ഫലസ്തീനിലെ അനധികൃത കുടിയേറ്റം ഉടന്‍ നിര്‍ത്തണമെന്ന് യു എന്നിന്റെ താക്കീത്
ഫലസ്തീനിലെ അനധികൃത കുടിയേറ്റം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇസ്രായേലിനോട് യു എന്‍ ആവശ്യപ്പെട്ടു. ഫലസ്തീനിലെ മുഴുവന്‍ നിയമവിരുദ്ധ കുടിയേറ്റ നിര്‍മാണങ്ങളും എത്രയും പെട്ടെന്ന് നിര്‍ത്തിവെക്കണമെന്നാണ് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടത്.
വാസസ്ഥലങ്ങള്‍ കെട്ടിപ്പടുക്കാനുള്ള ഇസ്‌റായേലിന്റെ പദ്ധതികള്‍ സംഘര്‍ഷങ്ങളിലേക്കും അക്രമങ്ങളിലേക്കും നയിക്കുകയും ശാശ്വത സമാധാനത്തിന് പ്രധാന തടസ്സമായി നില്‍ക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ അനധികൃത സെറ്റില്‍മെന്റുകളുടെ വിപുലീകരണം പിരിമുറുക്കങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഒരു പ്രധാന പ്രേരകമാണ്.
ഫലസ്തീന്‍ പ്രദേശത്തെ അധിനിവേശം ഇസ്‌റായേല്‍ കൂടുതല്‍ ശക്തമാക്കുന്നു, അവര്‍ ഫലസ്തീന്‍ ഭൂമിയിലും പ്രകൃതി വിഭവങ്ങളിലും കടന്നുകയറുന്നു, ഫലസ്തീന്‍ ജനതയുടെ സ്വതന്ത്രമായ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നു, ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തിനും പരമാധികാരത്തിനുമുള്ള നിയമാനുസൃതമായ അവകാശങ്ങളെ തുരങ്കം വയ്ക്കുന്നുവെന്നും ഗുട്ടറസിന്റെ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് പ്രസ്താവനയില്‍ പറഞ്ഞു.
കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള അധിനിവേശ വെസ്റ്റ് ബാങ്കിലെ പുതിയ സെറ്റില്‍മെന്റുകള്‍ക്കും 4,000-ലധികം സെറ്റില്‍മെന്റ് ഹൗസിംഗ് യൂണിറ്റുകളുടെ പുരോഗതിക്കും വേണ്ടിയുള്ള പദ്ധതികള്‍ വേഗത്തിലാക്കുന്ന കുടിയേറ്റ ആസൂത്രണ നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള ഇസ്രായേലിന്റെ തീരുമാനത്തില്‍ ‘അഗാധമായ വിഷമം’ രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസങ്ങളില്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ സേന റെയ്ഡ് നടത്തിയതിനെത്തുടര്‍ന്ന് ഈ വര്‍ഷത്തെ തന്നെ ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണ് അരങ്ങേറിയത്. ഇസ്രായേല്‍ ആക്രമണത്തില്‍ 15 വയസ്സുള്ള ഒരു ആണ്‍കുട്ടി ഉള്‍പ്പെടെ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 90ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് ശേഷമാണ് യു എന്‍ മേധാവിയുടെ പ്രതികരണം.