകാശികളുടെ കര്‍മങ്ങള്‍ ചെയ്യും. അങ്ങനെ അവനതില്‍ പ്രവേശിക്കും. നിങ്ങളിലൊരാള്‍ നരകാവകാശികളുടെ കര്‍മങ്ങളിലേര്‍പ്പെടും. അവനും നരകത്തിനുമിടയില്‍ ഒരു മുഴം അകലം മാത്രമേ ഉള്ളൂ എന്ന അവസ്ഥ വരും. അപ്പോള്‍ വിധി അവനെ മറികടക്കും. അങ്ങനെ അവന്‍ സ്വര്‍ഗാവകാശികളുടെ കര്‍മങ്ങളനുഷ്ഠിക്കും. അവന്‍ സ്വര്‍ഗപ്രവേശം നേടുകയും ചെയ്യും. (ബുഖാരി, മുസ്‌ലിം)

മനുഷ്യ സൃഷ്ടിപ്പിന്റെ ആദ്യഘട്ടവും കര്‍മങ്ങളുടെ പര്യവസാനത്തിന്റെ ഗുണങ്ങളും വിവരിക്കുന്ന നബിവചനമാണിത്. ”കൂടിച്ചേര്‍ന്നുണ്ടായ ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു”(76:2) എന്ന ഖുര്‍ആന്‍ വചനം ഇതിലേക്ക് സൂചന നല്‍കുന്നു. ”പിന്നെ ആ ബീജത്തെ നാം ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ മാംസപിണ്ഡമായും പിന്നീട് അതിനെ അസ്ഥികൂടമായും എന്നിട്ട് ആ അസ്ഥികൂടത്തെ മാംസംകൊണ്ട് പൊതിയുകയും ചെയ്തു”(23:14) എന്ന വിശുദ്ധ വേദവാക്യവും മനുഷ്യ സൃഷ്ടിപ്പിന്റെ പ്രാരംഭ ഘട്ടത്തെ വിവരിക്കുന്നു.
മനുഷ്യനെ ഇത്തരത്തില്‍ കൃത്യമായ ഘടനയോടെ സൃഷ്ടിച്ച സ്രഷ്ടാവിന്റെ മഹത്വത്തെ വാഴ്ത്തുകയും അവനോട് നന്ദി കാണിച്ച് ജീവിക്കുകയും ചെയ്യണമെന്ന പ്രേരണയാണ് ഈ നബിവചനം. കാരണം അവന്റെ സ്വര്‍ഗ നരക പ്രവേശങ്ങള്‍ക്ക് അടിസ്ഥാനം അവന്റെ കര്‍മങ്ങളാണ്.
ഓരോ കര്‍മങ്ങളുടെയും അവസാനം നന്നായിരിക്കുകയെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം അതിന്നനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ പ്രതിഫലാര്‍ഹമാകുന്നത്. ശരിയായ ഉദ്ദേശ്യത്തോടെ ഒരാള്‍ പ്രവര്‍ത്തന മേഖലയിലിറങ്ങുമ്പോള്‍ ആ പ്രവര്‍ത്തനങ്ങള്‍ ആദ്യാവസാനം നന്നായിത്തീരുകയെന്നത് സ്വാഭാവികമാണ്. കര്‍മങ്ങള്‍ പ്രതിഫലാര്‍ഹമായിത്തീരാനുള്ള ശ്രദ്ധയും അതിനായുള്ള പ്രാര്‍ഥനയും അനിവാര്യമാണെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. ദൃശ്യവും അദൃശ്യവുമറിയുന്ന അല്ലാഹുവിന്റെ വിധിയില്‍ സമാധാനിക്കുകയും സ്വര്‍ഗാവകാശികളുടെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യാന്‍ ഈ നബിവചനം പ്രചോദനം നല്‍കുന്നു.

Back to Top