8 Friday
August 2025
2025 August 8
1447 Safar 13

പ്രതീക്ഷ പകരുന്ന പട്‌ന സമ്മേളനം

റാഷിദ് ആവിയില്‍

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു മുമ്പുതന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയ മാതൃകാ പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, അബുല്‍ കലാം ആസാദ് തുടങ്ങിയ മുന്‍കാല സ്വാതന്ത്ര്യസമര സേനാനികള്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബാബരി മസ്ജിദ് ധ്വംസനത്തിനു ശേഷമുണ്ടായ കോണ്‍ഗ്രസിന്റെ തളര്‍ച്ച 2014ഓടെ ഏതാണ്ട് വന്‍ തകര്‍ച്ചയില്‍ എത്തിയതിനു ശേഷം അതിനെ മറികടക്കാന്‍ ഇന്നുവരെ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല എന്നത് ഖേദകരം തന്നെയാണ്. അതിനു പ്രധാന കാരണം കോണ്‍ഗ്രസിന്റെ വല്യേട്ടന്‍ മനോഭാവവും പ്രതിപക്ഷ കക്ഷികള്‍ക്കിടയിലുള്ള പരസ്പര ഭിന്നിപ്പുകളുമാണ്.
ബിജെപി പാര്‍ട്ടിയുടെ എണ്ണമറ്റ അഴിമതികള്‍ക്കും അനീതികള്‍ക്കും ഇനിയും വഴിയൊരുക്കിക്കൊടുത്താല്‍ ഇനിയങ്ങോട്ട് പ്രതിപക്ഷം തന്നെ ഉണ്ടാകില്ല എന്ന തിരിച്ചറിവാണ് പട്‌ന ഐക്യ സമ്മേളനത്തിന് വഴിയൊരുക്കിയത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ഐക്യപദ്ധതികള്‍ക്ക് കോട്ടം വരുത്തുന്ന ഒട്ടനവധി കാര്യ ങ്ങളാണ് പിന്നീട് സംഭവിച്ചത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് തന്നെ ടിഡിപി നേതാവ് എന്‍ ചന്ദ്രബാബു നായിഡു പ്രതിപക്ഷത്തെ മുഴുവന്‍ ഒന്നിപ്പിക്കാന്‍ കഠിന ശ്രമം നടത്തിയിരുന്നു. പക്ഷേ ചില എംഎല്‍എമാരുടെ അധികാരക്കസേരയോടുള്ള ആക്രാന്തം ആ ശ്രമത്തെ പാടേ തകര്‍ത്തു.
ശേഷം 2021നു ബംഗാളിലെ മമത ബാനര്‍ജിയുടെ ഹാട്രിക് വിജയത്തോടനുബന്ധിച്ച് മമത പ്രതിപക്ഷ ഐക്യദാര്‍ഢ്യം എന്ന ആവശ്യം ഉയര്‍ത്തിപ്പിടിച്ചു. ആ തീരുമാനം നടപ്പാക്കാന്‍ കഠിനാധ്വാനം നടത്തുകയും നേതൃത്വം നല്‍കുകയും ചെയ്തു. മമത ബാനര്‍ജി സോണിയാ ഗാന്ധിയെ പോലുള്ള പ്രതിപക്ഷ നേതാക്കളെ സന്ദര്‍ശിച്ചു. പക്ഷേ ബംഗാളിലെ മമത ബാനര്‍ജിയുടെ മിന്നും വിജയം കണ്ട് അന്ധാളിച്ചുപോയ കോണ്‍ഗ്രസിലെ പല പ്രമുഖരും കാലുമാറി. കൂടുതല്‍ കോണ്‍ഗ്രസ് അണികള്‍ മമതയുടെ തൃണമൂല്‍ കോ ണ്‍ഗ്രസില്‍ ഇടം പിടിക്കുമെന്ന ഭയം കാരണം അവരില്‍ തൃണമൂല്‍ പാര്‍ട്ടിയോടുള്ള വൈരാഗ്യം വര്‍ധിച്ചു.
നിലവിലെ സാഹചര്യം വിശാല ഐക്യത്തിന് പ്രതികൂലമാണെങ്കിലും ഈ മാസം 23ന് ഐക്യ സമ്മേളനം ചേരുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാറാണ് പട്‌ന യോഗത്തിനു നേതൃത്വം വഹിച്ചത്. ഉത്തര്‍പ്രദേശ്, തെലങ്കാന, പഞ്ചാബ്, ഡല്‍ഹി, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം കൂടുതല്‍ ആശങ്കയിലാണ്. അവിടങ്ങളില്‍ നിരവധി പ്രശ്‌നങ്ങളാണ് ഐക്യശ്രമത്തിനു തുരങ്കം വെക്കുന്നത്. ബംഗാളില്‍ ഇരു കക്ഷികളും തമ്മിലുള്ള വലിയ ശത്രുത ഐക്യത്തിനു വലിയ വെല്ലുവിളിയാണ്. തെലങ്കാനയിലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ വിള്ളലുകള്‍ വര്‍ധിക്കുന്നുണ്ട്. എന്നിരുന്നാലും വലിയ പ്രതീക്ഷയാണ് പട്‌ന സമ്മേളനം രാജ്യത്തിനു നല്‍കുന്നത്.

Back to Top