15 Wednesday
January 2025
2025 January 15
1446 Rajab 15

ഒന്നില്‍ കൂടുതല്‍ ഹജ്ജ് നിര്‍വഹിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ?

ശബാബില്‍ (ജൂണ്‍ 23) എം അഹ്മദ്കുട്ടി മദനി എഴുതിയ ‘പ്രവാചകന്റെ ഹജ്ജ് യാത്ര’ എന്ന ലേഖനം വായിച്ചു. പഠനാര്‍ഹമായ ലേഖനമാണ്. ഗൈഡിന്റെ സഹായമില്ലാതെ തന്നെ ഹജ്ജിന് പോവാന്‍ ഈ ലേഖനം പ്രചോദനം നല്‍കുന്നുണ്ട്. സര്‍വശക്തന്റെ അനുഗ്രഹവും നമ്മുടെ പരിശ്രമവും ഒത്തുചേരുമ്പോള്‍ അതു സാധിക്കുമെന്നു കരുതുന്നു (ഇന്‍ശാഅല്ലാഹ്) എന്നാല്‍ നമ്മുടെ നാട്ടില്‍ നിന്ന് ഇപ്പോള്‍ ഹജ്ജിന് പുറപ്പെടുക എന്നത് വളരെ ലളിതമായ കാര്യമാണ്. ഗവണ്‍മെന്റ് നറുക്കെടുപ്പില്‍ ഉള്‍പ്പെട്ടാല്‍ മൂന്നു ലക്ഷം വേണം. സ്വകാര്യ ഹജ്ജ് ഗ്രൂപ്പായാല്‍ കുറച്ചു കൂടി സംഖ്യ വേണം. ഇത് നിഷ്പ്രയാസമല്ലെങ്കിലും ഉദ്ദേശിക്കുന്നവര്‍ക്ക് സംഘടിപ്പിക്കാന്‍ സാധിക്കുന്ന കാര്യമാണ്.
എന്നാല്‍ ഹജ്ജിന് പോവുക എന്നതിലുപരി, ഹജ്ജ് നിര്‍വഹിച്ച് നിഷ്‌കളങ്കമായ ഹൃദയവുമായി തിരിച്ചുവന്നതിനു ശേഷമുള്ള ഒരു ജീവിതമാണ് പ്രധാനം. അതിന് എത്ര പേര്‍ക്ക് സാധിക്കുന്നുണ്ട്? പേരിന്റെ കൂടെ ഹാജി എന്ന വാലു കൂടി തുന്നിച്ചേര്‍ക്കുന്നു എന്നതിലുപരി നമ്മുടെ ജീവിതത്തിലും സമൂലമായ മാറ്റം വരണം. സ്വന്തം ജീവിതത്തിലും മറ്റുള്ളവര്‍ക്കും മാതൃകാജീവിതം നയിക്കേണ്ടവര്‍ എങ്ങനെയെങ്കിലും കൂടുതല്‍ കാശ് ഉണ്ടാക്കി വീണ്ടും ഹജ്ജിന് പോവാനുള്ള തയ്യാറെടുപ്പിലാണ്. ഇടക്കിടക്ക് ഹജ്ജിന് പോകുന്നതിനു പകരം ആദ്യ ഹജ്ജിന്റെ സന്ദേശം ഉള്‍ക്കൊണ്ട് ജീവിക്കുകയും മറ്റുള്ളവര്‍ക്ക് മാതൃക കാണി ക്കാനുമാണ് നാം ശ്രദ്ധിക്കേണ്ടത്.
ആവശ്യത്തിലേറെ കാശ് ഉണ്ടെങ്കില്‍ സ്വന്തം കുടുംബത്തിലും അയല്‍പക്കത്തുമുള്ള ദരിദ്രരെ കണ്ടറിഞ്ഞ് സഹായിക്കുക. രോഗിയെ സഹായിക്കുക, വീടില്ലാത്തവന് വീട് നിര്‍മിക്കാന്‍ സഹായിക്കുക. ഇതും പുണ്യകര്‍മമല്ലേ? നമുക്കു വേണ്ടിയുള്ള അവരുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കില്ലേ? ഇതിന് സര്‍വശക്തന്‍ തുണക്കില്ലേ? ഡബിളാജി, ത്രിബിളാജി എന്ന സ്ഥാനപ്പേര് ലഭിക്കാന്‍ വേണ്ടി കാശ് മുടക്കിയിട്ട് കാര്യമുണ്ടോ?
നബി(സ)യുടെയും സ്വഹാബത്തിന്റെയും ഹജ്ജ് നമുക്ക് ചെയ്യാന്‍ സാധിക്കില്ല. അവരുടെ വാക്കും പ്രവൃത്തിയും ഒന്നായിരുന്നു. നിഷ്‌കളങ്കരായ ഒരുപറ്റം അനുചരന്മാരായിരുന്നു നബിയുടെ കൂടെ ഉണ്ടായിരുന്നത്. അന്ധകാരത്തില്‍ നിന്നു പ്രകാശത്തിലേക്ക് നയിച്ച ഖുര്‍ആന്‍ മുഹമ്മദ് നബിയിലൂടെയാണ് ഭൂമിയില്‍ അവതരിച്ചത്. ആ മുത്ത് നബി ഒരു ഹജ്ജ് മാത്രമേ നിര്‍വഹിച്ചിട്ടുള്ളൂ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് (ഖുര്‍ആന്‍).

Back to Top