500 ദിവസം തികഞ്ഞ് യുക്രെയ്ന്‍ അധിനിവേശം
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തെ ഒരു തണുത്ത പ്രഭാതത്തിലാണ് യുക്രെയ്‌നു മേല്‍ റഷ്യ പൂര്‍ണതോതിലുള്ള ആക്രമണം ആരംഭിച്ചത്. വളരെ പെട്ടെന്ന് രാജ്യം കീഴടക്കി അധിനിവേശം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ പോരാട്ടമുഖത്തേക്കിറങ്ങിയ റഷ്യ 500 ദിവസം പിന്നിടുമ്പോഴും ഫലമൊന്നുമില്ലാത്ത യുദ്ധം തുടരുകയാണ്. ഉടനെയൊന്നും അവസാനിക്കുന്ന ലക്ഷണവും കാണുന്നില്ല. 2022 ഫെബ്രുവരി 24ന് തുടങ്ങിയ യുക്രെയ്ന്‍ അധിനിവേശത്തിന് ജൂലൈ 8ന് ശനിയാഴ്ചയാണ് 500 ദിവസം തികഞ്ഞത്. 63 ലക്ഷം യുക്രെയ്‌നികളാണ് യുദ്ധത്തെത്തുടര്‍ന്ന് അഭയാര്‍ഥികളായത്. യുക്രെയ്‌നില്‍ 9083 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടന പറയുന്നു. യഥാര്‍ഥ മരണനിരക്ക് ഇതിലും ഉയര്‍ന്നേക്കും. 15,779 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരുഭാഗത്തും കൊല്ലപ്പെട്ട സൈനികരുടെ കണക്ക് കൃത്യമായി ലഭ്യമല്ല. യുദ്ധത്തെത്തുടര്‍ന്ന് രാജ്യത്ത് 143 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമുണ്ടായതായാണ് കിയവ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് കണക്കാക്കുന്നത്. ഇതിനകം റഷ്യ കൈവശപ്പെടുത്തിയത് കേവലം 20 ശതമാനത്തില്‍ താഴെ മാത്രം യുക്രെയ്ന്‍ പ്രദേശമാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിക്കാണ് യുക്രെയ്ന്‍ യുദ്ധം സാക്ഷ്യം വഹിച്ചത്. അഭയാര്‍ഥികളില്‍ ഭൂരിഭാഗവും (59,67,100) മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലാണ് അഭയം തേടിയത്. 60 ലക്ഷത്തോളം പേര്‍ രാജ്യത്തിനകത്ത് ഭവനരഹിതരായി കഴിയുകയും ചെയ്യുന്നുണ്ട്. 18നും 60നും മധ്യേ പ്രായമുള്ള പുരുഷന്മാരോട് റഷ്യക്കെതിരെ പോരാടുന്നതിന് രാജ്യത്തുതന്നെ കഴിയാന്‍ നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ അഭയാര്‍ഥികളില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.