യുഎസ് കോണ്‍ഗ്രസിലെ ഇസ്രായേല്‍ പ്രസിഡന്റിന്റെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് ഇല്‍ഹാന്‍ ഉമര്‍
നടക്കാനിരിക്കുന്ന യു എസ് കോണ്‍ഗ്രസിലെ സംയുക്ത സമ്മേളനത്തില്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന്റെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് ഡെമോക്രാറ്റിക് അംഗം ഇല്‍ഹാന്‍ ഉമര്‍. ”നരകത്തിലേക്കുള്ള ഒരു വഴിയിലേക്കില്ല. എന്നെ വിലക്കുകയും റാഷിദ തലൈബിന് തന്റെ മുത്തശ്ശിയെ കാണാനുള്ള അവകാശം നിഷേധിക്കുകയും ചെയ്ത ഒരു രാജ്യത്തിന്റെ പ്രസിഡന്റിന്റെ സംയുക്ത സെഷന്‍ പ്രസംഗത്തില്‍ ഞാന്‍ പങ്കെടുക്കില്ല”- ഇല്‍ഹാന്‍ ട്വിറ്റര്‍ ത്രെഡില്‍ എഴുതി.
അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തന്നെയും യു എസ് കോണ്‍ഗ്രസ് അംഗം റാഷിദ തലൈബിനെയും വിലക്കിയുള്ള ഇസ്രായേലിന്റെ 2019ലെ തീരുമാനത്തെയാണ് അവര്‍ പരാമര്‍ശിച്ചത്. രണ്ട് നിയമനിര്‍മാതാക്കളെയും ഇസ്രായേലില്‍ പ്രവേശിക്കുന്നത് തടയാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അക്കാലത്ത് തീരുമാനിച്ചിരുന്നു.
ബിഡിഎസ് അനുഭാവികളെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുന്നതിന് ഇസ്രായേലി നിയമം അനുവദിക്കുന്നുണ്ട്. ഇതിന്റെ മറവിലായിരുന്നു വിലക്ക്. മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 2019ലെ യുഎസ് നിയമനിര്‍മാതാക്കള്‍ക്കെതിരായ ഈ നീക്കത്തെ പിന്തുണച്ചിരുന്നു.