മണിപ്പൂര്‍ ഇപ്പോഴും കത്തുകയാണ്
അബ്ദുര്‍റഊഫ്
കഴിഞ്ഞ മാസം മൂന്നാം തിയ്യതി തുടങ്ങിയ മെയ്‌തെയ്-കുക്കി വംശീയ കലാപം സംസ്ഥാനത്തെ ചുട്ടെരിക്കുന്ന നിലയിലേക്ക് ആളിപ്പടര്‍ന്നിട്ടും ഇതുവരെയും ആ തീയണയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് ആയിട്ടില്ല. ഒന്നര മാസത്തിലേറെയായി ദിനംപ്രതി രൂക്ഷതയേറി വരുന്ന കലാപം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ നേരിട്ട് ഇടപെടല്‍ നടത്തിയിട്ടില്ലെന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യം. മണിപ്പൂരിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി തുടരുന്ന മൗനം കരുതിക്കൂട്ടിയുള്ളതാണെന്ന വിമര്‍ശനം ശക്തമാണ്.
കൊലപാതകങ്ങളും കൊള്ളിവയ്പുകളും അതിരൂക്ഷമായിരുന്നിട്ടും ഒരു മാസത്തോളം വൈകിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ആ സംസ്ഥാനത്തേക്ക് പോയതെന്നതും വിമര്‍ശനവിധേയമായ കാര്യമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സംസ്ഥാനത്തെത്തി പ്രഖ്യാപനങ്ങളും നിര്‍ദേശങ്ങളുമൊക്കെ നടത്തിയിട്ടും ഫലമുണ്ടായില്ല. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങിനും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരമൊരു നിസ്സഹായാവസ്ഥയില്‍ മണിപ്പൂരിനെ സംരക്ഷിക്കാന്‍ ആത്മാര്‍ഥമായ ശ്രമങ്ങളാണ് വേണ്ടത്.
ഇതുവരെ 110നു മുകളില്‍ മനുഷ്യരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 310ലേറെയാണ്. 45,000ഓളം പേരെ അവരുടെ ജീവനെ കരുതി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ആര്‍മിയെയും പാരാമിലിറ്ററിയെയും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്.
കര്‍ഫ്യൂവും ഇന്റര്‍നെറ്റ് വിച്ഛേദനവുമൊക്കെയായി കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമൊക്കെ ഏര്‍പ്പെടുത്തിയിട്ടും സംഘര്‍ഷങ്ങള്‍ക്ക് അയവില്ല. ഇത്തരമൊരു സാഹചര്യം വടക്കേ ഇന്ത്യയിലാണ് സംഭവിച്ചതെങ്കില്‍ ഇങ്ങനെയായിരിക്കുമോ മാധ്യമങ്ങളും ഭരണകര്‍ത്താക്കളുമൊക്കെ പ്രതികരിക്കുക? മറ്റ് രാജ്യങ്ങളുടെ ദേശീയ ദിനത്തിലും ആളുകളുടെ പിറന്നാളിനുമൊക്കെ എപ്പോഴും ട്വീറ്റ് ചെയ്യുന്ന പ്രധാനമന്ത്രി മണിപ്പൂരിലെ മനുഷ്യരെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഒരു ട്വീറ്റോ ഒരു വാക്കോ നടുക്കം പ്രകടിപ്പിക്കലോ ഇല്ല എന്നാണ് കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തിയത്.
നൂറുകണക്കിന് മനുഷ്യര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചു പോലും മോദി ഒരു വാക്ക് മിണ്ടിയിട്ടില്ല. മണിപ്പൂരില്‍ ബിജെപി അവരുടെ വിഭാഗീയ രാഷ്ട്രീയം കളിക്കുകയാണെന്നു കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ്, സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ ഉടനടി നടപടി സ്വീകരിക്കണമെന്നും അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. കലാപം ഇത്രമേല്‍ കൈവിട്ടുപോയിട്ടും ഫലപ്രദമായ നടപടി കൈക്കൊണ്ട് പ്രശ്‌നപരിഹാരം സാധ്യമാക്കാന്‍ ശ്രമങ്ങളുണ്ടാകുന്നില്ലെന്നത് ഏറെ സങ്കടകരമാണ്. മനുഷ്യജീവനു നേരെ കൊഞ്ഞനം കുത്തലാണിത്.
