23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

ഹജ്ജ് കര്‍മങ്ങളുടെ ക്രമവും രീതിയും

മുസ്തഫ നിലമ്പൂര്‍


ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതായ ഹജ്ജ് കഴിവും പ്രാപ്തിയും സൗകര്യവും ലഭിച്ച വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. അതു മുഖേന പാപങ്ങള്‍ പൊറുക്കപ്പെടുകയും നരകത്തില്‍ നിന്ന് മോക്ഷം ലഭിക്കുകയും ചെയ്യുന്നതാണ്. ഹലാലായ സമ്പാദ്യമേ അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുകയുള്ളൂ. നല്ല കൂട്ടുകാര്‍ അവിഭാജ്യ ഘടകമാണ്. അശ്ലീലമോ അനാവശ്യങ്ങളോ തര്‍ക്കങ്ങളോ ഇല്ലാതെ പ്രവാചക മാതൃക അനുസരിച്ച് അത് പൂര്‍ണമായും നിര്‍വഹിച്ചാല്‍ മാതാവ് പ്രസവിച്ച കുഞ്ഞിനെ പോലെ തിന്മകളില്‍ നിന്നു മുക്തനായി സ്വര്‍ഗപ്രവേശം നേടാന്‍ സാധിക്കും. അറിവില്ലായ്മയോ അശ്രദ്ധയോ നിമിത്തം സംഭവിക്കുന്ന അബദ്ധങ്ങള്‍ അതിന്റെ പ്രതിഫലം അപൂര്‍ണമാക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്‌തേക്കാം.
ഏതു കാര്യങ്ങളിലും ഉദ്ദേശ്യശുദ്ധി അനുസരിച്ചാണ് പ്രതിഫലം ലഭിക്കുക. പ്രകടനപരതയെ ഗോപ്യമായ ശിര്‍ക്കായിട്ടാണ് ഇസ്‌ലാം പരിചയപ്പെടുത്തിയത്. അത്തരക്കാര്‍ ദൈവിക ദര്‍ശനത്തില്‍ നിന്ന് അകറ്റപ്പെടുമെന്ന് ഖുര്‍ആന്‍ (18:110) വ്യക്തമാക്കിയിട്ടുണ്ട്. പശ്ചാത്താപത്തിനായി വിട്ടുവീഴ്ച ആവശ്യപ്പെടാനല്ലാതെ, മറ്റുള്ളവരെ അറിയിക്കുന്നതിനോ കീര്‍ത്തനത്തിനോ വേണ്ടി നാടുനീളെ യാത്ര പറയലും സദ്യ സംഘടിപ്പിക്കലും നിഫാഖില്‍ പതിച്ചേക്കുമെന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണം. നമ്മുടെ കര്‍മങ്ങള്‍ പ്രവാചക ചര്യ അനുസരിച്ച് നിര്‍വഹിക്കപ്പെടുമ്പോഴാണ് അത് പ്രതിഫലാര്‍ഹമാവുക. ഹജ്ജിന്റെ വേളയില്‍ അവിടന്ന് പറഞ്ഞു: ”നിങ്ങളുടെ മനാസികുകള്‍ എന്നില്‍ നിന്ന് സ്വീകരിക്കുക” (മുസ്ലിം).
ഇഹ്‌റാം
ഹജ്ജിന്റെ റുക്‌നുകളില്‍ പെട്ടതാണ് ഇഹ്‌റാം. അതിനു വേണ്ടി നിശ്ചയിക്കപ്പെട്ട മീഖാത്തില്‍ വെച്ചു നിര്‍വഹിക്കല്‍ വാജിബാണ്. ഇഹ്‌റാമില്‍ പ്രവേശിക്കാതെ മീഖാത്ത് കടന്നുപോയാല്‍ തിരിച്ചു മീഖാത്തില്‍ വന്ന് ഇഹ്‌റാമില്‍ പ്രവേശിക്കേണ്ടതാണ്. അല്ലെങ്കില്‍ ഫിദ്‌യയായി ബലിയറുത്ത് മക്കയിലെ ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കേണ്ടതാണ്. അതില്‍ നിന്ന് അയാള്‍ ഭക്ഷിക്കാന്‍ പാടില്ല.
ഇഹ്‌റാമില്‍ പ്രവേശിക്കാന്‍ നമസ്‌കാരം നിര്‍ബന്ധമാണ് എന്ന് പലരും ധരിച്ചുവെച്ചിട്ടുണ്ട്. ഇഹ്‌റാമിനു വേണ്ടി പ്രത്യേക നമസ്‌കാരമില്ല. പള്ളിയില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ തഹിയ്യത്തോ വുദു പുതുക്കിയ രണ്ടു റക്അത്തോ നമസ്‌കരിക്കാവുന്നതാണ്. ഏതെങ്കിലും നിര്‍ബന്ധ നമസ്‌കാരശേഷം ഇഹ്‌റാമില്‍ പ്രവേശിക്കലായിരുന്നു പ്രവാചക മാതൃക. ഇഹ്‌റാമിന്റെ നിയ്യത്തോടെ കുളിക്കല്‍ സുന്നത്താണ്.
സ്ത്രീകള്‍ കൈയുറയോ മുഖാവരണമോ ധരിക്കരുത്. അല്ലാത്ത പ്രത്യേക വേഷം അവര്‍ക്ക് ഇഹ്‌റാമിന് നിശ്ചയിച്ചിട്ടിട്ടില്ല. പുരുഷന്‍മാര്‍ തലമറയ്ക്കരുത്. ധരിക്കുന്നതിനും ചുമലിലിടുന്നതിനും ഓരോ വസ്ത്രങ്ങള്‍ മാത്രമാണ് വേണ്ടത്. ശരീരാകൃതിയില്‍ തുന്നിയ വസ്ത്രം പാടില്ല. കണ്ണട, ബെല്‍റ്റ് ധരിക്കുന്നതിനും കുട ചൂടുന്നതിനും വിരോധമില്ല.
പുരുഷന്മാര്‍ അവരുടെ ചുമല്‍ വസ്ത്രം ചുമലില്‍ സാധാരണപോലെ ധരിക്കുകയാണ് വേണ്ടത്. ഇള്തിബാഅ (വസ്ത്ര മധ്യഭാഗം വലത് കക്ഷത്തിലും രണ്ട് അറ്റം ഇടത് ചുമലില്‍ വരത്തക്ക നിലയില്‍ ധരിക്കല്‍) വേണ്ടതില്ല. മക്കയിലെത്തിയ ഉടനെ നിര്‍വഹിക്കുന്ന ത്വവാഫുല്‍ ഖുദൂമില്‍ മാത്രമാണ് അപ്രകാരം ധരിക്കേണ്ടത്.
ഇഹ്‌റാമില്‍ പ്രവേശിച്ചാല്‍ നിഷിദ്ധമാകുന്നവയെല്ലാം വര്‍ജിക്കുക. ഇഹ്‌റാമില്‍ പ്രവേശിച്ചാല്‍ തല്‍ബിയത് ധാരാളമായി ഉച്ചത്തില്‍ ചൊല്ലല്‍ അഭികാമ്യമാണ്. സൗകര്യാര്‍ഥം വസ്ത്രം മാറ്റിയതുകൊണ്ട് മാത്രം ഇഹ്‌റാമില്‍ ആകുന്നില്ല. ഇഹ്‌റാമില്‍ പ്രവേശിക്കുമ്പോള്‍ ധരിച്ച വസ്ത്രം മാറ്റി ആവശ്യമെങ്കില്‍ ഇഹ്‌റാമിന്റെ മറ്റൊരു വസ്ത്രം ധരിക്കുന്നതിനോ കുളിക്കുന്നതിനോ വിസര്‍ജനസ്ഥലത്ത് പ്രവേശിക്കുന്നതിനോ വിരോധമില്ല.

ത്വവാഫ്
ഹജറുല്‍ അസ്‌വദ് മുതലാണ് ത്വവാഫ് ആരംഭിക്കേണ്ടത്. സ്വന്തത്തിനോ മറ്റുള്ളവര്‍ക്കോ പ്രയാസമുണ്ടാക്കാതെ ഹജറുല്‍ അസ്‌വദ് മുത്താന്‍ സാധിക്കുമെങ്കില്‍ അപ്രകാരം ചെയ്യാം. അതിന് സാധ്യമല്ലെങ്കില്‍ ഹജറുല്‍ അസ്‌വദ് തൊട്ട് മുത്തുകയോ ഹജറുല്‍ അസ്‌വദിന്റെ നേരെ വലതു കൈ ഉയര്‍ത്തി ‘ബിസ്മില്ലാ അല്ലാഹു അക്ബര്‍’ എന്ന് പറഞ്ഞ് ആംഗ്യം കാണിക്കുകയോ ചെയ്യുക. ആംഗ്യം കാണിച്ചത് എന്തുകൊണ്ടാണെങ്കിലും അത് മുത്തേണ്ടതില്ല. നബിചര്യ പിന്‍പറ്റി നിര്‍വഹിക്കുന്നു എന്ന് ഓര്‍ക്കുക. വലതു കൈ മാത്രമാണ് ഉയര്‍ത്തേണ്ടത്.
ആരംഭത്തില്‍ മാത്രമാണ് ബിസ്മില്ലാഹ് ചേര്‍ത്ത് തക്ബീര്‍ പറയേണ്ടത്. പിന്നീട് ഓരോ തവണയും ഹജറുല്‍ അസ്‌വദിനു നേരെ എത്തുമ്പോള്‍ അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞാല്‍ മതി. മുത്താന്‍ കല്‍പിക്കപ്പെട്ടത് ഹജറുല്‍ അസ്‌വദ് മാത്രമാണ്. മുല്‍തസം (ഹജറുല്‍ അസ്‌വദിന്റെയും വാതിലിന്റെയും ഇടയില്‍) ചേര്‍ന്നു കിടന്ന് നബി(സ) പ്രാര്‍ഥിച്ചിരുന്നു. തക്ബീര്‍ ചൊല്ലി കൈകൊണ്ട് സ്പര്‍ശിക്കല്‍ മാത്രമാണ് റുക്‌നുല്‍ യമാനിയില്‍ സുന്നത്തുള്ളത്. സ്പര്‍ശിച്ച കൈ മുത്തുകയോ സ്പര്‍ശിക്കാന്‍ സാധ്യമായില്ലെങ്കില്‍ ആംഗ്യം കാട്ടുകയോ ചെയ്യരുത്.
ഏഴാമത്തെ ചുറ്റലിലും (അവസാനത്തെ) ഹജറുല്‍ അസ്‌വദിനു നേരെയെത്തി തക്ബീര്‍ ചൊല്ലുന്നതുവരെ ത്വവാഫ് പൂര്‍ത്തിയാക്കേണ്ടതാണ്. മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കി ഹജറുല്‍ അസ്‌വദ് മുത്താന്‍ സാഹസപ്പെടുന്നത് അനുവദനീയമല്ല. അവസരം കിട്ടാത്തതിനാല്‍ അതിനെ മുത്താത്തവര്‍ക്ക് അതിന്റെ പേരില്‍ പ്രതിഫലം കുറയുകയില്ല. ഹത്വീമിന്റെ പുറംഭാഗത്തിലൂടെയാണ് ത്വവാഫ് നിര്‍വഹിക്കേണ്ടത്. അതിന്റെ ഉള്‍ഭാഗം കഅ്ബയില്‍ പെട്ടതാണ്. റുക്‌നുല്‍ യമാനിയുടെയും ഹജറുല്‍ അസ്‌വദിന്റെയും ഇടയില്‍ ‘റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസനതന്‍…’ എന്നതൊഴികെ ത്വവാഫിന്റെ ഓരോ ചുറ്റലിലും (ശൗത്വ്) പ്രത്യേകം പ്രാര്‍ഥനകള്‍ പഠിപ്പിച്ചിട്ടില്ല. നമുക്ക് നമ്മുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കാനുള്ള അസുലഭ സന്ദര്‍ഭമാണ് ഇത്. നന്നായി പ്രാര്‍ഥിക്കുകയും ദിക്‌റുകള്‍ ആവര്‍ത്തിക്കുകയും ചെയ്യുക. സ്വന്തമായി പ്രാര്‍ഥിക്കലാണ് പ്രവാചക മാതൃക. ഏത് ഭാഷയിലും പ്രാര്‍ഥിക്കാം. മുദ്രാവാക്യ ശൈലിയിലും ഗാനങ്ങള്‍ ആലപിച്ചും നിര്‍വഹിക്കാവതല്ല. തഖ്‌വയാണ് പ്രധാനം. മഖാമു ഇബ്‌റാഹീം നമസ്‌കാരം ത്വവാഫ് ചെയ്യുന്നവര്‍ക്ക് പ്രയാസം ഉണ്ടാക്കാതെ അതിനു നേരെയായോ പള്ളിയില്‍ വെച്ചോ ആകാവുന്നതാണ്.
സഅ്‌യ്
സഅ്‌യ് സ്വഫായില്‍ നിന്നാണ് ആരംഭിക്കേണ്ടത്. കഅ്ബക്കു നേരെ തിരിഞ്ഞുനിന്ന് കൈകള്‍ ഉയര്‍ത്തി പ്രത്യേകം നിര്‍ദേശിക്കപ്പെട്ട തഹ്‌ലീല്‍ മൂന്ന് തവണ ആവര്‍ത്തിക്കല്‍ സുന്നത്താണ്. തുടര്‍ന്ന് ആവശ്യമുള്ളതെല്ലാം അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. അവിടെ നിന്നു മര്‍വയിലേക്ക് പോയി അവിടെയും സഫയില്‍ ചെയ്തതുപോലെ ചെയ്യുക. അതിനിടയില്‍ (ബത്‌നുല്‍വാദി) പുരുഷന്‍മാര്‍ ഓടേണ്ടതുണ്ട്. മര്‍വയില്‍ എത്തിയാല്‍ ആദ്യ സഅ്‌യ് ആയി. അവിടെ നിന്നു വീണ്ടും സ്വഫയിലെത്തിയാല്‍ രണ്ടായി. സ്വഫയില്‍ നിന്നാരംഭിച്ച് മര്‍വയില്‍ അവസാനിക്കുന്നു.

മുടിയെടുക്കല്‍
പുരുഷന്മാര്‍ തല മുണ്ഡനം ചെയ്യുകയും സ്ത്രീകള്‍ മുടിയെല്ലാം ചേര്‍ത്തുപിടിച്ച് അതിന്റെ അഗ്രഭാഗത്തെ പകുതി വിരലോളം വലുപ്പത്തില്‍ മുറിച്ചുകളയുകയുമാണ് വേണ്ടത്. പുരുഷന്മാര്‍ക്ക് മുടി വെട്ടാനും അനുവാദമുണ്ട്. മുണ്ഡനം ചെയ്തവര്‍ക്ക് മൂന്നു തവണ പ്രാര്‍ഥിച്ച ശേഷമാണ് വെട്ടിയവര്‍ക്കു വേണ്ടി നബി(സ) പ്രാര്‍ഥിച്ചത്. എന്നാല്‍ തലയുടെ ചില ഭാഗങ്ങളില്‍ നിന്നു മുടി മുറിക്കുന്നത് മതിയാവില്ല. സ്ത്രീകള്‍ മുടി മുറിക്കേണ്ടത് താമസസ്ഥലത്തുവെച്ചായിരിക്കണം.
യൗമുത്തര്‍വിയ
തമത്തുഅ് ആയി ഹജ്ജ് നിര്‍വഹിക്കുന്നവര്‍ ദുല്‍ഹജ്ജ് എട്ടിന് താമസസ്ഥലത്തു വെച്ച് ഹജ്ജിനായി ഇഹ്‌റാമില്‍ പ്രവേശിക്കണം. ശേഷം മിനായില്‍ താമസിക്കണം. മിനായില്‍ നാല് റക്അത്തുള്ള നമസ്‌കാരം ചുരുക്കി രണ്ട് റക്അത്ത് ഓരോന്നിന്റെയും സമയങ്ങളില്‍ തന്നെ നിര്‍വഹിക്കണം.
അറഫ
ദുല്‍ഹജ്ജ് ഒമ്പതിന് സൂര്യോദയ ശേഷം അറഫയിലേക്ക് പുറപ്പെടണം. സൂര്യാസ്തമയം വരെ അറഫയില്‍ തന്നെ കഴിച്ചുകൂട്ടി പ്രാര്‍ഥനയില്‍ മുഴുകേണ്ടതാണ്. അവിടെ വെച്ച് ളുഹ്‌റും അസ്‌റും, ജംഉം ഖസ്‌റുമായി നമസ്‌കരിക്കണം. പാപങ്ങള്‍ പൊറുക്കപ്പെടുന്ന, നരകമോക്ഷം ലഭിക്കുന്ന, അല്ലാഹുവിന്റെ സാമീപ്യത്തിനും പ്രകീര്‍ത്തനങ്ങള്‍ക്കും അനുഗ്രഹാശിസ്സുകള്‍ക്കും പാത്രമാകുന്ന, മലക്കുകളുടെ പ്രാര്‍ഥനകള്‍ക്ക് വിധേയമാകുന്ന മഹത്വമേറിയ ദിനമാണ് അറഫ ദിനം. ധാരാളമായി പ്രാര്‍ഥിക്കാനും നാഥന്റെ സാമീപ്യത്തിനും വേണ്ടി അന്ന് പരമാവധി പ്രയത്‌നിക്കേണ്ടതാണ്. അസ്തമയത്തിനോടടുത്ത സമയം വളരെ പ്രാധാന്യമുള്ളതാണ്. സൂര്യന്‍ അസ്തമിക്കാതെ അറഫ വിട്ടുപോകരുത്.
മുസ്ദലിഫ
സൂര്യാസ്തമയ ശേഷം മുസ്ദലിഫയിലേക്ക് ശാന്തരായി പോകേണ്ടതാണ്. ധൃതി കാണിക്കരുത്. മുസ്ദലിഫയില്‍ എത്തിയ ശേഷം മഗ്‌രിബും ഇശാഉം, ജംഉം ഖസ്‌റുമാക്കി നമസ്‌കരിക്കണം. മുസ്ദലിഫയില്‍ എത്തുന്നതിന് മുമ്പ് നമസ്‌കാര സമയം അവസാനിക്കുമെന്ന് ഭയപ്പെട്ടാല്‍ മുസ്ദലിഫയില്‍ എത്തുന്നതിനു മുമ്പുതന്നെ നമസ്‌കാരം നിര്‍വഹിക്കണം. അന്ന് അവിടെ രാപാര്‍ക്കണം. രോഗികള്‍, ദുര്‍ബലര്‍ എന്നിവര്‍ ഒഴികെ. സുബ്ഹി നമസ്‌കാര ശേഷം മാത്രമേ പുറപ്പെടാവൂ. ജംറകളിലെറിയാന്‍ മുസ്ദലിഫയില്‍ നിന്ന് തന്നെ കല്ല് എടുക്കണമെന്നില്ല. സൗകര്യപ്പെട്ട എവിടെ നിന്നും എടുക്കാം. കടലമണി വലുപ്പമുള്ള കല്ലാണ് വേണ്ടത്.

യൗമുന്നഹ്ര്‍
ദുല്‍ഹിജ്ജ 10 സുബ്ഹി നമസ്‌കാരത്തിനു ശേഷം ധാരാളമായി പ്രാര്‍ഥിച്ച് മിനായിലേക്ക് പുറപ്പെടണം. അന്ന് ബലിയറുക്കല്‍, മുടിയെടുക്കല്‍ എന്നിവ നിര്‍വഹിക്കേണ്ടതാണ്. ഇതോടെ ആദ്യത്തെ തഹല്ലുലായി. ഭാര്യാഭര്‍തൃ ബന്ധം ഒഴികെ മറ്റ് ഇഹ്‌റാമിന്റെ വിലക്കുകള്‍ ഒഴിവായി. ത്വവാഫുല്‍ ഇഫാദ കൂടി പൂര്‍ത്തീകരിച്ചാല്‍ പൂര്‍ണമായും തഹല്ലുലായി. അന്ന് വലിയ ജംറയായ ജംറത്തുല്‍ അഖ്ബയില്‍ ഏഴു കല്ലുകള്‍ എറിയണം.
അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞ് ഓരോ കല്ലുകള്‍ വീതം ജംറയുടെ തടത്തില്‍ വീഴും വിധം എറിയുകയാണ് വേണ്ടത്. ദേഹേച്ഛ എന്ന പൈശാചിക ഭാവം വെടിഞ്ഞ് രക്ഷിതാവിനോടുള്ള വിനയവും പ്രതിബദ്ധതയും സമര്‍പ്പണവും അര്‍പ്പിച്ചുകൊണ്ടാണ് കല്ലെറിയേണ്ടത്. ചെരുപ്പ് പോലുള്ള വലിയ വസ്തുക്കള്‍ കൊണ്ടോ ഈര്‍ഷ്യതയിലോ എറിയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. പൂര്‍ണമായ ദിനങ്ങളില്‍ ജംറകളില്‍ എറിയുന്നവര്‍ ദുല്‍ഹിജ്ജ 13 വരെയും അല്ലാത്തവര്‍ 12 വരെയും മിനായില്‍ തന്നെ താമസിക്കണം.
മിനായില്‍ നാല് റക്അത്തുള്ള നമസ്‌കാരം ചുരുക്കി രണ്ട് റക്അത്ത് ഓരോന്നിന്റെയും സമയങ്ങളില്‍ തന്നെ നിര്‍വഹിക്കണം. ത്വവാഫിനും സഅ്‌യിനും മക്കയില്‍ പോയവര്‍ അത് നിര്‍വഹിച്ചാലുടനെ മിനായില്‍ തന്നെ വരണം. ദുല്‍ഹിജ്ജ 13ന് ജംറക്ക് ഉദ്ദേശിക്കാത്തവര്‍ ദുല്‍ഹിജ്ജ 12 സൂര്യാസ്തമയത്തിനു മുമ്പ് മിന വിടണം.
ഹജ്ജ് ചെയ്യുന്നവര്‍ മക്ക വിട്ടു പോരാന്‍ ഉദ്ദേശിച്ചാല്‍ വിടവാങ്ങല്‍ ത്വവാഫ് ചെയ്യല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് വിടവാങ്ങല്‍ ത്വവാഫ് സുന്നത്ത് പോലുമല്ല. ത്വവാഫുല്‍ ഇഫാദ നിര്‍വഹിച്ച സ്ത്രീകള്‍ മക്കയോട് വിട പറയുന്ന വേളയില്‍ അശുദ്ധി ബാധിതരാണെങ്കില്‍ അവര്‍ വിടവാങ്ങല്‍ ത്വവാഫ് ചെയ്യേണ്ടതില്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x