മൂലകോശത്തില്‍ നിന്ന് മനുഷ്യഭ്രൂണം സൃഷ്ടിച്ചു
മനുഷ്യഭ്രൂണത്തിന്റെ മൂലകോശങ്ങളില്‍ മാറ്റം വരുത്തി കൃത്രിമഭ്രൂണം വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ ഈ രംഗത്ത് നിര്‍ണായക മുന്നേറ്റത്തിനു തുടക്കംകുറിച്ചു. അണ്ഡവും ബീജവും ഇല്ലാതെയാണ് മൂലകോശങ്ങളില്‍ നിന്ന് മനുഷ്യഭ്രൂണം സൃഷ്ടിച്ച് ഏതാനും ആഴ്ച ലാബില്‍ വളര്‍ത്തിയത്. മിടിക്കുന്ന ഹൃദയമോ തലച്ചോറോ രൂപപ്പെടും വരെ വളര്‍ച്ച നേടാന്‍ ഈ ഭ്രൂണങ്ങള്‍ക്കു സാധിച്ചിട്ടില്ലെങ്കിലും പ്ലെസെന്റ (മറുപിള്ള), യൊക് സാക് (പോഷകം ലഭ്യമാക്കുന്ന ആവരണം) എന്നിവ രൂപപ്പെട്ടതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഫ. മഗ്ദലെന സെര്‍നിക്ക ഗെറ്റ്‌സ് പറഞ്ഞു.
ഈ രംഗത്തെ ലോകപ്രശസ്തയായ ഗവേഷകയാണു സെര്‍നിക്ക ഗെറ്റ്‌സ്. ബോസ്റ്റണില്‍ ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ സ്റ്റെം സെല്‍ റിസര്‍ച് വാര്‍ഷിക സമ്മേളനത്തില്‍ അവര്‍ അവതരിപ്പിച്ച ഗവേഷണ ഫലം ജേണലുകളിലൊന്നും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. മനുഷ്യഭ്രൂണം ലബോറട്ടറിയില്‍ രണ്ടാഴ്ചയ്ക്കപ്പുറം വളര്‍ത്താന്‍ അനുമതിയില്ല. 14 ദിവസത്തിനുശേഷം തലച്ചോറും ശ്വാസകോശവും രൂപം പ്രാപിക്കാന്‍ തുടങ്ങുന്നതോടെ പിന്നീടുള്ള പരിപാലനത്തിന് സാങ്കേതിക പരിമിതികളുണ്ട്.
എന്നാല്‍, സെര്‍നിക്ക ഗെറ്റ്‌സും സംഘവും ലാബില്‍ വികസിപ്പിച്ച കൃത്രിമ ഭൂണങ്ങള്‍ക്ക് 14 ദിവസത്തിനു ശേഷവും വളര്‍ച്ച പ്രാപിക്കാനായി. കൃത്രിമഭൂണങ്ങള്‍ക്കു ഹൃദയം, തലച്ചോര്‍ എന്നിവ രൂപപ്പെടുന്ന ഘട്ടത്തില്‍ എത്താനാകില്ലെങ്കിലും മറുപിള്ളയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഗര്‍ഭഛിദ്രത്തിന്റെ കാരണവും ജനിതകപ്രശ്‌നങ്ങളും മറ്റും പഠിക്കാനും ഇതു സഹായകമാകും.
കൃത്രിമഭ്രൂണം ഗര്‍ഭപാത്രത്തിനുള്ളില്‍ നിക്ഷേപിച്ചാല്‍ അധികസമയം ജീവനോടെയിരിക്കില്ലെന്നാണ് എലികളിലും കുരങ്ങുകളിലും നടത്തിയ പരീക്ഷണങ്ങളില്‍നിന്നു മനസ്സിലായത്. പൂ ര്‍ണ വളര്‍ച്ചയെത്തിയ ശിശുവായി പരിണമിക്കാന്‍ ശേഷിയില്ലെങ്കില്‍ ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ള നിര്‍ണായക ഗവേഷണപഠനങ്ങള്‍ എങ്ങനെ സാധിക്കുമെന്ന ചോദ്യവും ബാക്കിയാണ്.