14 Tuesday
January 2025
2025 January 14
1446 Rajab 14

പെരുന്നാള്‍ പറഞ്ഞത്‌

ചെറിയമുണ്ടം അബ്ദുര്‍റസ്സാഖ്‌


അല്ലാഹു അക്ബര്‍
കാലത്തിന്റെ കാതില്‍
നൂറ്റാണ്ടുകളായി
ഭക്തിയുടെ
രാഗപീയൂഷം ചൊരിഞ്ഞ
തൗഹീദിന്റെ അമര ധ്വനി.

ഇന്നിതാ ഇളം ചുണ്ടുകളില്‍ അത്
ആഹ്ലാദത്തിന്റെ പൊല്‍കനവ് .
ഹൃദയാന്തരാളങ്ങളില്‍
ശുക്‌റിന്റെ പറ നിറവ്.
സിരകളില്‍ അഭൗമാനുഭൂതിയുടെ
തേന്‍ കിനിവ്.
അങ്കണങ്ങളില്‍
അകത്തളങ്ങളില്‍
ഉല്ലാസക്കുമിളകളുടെ
പളുങ്ക് പൂവ് !

ചരിത്രത്തില്‍ ഒരഗ്‌നികുണ്ഡമുണ്ട്.
മഞ്ഞുതടാകംപോല്‍
ജ്വാലകള്‍ കുളിരോളങ്ങളായി
മാംസത്തെ തണുപ്പിച്ച
വിസ്മയ തടാകം.

മരുഭൂമിയെ അത്
ഈന്തമരത്തോട്ടങ്ങളുടെ
അത്തിമരപ്പച്ചകളുടെ
നാഗരിക സമൃദ്ധിയുടെ
ഈറ്റില്ലവും പോറ്റില്ലവുമാക്കി.

പരമാണു തൊട്ട്
അണ്ഡകടാഹമാസകലം
അരമാത്രയും
നിലയ്ക്കാതെ കറങ്ങവെ
അതിനൊത്തു മണ്ണില്‍
അനുസ്യൂതം കറങ്ങുന്നു
ആ കൊച്ചു ഭവനത്തെ വലംവെച്ച്
അഹദോന്റെ അടിമകള്‍ …..
(ലബ്ബൈക്ക ലാ ശരീക്ക ലക്ക ലബ്ബൈക്ക്!)

അന്തിച്ചുകപ്പില്‍
അഹദോന്റെ സര്‍ഗവിരുത്
പാരിനെയുടുപ്പിക്കും
മൈലാഞ്ചിച്ചേലയില്‍
കാലം പൊതിഞ്ഞു സൂക്ഷിക്കുന്നു
ഈ മുഹൂര്‍ത്തത്തെ,
തിരിച്ചുതരാന്‍ വേണ്ടി!

Back to Top