ഹിബ സഅ്ദി: ഫലസ്തീനില്‍ നിന്നുള്ള ആദ്യ ലോകകപ്പ് റഫറി
ഫലസ്തീനില്‍ നിന്നുള്ള ആദ്യ ലോകകപ്പ് റഫറിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഹിബ സഅ്ദി. ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും നടക്കുന്ന ഫിഫ വനിത ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിലാണ് ഹിബ നിയന്ത്രണം ഏറ്റെടുക്കുന്നത്. 34-കാരിയായ ഹിബ ഫലസ്തീനില്‍ നിന്നു സിറിയയിലേക്ക് കുടിയേറിയതാണ്. 2010ല്‍ അവര്‍ സര്‍വകലാശാലയില്‍ കായിക വിദ്യാഭ്യാസ പഠനത്തിന് ചേര്‍ന്ന സമയത്താണ് ഈ മേഖലയിലേക്ക് തിരിയാന്‍ തീരുമാനിച്ചത്. ആ സമയത്താണ് റഫറിയിങ് പരിശീലനത്തില്‍ ഒരു സ്ത്രീ പോലുമില്ലെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് റഫറിയാകണമെന്ന ലക്ഷ്യവുമായി മുന്നോട്ടുപോവുകയായിരുന്നു.
സിറിയയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 2012-ല്‍ അവര്‍ മലേഷ്യയിലേക്ക് താമസം മാറുകയും അവിടെ റഫറിയിങ് ആരംഭിക്കുകയും ചെയ്തു. യുനൈറ്റഡ് നാഷന്‍സിന്റെ റീസെറ്റില്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 2016 അവസാനത്തോടെ അവള്‍ കുടുംബത്തോടൊപ്പം സ്വീഡനിലേക്ക് താമസം മാറി. ഇപ്പോള്‍ സ്വീഡനിലെ വനിതാ ലീഗിലെ ടോപ്പ് ഫ്‌ളൈറ്റിലും പുരുഷ ലീഗിന്റെ രണ്ടാം റൗണ്ടിലും റഫറിയായി സേവനം അനുഷ്ഠിക്കുന്നു.