വെളിച്ചം സംസ്ഥാന സംഗമം ഉജ്വലമായി

തിരുവനന്തപുരം: ഇസ്‌ലാം വിരുദ്ധത വളര്‍ത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്ന പുതിയ കാലത്ത് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന വിശ്വ മാനവികത, സഹിഷ്ണുത, ധാര്‍മിക മൂല്യങ്ങള്‍ തുടങ്ങിയവയുടെ സന്ദേശം കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കണമെന്ന് 16-മത് വെളിച്ചം സംസ്ഥാന സംഗമം ആവശ്യപ്പെട്ടു.
അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചനം നേടാന്‍ വിശുദ്ധ ഖുര്‍ആനിലെ നവോത്ഥാനമൂല്യങ്ങള്‍ കൊണ്ടേ സാധ്യമാവുകയുള്ളൂ. വിശുദ്ധ ഖുര്‍ആനിലെ അധ്യാപനങ്ങളെ കയ്യൊഴിച്ച്; ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ഇടയാളന്മാരുടെയോ നാണയ തുട്ടുകളുടേയോ ആവശ്യമില്ലെന്നിരിക്കെ ആത്മീയ വാണിഭക്കാരില്‍ നിന്നും സമുദായത്തെ മോചിപ്പിക്കാന്‍ ഖുര്‍ആന്‍ പഠന വ്യാപകമാക്കണം. വിശ്വാസികളുമായി സൗഹാര്‍ദത്തില്‍ അധിഷ്ഠിതമായ സഹവര്‍ത്തിത്വം ഉദ്‌ഘോഷിക്കുന്ന ഖുര്‍ആനിന്റെ വിശ്വ മാനവിക സന്ദേശം എല്ലാവരിലേക്കും ജീവിതത്തിലൂടെ കാണിച്ചുകൊടുക്കാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പ്രതിനിധികള്‍ പങ്കെടുത്തു. പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷാജിദ നാസര്‍ മുഖ്യാതിഥിയായി രുന്നു. അഖില കേരള ക്വുര്‍ആന്‍ മെഗാ ക്വിസ് മത്സരത്തിന് മിസ്ബാഹ് ഫാറൂഖി, കുഞ്ഞുമുഹമ്മദ് മദനി, റഫീഖ് നല്ലളം നേതൃത്വം നല്‍കി. മെഗാ ക്വിസ്സ്, ഹിഫ്‌ള് മത്സരങ്ങളില്‍ കോഴിക്കോട് സൗത്ത് ജില്ല ഒന്നാം സ്ഥാനം നേടി.
പതിനേഴാം ഘട്ടം വെളിച്ചം ലോഞ്ചിംഗ് ഡോ. സൈനുദ്ദീന്‍ നിര്‍വ്വഹിച്ചു. വെളിച്ചം സംസ്ഥാന ചെയര്‍മാന്‍ എം പി അബ്ദുല്‍കരീം സുല്ലമി, ടി പി ഹുസൈന്‍ കോയ, എം ടി മനാഫ്, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഷാനിഫ് വാഴക്കാട്, ശരീഫ് കോട്ടക്കല്‍, ഷാജഹാന്‍ ഫാറൂഖി, ഷാനവാസ് ചാലിയം, നാസറുദ്ദീന്‍ ഫാറൂഖി, നവീര്‍ ഇഹ്‌സാന്‍ ഫാറൂഖി, സലീം കരുനാഗപ്പള്ളി, നൗഫല്‍ ഹാദി, സജ്ജാദ് ഫാറൂഖി, ഷിയാസ് സലഫി, ഫിറോസ് കൊച്ചി, സല്‍മ ടീച്ചര്‍, ഷമീര്‍ ഫലാഹി, ഷറഫുദ്ദീന്‍ കടലുണ്ടി, നൗഷാദ് കാക്കവയല്‍, മുഹ്‌സിന്‍ തൃപ്പനച്ചി, ശംസുദ്ദീന്‍ അയനിക്കോട്, അഷറഫലി തൊടികപുലം, നാസര്‍ കടയറ, കുഞ്ഞുമുഹമ്മദ് മദനി, അയ്യൂബ് കെ എ, നാസര്‍ സലഫി കണിയാപുരം, കെ പി നൗഷാദ്, നെക്‌സി സുനീര്‍ പ്രസംഗിച്ചു.
