ഖുര്‍ആന്‍ കത്തിച്ചതിനെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വീഡനില്‍ ഖുര്‍ആന്‍ പ്രതികള്‍ കത്തിച്ചതിനെ അപലപിച്ച് പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ. മുസ്‌ലിം വിശുദ്ധ ഗ്രന്ഥം അവഹേളിക്കപ്പെട്ടത് കാണുന്നതില്‍ തനിക്ക് ദേഷ്യവും വെറുപ്പും തോന്നുന്നുവെന്ന് യു എ ഇ ദിനപത്രമായ അല്‍ ഇത്തിഹാദിന് നല്‍കിയ അഭിമുഖത്തില്‍ പോപ് പറഞ്ഞു. ഖുര്‍ആന്‍ കത്തിച്ച സംഭവം അറബ് രാജ്യങ്ങളുടെ ചില ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധത്തിന് ആക്കം കൂട്ടിയതിനു പിന്നാലെയായിരുന്നു പോപിന്റെ പ്രതികരണം. ജൂണ്‍ 27ന് മുസ്‌ലിംകള്‍ ഈദ് ആഘോഷിച്ച ദിവസമാണ് സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ ഒരാള്‍ പള്ളിക്കു പുറത്തു വെച്ച് ഖുര്‍ആന്‍ കീറുകയും കത്തിക്കുകയും ചെയ്തത്. ഇതിനെതിരെ ആഗോളതലത്തില്‍ തന്നെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത് തടയണമെന്ന് വിവിധ മുസ്‌ലിം സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ സ്വീഡിഷ് പോലീസ് അദ്ദേഹത്തിന് ഇതിന് അനുമതി നല്‍കിയെന്നും ആരോപണമുണ്ട്.