വീണ്ടും സാമ്പത്തിക അടിയന്തരാവസ്ഥ!
ഹബീബ്‌റഹ്മാന്‍ കരുവന്‍പൊയില്‍
രാജ്യത്ത് വീണ്ടുമൊരു നോട്ട് നിരോധനം വന്നിരിക്കുന്നു. 2016 ലെ നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ വര്‍ഷങ്ങളോളം പിറകോട്ട് നയിച്ചതാണ്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെയുണ്ടായ നോട്ടുക്ഷാമം പരിഹരിക്കുന്നതിനാണ് രണ്ടായിരം രൂപയുടെ നോട്ടുകള്‍ അച്ചടിച്ചു. ഈ നോട്ടുകളാണ് ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്.
കള്ളനോട്ടും കള്ളപ്പണവും നികുതി വെട്ടിപ്പും തടയുക, തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനത്തിന്റെ സാമ്പത്തിക സ്രോതസ്സ് അടക്കുക, പാകിസ്താന്‍, ചൈന തുടങ്ങിയ അയല്‍രാജ്യങ്ങള്‍ വ്യാപകമായ കള്ളനോട്ടുകളിറക്കി ഇന്ത്യയുടെ സാമ്പത്തിക-രാഷ്ട്രീയ സുരക്ഷിതത്വം തകര്‍ക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങളാണ് നോട്ടുനിരോധനത്തിനു പ്രധാന കാരണങ്ങളായി പറഞ്ഞിരുന്നത്.
2000 നോട്ട് ഇറങ്ങി മാസങ്ങള്‍ക്കകം തന്നെ ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാര്‍ വന്നുതുടങ്ങി. എന്‍സിആര്‍ബിയുടെ കണക്കനുസരിച്ച് 2016ല്‍ 2272 വ്യാജനോട്ടുകള്‍ പിടികൂടിയപ്പോള്‍ 2017ല്‍ ഇത് 74,898 ആയി ഉയര്‍ന്നു. 2019ല്‍ 90,566ഉം 2020ല്‍ 2,44,834ഉം ആയി വര്‍ധിച്ചു. നികുതി വെട്ടിപ്പിനും അറുതിയായില്ല. അതിപ്പോഴും തുടരുന്നു. രാജ്യത്ത് അടുത്ത കാലത്തായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും നടത്തിയ റെയ്ഡുകളിലെല്ലാം കണ്ടെടുത്തത് 2000 രൂപയുടെ നോട്ടുകളായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണത്തിന്റെ വരവ് ഇപ്പോഴും സജീവമാണ്. കള്ളപ്പണത്തിനും കുറവില്ല. കറന്‍സി രൂപത്തിലുള്ള കള്ളപ്പണം അഞ്ച് ശതമാനം മാത്രമാണെന്നും ബാക്കിയുള്ളവ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം, സ്വര്‍ണം തുടങ്ങി മറ്റ് ആസ്തികളിലാണെന്നും നോട്ടുനിരോധന സമയത്ത് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതാണ്.
ജനങ്ങളെ ഡിജിറ്റല്‍ ഇടപാടിലേക്ക് ആകൃഷ്ടരാക്കി കറന്‍സി ഉപയോഗം കുറയ്ക്കുകയാണ് മറ്റൊരു ലക്ഷ്യമായി പറഞ്ഞിരുന്നത്. എന്നാല്‍, കറന്‍സി ഉപയോഗത്തില്‍ ഒട്ടും കുറവ് വന്നിട്ടില്ല. രാജ്യത്ത് കറന്‍സി തന്നെയാണ് ഇപ്പോഴും വിനിമയത്തിലെ പ്രധാന മാര്‍ഗമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. റിസര്‍വ് ബാങ്കിന്റെ പുതിയ കണക്കനുസരിച്ച് ആറ് വര്‍ഷത്തിനിടയില്‍ കറന്‍സി ഉപയോഗത്തില്‍ 83 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. നിലവില്‍ 32.42 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിനിമയത്തിലുണ്ട്. 2016 നവംബര്‍ നാലിന് ഇത് 17.74 ലക്ഷം കോടിയുടേതായിരുന്നു.
നോട്ടു നിരോധനം നടപ്പാക്കിയ വര്‍ഷം 2000ന്റെ 33,630 ലക്ഷം നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും തൊട്ടടുത്ത വര്‍ഷത്തില്‍ അച്ചടിക്കുന്ന നോട്ടുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയും 2018-19 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്. മൊത്തം നോട്ടുകളില്‍ 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകളുടെ വിഹിതം 2020ലെ 22.65 ശതമാനത്തില്‍ നിന്ന് 2022 മാര്‍ച്ചോടെ 13.8 ശതമാനമായി കുറഞ്ഞു. നിലവില്‍ വിപണിയിലുള്ളത് 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ മാത്രമാണ്. അതിനാല്‍ 2016ല്‍ ഉണ്ടായ അത്രതന്നെ പ്രത്യാഘാതങ്ങള്‍ ഈ നോട്ടു നിരോധനത്തിനുണ്ടായില്ലെന്ന് വരാം. എങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ തീരുമാനവും സമ്പദ്‌വ്യവസ്ഥക്ക് കോട്ടമായി ഭവിക്കുമെന്നുറപ്പ്.
കള്ളപ്പണം ഏറ്റവും കൂടുതല്‍ പുറത്തുവരുന്നത് തിരഞ്ഞെടുപ്പു കാലത്താണ്. ഈ ഘട്ടത്തില്‍ 2000 നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ അതിനു പിന്നില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ ഉണ്ടാവുമെന്നത് ഉറപ്പാണ്. അതിനുള്ള പടപ്പുറപ്പാടായിരിക്കാം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേവലം മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെയുള്ള ഈ നടപടികളൊക്കെയും. ഇന്ത്യന്‍ ജനത കണ്ണും കാതും കൂര്‍പ്പിച്ച് സംഘ്പരിവാറിന്റെ ഇത്തരം കുല്‍സിത നീക്കങ്ങള്‍ക്കെതിരെ ബദ്ധശ്രദ്ധരായില്ലെങ്കില്‍ അവരുടെ കെണികളില്‍ വീഴുകയായിരിക്കും ഫലം.